Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, January 5, 2011

വിസ്മരിക്കപ്പെടാനായി ഒരു ശാസ്ത്രജ്ഞന്‍


ഡൊ. അബ്ദുസ്സലാമിന്‍റെ പത്താം ചരമവാര്‍ഷിക വേളയില്‍ THE HINDU’ പത്രത്തില്‍  (2006 Nov. 30) വന്ന മുഖ്യ ലേഖനമാണിത്‌. പത്രത്തിന്‍റെ ഇസ്‌ലാമാബാദ് കറസ്പോണ്ടന്‍റാണ്‌ ലേഖിക.





സമയം നല്ലതായി കാണപ്പെടുന്നു. സിയാഉല്‍ഹഖിന്‍റെ കാലത്തെ വിവാദപരമായ ‘ഹുദൂദ്‌’ നിയമം ഭേദഗതി ചെയ്യാനുള്ള ധൈര്യം പാക്കിസ്താന്‍ കാണിച്ചിരിക്കുന്നു. 'ഞാന്‍ മുരാച്ചിത്തരത്തോട്‌ വിടവാങ്ങി പാകിസ്താനെ 'പ്രബുദ്ധരായ മിതവാദികളുടെ' (Moderate Enlightened) രാജ്യമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നു' എന്ന്‌ പ്രസിഡണ്ട്‌ പര്‍വേസ്‌ മുശര്‍റഫ്‌ പറയുന്നു. മുശര്‍റഫ്‌ കറാച്ചിയിലെ ഒരു ഹിന്ദുക്ഷേത്രം പോലും സന്ദര്‍ശിക്കുകയുണ്ടായി. പ്രസിഡ ണ്ടിന്‍റെ വാക്കുകള്‍ മുഖവിലക്കെടുത്തുകൊണ്ട്‌ പാകിസ്താനില്‍ നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോബേല്‍ സമ്മാന ജേതാവ്‌ അബ്ദുസ്സലാമിനെ ആദരിക്കുവാന്‍ ഉറച്ച ചുവടുവെപ്പുകള്‍ നടത്തണമെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും അനുയായികളും സ്നേഹിതരും ചേര്‍ന്ന്‌ പ്രസിഡണ്ട്‌ മുശര്‍റഫിനോട്‌ ആവശ്യപ്പെടുകയാണ്‌. നിയമത്തിനു മുമ്പില്‍ അമുസ്‌ലിം ആണെന്ന്‌ പ്രഖ്യാപിക്കപ്പെട്ട അഹ്‌മദിയ്യാ വിഭാഗത്തില്‍പെട്ട ആളായാളായത്‌കൊണ്ടാണ്‌ ഈ അവഗണന.

ഡോ. സലാം 1996 നവംബര്‍ 21 നാണ്‌ ലണ്ടനില്‍ വെച്ച്‌ 70-)o വയസ്സില്‍ നിര്യാതനായത്‌. അവസാനം വരെ തന്‍റെ പാകിസ്താന്‍ പൌരത്വം ഉപേക്ഷിക്കാതെ ദീര്‍ഘകാലം ഇംഗ്ളണ്ടില്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഡോ. സലാം അദ്ദേഹത്തിന്‍റെ മരണത്തിന്നു മുമ്പായി പാകിസ്താനിലെ അഹ്‌മദിയ്യാ ആസ്ഥാനമായ പഞ്ചാബ്‌ പ്രവിശ്യയിലെ റബ്‌വയില്‍ തന്‍റെ മൃതദേഹം കബറടക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെആഗ്രഹം സഫലമായി. പക്ഷേ, വിചിത്രമായ ഒരു വ്യതിയാനമുണ്ടായി. നിയമം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു മജിസ്ട്രേറ്റ്‌ അബ്ദുസ്സലാമിന്‍റെ കബറിടത്തില്‍ ആലേഖനം ചെയ്ത "അബ്ദുസ്സലാം, ആദ്യത്തെ മുസ്‌ലിം നോബല്‍ സമ്മാന ജേതാവ്‌" എന്ന വാക്യത്തില്‍ നിന്നു 'മുസ്‌ലിം' എന്ന പദം മായ്ചു കളഞ്ഞു. "അബ്ദുസ്സലാം, ആദ്യത്തെ നോബല്‍ സമ്മാനജേതാവ്‌" (!) എന്നാക്കി മാറ്റി. ഈ കൃത്യം അത്ര ദുരന്തമായില്ലെങ്കിലും പരിഹാസ്യമായഒരു പരിണിതിയായിരുന്നു. പിന്നീട്‌ ആ പട്ടണത്തിന്‍റെ പേരു തന്നെ 'ചീനാബ്‌ നഗര്‍' എന്നാക്കിമാറ്റി.

ഈ അവസാന വാരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷികം. ആ അവസരത്തില്‍ ചെറുതാണെങ്കിലും ശക്തമായ ഒരുപ്രചാരണം നടക്കുകയുണ്ടായി. ഇത്‌ വരെ അത്‌ ഇംഗ്ളീഷ്‌ മുഖ്യധാരാ പത്രങ്ങളില്‍ മാത്രം പരിമിതമായിരുന്നു. അതായത്‌ ലോകവ്യാപകമായി ശാസ്ത്ര സമൂഹം അത്യുന്നത നിലവാരത്തില്‍ ആദരിക്കപ്പെട്ട ഒരു മനുഷ്യന്‍ പാക്കിസ്താനില്‍ അറിയപ്പെടാതിരിക്കുക എന്ന അനീതി തുറന്നുകാട്ടാനായിരുന്നു അവരുടെ പ്രചാരണം.

ഭുവന പ്രശസ്തനായ ഈ ഭൌതിക ശാസ്ത്രജ്ഞന്‍റെ കഥ ഒരു കൊച്ചു നഗരബാലന്‍റെ ആവേശകരമായ വിജയകഥയാണ്‌. തന്‍റെ തെളിഞ്ഞ പ്രതിഭാശക്തികൊണ്ട്‌ സമുജ്ജ്വലമായി വെട്ടിതിളങ്ങിയ ആ ബാലന്‍റെ സ്കൂളില്‍ നിന്നു ലാഹോര്‍ കോളേജിലേക്കും അവിടെ നിന്ന്‌ 1949-ല്‍ ഫിസിക്സിലും മാത്തമാറ്റിക്സിലും ഇരട്ട ബിരുദം ഒന്നാമനായി നേടി കാംബ്രിഡ്ജിലേക്കുമുള്ള പ്രയാണം പ്രചോദനാത്മകമാണ്‌. അവിടെ നിന്നുതന്നെ പിന്നീട്‌ അദ്ദേഹം പി.എച്‌.ഡി. എടുക്കുകയും ചെയ്തു. 1979-ലാണ്‌ ഡോ. സലാമിന്‌ നോബേല്‍ സമ്മാനം ലഭിച്ചത്‌. ഷെല്‍ഡന്‍ ഗ്ളാഷോയും സ്റ്റീവന്‍വൈന്‍ബര്‍ഗുമായി അദ്ദേഹം. നോബേല്‍ സമ്മാനം പങ്ക്‌ വെക്കുകയായിരുന്നു.

ഡോ. അബ്ദുസ്സലാം പാകിസ്താനിലെ പാഠ പുസ്തകങ്ങളില്‍ ഒന്ന്‌ പരാമര്‍ശിക്കപ്പെട്ടുപോകുക മാത്രമാണ്‌ ചെയ്യുന്നത്‌. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെപറ്റി പൊതുവേ യാതൊന്നും അറിയുന്നില്ല. അബ്ദുസ്സലാമിന്‍റെ അടുത്ത സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവും ഭൌതിക ശാസ്ത്രജ്ഞനുമായ പര്‍വേസ്‌ ഹുഡ്‌ബോയ്‌ ഡോ. സലാമിന്‍റെ വേര്‍പാട്‌ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിന്‌ ശേഷം പറയുകയുണ്ടായി: 'വ്യാജ ശാസ്ത്രജ്ഞന്‍മാര്‍ നാടുനീളെ വിലസി നടക്കുന്നു. പക്ഷേ സലാമിനെ മാത്രം എവിടേയും കാണുന്നില്ല'

1954-ല്‍ പാക്കിസ്താനില്‍ അഹ്‌മദിയ്യാ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ ഡോ. അബ്ദുസ്സലാം രാജ്യം വിടുകയായിരുന്നു. യാദൃച്ഛികമെന്നു പറയട്ടെ, ആ സന്ദര്‍ഭ ത്തില്‍ അദ്ദേഹത്തിന്‌ കാംബ്രിഡ്ജില്‍ അദ്ധ്യാപകനായി ഉദ്യോഗം ലഭിക്കുകയും ചെയ്തു. ഇറ്റലിയിലെ ട്രീസ്റ്റില്‍ സൈദ്ധാന്തിക ഭൌതികത്തില്‍ (Theoretical Physics) ഒരു അന്താരാഷ്ട്രസ്ഥാപനം പടുത്തുര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. (ഈ സ്ഥാപനം പാകിസ്താനില്‍ സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്‌) ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്‌ (ICTP) എന്ന ഈ സ്ഥാപനം 1964ലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. 1994 വരെ അദ്ദേഹമായിരുന്നു അതിന്‍റെ ഡയറക്ടര്‍. വികസ്വര രാജ്യങ്ങളില്‍ വിദ്യാഭ്യാസം നല്‍കുവാന്‍ ICTP തീരുമാനിക്കുകയുണ്ടായി. 1997-ല്‍ അദ്ദേഹം ദിവംഗതനായപ്പോള്‍ ഡോ. അബ്ദുസ്സലാമിന്‍റെ നാമം ആ സ്ഥാപനത്തിന്‌ നല്‍കുകയുണ്ടായി.

ICTP യിലൂടെ പാകിസ്താനിലെ വളരുന്ന യുവ ശാസ്ത്രജ്ഞന്‍മാരുടെ അടുക്കലേക്ക്‌ ഡോ. സലാം എത്തുകയുണ്ടായി. അദ്ദേഹത്തിന്‌ ലഭിച്ച നോബേല്‍ സമ്മാന തുക മുഴുവന്‍ പാകിസ്താനിലെ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി അദ്ദേഹം നീക്കിവെച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രത്യേകിച്ചും ശാസ്ത്ര രംഗത്ത്‌ വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ ധനനിക്ഷേപം നടത്തണമെന്ന്‌ ശക്തമായി വിശ്വസിച്ചിരുന്ന ആളായിരുന്നു സലാം. അദ്ദേഹമാണ്‌ തേര്‍ഡ്‌ വേള്‍ഡ്‌ അക്കാദമി ഓഫ്‌ സയന്‍സും സ്ഥാപിച്ചത്‌.

ആദ്യകാലങ്ങളില്‍ അദ്ദേഹം പല വിധേനയും പാക്കിസ്താനുമായുള്ള സഹകരണം തുടരുകയുണ്ടായി. പാകിസ്താനിലെ ആറ്റോമിക്‌ എനര്‍ജി കമ്മീഷന്‍റെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ അദ്ദേഹം സഹായിച്ചിരുന്നു. കമ്മീഷനിലെ ഒരു അംഗമായും സയന്‍സ്‌ കമ്മീഷന്‍ ഓഫ്‌ പാകിസ്താന്‍റെ ഒരംഗമായും പാകിസ്താന്‍ പ്രസിഡണ്ടിന്‍റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പക്ഷേ 1974-ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ പ്രധാനമന്ത്രിയായ അവസരത്തില്‍ പാകിസ്താന്‍ ദേശീയ അസംബ്ളി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ അഹ്‌മദികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ആ സ്ഥാനങ്ങളെല്ലാം രാജിവെച്ചൊഴിഞ്ഞു. 19)-o നൂറ്റാണ്ടിലെ ഒരു മതനേതാവായിരുന്ന മീര്‍സാഗുലാം അഹ്‌മദിന്‍റെ അനുയായികളാണ്‌ അഹ്‌മദികള്‍. ഖാദിയാനികള്‍ എന്നും അവര്‍ അറിയപ്പെടുന്നു. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകനാണെന്ന്‌ വിശ്വാസം അഹ്‌മദികള്‍ നിരാകരിക്കുന്നതിനാല്‍ അഹ്‌മദികള്‍ അമുസ്‌ലിംകളാണ്‌ എന്നാണ്‌ യാഥാസ്ഥിതിക മുസ്‌ലിംകള്‍ പറയുന്നത്‌. അഹ്‌മദികളെ പാകിസ്താനില്‍ പള്ളികളില്‍ പ്രവശിക്കാനനുവദിക്കില്ല. അവര്‍ക്ക്‌ സ്വയം മുസ്ളിമാണെന്ന്‌ പറയാനും പാടില്ല. പാകിസ്താനിലെ മതനിന്ദാനിയമം അഹ്‌മദിയാ സമൂഹത്തിന്‍റെ മേല്‍ തൂങ്ങിനില്‍ക്കുന്നു. അഹ്‌മദികള്‍ക്ക്‌ മുകളില്‍ മാത്രമല്ല ഡമോക്ളസിന്‍റെ വാള്‍ പോലെ മതനിന്ദാ നിയമം എല്ലാ ന്യൂനപക്ഷങ്ങള്‍ക്ക്‌ മേലെയും തൂങ്ങി നില്‍ക്കുന്നു.

പക്ഷേ, ഡോ. സലാം സ്വയം അദ്ദേഹം മുസ്‌ലിമാണെന്ന്‌ വിശ്വസിച്ചു. ഭൌതികശാസ്ത്രജ്ഞനേക്കാളുപരി അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. Daily Times  വാഷിംഗ്ടണ്‍ ലേഖകനായ ഖാലിദ്‌ ഹസന്‍ ഓര്‍മ്മിക്കുന്നു: (ഹസന്‍ അക്കാലത്ത്‌ ഭൂട്ടോയുടെപ്രസ്‌ സെക്രട്ടറിയായിരുന്നു.) താങ്കള്‍ എന്തുകൊണ്ടാണ്‌ സ്ഥാനങ്ങള്‍ രാജിവെച്ചതെന്ന്‌ ഭൂട്ടോ ഡോ.സലാമിനോട്‌ ചോദിക്കുകയുണ്ടായി. സലാമിന്‍റെ മറുപടി: 'എന്‍റെ സമുദായെത്തെ മുഴുവന്‍ അമുസ്‌ലിമായി പ്രഖ്യപിച്ച ഒരിടത്ത്‌ തുടരാന്‍ എനിക്ക്‌ സാധ്യമല്ല’ എന്നായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം, അതെല്ലാം രാഷ്ട്രീയമാണ്‌, എനിക്ക്‌ സമയം തരിക. ഞാനത്‌ മാറ്റുന്നതാണ്‌. എന്നെ വിശ്വസിക്കൂ' ഡോ. സലാമിന്‍റെ മറുപടി. 'അതെ, ശരി തന്നെ സുല്‍ഫി, താങ്കള്‍ പറഞ്ഞ കാര്യം ഒരു കടലാസില്‍ എഴുതി തരിക. നമ്മുക്കിടയില്‍ ആ ലിഖിതം എന്നെന്നേക്കും എപ്പോഴും ഉണ്ടായിരിക്കും' ഹസ്സന്‍ എഴുതുന്നു. ഭൂട്ടോയുടെ മറുപടി വളരെ ക്ളാസിക്കലായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം എനിക്ക്‌ അത്‌ സാധ്യമല്ല. അതായത്‌ ഞാനൊരു രാഷ്ട്രീയക്കാരനാണ്‌!'

ശാസ്ത്രത്തിനോടുള്ള ഇസ്‌ലാമിക ലോകത്തിന്‍റെ മുന്‍വിധിക്കെതിരെയുള്ള സമരവും ശാസ്ത്രവി ദ്യാഭ്യാസത്തില്‍ മുസ്‌ലിം രാജ്യങ്ങളെക്കൊണ്ട്‌ നിക്ഷേപം നടത്തിക്കലുമായിരുന്നു ഡോ. സലാമിന്‍റെ ജീവിതദൌത്യം. മുസ്‌ലിം രാജ്യങ്ങള്‍ ധനനിക്ഷേപം നടത്തികൊണ്ടുള്ള ഒരു ‘ഇസ്‌ലാമിക സയന്‍സ്‌ ഫൌണ്ടേഷന്‍' രൂപീകരിക്കാന്‍ പോലും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഹസ്സന്‍ എഴുതുകയാണ്‌: “അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം എല്ലാ മുസ്‌ലിം രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പോയി അവരുടെ മൊത്തം ദേശീയോല്‍പാദനത്തിന്‍റെ (GNP) ഒരു ശതമാനം രാജ്യത്തെ ശാസ്ത്ര വിദ്യാഭ്യാസത്തിന്‌ വേണ്ടി നീക്കിവെക്കുക എന്ന്‌ അഭ്യര്‍ത്ഥിച്ചു. ആരും അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. ലിബിയ ഒഴികെ. ഉടന്‍ അദ്ദേഹം കേണേല്‍ ഗദ്ദാഫിയെ കാണാന്‍ ലിബിയയിലേക്ക്‌തിരിച്ചു. ഗദ്ദാഫി അദ്ദേഹത്തോടു ചോദിച്ചു: 'താങ്കള്‍ എനിക്കൊരു ന്യൂക്ളിയര്‍ ബോംബ്‌ ഉണ്ടാക്കിത്തരാമോ? എങ്കില്‍ ഞാന്‍ ഫണ്ടിലേക്ക്‌ സംഭാവന തരാം'. 'ഞാന്‍ അത്തരത്തില്‍പ്പെട്ട ശാസ്ത്രജ്ഞനല്ല' എന്ന്‌ സലാമും മറുപടി പറഞ്ഞു. ഗദ്ദാഫിക്ക്‌ ഉടന്‍ തന്നെ അദ്ദേഹത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടു.

നൊബേല്‍ സമ്മാനം ലഭിച്ച ശേഷം ഡോ. സലാം തന്‍റെ ജന്‍മനാട്‌ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ ഇസ്ളാമിക പരാമര്‍ശങ്ങളെല്ലാം നീക്കിക്കളയുകയുണ്ടായി. ഇന്ത്യയില്‍ അദ്ദേഹം കുട്ടിക്കാലം പഠിച്ച സ്കൂളിലെ അദ്ധ്യാപകനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കപ്പെട്ടത്‌.

കഴിഞ്ഞ വാരത്തിലാദ്യം Daily Times എഴുതി: എ. ക്യു ഖാനെ വലുതാക്കിക്കൊണ്ട്‌ പാക്കിസ്താന്‍റെ എക്കാലത്തേയും ഏറ്റവും മഹാനായ ശാസ്ത്രജ്ഞനോട്‌ കാണിച്ച അവഗണനയില്‍ നമുക്ക്‌ കുറ്റബോധമുണ്ടാവേണ്ടതുണ്ട്‌. തന്‍റെ വ്യക്തിപരമായ നേട്ടത്തിന്‌ വേണ്ടി ന്യൂക്ളിയര്‍ ടെക്‌നോളജി വില്‍പന നടത്തി പാകിസ്താന്‌ അപകീര്‍ത്തിയും 'തെമ്മാടി രാജ്യം' എന്ന ദുഷ്പേരും സമ്പാദിച്ച ആളാണ്‌ എ. ക്യു. ഖാന്‍.

തിരുത്തല്‍ നടപടികള്‍

പാകിസ്താന്‍ പ്രാഥമികമായി ചില തിരുത്തല്‍ നടപടികള്‍ എടുക്കുകയുണ്ടായി. പാകിസ്താനിലെ ശാസ്ത്രജ്ഞരെ സ്മരിക്കുന്ന കൂട്ടത്തില്‍ ഡോ. സലാമിന്‍റെ സ്മരണക്കായി അദ്ദേഹത്തിന്‍റെ പേരിലും ഒരുസ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി. ഡോ. സലാം പൂര്‍വ്വകാല വിദ്യാഭ്യാസം നിര്‍വ്വഹിച്ച ലാഹോറിലെ ഗവണ്‍ മെന്‍റ്‌ കോളേജിന്‍റെ (ഇപ്പോള്‍ അതൊരു യൂണിവേഴ്സിറ്റിയാണ്‌) ഒരു ഡിപാര്‍ട്ട്‌ മെന്‍റിന് അദ്ദേഹത്തിന്‍റെ പേരു നല്‍കിയിട്ടുണ്ട്‌.

പാകിസ്താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഫര്‍ഹത്തുല്ലാഹ്‌ ബാബര്‍ 'The News' പത്ര ത്തില്‍ എഴുതിയ ലേഖനത്തില്‍ ഒരുസംഭവം ഓര്‍ക്കുന്നു: 1996 ജനുവരിയില്‍ ഡോ. സലാമിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്‍റെ 70-ാം ജന്‍മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം ഒരു പരിപാടി ഇസ്‌ലാമാബാദില്‍ സംഘടിപ്പിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം മരണാസന്നമായ രോഗാതുരനായിരുന്നു. അപ്പോള്‍ ആ പരിപാടിക്കെതിരെ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്‌ തുല്യമാണിതെന്ന്‌ പറഞ്ഞ്‌ തടസ്സവാദമുന്നയിക്കപ്പെട്ടു. ബാബര്‍ എഴുതുന്നു: “ഈ തടസ്സ വാദത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ബേനസീര്‍ ഭൂട്ടോവിന്‍റെ മുന്നിലെത്തിയപ്പോള്‍ അവര്‍ അതില്‍ 'അസംബന്ധം' (Rubbish) എന്നെഴുതി ആ ന്യൂസ്‌ ക്ളിപ്പിംങ്ങ്‌ അടങ്ങിയ ഫയല്‍ തിരിച്ചയക്കുകയുണ്ടായി. ആ പരിപാടി നടക്കുകയും ചെയ്തു. ഡോ. സലാമിന്‍റെ ജന്‍മദിനത്തില്‍ അദ്ദേഹം പാകിസ്താനിലെ ശാസ്ത്രത്തിന്‌ ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധ്യമല്ല എന്ന്‌ അനുസ്മരിച്ചുകൊണ്ട്‌ ബേനസീര്‍ ഡോ. സലാമിന്‌ കത്തെഴുതി എന്നും ഫര്‍ഹത്തുല്ലാഹ്‌ എഴുതുന്നു. പക്ഷേ, ഡോ. ഹുഡ്ബോയ്‌ 1988-ലെ മറ്റൊരു സംഭവം അനുസ്മരിക്കുന്നു. ശ്രീമതി ബേനസീര്‍ ഭൂട്ടോ ആദ്യത്തെ തവണ പ്രധാനമന്ത്രിയായപ്പോള്‍ അവരെ കാണാന്‍ വേണ്ടി രണ്ട്‌ ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ സലാം കാത്ത്‌ കെട്ടി കിടന്നസംഭവമാണത്. ഹുഡ്ബോയ്‌ എഴുതുന്നു: പെട്ടെന്ന്‌ ഹോട്ടല്‍ മുറിയിലെ ഫോണ്‍ ശബ്ദിച്ചു. സലാമിന്‍റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. പിന്നീട്‌ അദ്ദേഹത്തിന്‍റെ മുഖം വാടുന്നതും ഞാന്‍കണ്ടു. കൂടിക്കാഴ്ചക്കുള്ള സലാമിന്‍റെ അഭ്യര്‍ഥന നിരസിച്ചുകൊണ്ടുള്ള ബീബി (ബേനസീറിന്‍റെ) യുടെ സെക്രട്ടറിയുടെ ഫോണ്‍ കോളായിരുന്നു അത്‌.


'ഡോ. സലാമിനെ ആദരിക്കാന്‍ വെറുമൊരു അനുസ്മരണം മാത്രം പോര എന്ന വ്യാപകമായ വികാരം പാകിസ്താനിലുണ്ട്‌. രാജ്യത്തിന്‍റെ ഇപ്പോഴത്തെ സംവിധാനത്തില്‍ വമ്പിച്ച കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന, കലാപകലുഷിതവും വിഭാഗീയതയും നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോ. സലാമിന്‍റെ സ്മരണ സമുചിതം ആഘോഷിക്കേണ്ടത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിട്ടും ആരും തന്നെ രണ്ടാം ഭരണഘടന ഭേദഗതി എടുത്തുകളയാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ‘Daily Times’ ന്‍റെ എഡിറ്റോറിയലില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഡോ. സലാമിനെ സ്മരിക്കുന്ന അദ്ദേ ഹത്തിന്‍റെ ഈ 10-)o ചരമ വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതുമായ ഒരു പ്രായശ്ചിത്തം നമുക്ക്‌ ചെയ്തുകൂടേ?'

ശുഭാപ്തിവിശ്വാസത്തിന്‌ കുറഞ്ഞ സാധ്യതയേയുള്ളൂ. ഈ ആശയത്തെ കുറഞ്ഞ പേരൊഴികെ, പാകിസ്താനിലെ ശാസ്ത്രസമൂഹംപോലും പിന്തുണക്കില്ല. കഴിഞ്ഞയാഴ്ച ഇസ്‌ലാമബാദിലെ ഖായിദെ അഅ്സം യൂണിവേഴ്സിറ്റിയിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ സയന്‍സില്‍ ഡോ. ഹുഡ്ബോയ്‌ ഡോ. സലാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണത്തില്‍ എന്തുകൊണ്ട്‌ പാകിസ്താനിലെ റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സലാമിന്‍റെ പേരിടുന്നില്ല. എന്നദ്ദേഹം ചോദിച്ചു. റിവേഴ്സ്‌ എന്‍ജിനിയറിംങ്ങില്‍ വിദഗ്ധനായ ഒരു പ്രഗത്ഭ ശാസ്ത്രജ്ഞന്‍ അപ്പോള്‍ വേദിയിലുണ്ടായിരുന്നു. ഇത്‌ കേട്ടപ്പോള്‍ അയാള്‍ അവിടെ നിന്നു പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. പിന്നീട്‌ ഹുഡ്ബോയ്‌യോട്‌ ചോദിച്ചു. 'ഡോ. സലാം പാകിസ്താനുവേണ്ടി എന്താണ്‌ ചെയ്തത്‌?' ഡോ. ഹുഡ്ബോയ്‌ പറയുന്നു. 'അത്‌ പാകിസ്താനെ ബാധിച്ച അഗാധമായൊരു പ്രശ്നവുമായി ബന്ധപ്പെട്ടതാണ്‌. 1974നു മുമ്പത്തെ കാലഘട്ടത്തിലേക്ക്‌ നാം പോയാലല്ലാതെ ആ പ്രശ്നം വിട്ടുപോകില്ല.' അങ്ങനെയാവുമ്പോള്‍ 1979ലെ ‘ഹുദൂദ്‌’ നിയമം എപ്പോഴെങ്കിലും മാറുമെന്ന്‌ ആര്‍ക്കെങ്കിലും സങ്കല്‍പിക്കുവാന്‍ സാധിക്കുമോ?

Thursday, December 30, 2010

ശാസ്ത്രവും വിശ്വാസവും വിയോജിപ്പോ?


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത  പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗം.

നിങ്ങള്‍ക്ക്‌ സമാധാനം (സലാം) ആശംസിക്കുന്നവരോട്‌ 'നീ സത്യവിശ്വാസിയല്ല' എന്ന്‌ പറയരുത്‌" (4:94).


വിശുദ്ധ ഖുര്‍ആനില്‍ ഈയൊരനുജ്ഞയുണ്ടായിരിക്കെ നൂറ്റാണ്ടുകളോളമായി മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങളിലെ പണ്ഡിതന്‍മാര്‍ അവരുടെ ഇസ്‌ലാമികമായ ആശയ വ്യത്യാസങ്ങള്‍ കാരണമായും ചിലപ്പോള്‍ രാഷ്ട്രീയമായും അവരോടു യോജിക്കാത്ത മറ്റു മുസ്‌ലിംകളെ അവിശ്വാസിയാണെന്ന്‌ പ്രഖ്യാപിച്ചു. അങ്ങനെ അവിശ്വാസിയായി പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളുമുണ്ടായിരുന്നു.


ആദ്യത്തെ അത്തരം അവിശ്വാസ പ്രഖ്യാപനം വന്നത്‌ നബി(സ)യുടെ നാലാം ഖലീഫയായിരുന്ന ഇമാം അലി(റ)യെക്കുറിച്ചായിരുന്നു. അലി(റ)യുടെ ശത്രുക്കളായ ഖവാരിജുകളായിരുന്നു അദ്ദേഹത്തെ ഇസ്‌ലാമിന്‌ പുറത്തുള്ള അവിശ്വാസിയായി പ്രഖ്യാപിച്ചത്‌. അലി(റ)യുടെ ഖലീഫാ പദവിയെ അംഗീകരിക്കാന്‍ ഖവാരിജുകള്‍ യാതൊരു വിധത്തിലും സമ്മതിച്ചില്ല. അവരോടു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ അലി(റ)തയ്യാറായില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിയോജിച്ചവരെല്ലാം മുസ്‌ലിം സഹോദരന്‍മാരായിരുന്നു. അവസാനം ഖവാരിജുകള്‍ ഇമാം അലി(റ)യെ രക്തസാക്ഷിയാക്കുകയാണുണ്ടായത്‌.

രാഷ്ട്രീയ പ്രേരിതമായ രണ്ടാമത്തെ മത ബഹിഷ്കരണം നടന്നത്‌ പ്രവാചകെന്‍റെ പൌത്രനും ഹദ്റത്ത് അലിയുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ)നെതിരെയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ എഴുപത്‌ കുടുംബാംഗങ്ങളെയും കര്‍ബലയില്‍ വെച്ച്‌ ഖലീഫയാണെന്ന്‌ വാദിച്ച യസീദിന്‍റെ പട്ടാളം അതി നിഷ്ഠൂരമായി വധിക്കുകയുണ്ടായി. ഇമാം ഹുസൈനെ അവിശ്വാസിയായി പ്രഖ്യാപിച്ച മനുഷ്യന്‍ ഖാസി ശുഹ്‌രീഹ്‌ ആയിരുന്നു. ഏതാനും സ്വര്‍ണത്തുട്ടുകള്‍ക്ക്‌ പകരമായായിരുന്നു അദ്ദേഹം ഫത്‌വ നല്‍കിയതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഫത്‌വ ഇപ്രകാരമായിരുന്നു:

"അലിയുടെ പുത്രന്‍ ഹുസൈന്‍ ഇസ്‌ലാം മതത്തില്‍ നിന്നു പുറത്ത്‌ പോയിരിക്കുന്നു. അക്കാരണത്താല്‍ അദ്ദേഹം വധാര്‍ഹനാണ്‌." (ജവാഹിറുല്‍ കലാം, തബരി).

ഇസ്‌ലാം മതത്തില്‍ ആളെ ചേര്‍ക്കാന്‍ നിര്‍ബന്ധം അരുതെന്ന്‌ കല്‍പ്പിച്ച ആദരണീയനായ ഖലീഫാ ഹാറൂണ്‍ അല്‍റഷീദിനെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞുവല്ലോ. വിരോധാഭാസമെന്ന്‌ പറയട്ടെ, ഇദ്ദേഹമാണ്‌ 'മിഹ്‌ന' എന്ന്‌ വിളിക്കപ്പെടുന്ന ഇസ്‌ലാമിലെ ആദ്യത്തെ മതവിചാരണക്കോടതി (ഇന്‍ക്വിസിഷന്‍) സ്ഥാപിച്ചതിന്‍റെ ഉത്തരവാദി. ഈ സ്ഥാപനം മുഅ്തസില വിഭാഗത്തിന്‍റെ കണ്ടുപിടിത്തമായിരുന്നു. 'ഖുര്‍ആന്‍ സൃഷ്ടിക്കപ്പെട്ട താണ്‌' എന്ന്‌ രാജ്യത്തെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും പ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കണമെന്ന്‌ ഇവര്‍ നിര്‍ബന്ധിക്കുകയുണ്ടായി. ഇസ്‌ലാമിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായ ഇമാം അഹ്‌മദ്ബ്നു ഹംബല്‍ (റ) ഈ പ്രതിജ്ഞയെടുക്കാത്തതിന്‍റെ പേരില്‍ നിഷ്ക്കരുണം ചാട്ടവാറടിക്ക്‌ വിധേയനാക്കപ്പെടുകയുണ്ടായി.


മതവിഷയത്തില്‍ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാര്‍ക്കെതിരില്‍ മതവിചാരണക്കോടതി സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണെന്ന്‌ ഞാന്‍ പറഞ്ഞുകഴിഞ്ഞു. പക്ഷേ ഈ മതവിചാരണക്കോടതി സ്ഥാപിച്ച ഖലീഫ ഹാറൂണ്‍ അല്‍ റഷീദ്‌ (അല്‍ മാമൂന്‍) അങ്ങേയറ്റംവിയോജിപ്പുള്ള ശാസ്ത്രീയമായ അഭി പ്രായങ്ങളോട്‌ വളരെ സഹിഷ്ണുതാ പൂര്‍ണമായ സമീപനമായിരുന്നു സ്വീകരിച്ചത്‌. അദ്ദേഹമാണ്‌ ഇസ്‌ലാമിക ലോകത്ത്‌ ആദ്യമായി 'ബൈത്തുല്‍ഹിക്മ' എന്ന സ്ഥാപനം സ്ഥാപിച്ചത്. ഗ്രീക്കുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ മുസ്‌ലിംകള്‍ എന്നിവരില്‍പ്പെട്ട ശാസ്ത്ര പ്രതിഭകള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒത്തുചേര്‍ന്ന്‌ അവരുടെ ക്ളാസിക്ക്‌ രചനകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തതും വിജ്ഞാനത്തിന്‍റെ ഗേഹം (ബൈത്തുല്‍ഹിക്മ) എന്നറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ വെച്ചായിരുന്നു.

സ്വന്തം സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ പീഡിപ്പിച്ച മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക്തന്നെ തിരിച്ചുവരാം. പ്രാദേശികവും വിഭാഗീയവുമായ മതവിശ്വാസ വ്യത്യാസങ്ങളുടെ പേരില്‍ ഇസ്‌ലാമിലെ സമാദരണീയരും ഭക്തന്‍മാരുമായ മഹനീയ വ്യക്തിത്വങ്ങളെക്കൂടി ഇവര്‍ പീഡിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിലെ നാല്‌ അംഗീകൃത മത ചിന്താസരണിയുടെ (മദ്‌ഹബ്) സ്ഥാപകരില്‍പ്പെട്ട ഇമാം അബൂ ഹനീഫ, ഇമാം മാലിക്ബ്നു അനസ്‌ എന്നിവരും, ഇമാം ഗസ്സാലി, അല്ലാമാ ഇബ്നുറുശ്ദ്‌, ശൈഖുല്‍ അക്‌ബര്‍ ഇബ്നു അറബി, ഇബ്നു തയ്യിമ, ഇമാം ഇബ്നു ഖയ്യൂം, സയ്യിദ്‌ മുഹമ്മദ്‌ ജോന്‍പുരി മുതലായ പ്രധാനികളും ഇതില്‍പെടും. ഈ മതബഹിഷ്കരണവും പീഡനങ്ങളുമെല്ലാം തികച്ചും വിഭാഗീയമായ മതവ്യാഖ്യാന വൈകൃതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വധ ശിക്ഷകള്‍വരെ ഇതിന്‍റെ പേരില്‍ അരങ്ങേറി. ഇസ്‌ലാമിലെ സൂഫി സിദ്ധനായിരുന്ന ഹല്ലാജ്‌, ശൈഖുല്‍ ഇശ്‌റാഖ്‌ ശഹാബുദ്ദീന്‍ സുഹ്‌റ് വര്‍ദി, ശൈഖ്‌ അലായീ, ശൈഖ്‌ സര്‍മദ്‌ എന്നീമഹാത്മാക്കളെ ഇക്കൂട്ടര്‍ ശഹീദാക്കുകയുണ്ടായി.
സര്‍മദിന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട്‌ മൌലാനാ അബുല്‍ കലാം ആസാദ്‌ എഴുതി:

"കഴിഞ്ഞ 1300 വര്‍ഷക്കാലമായി മതവിധി എഴുതുന്ന തൂലികകള്‍ ഉറയില്‍ നിന്നൂരിയ വാള്‍ പോലെയായിരുന്നു. അല്ലാഹുവിന്‍റെ ധാരാളം ഇഷ്ടദാസരുടെ രക്തംകൊണ്ട്‌ അത്‌ പങ്കിലമായിട്ടുണ്ട്‌. ഈ രക്തസാക്ഷിത്വം സൂഫികളിലും സ്വതന്ത്ര ചിന്തകന്‍മാരിലും മാത്രം പരിമിതമല്ല, പ്രഗത്ഭരായ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ട്‌."

തന്‍റെ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ മതത്തില്‍ നിന്ന്‌ ബഹിഷ്കൃതരാക്കുന്ന സമ്പ്രദായം ഇക്കാലത്തും നിലച്ചുപോയി എന്ന്‌ഞാന്‍ കരുതുന്നില്ല. ഒരര്‍ഥത്തില്‍ ഇസ്‌ലാംമതത്തിലെ സ്വാതന്ത്യ്രം പുറത്തുള്ളതിനേക്കാള്‍ രൂക്ഷവും സങ്കുചിതവുമാണ്‌ അകത്തുള്ളത്‌. രണ്ട്‌ മുഖ്യമായ ഇസ്‌ലാമിക പാരമ്പര്യധാരകള്‍ ഇസ്‌ലാമില്‍ എപ്പോഴും സഹവര്‍ത്തിച്ചുനിന്നിരുന്നു. ഒന്ന്‌ സൂഫികളുടെ അദ്ധ്യാത്മിക മൂല്യങ്ങളിലൂന്നിയ മിസ്റ്റിസത്തിന്‍റെ പാരമ്പര്യമാണ്‌. ഇത്‌ സഹിഷ്ണുതാ പൂര്‍ണ്ണമായ ഇസ്‌ലാമിക പാരമ്പര്യ സരണിയാണ്‌. മറ്റൊന്ന്‌ ഇസ്‌ലാമിലെ കര്‍മ്മശാസ്ത്രികളുടെ പാരമ്പര്യമാണ്‌. ആചാരപരവും ആദര്‍ശപരവും രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള അനൌദ്യോഗിക പുരോഹിത വര്‍ഗമാണ്‌ ഇതിന്‍റെ വക്താക്കള്‍. ഇക്കാലത്ത്‌ രണ്ടാമത്തെ പാരമ്പര്യമാണ്‌ മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രാബല്യത്തിലുള്ളത്‌. ഇവരാണ്‌ പാശ്ചാത്യരോട്‌ സാംസ്കാരികമായും രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെയും ചെറുത്തുനില്‍പ്പുമായി നില്‍ക്കുന്നത്‌.

ശാസ്ത്രീയ ഗവേഷണത്തിനുള്ള സ്വാതന്ത്യ്രം

ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദ ങ്ങള്‍ക്കും വിദ്യാഭ്യാസങ്ങള്‍ക്കും ഇസ്‌ലാമിലെ സ്വാതന്ത്യ്രം എങ്ങനെ സ്വാധീനിച്ചു എന്ന്‌ നോക്കാം. ശാസ്ത്രം എന്‍റെ മുഖ്യ വിഷയവുമാണ്‌. ഖുര്‍ആന്‍പറയുന്നു:

"മേഘങ്ങളിലേക്ക്‌ അവര്‍ നോക്കുന്നില്ലേ അവ എങ്ങനെ സൃഷ്ടി ക്കപ്പെട്ടുവെന്ന്‌? ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ) അതെങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്‌? പര്‍വ്വതത്തിലേക്ക്‌ നോക്കുന്നില്ലേ അത്‌ എപ്രകാരമാണ്‌ നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌? അവര്‍ ഭൂതലത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌?" (88:17)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വരുന്നതിലും തീര്‍ച്ചയായും ബുദ്ധിമാന്‍മാര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നും ഇരുന്നും തങ്ങളുടെ പാര്‍ശ്വങ്ങളില്‍ (കിടന്നും) അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായ (ബുദ്ധിമാന്‍മാര്‍) 'ഞങ്ങളുടെ നാഥാ, നീ ഇതെല്ലാം വ്യര്‍ത്ഥമായല്ല സൃഷ്ടിച്ചത്‌. നീ പരിശുദ്ധനാണ്‌. അതിനാല്‍ നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷിക്കേണമേ' എന്ന്‌ പറയും" (2:191,192)

ഖുര്‍ആനിലെ 750 വചനങ്ങള്‍ വിശ്വാസികളോട്‌ പ്രകൃതിയെ സംബന്ധിച്ച്‌ പഠിക്കാനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയതാണ്‌. യുക്തിചിന്തയെ ഉപയോഗപ്പെടുത്തി പ്രകൃതിയെപ്പറ്റി കൂലങ്കശമായി മനനം ചെയ്ത്‌ വിജ്ഞാനം ആര്‍ജ്ജിക്കാനും ശാസ്ത്രീയബോധം സമൂഹജീവിതത്തിന്‍റെ ഭാഗമാക്കാനുമാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.

വിജ്ഞാനാര്‍ജ്ജനം ഏതൊരു മുസ്‌ലിം സ്ത്രീയുടെയും പുരുഷെന്‍റെയും ബാദ്ധ്യതയാണെന്ന്‌ തിരുനബി(സ) അരുളിയിട്ടിണ്ട്‌. ചൈനയില്‍ പോയെങ്കിലും വിജ്ഞാനം കരസ്ഥമാക്കണമെന്ന്‌ അദ്ദേഹം തന്‍റെ അനുയായികളോട്‌ ഉപദേശിക്കുകയുണ്ടായി. തീര്‍ച്ചയായും ഈ ഉപദേശം നല്‍കുമ്പോള്‍ മതപരമായ വിജ്ഞാനത്തെക്കാള്‍ ഭൌതിക വിജ്ഞാനമായിരിക്കും തിരുനബി (സ)യുടെ മനസ്സില്‍ഉണ്ടാവുക. അപ്രകാരം തന്നെ ശാസ്ത്ര പഠനത്തില്‍ അന്തര്‍ദേശീയത കൈക്കൊള്ളാനാണ്‌ അദ്ദേഹം ഇവിടെ ഊന്നിപ്പറയുന്നത്‌. ഇസ്‌ലാമില്‍ ശാസ്ത്രീയ സംരംഭങ്ങള്‍ വിജയം പ്രാപിക്കാന്‍ രണ്ട്‌ സുപ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെത്‌ മതപരമായ സ്വാതന്ത്യ്രത്തോടൊപ്പം പ്രവാചകന്‍ മുസ്‌ലിംകളിലേക്ക്‌ പകര്‍ന്ന അത്യുദാരമായ ശാസ്ത്രീയ പഠന സ്വാതന്ത്യ്രമാണ്‌. രണ്ടാമത്തെതാകട്ടെ ഇസ്‌ലാമിലെ ശാസ്ത്രീയ സംരംഭങ്ങളുടെ അന്തര്‍ദേശീയ സ്വഭാവമാണ്‌. വര്‍ണ–ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ആദ്യകാല മുസ്‌ലിം സമൂഹം ഇസ്‌ലാമിക്‌ കോമണ്‍വെല്‍ത്തായി നിലകൊണ്ടു. അവര്‍ അന്യമായ ആശയങ്ങളോടും മറ്റ്‌ അന്യമായതിനോടുമെല്ലാം അങ്ങേയറ്റത്തെ സഹിഷ്ണുത പുലര്‍ത്തിയിരുന്നവരായിരുന്നു.

നിലച്ചുപോയ ശാസ്ത്രീയ ഗവേഷണ പാരമ്പര്യം

എ. ഡി. 1100 ഓടുകൂടി ഈ ശാസ്ത്രീയ പാരമ്പര്യത്തിന്‍റെ അപചയം ആരംഭിച്ചു. ഇരുന്നൂറ്റി അന്‍പത്‌ വര്‍ഷം കൊണ്ട്‌ ആ മരവിപ്പും മരണവും സമ്പൂര്‍ണ്ണമായി. എന്തുകൊണ്ടാണ്‌ സര്‍ഗ്ഗാത്മക ശാസ്ത്രം ഇസ്‌ലാമില്‍ തിരോഭവിച്ചത്‌? എന്‍റെ വീക്ഷണത്തില്‍ സജീവശാസ്ത്രം ഇസ്‌ലാമിക ലോകത്ത്‌ നിന്ന്‌ തിരോഭവിക്കാന്‍ കാരണം ഒന്നാമതായി ആന്തരികമായുണ്ടായ മാറ്റവും ശാസ്ത്ര സംരംഭങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലുമാണ്‌. രണ്ടാമ തായി, പരിഷ്ക്കരണങ്ങളോടുള്ള (ജിദ്ദത്ത്‌) പരാങ്മുഖത്വമാണ്‌. ഇസ്‌ലാമിക ചരിത്രത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനവും പന്ത്രണ്ടാം നൂറ്റാണ്ടും രാഷ്ട്രീയോന്‍മുഖവും വിഭാഗീയവും മതപരവുമായ സംഘര്‍ഷങ്ങള്‍കൊണ്ട്‌ നിറഞ്ഞുനിന്നു. സഹിഷ്ണുതയില്ലാത്ത ഈ കാലഘട്ടം അനുകരണാത്മകവും (തഖ്‌ലീദ്) ഗവേഷണ (ഇജ്തിഹാദ്‌) രഹിതവുമായിരുന്നു. ശാസ്ത്രമടക്കം എല്ലാ മേഖലയിലുംഇത്‌ വ്യാപിക്കുകയുണ്ടായി. ഇസ്‌ലാമിലുണ്ടായ ശാസ്ത്ര സംരചനയോടുള്ള ഈ ഉദാസീനത വിവരിക്കാന്‍ എക്കാലത്തെയും ഏറ്റവും വലിയ സാമൂഹ്യ ചരിത്രകാരനും അത്യുജ്വല പ്രതിഭാശാലിയുമായിരുന്ന ഇബ്നുകല്‍ദൂനെ (1332-1406) ഞാന്‍ഉദ്ധരിക്കട്ടെ.

"ഫ്രാന്‍സ്‌ രാജ്യത്തും വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തും തത്ത്വശാസ്ത്ര തത്തിന്‍റെ പുതിയൊരു ഉജ്ജീവനത്തെപ്പറ്റി നാം കേള്‍ക്കുകയുണ്ടായി. അവര്‍ അവിടെ വീണ്ടും ധാരാളം പാഠശാലകളില്‍ വെച്ച്‌ പഠനങ്ങളാരംഭിച്ചിരിക്കുന്നു. നിലവിലുള്ള അവരുടെ വ്യാഖ്യാന സമ്പ്രദായം സമഗ്രമാണെന്ന്‌ പറയപ്പെടുന്നു. അവരെ അറിയുന്നവരും അവരുടെ വിദ്യാര്‍ത്ഥികളും അനവധിയാണ്‌. അവിടുത്തെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യം അല്ലാഹുവിന്നറിയാം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്‌. നമ്മുടെ മതകാര്യങ്ങളില്‍ ഭൌതിക ശാസ്ത്ര പ്രശ്നങ്ങള്‍ക്ക്‌ യാതൊരുപ്രാധാന്യവുമില്ല. അതുകൊണ്ട്‌ തീര്‍ച്ചയായും നമുക്കവരെ അവഗണിക്കാം."

ഇവിടെ ശാസ്ത്ര വിജ്ഞാനങ്ങളോട്‌ ഇബ്നുകല്‍ദൂന്‍ നിര്‍ജ്ജീവമായ ജിജ്ഞാസയും നിശ്ചേതനമായ ആകാംക്ഷയുമാണ്‌ കാണിക്കുന്നത്‌. പുറംലോകത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതന ശാസ്ത്രീയ സംഭവ വികാസങ്ങള്‍ക്ക്‌ നേരെയുള്ള അനുഭാവശൂന്യമായ നിലപാടും അതില്‍നിന്ന്‌ ഉള്‍വലിയാനുള്ള പ്രവണതയും പ്രതിലോമ പരതയുമാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ശാസ്ത്രീ യരംഗത്തുനിന്നുള്ള ഒറ്റപ്പെടലും അധികാരികളോടുള്ള പ്രീണനങ്ങളും ധൈഷണിക മൃത്യുവിന്‌ ബീജാവാപം നടത്തുകയും ചെയ്തു. നമ്മുടെ പ്രതാപമുഗ്ദമായ 9, 10 നൂറ്റാ ണ്ടുകളില്‍ ബാഗ്ദാദിലും കൈറോവിലും ശാസ്ത്രീയ ഉപരിപഠന സ്ഥാപനങ്ങള്‍ (ബൈത്തുല്‍ ഹിക്മ) പടുത്തുയര്‍ത്തിയിരുന്നു. പണ്ഡിതന്‍മാരുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ അവിടങ്ങളില്‍ വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ഇതെല്ലാം പൊടുന്നനെ നിലച്ച്പോയി. 1350 ന്‌ ശേഷം അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. മതപഠന കേന്ദ്രങ്ങളിലാണ്‌ പിന്നീട്‌ ശാസ്ത്രം അഭ്യസിക്കപ്പെട്ടത്‌. അവിടെ വിമര്‍ശനാത്മകമായ പഠന ങ്ങള്‍ക്ക്‌ പകരം പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്‌. സര്‍വ്വ വിജ്ഞാന കോശ സമ്പ്രദായത്തിലുള്ള പഠനരീതി തന്നെ വിശേഷ വത്കരണത്തിന്‍റെ ഈ യുഗത്തില്‍ വിലങ്ങുതടിയായി. യുവഗവേഷകരെ സംബന്ധിച്ചിടത്തോളം ക്രിയാത്മക വിമര്‍ശനത്തിന്‍റെ അന്തഃസത്തയായ നിലവിലുള്ള പഠനവിഷയങ്ങളെ ചോദ്യം ചെയ്ത്‌ പുനഃപരിശോധിച്ച്‌ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്ന രീതി മദ്‌റസകളില്‍ പ്രോത്സാഹിക്കപ്പെ ടുകയോ പൊറുപ്പിക്കപ്പെടുകയോ ചെയ്തില്ല. ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെട്ടപ്പോള്‍ ട്രാന്‍സ്‌ ഓക്സാനിയയിലെ ഒരു പണ്ഡിതന്‍ വേര്‍പെട്ടുപോയ ശാസ്ത്രത്തിന്‍റെ സ്മരണയ്‌ക്കായി ഒരു അനുസ്മരണചച്ചടങ്ങ്‌ നടത്തിയിരുന്നതായി ഒരു ചരിത്ര നിവേദനത്തില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ തികച്ചും യാഥാര്‍ത്ഥ്യമാ യിരുന്നുവെന്ന്‌ പില്‍ക്കാലചരിത്രം തെളിവുനല്‍കുന്നു.

കല്‍ദൂണിയന്‍ കാലഘട്ടം മുതല്‍ക്കുള്ള ധൈഷണികമായ ഈ ഒറ്റപ്പെടലും മരവിപ്പും തുര്‍ക്കിയിലെ ഉസ്മാനിയാ ഇറാനിലെ സഫ്‌വി, ഇന്ത്യയിലെ മുഗള്‍ എന്നീ മഹത്തായ സാമ്രാ ജ്യങ്ങളുടെ കാലവും പിന്നിട്ടുകൊണ്ട്‌ ശൈഥില്യത്തിന്‍റെ ഒരു സമ്പൂര്‍ണ ചിത്രം രചിക്കുകയുണ്ടായി.

ഈ അധഃപതനം യാദൃച്ഛികമായിരുന്നില്ല. തുര്‍ക്കി സാമ്രാജ്യത്തിലെ ബ്രിട്ടീഷ്‌ കൌണ്‍സിലര്‍ ആയിരുന്ന വില്യം എട്ടോണ്‍ 1800-ല്‍ എഴുതി:

"നാവിക രംഗത്ത്‌ മുസ്‌ലിംകള്‍ക്ക്‌ കാന്തമുപയോഗിക്കുന്നതില്‍ ശാസ്ത്രീയ പരിജ്ഞാനമുണ്ടായിരുന്നില്ല. വികസനത്തിനും മനസ്സിന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അനുപേ ക്ഷണീയമായ പര്യടന യാത്രകള്‍ മതത്തിന്‍റെ പേരിലുള്ള മിഥ്യാഭിമാനം കാരണം പൂര്‍ണ്ണമായും തടയപ്പെട്ടു... വിദേശികളുമായുള്ള ഇടപെടലുകളില്‍നിന്നു ബോധപൂര്‍വ്വം അവര്‍അകന്നുനിന്നു... "

ഈ നില ഇപ്പോഴും തുടരുന്നില്ലേ? ഇസ്‌ലാമിക രാജ്യങ്ങളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും സ്വതന്ത്രാന്വേഷണങ്ങളും അനുവദിക്കുന്നുണ്ടോ?

ശാസ്ത്രവും വിശ്വാസവും യോജിപ്പോ വിയോജിപ്പോ?

ഈ ഭൂമുഖത്തെ എല്ലാ സംസ്കാര ങ്ങളിലും വെച്ച്‌ ശാസ്ത്രം ഇന്ന്‌ ഏറ്റവും ദുര്‍ബ്ബലമായിരിക്കുന്നത്‌ ഇസ്‌ലാമിക രാഷ്ട്ര സമുച്ഛയങ്ങളിലാണ്‌. ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ സാങ്കേതികവിദ്യ (Technology) നിരുപദ്രവവും കുഴപ്പമില്ലാത്തതുമാണെന്നാണ്‌. സാങ്കേതികവിദ്യ എത്ര അധി കമായാലും ഇസ്‌ലാമിക ധാര്‍മ്മിക ജീവിതം പാലിക്കുന്നതില്‍ നിന്ന്‌ അത്‌ നമ്മെ തടയുന്നില്ലെന്നും എന്നാല്‍ സൈദ്ധാന്തിക ശാസ്ത്രമാകട്ടെ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നാം കരുതുന്നു. അതായത്‌ ആധുനിക സൈദ്ധാന്തിക ശാസ്ത്രം നമ്മെ യുക്തിവാദത്തിലേക്കും അവസാനം ഇസ്‌ലാംമതം ഉപേക്ഷിക്കുന്നതിലേക്കും നയിച്ചേക്കാം എന്നാണ്‌ നമ്മുടെ ഭീതി. അത്തരം ശാസ്ത്രീയ വിദ്യാഭ്യാസം നേടിയ നമ്മളിലുള്ള വ്യക്തികള്‍ നമ്മുടെ മതത്തിലെ ആത്മീയ സങ്കല്‍പ്പങ്ങളെ നിഷേധിക്കുന്നവരായിത്തീരും എന്നും മുസ്‌ലിംകള്‍ കരുതുന്നു. ഈ വസ്തുത നാം പരിശോധിക്കുമ്പോള്‍ വാസ്തവത്തില്‍ ഉന്നത നിലവാരത്തിലുള്ള സൈദ്ധാന്തിക ശാസ്ത്ര പഠനങ്ങളില്ലാതെ ഒരു സാങ്കേതി കശാസ്ത്രവും ഉന്നത നിലവാരത്തില്‍ വികസിക്കില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. ശാസ്ത്രത്തോടുള്ള അത്തരം സമീപനം ഭൂതകാലത്തെ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനത്തിന്‍റെ പാരമ്പര്യമാണ്‌ എന്ന്‌ ഞാന്‍ സംശയിക്കുന്നു. 'യുക്തിവാദികളായ തത്ത്വശാസ്ത്ര ജ്ഞന്‍മാര്‍' (Rational Phylosophers) എന്ന്‌ പണ്ട്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌ അയുക്തികതയിലും സിദ്ധാന്തവാശിയിലുമധിഷ്ഠിതമായ (Dogmatic) അരിസ്റ്റോട്ടിലിന്‍റെ പ്രകൃതി സങ്കല്‍പ്പങ്ങളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. അവരുടെ ദാര്‍ശനിക വൈകല്യങ്ങളെ വിശ്വാസവുമായി സമന്വയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ സാധ്യമായില്ല എന്നതാണ്‌ വാസ്തവം. അതുപോലെയാണ്‌ ഇന്നത്തെ ശാസ്ത്ര ദര്‍ശനങ്ങള്‍ എന്നാണ്‌ മുസ്‌ലിംകളായ നാം ഭയപ്പെടുന്നതെന്ന്‌ തോന്നുന്നു. ഇത്തരത്തില്‍ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനങ്ങള്‍ മുഴുവനും അതി ശക്തമായി പിടിച്ചു കുലുക്കിയത്‌ മധ്യകാലത്തെ ക്രിസ്തീയ ദാര്‍ശനികന്‍മാരെയായിരുന്നു. അവരെ അലട്ടിയിരുന്ന മുഖ്യമായ പ്രശ്നങ്ങള്‍ പ്രപഞ്ചോല്‍പത്തി ശാസ്ത്രത്തിന്‍റെയും (Cosmology) അതിഭൌതിക ശാസ്ത്രത്തിന്‍റെ (Metaphsics) യുമായിരുന്നു. ഭൂമി ചലിക്കാത്ത വസ്തുവാണോ? അതിനെ താങ്ങി നിര്‍ത്തുന്ന മറ്റെന്തെങ്കിലുമുണ്ടോ? കാര്യക്ഷമമായ കാരണം എന്ന നിലക്ക്‌ ആദി ചലനത്തെ ദൈവം നേരിട്ടാണോ ചലിപ്പിച്ചത്‌? ആകാശങ്ങളെല്ലാം ചലിക്കുന്നത്‌ ഒരു കര്‍ത്താവിനെ കൊണ്ടാണോ അതല്ല പല കര്‍ത്താക്കന്‍മാരെ കൊണ്ടാണോ? ഈ ബ്രഹ്മാണ്ഡകടാഹം പ്രവര്‍ത്തിക്കുന്നത്‌ ആരുടെയെങ്കിലും ബുദ്ധിവൈഭവത്താലാണോ? അല്ല പദാര്‍ത്ഥങ്ങളുടെ സ്വയം സിദ്ധമായ ചലനനിയമങ്ങള്‍ മൂലമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ക്രിസ്തീയ ചിന്തകന്‍മാര്‍ ഉത്തരം തേടിയിരുന്നത്‌ അരിസ്റ്റോട്ടിലിന്‍റെ അശാസ്ത്രീയ നിഗമനങ്ങളില്‍ നിന്നാണ്‌. ഭൌതിക ശാസ്ത്രത്തിന്‍റെ പ്രശ്നങ്ങളായി മാത്രം ഇതെല്ലാം കാണുകയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉത്തരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തതിന്നാണ്‌ ഗലീലിയോയെ ക്രിസ്തീയലോകം പീഡിപ്പിച്ചത്‌. മൂന്നര നൂറ്റാണ്ടിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികള്‍ക്ക്‌ ഇക്കാര്യത്തില് പാപബോധം ജനിച്ചത്‌.

1983 മെയ്‌ ഒമ്പതിന്‌ വത്തിക്കാനിലെ ഒരു പ്രത്യേക ചടങ്ങില്‍വെച്ച്‌ പോപ്പ്‌ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി:

“ഗലീലിയോ സംഭവവും അതിന്‌ ശേഷമുണ്ടായ സംഭവങ്ങളും പക്വമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ സഭയെ പഠിപ്പിച്ചിരിക്കുന്നു. സഭക്ക്‌ അതിന്‍റെ അനുഭവങ്ങളിലൂടെയും മനനങ്ങളിലൂടെയും മനുഷ്യന്‍റെ ഉദാത്തമായ ഒരു ഗുണവിശേഷമായ ഗവേഷണത്വരക്ക്‌ സ്വാതന്ത്യ്രം നല്‍കണമെന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ബോദ്ധ്യമായിരിക്കുന്നു. ഗവേഷണത്തില്‍കൂടി മാത്രമെ സത്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്തെന്നാല്‍, വിശ്വാസവും ശാസ്ത്രവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ സംഘട്ടനമില്ലെന്ന്‌ സഭക്ക്‌ മനസ്സിലായി. എങ്കിലും ഉത്കൃഷ്ടവും എളിമത്വവുമാര്‍ന്ന നിരന്തര പഠനം നമുക്ക്‌ മനസ്സിലാക്കിത്തരുന്നത്‌ വിശ്വാസത്തിന്‍റെ മൂലതത്ത്വങ്ങളെ ഒരു പ്രത്യേക കാലഘട്ടത്തിലെ ശാസ്ത്രീയ വ്യവസ്ഥിയില്‍ നിന്നും വേര്‍പെടുത്തുമെന്നാണ്‌. പ്രത്യേകിച്ച്‌ സാംസ്കാരികോന്‍മുഖമായ ബൈബിള്‍ പാരായണത്തില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്‌ ധാര്‍മികബദ്ധമായ ഒരു പ്രപഞ്ചോല്‍പത്തി ശാസ്ത്രവുമായിട്ടാണ്‌ (Obligatory Cosmology) അത്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌.’’

ശാസ്ത്രവുമായുള്ള സഭയുടെ സമീപനങ്ങളില്‍ പക്വത കൈവന്നതിനെസംബന്ധിച്ചും പോപ്പ്‌ പറയുകയുണ്ടായി. വിലോമ പ്രതിഭാസത്തെ (Converse Phenomena) യാണ് ഗലീലിയോയുടെ കാലം മുതല്‍ ശാസ്ത്രീയ മേഖലകള്‍ക്കപ്പുറ ത്തുള്ള സമസ്യകള്‍ക്ക്‌ ഉത്തരം കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ആശ്രയിച്ചുപോരുന്നത്‌. ഈ ശാസ്ത്രീയ സിദ്ധാന്തത്തിന്‍റെ പരിമിതികളെ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അത്‌ അംഗീകരിച്ചിട്ടുള്ളത്‌. സമകാലീന ശാസ്ത്രത്തിന്‍റെയോ, ഭാവിയില്‍ വരാനിരിക്കുന്ന ശാസ്ത്രത്തിന്‍റെയോ പരിധിയില്‍പോലും പെടാത്ത പല പ്രശ്നങ്ങളുമുണ്ടെന്ന്‌ ശാസ്ത്രത്തിന്നറിയാം. ശാസ്ത്രം അതിന്‍റെ വിജയം കൈവരി ച്ചത്‌ അതിന്‍റെ അന്വേഷണ രീതി ഒരു പ്രത്യേക തലത്തില്‍ മാത്രം സ്വയം പരിമിതപ്പെടുത്തിക്കൊണ്ടാണ്‌.

ശാസ്ത്രത്തിന്‍റെ ചില പ്രശ്നങ്ങളെ സംബന്ധിച്ച്‌ നമുക്ക്‌ ഊഹിച്ച്‌ നിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞേക്കും. പക്ഷേ, അവ അനുഭവജ്ഞാനപരമായി (Empirical)) നമുക്ക്‌ മൂല്യനിര്‍ണയംചെയ്യാന്‍ സാധ്യമല്ല. ഈ അനുഭവ ജ്ഞാനപരമായ പരിശോധന (Empirical Verification) യാണ്‌ ശാസ്ത്രത്തിന്‍റെ അന്തഃസത്ത. നാം വിനയാന്വിതനായിക്കൊണ്ട്‌ ഇബ്നു റുശ്ദിനെ ഓര്‍ക്കുകയാണ്‌. വൈദ്യശാസ്ത്ര രംഗത്തെ മഹാനായൊരു മൌലിക പ്രതിഭയായിരുന്നു ഇബ്നു റുശ്ദ്‌. പനിയെ സംബന്ധിച്ചും കണ്ണിന്‍റെ കൃഷ്ണമണിയെ സംബന്ധിച്ചും അദ്ദേഹത്തിന്‍റെ പഠനങ്ങള്‍അ നശ്വരങ്ങളാണ്‌. പക്ഷേ, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ശാസ്ത്രീയ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രപഞ്ച സങ്കല്‍പ്പത്തെ രൂപപ്പെടുത്തിയത്‌. അവിടെ അദ്ദേഹം സ്വീകരിച്ചത്‌ അരിസ്റ്റോറ്റലിന്‍റെ ഊഹങ്ങളെയാണ്‌. ഭാവിയിലെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുന്ന ഊഹങ്ങളാണ്‌ ഇവയെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞില്ല . ആധുനിക ശാസ്ത്രജ്ഞന്‌ എവിടെ എപ്പോള്‍ ഊഹങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരണമെന്നറിയാം. ചിന്തകള്‍ തെറ്റു പറ്റാത്തതാണെന്നോ അവസാന വാക്കാണെന്നാ ഉള്ള അകവാശവാദം അയാള്‍ ഉന്നയിക്കുന്നില്ല. അംഗീകരിച്ച്‌ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ചില ശാസ്ത്രീയ വസ്തുതകള്‍പോലും മാറ്റി നിര്‍ത്തി നാം പുതിയ വസ്തുതകള്‍ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യുന്നു. അതാകട്ടെ പഴയ കണ്ടുപിടിത്തങ്ങള്‍ തെറ്റാണെന്ന്‌ സ്ഥാപി ക്കാതെ തന്നെ അതിനെ അംഗീകരിച്ചുകൊണ്ട്‌ സാമാന്യ വത്കരണത്തിലേക്ക്‌ നമ്മെ നയിക്കുന്നു. ഈ പുതിയ കണ്ടുപിടിത്തങ്ങള്‍മൂലം നമ്മുടെ പ്രപഞ്ച സങ്കല്‍പ്പങ്ങളിലും വീക്ഷണങ്ങളിലും യഥാക്രമം വിപ്ളവകരമായ മാറ്റങ്ങളും ആവശ്യമായി വരുന്നു. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭൌതിക ശാസ്ത്രത്തില്‍ രണ്ടുതവണ ഇത്തരം വിപ്ളവങ്ങള്‍ ആര്‍ത്തിക്കുകയുണ്ടായി. ഒന്നാമതായി കാലത്തിന്‍റെയും സ്ഥല ത്തിന്‍റെയും ആപേക്ഷികത സംബന്ധിച്ച കണ്ടുപിടിത്തമായിരുന്നു. രണ്ടാമത്തേത്‌ ക്വാണ്ടം സിദ്ധാന്തവുമായിരുന്നു. അത്തരം കണ്ടുപിടിത്തങ്ങള്‍ വീണ്ടും സംഭവിക്കാം. സമ്പൂര്‍ണ്ണവും സമഗ്രവുമാണെന്ന്‌ വിശ്വസിച്ച്‌ നാം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ സങ്കല്‍പങ്ങള്‍ അപര്യാപ്തങ്ങളാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ കൂടുതല്‍ സമഗ്രവും കൂടുതല്‍ വിശ്വസനീയവുമായ പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും വീണ്ടുംസംഭവിക്കാം.

ഇന്നലകളുടെ തത്ത്വശാസ്ത്ര യുദ്ധങ്ങള്‍ ഇന്ന്‌ നാം തുടരേണ്ടതില്ല എന്ന്‌ ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വിശ്വാസവും എന്‍റെ ശാസ്ത്രവും തമ്മില്‍ യാതൊരു അസ്വാരസ്യങ്ങളും കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല. കാരണം ഭൌതിക ശാസ്ത്രങ്ങള്‍ മൌനം പാലിക്കുന്ന ഇസ്‌ലാമിന്‍റെ കാലാതീതമായ ആത്മീയ സന്ദേശത്താലാണ്‌ എന്നില്‍ മതവിശ്വാസം ജനിക്കുന്നത്‌. ഖുര്‍ആന്‍റെ പ്രാരംഭാദ്ധ്യായത്തിന്‌ ശേഷം അത്‌ പ്രഖ്യാപിക്കുന്നു:

"ഇത്‌ പരിപൂര്‍ണ്ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. ഭയഭക്തി അവലംബിക്കുകയും അദൃശ്യ ങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്‌ മാര്‍ഗ്ഗദര്‍ശകമാകുന്നു.”

ഞാന്‍ ഉപസംഹരിക്കട്ടെ. ഖുര്‍ആനും തിരുനബി(സ)യും മുന്നോട്ടുവെച്ച മത സ്വാതന്ത്യ്രത്തിന്‍റെയും ഉദാരതയുടെയും പാരമ്പര്യം തീര്‍ച്ചയായും ഇസ്‌ലാമില്‍ ശാസ്ത്രത്തെ പുഷ്ക്കലമാക്കുക തന്നെ ചെയ്യും. ശാസ്ത്രവും മതവും അത്രമാത്രം ഇസ്‌ലാമില്‍ പരസ്പരം ബന്ധപ്പെട്ടതാണ്‌.

Tuesday, December 21, 2010

ഇസ്‌ലാമും അഭിപ്രായ സ്വാതന്ത്ര്യവും


ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക


Sunday, December 19, 2010

മതം മലിനമാക്കപ്പെടുന്നത് എവിടെ?

കേവലം നശ്വരമായ മനുഷ്യജീവിതമെന്ന പ്രഹേളികക്ക്‌ മുമ്പില്‍ ഭ്രമിച്ചു പോകുകയും ജീവിതത്തിന്‍റെ ആത്യന്തിക പൊരുളിനെപ്പറ്റി ആശങ്കപ്പെടുകയും ചെയ്യുന്ന മനുഷ്യനെ സാന്ത്വനിപ്പിക്കുകയും അവന്‌ ഉത്തരവും യഥാര്‍ത്ഥ മാര്‍ഗ്ഗദര്‍ശനവും നല്‍കുകയുമാണ്‌ മതങ്ങള്‍ ചെയ്യുന്നത്‌. ജീവിതവും മരണവും മരണാനന്തര ജീവിതവുമാണ്‌ മതത്തിന്‍റെ വിഷയങ്ങള്‍. അതുകൊണ്ട്‌തന്നെ ലൌകികാതീതവും അതിജീവനത്വമുള്ളതുംആത്മീയവുമായ ഒരു മൂല്യ നിര്‍ദ്ധാരണ പദ്ധതിയാണ്‌ മതം നിര്‍ദ്ദേശിക്കുന്നത്‌. അങ്ങനെയുള്ള മതം ലക്ഷ്യം മറന്നുകൊണ്ട്‌ ലോകഭോഗങ്ങളില്‍ രമിക്കുകയും അധികാരം പിടിച്ചെടുക്കാനുള്ള ഉപകരണമായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്‌ മതസംഘര്‍ഷങ്ങളും സ്പര്‍ദ്ധയും ഉടലെടുക്കുന്നത്‌. അല്ലാതെ മനുഷ്യന്‌ മനസ്സമാധാനവും ആത്മീയാനുഭൂതിയും നല്‍കേണ്ട അവസാനത്തെ അഭയകേന്ദ്രങ്ങളായ മതങ്ങള്‍തന്നെ സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും ഉണ്ടാക്കുന്നുഎന്നത്‌ വൈരുധ്യമല്ലേമതത്തിന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും അതല്ല.

അത്യന്തം വികാരവത്താണ്‌ മതങ്ങള്‍. വികാരം എന്ന മാനവ ഭാവത്തിന്‍റെ സ്വച്ഛഗുണം പാവനവും ദൈവികവുമാണ്‌. യുക്തിക്ക്‌ വിധേയമല്ലാത്തതാണ്‌ വികാരം. സത്യത്തിലേക്കുള്ള ചാലകശക്തിയാണ്‌. ആ വികാരങ്ങളെ ലോകബദ്ധമായ ഭൌതിക ബിംബങ്ങളുടെ പൂജകരാക്കി മാറ്റുമ്പോള്‍ അതൊരു വിനാശ ശക്തിയായി പരിണമിക്കുന്നു. അതാണ്‌ ഖുര്‍ആന്‍ പറഞ്ഞത്‌. "ഏതൊരുവന്‍ തന്‍റെ ആത്മാവിനെവിഷയേച്ഛകളില്‍ നിന്ന്‌ ശുദ്ധീകരിച്ചുവോ അവന്‍ വിജയിച്ചു. അവന്‍ നശിക്കുകയില്ല. ഏതൊരുവാന്‍ അതിനെ അനിയന്ത്രിതമായ ഇന്ദ്രിയേച്ഛകളില്‍ നിമഗ്നമാക്കിയോ അവന്‍ പരാജയമടഞ്ഞു. അവന്‍ജീവിതത്തെക്കുറിച്ചു നിരാശനായി." (൯:൯-൧൦). ഗീതയില്‍ കൃഷ്ണ(അ)ന്‍റെ ഉപദേശവുമതാണ്‌. "മാനം,ദംഭംഹിംസ ഇവയെല്ലാം ഉപേക്ഷിക്കുക . ക്ഷമആര്‍ജവംആചാര്യസേവനംശൌച്യംസ്ഥിരതമനോവാക്‌ കായങ്ങളുടെ ഒതുക്കുംശബ്ദാദി വിഷയങ്ങളിലുള്ള വൈരാഗ്യംതാന്‍ കര്‍ത്താവാണെന്ന ഭാവമില്ലായ്മജന്‍മം,മൃത്യുജരാരോഗംദു:ഖം എന്നിവയിലുള്ള ദോഷങ്ങളെ കണ്ടുകൊണ്ടിരിക്കുക. പുത്ര ഭാര്യ ഗൃഹാദികളില്‍ എന്‍റെത്‌ ഞാന്‍ എന്ന വിചാരമില്ലായ്മഇഷ്ടവും അനിഷ്ടവും വന്നു ചേരുമ്പോള്‍ വികാരപ്പെടായ്ക,മനഃസംയമനം കൊണ്ട്‌ മറ്റെങ്ങും ചാടാതെ എന്നില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ഭക്തിനിരുപദ്രവമായ ദേശത്തെ മാത്രം ആശ്രയിക്കുകപ്രാകൃത ജനങ്ങളുള്ളേടത്ത്‌ മടുപ്പ്‌അദ്ധ്യാത്മിക ജ്ഞാനം സമ്പാദിക്കാന്‍ പ്രയത്നം,തത്ത്വജ്ഞാനം കൊണ്ടേ സംസാര നിവൃത്തിയുണ്ടാകുയുള്ളൂവെന്ന നിശ്ചയം എന്നിവ യഥാക്രമമനുഷ്ഠിച്ച്‌ ഉണ്ടാവേണ്ടതാണ്‌ തത്ത്വജ്ഞാനം. (ഭഗവത്‌ ഗീത).

എല്ലാ മതങ്ങളും ദൈവത്തില്‍ നിന്ന്‌ ഉദ്ഭവിച്ചതാണ്‌ മനുഷ്യന്‌ സന്‍മാര്‍ഗ്ഗ ജീവിതം നയിക്കാനുള്ള അദ്ധ്യാപനങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്‌. ആ പാവനമായ മത മൂല്യങ്ങളില്‍ ക്ഷണികമായ ലൌകിക നേട്ടങ്ങള്‍ കലര്‍ത്തി മലിനമാക്കാതിരിക്കുക. ഇസ്‌ലാംമതവും ഹിന്ദുമതവുംഭരണകൂടങ്ങളും അധികാര സോപാനങ്ങളും സൃഷ്ടിച്ച്‌ ചിലരെ വാഴിക്കാനുള്ളതല്ല. ഭരണകൂടങ്ങള്‍ക്ക്‌ തടഞ്ഞു നിര്‍ത്താന്‍ സാധിക്കാത്തതാണല്ലോ മരണംഈ ലോകവും പരലോകവുമുള്‍പ്പെട്ട മറ്റൊരുലോകത്തിലെ ആത്മീയ പൌരന്‍മാരാണ്‌ നാം. ഈ അലൌകിക പൌരത്വത്തിന്‍റെ കടമകളെപ്പറ്റിയും പ്രതിഫലങ്ങളെപ്പറ്റിയും ബോധമുള്ളവരാണ്‌ യഥാര്‍ത്ഥ മതവിശ്വാസികള്‍. അവരുടെ ലോകത്ത്‌ സ്പര്‍ദ്ധയും വിദ്വേഷവുമില്ല. എല്ലാവരോടും സ്നേഹം മാത്രം. ദൈവം നമ്മെ എല്ലാ മതങ്ങളേയും ബഹുമാനിക്കാനും ദൈവം അയച്ച എല്ലാ മതപുരുഷന്‍മാരെയും വിശ്വസിച്ച്‌ സന്‍മാര്‍ഗ്ഗ ജീവിതം നയിക്കാനും അനുഗ്രഹിക്കട്ടെ.

Sunday, August 1, 2010

മൗദൂദി 'വായന'കള്‍ക്ക് രാഹുകാലം

Jihad is at the same time offensive and defensive-Maulana Maududi

ജമാഅത്ത് ഇസ്‌ലാമി അടക്കമുള്ള നിരവധി മുസ്‌ലീം സംഘടനകളുടെ ആത്മീയാചാര്യന്‍ മൗലാന മൗദൂദിയുടെ പുസ്തകങ്ങള്‍ ഇസ്‌ലാമിക ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നിരോധിച്ച വാര്‍ത്ത പൊതുവില്‍തന്നെ കൗതുകവും അമ്പരപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ നിരോധിച്ചത് പാകിസ്താനല്ല ബംഗ്ലാദേശാണ് എന്നതുകൊണ്ട് അത്ര വലിയ ഞെട്ടലിന് കാരണവുമില്ല. പാകിസ്താനെ പോലെയല്ല ബംഗ്ലാദേശ് എന്നതുകൊണ്ടാണത്. പക്ഷേ മൗദൂദിയുടെ അടിസ്ഥാന ആശയങ്ങളെ ഉപജീവിച്ച് രൂപമെടുത്ത ജമാഅത്ത് ഇസ്‌ലാമി സജീവമായി പ്രവര്‍ത്തിക്കുകയും സക്രിയമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്യുന്ന കേരളത്തില്‍ പോലും അത് വലിയ വാര്‍ത്താപ്രാധാന്യം നേടിയില്ല എന്നതാണ് അതിലും അത്ഭുതം. പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമായ സാന്നിധ്യവും പ്രവര്‍ത്തനവുമുള്ള സംഘടനയാണ് ജമാഅത്ത് ഇസ്‌ലാമി. ബംഗ്ലാദേശിലെ പള്ളികളിലോ ലൈബ്രറികളിലോ ഇനി മൗദൂദിയുടെ പുസ്തകങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. ഒരു പുസ്തകത്തെ നിരോധിക്കാന്‍ കഴിയുന്നതിന്‍റെ പ്രായോഗിക സാധ്യത സംബന്ധിച്ച് സംശയം തോന്നാമെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്‍റെ കൗതുകം തന്നെയാണ് അതിന്‍റെ വാര്‍ത്താപ്രാധാന്യവും.

തീവ്രവാദപരമായ നിലപാടുകള്‍ ഉയര്‍ത്തുന്ന വാദഗതികളാണ് പുസ്തകങ്ങളിലുള്ളതെന്ന് കണ്ടാണ് പുസ്തകം നിരോധിച്ചതെന്ന് സര്‍ക്കാരിന്‍റെ കീഴിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്‍റെ സമാധാന ശൈലിയ്ക്കും ചിന്താധാരകള്‍ക്കും എതിരായ സങ്കല്‍പ്പനങ്ങളാണ് സയീദ് അബുല്‍ അലാ മൗദൂദിയുടെ ആശയങ്ങളില്‍ ഉള്ളതെന്ന് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷമീം മുഹമ്മദ് അഫ്ജല്‍ പറയുന്നു. മൗദൂദിയുടെ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്ന പല സംഘടനകളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വ്യാപകമാണെന്നും ഷമീം മുഹമ്മദ് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അവാമി ലീഗ് ഭരിക്കുന്ന ബംഗ്ലാദേശില്‍ ഏതായാലും രൂക്ഷവിമര്‍ശനത്തിന് കാരണമായിട്ടുണ്ട് പുസ്തക നിരോധനം. രാജ്യത്തെ 24,000 വരുന്ന ലൈബ്രറികളില്‍ നിന്ന് എത്രയും വേഗത്തില്‍ പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനം ഇസ്‌ലാമിനെതിരായ നീക്കമാണെന്ന് ജമാഅത്ത് നേതാവ് എടിഎം അഹ്‌സറുല്‍ ഇസ്‌ലാം പ്രതികരിച്ചു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശില്‍ ശക്തമാകുന്ന തീവ്രവാദ പ്രവണതകളെ ചെറുക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനമെങ്കിലും അത് ഒരു പുസ്തകം നിരോധിച്ചതുകൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ നിരോധനത്തിന് ചില രാഷ്ട്രീയമായ ചേരിതിരിവുകള്‍ കാരണമാണെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. മൗദൂദിയന്‍ സിദ്ധാന്തത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഭിന്നാഭ്രിപായങ്ങളും തര്‍ക്കങ്ങളും ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും ഇത് അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സത്യം. തീവ്രവാദ നിലപാടുള്ള ചില ഇസ്‌ലാമിക സംഘടനകളുടെ രാഷ്ട്രീയവും പ്രായോഗിക സമീപനങ്ങളുമെല്ലാം രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തില്‍ മൗദൂദി ഒരു പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ്. താലിബാനും അല്‍ഖ്വെയ്ദയുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൗദൂദിയുടെ പുസ്തകം വായിച്ചിട്ടല്ലെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ പുസ്തകം മാത്രം നിരോധിക്കുന്നത് എന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന സംഘടനകള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ചോദിക്കാനുള്ളത്. ഈ ചോദ്യവും പ്രസക്തമാണ്. അമ്പതും അറുപതും വര്‍ഷമായി മൗദൂദിയുടെ പുസ്തകങ്ങളും ആശയങ്ങളും ലോകത്തുണ്ട്. എന്നിട്ട് എന്ത് കുഴപ്പമാണ് ഉണ്ടായത് എന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവരുടെ ചോദ്യം. മാത്രമല്ല ഇതിന്റെ പേരില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ക്ക് അത് വഴിതെളിയിക്കുമെന്നും ആശങ്കയുണ്ട്.

ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിങ്ങളുള്ള ബംഗ്ലാദേശില്‍ സര്‍ക്കാരിന്‍റെ തീരുമാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 'നൊട്ടോറിയസ് റാഡിക്കല്‍ മുസ്‌ലീം ഐഡിയോളജിസ്റ്റ്' എന്നാണ് മൗദൂദിയെ പാശ്ചാത്യ-ജനാധിപത്യ രാജ്യങ്ങളും പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിലയിരുത്തുന്നത്. തീവ്രചിന്താഗതിക്കാരനായ ഇസ്‌ലാമിക മൗലികവാദിയാണ് അദ്ദേഹം. മതമൗലികവാദവും കൃത്യമായി ഇസ്‌ലാമിക രാഷ്ട്രവാദം ഉയര്‍ത്തുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രവുമാണ് മൗദൂദിയന്‍ സിദ്ധാന്തത്തിന്‍റെ അടിത്തറ. 1903 ല്‍ ജനിച്ച 1979 ല്‍ ലോകത്തോട് വിടപറഞ്ഞ മൗദൂദി എഴുതിയ പുസ്തകങ്ങള്‍ ലോകത്തെ തീ പിടിപ്പിക്കാന്‍ പോന്നവയാണെന്നാണ് പ്രധാന വിമര്‍ശനം. കേരളത്തില്‍ ലീഗ് അടക്കമുള്ള മുസ്‌ലീം ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകള്‍ പ്രകടമായ അര്‍ത്ഥത്തില്‍ തത്വത്തിലെങ്കിലും ജമാ അത്ത് ഇസ്‌ലാമിക്കും മൗദൂദിയന്‍ പരികല്‍പ്പനകള്‍ക്കും എതിരാണ്. അതേസമയം ലോകത്ത് മൗലിക-തീവ്ര നിലപാട് പുലര്‍ത്തുന്ന ഇസ്‌ലാം അടിസ്ഥാന സംഘടനകളിലും പണ്ഡിതരിലും വലിയ സ്വാധീനം ചെലുത്താന്‍ മൗദൂദിക്ക് കഴിഞ്ഞിട്ടുമുണ്ട്.

1927 ലാണ് മൗദൂദിയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ജിഹാദ് ഇന്‍ ഇസ്‌ലാം എന്നാണ് പുസ്തകത്തിന്റെ പേര്. അധികാര-മൂലധന വ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയാവുന്ന തരത്തില്‍ ശക്തമായി ഇസ്‌ലാം വളരണമെന്ന് ആദ്യപുസ്തകത്തില്‍ തന്നെ മൗദൂദി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിന് വേണ്ടി ഏത് സാമൂഹ്യനിയമങ്ങളേയും മുന്‍വിധികളേയും പ്രതിരോധിക്കുകയോ തകര്‍ക്കുകയോ ചെയ്യാമെന്നും പറയുന്നു. 1971 ലെ യുദ്ധത്തിന് ശേഷം രൂപീകരിക്കപ്പെട്ടതാണ് ബംഗ്ലാ-ഭരണവ്യവസ്ഥ. ഭരണകൂടവും ജനസാമാന്യവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കെടുതികള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്.

സാങ്കേതികമായി പറഞ്ഞാല്‍ ബംഗ്ലാദേശ് ഇന്നൊരു മതനിരപേക്ഷ രാഷ്ട്രമാണ്. അവരുടെ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്ത ഭേദഗതി മാസങ്ങള്‍ക്ക് മുമ്പാണ് ബംഗ്ലാദേശ് സുപ്രീംകോടതി റദ്ദാക്കിയത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഇനി മുന്നോട്ടുപോകുന്നത്. ജമാ അത്ത് ഇസ്‌ലാമിയും അതില്‍ നിരോധിക്കപ്പെട്ടേക്കാം എന്നാണ് സൂചന. പുതിയ നീക്കങ്ങള്‍ അവരേ വെറുതെയിരുത്തില്ലെന്ന് ഉറപ്പ്.

സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധാനന്തരം അധികാരത്തില്‍ വന്ന ഷെയ്ഖ് മുജിബൂര്‍ റഹ്മാനേയും കുടുംബത്തെയേും വധിച്ചുകൊണ്ട് മൗലികവാദം അടിച്ചേല്‍പ്പിക്കുകയാണ് 70 കളുടെ മധ്യത്തില്‍ ബംഗ്ലാദേശില്‍ നടന്നത്. സിയാവുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മതനിരപേക്ഷത എന്ന നിര്‍വചനം എടുത്തുകളഞ്ഞ് ജനാധിപത്യ-സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളുടെ മുന ഒടിച്ചുകളഞ്ഞത്. എന്നാല്‍ പിന്നീട് അഫ്ഗാനിലേയും പാകിസ്താനിലേയും ശക്തമായ തീവ്രവാദ രൂപത്തിന്റെ ബഹിര്‍ഗമനം പല വിധത്തില്‍ ബംഗ്ലാദേശ് അനുഭവിച്ചിട്ടുണ്ടെന്നതിന് അവരുടെ ചരിത്രവും വര്‍ത്തമാനവും തന്നെ സാക്ഷി. 1971-ലെ യുദ്ധകാലത്ത് പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാഅത്ത് ഇസ്‌ലാമിയുടെ അഞ്ച് പ്രമുഖ നേതാക്കളാണ് ആരോപണവിധേയരാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. ബംഗ്ലാദേശില്‍ ശക്തമായ സംഘടനയായിട്ടും 2010 ല്‍ തന്നെ 65 ഓളം ജമാഅത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റഹ്മാന്‍ നിസാമിയാണ് ഇപ്പോഴത്തെ ജമാ അത്ത് നേതാവ്. ബംഗ്ലാദേശില്‍ ഏകദേശം 2,70,000 പള്ളികളുണ്ട്. ഇതില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പള്ളികളാണ്. സര്‍ക്കാര്‍ തീരുമാനം കൊണ്ട് മാത്രം നിരോധിക്കാവുന്നതോ വായിക്കപ്പെടാതെ പോകുന്നതോ അല്ല പുസ്തകങ്ങള്‍ എന്നതുകൊണ്ട് ഒരു രാഷ്ട്രീയ തീരുമാനം എന്ന നിലയില്‍ മാത്രമാണ് പലരും ഈ മൗദൂദി നിരോധനത്തെ നോക്കിക്കാണുന്നത്.

ജന്മം കൊണ്ട് മൗദൂദി ഇന്ത്യക്കാരനാണെങ്കിലും പാകിസ്താനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. മതപണ്ഡിതന്‍, മൗലികവാദപരമായ ചിന്തകളുള്ള രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലാണ് മൗദൂദിയെ ലോകം വിശേഷിപ്പിക്കുന്നത്. 1903 സെപ്തംബര്‍ 25 ന് ഇന്ത്യയിലെ ഔറംഗബാദില്‍ ജനിച്ചു. 1918 ല്‍ ബിജ്‌നൂര്‍ പത്രത്തിലൂടെ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം ജബല്‍പൂരില്‍ നിന്നുള്ള ഡെയിലി ടൈംസ് പത്രത്തിലേക്ക് മാറി. പിന്നീട് മുസ്‌ലീം എന്ന പത്രത്തിന്‍റെ പത്രാധിപരായി. അപ്പോഴേക്കും മതപാണ്ഡിത്യം നേടിയ മൗദുദി മതപ്രബോധനത്തിലും ശ്രദ്ധാലുവായിരുന്നു. 1925 ല്‍ അല്‍ ജമീയ പത്രത്തില്‍ എഡിറ്ററായി ചുമതലയേറ്റു. 1927 ല്‍ ജിഹാദി ആഹ്വാനവുമായി ആദ്യപുസ്തകവും പുറത്തിറങ്ങി. 1941 ല്‍ ജമാഅത്ത് ഇസ്‌ലാമിയും സ്ഥാപിച്ചു. ജമാഅത്തിന്‍റെ ആദ്യ അമീര്‍ ആയി മൗദൂദി മാറി. പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം പാകിസ്താനായി മാറി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രബോധനങ്ങളും മൗദൂദിയുടെ ആശയത്തില്‍ പിറവികൊണ്ടു. എല്ലാ രംഗത്തും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ മുറവിളി കൂട്ടിയ അദ്ദേഹം 1948 ല്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു.

ശരി അത്ത് നിയമങ്ങള്‍ക്ക് മാത്രമേ യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം ജനാധിപത്യ-ഭരണവ്യവസ്ഥകളെ നിരസിച്ചു. ആയിരത്തോളം തീപ്പൊരി ചിതറുന്ന മതപ്രസംഗങ്ങള്‍, നൂറിലധികം പുസ്തകങ്ങള്‍ ഇതായിരുന്നു മൗദൂദിയുടെ ബൗദ്ധികസമ്പത്ത്. ഇത് പലതും ഇസ്‌ലാം വിഭാഗത്തിന് പുറത്തുള്ള ജനസമൂഹത്തിനും മതങ്ങള്‍ക്കും എതിരായിരുന്നു. ഈജിപ്തിലെയും പലസ്തീനിലെയും ചില ചിന്തകര്‍ മുതല്‍ ഇറാനിലെ ആയത്തൊള്ള ഖുമൈനി വരെ ഈ ആശയങ്ങളുടെ പേരില്‍ മൗദൂദിയോട് അനുഭാവം പുലര്‍ത്തി. ഖുറാന് തന്‍റെതായ ശൈലിയുള്ള പുതിയ തര്‍ജ്ജമയും ആഖ്യാനവും അദ്ദേഹം രചിച്ചു. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത മതരാഷ്ട്രവാദം ഉയര്‍ത്തിയ അദ്ദേഹം ഭരണ പുനസ്ഥാപനവുമാണ് വിശുദ്ധയുദ്ധം അഥവാ ജിഹാദ് എന്ന് പ്രചരിപ്പിച്ചത് ഒട്ടേറെ ശത്രുക്കളെയും സൃഷ്ടിച്ചു. 1964 ല്‍ വീണ്ടും ജയില്‍ശിക്ഷ അനുഭവിച്ച മൗദൂദി 1979 ല്‍ അമേരിക്കയില്‍ ചികിത്സക്കിടയിലാണ് ലോകത്തോട് വിട പറഞ്ഞത്. ലാഹോറിലാണ് സംസ്‌കരിച്ചത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മൗലാന മൗദൂദിയെങ്കിലും ആദ്യമായാണ് ഒരു രാജ്യം അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ലേഖനങ്ങളും നിരോധിക്കുന്നത്. ഇസ്‌ലാമിക ഭൂരിപക്ഷ രാജ്യത്തിലാണ് അതുണ്ടായത് എന്നൊരു ഭിന്നസവിശേഷതയും ഇതിനുണ്ട്.

ഭിന്നമായ കാരണങ്ങളാല്‍ ലോകത്ത് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍ സോള്‍ഷനിത്സിന്‍, ജോര്‍ജ് ഓര്‍വെല്‍, അല്‍ഡസ് ഹക്‌സിലി, വോള്‍ട്ടയര്‍, നബക്കോവ്, കാഫ്ക, ചെക്കോവ്, നീഷെ, ബട്രാന്‍ഡ് റസ്സല്‍, ഡി.എച്ച് ലോറന്‍സ്, ബോറിസ് പാസ്റ്റര്‍നാക്, സല്‍മാന്‍ റുഷ്ദി, തസ്‌ലീമ നസ്‌റീന്‍ എന്നിവര്‍ മുതല്‍ അരുന്ധതി റോയിയും നോം ചോംസ്‌കിയും വരെ ഇത്തരത്തില്‍ നിരോധിക്കപ്പെട്ട രചനകളുടെ വ്യാഖ്യാതാക്കളാണ്. ഇവയില്‍ പലതും വിമത രാഷ്ട്രീയ-ലൈംഗിക ശൈലികളുടെ പേരില്‍ നിരോധിക്കപ്പെട്ടവരാണ്. എന്നാല്‍ മൗദൂദിയുടേത് മതശാസനകളുടെ പേരിലാണ്. കാര്‍ട്ടൂണ്‍ വരച്ചതിന്‍റെ പേരിലും പെയിന്‍റിങ്ങുകളുടെ പേരിലും കുരിശിലേറ്റപ്പെട്ടവരും കുറവല്ല. സിനിമകള്‍ക്കും ഇത്തരത്തില്‍ പല കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട വലിയ ചരിത്രമുണ്ട്.

ഏതായാലും പ്രവാചകനെ നിന്ദിച്ചുവെന്നതിന്‍റെ പേരില്‍ അധ്യാപകന്‍റെ കൈവെട്ടുകയും അത് വിവാദമാകുകയും ചെയ്ത് ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കുന്ന കേരളത്തില്‍ എന്തുകൊണ്ടോ മൗദൂദിയന്‍ പുസ്തക നിരോധനത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല.

മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. അതേസമയം മൗദൂദി സ്ഥാപിച്ച ജമാ അത്ത് ഇസ്‌ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ മതരാഷ്ട്രീയകക്ഷിയാണ് എന്നത് ചില്ലറ കലഹത്തിലൊന്നും നിരോധനം തീരില്ല എന്നതിന്‍റെ സൂചന നല്‍കുന്നു. എന്നാല്‍ സാങ്കേതിക നിരോധനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും പ്രസ്ഥാനങ്ങള്‍ പേരുമാറിയും പുസ്തകങ്ങള്‍ ചട്ടമാറിയും ഇറക്കാമെന്നിരിക്കെ സാമൂഹികമായ അര്‍ത്ഥത്തില്‍ ഒരു ആശയം നിരോധിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തും ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്ന പ്രതിഷേധ പ്രളയത്തില്‍ പഴയ പോരാളി മുജിബുര്‍ റഹ്മാന്റെ മകള്‍ ഷൈയ്ഖ് ഹസീനയും അവരുടെ പരിഷ്‌കാരങ്ങളും ഒലിച്ചുപോകാതിരിക്കട്ടെ.

(മാതൃഭൂമി- 02-07-2010)

Saturday, June 12, 2010

ഞാനെടാ ആ യുക്തിവാദി

സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദി ബ്ലൊഗറുടെ 'അരെടാ ഈ യുക്തിവാദി?' എന്ന പോസ്റ്റ് കണ്ടപ്പോള്‍ ആ വിഷയത്തിലുള്ള ഇസ്‌ലാമിക കാഴ്ച്ചപ്പാട് വ്യക്തമാക്കണം എന്നു തോന്നുന്നു.

സുശീല്‍ കുമാര്‍ വളെരെ നല്ല നിലയില്‍ തന്‍റെ ആശയം അവതരിപ്പിച്ചിരിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. മാത്രമല്ല യുക്തിവാദി ബ്ലൊഗര്‍മാരുടെ സ്ഥിരം ശൈലിയില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ഡീസ്ന്‍റ് യുക്തിവാദിയാണ് സുശീല്‍ കുമാര്‍ എന്നു പറയാതെ വയ്യ.

സുശീല്‍ കുമാര്‍ പറയുന്നു:

"നമ്മള്‍ പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്‌. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്‍റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം."

സുശീല്‍ കുമാറിന്‍റെ ഈ അഭിപ്രായം പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നാം. എന്നാല്‍ ഈ മാറ്റിവെക്കലിനെ പരിഹസിക്കേണ്ട കാര്യം ഇല്ല. ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഗതികള്‍ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നതിനെ മൂഢവിശ്വാസം എന്നു പറഞ്ഞ് പരിഹസിക്കാന്‍ ന്യായമില്ല.

ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

ഉദാഹരണത്തിന്‌, റേഡിയോ പ്രക്ഷേപണത്തിന്‍റെയും അത്‌ പിടിച്ചെടുക്കുന്ന റേഡിയോ സെറ്റിന്‍റെയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന്‌ അധികമാളുകള്‍ക്കും അറിയില്ല. അതുപോലെ ശബ്ദവും ചിത്രവും വിദ്യുത്‌ കാന്തിക തരംഗങ്ങളാക്കി മാറ്റി പ്രക്ഷേപണം ചെയ്ത്‌ റേഡിയോവും ടെലിവിഷനും പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റിയും സാധാരണക്കാരില്‍ ബഹുഭൂരിപക്ഷത്തിനും അറിയില്ല. എങ്കിലും റേഡിയോവിനേയും ടെലിവിഷനേയും നിരക്ഷരനായ വ്യക്തിപോലും വിശ്വസിക്കുന്നു. അതുപോലെ നമ്മില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. പക്ഷേ, ഈ ആധുനിക യുഗത്തില്‍ അതിന്‍റെ പ്രവര്‍ത്തനം അറിയില്ല എന്ന കാരണം കൊണ്ടുമാത്രം അതിന്‍റെ അസ്തിത്വം ആരും നിഷേധിക്കുമെന്ന്‌ തോന്നുന്നില്ല. അത്തരം വിഷയങ്ങള്‍ നമുക്ക്‌ നിഗൂഢരഹസ്യങ്ങള്‍ (Mystery)എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്‌. ഇവിടെ അതിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. അതില്‍ വിശ്വസിക്കുന്നവരെ പരിഹസിക്കേണ്ട കാര്യവുമില്ല. തീര്‍ച്ചയായും അവര്‍ അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ്‌ അങ്ങനെ വിശ്വസിക്കുന്നത്‌.

മതവിശ്വാസങ്ങളുടെ രൂപത്തില്‍ നിലനില്‍ക്കുന്ന ഇത്തരം നിഗൂഢ രഹസ്യങ്ങളോടു കുറെകൂടി അയവുള്ള സമീപനം സ്വീകരിക്കാവുന്നതാണ്‌. വിശദീകരിക്കാന്‍ കഴിയാതെയും മനസ്സിലാവാതെയും വളരെയധികം ആളുകള്‍ ഇത്തരം നിഗൂഢാത്മകമായ മതസിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നു. പാരമ്പര്യമായി തലമുറയില്‍ നിന്ന്‌ തലമുറയിലേക്ക്‌ കൈമാറുന്ന ഇത്തരം വിശ്വാസങ്ങള്‍ സത്യമാണെന്ന സങ്കല്പ്പത്തില്‍ വിശ്വസിക്കപ്പെടുന്നു. പക്ഷേ, മതവിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും കാണുമ്പോള്‍ അതിനെ അനുകൂലിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല. അമ്പരപ്പിക്കുന്ന നിഗൂഢതകളില്‍ ആളുകള്‍ വിശ്വസി ക്കുന്നുവല്ലോ എന്ന ന്യായത്തിന്മേല്‍ ഇത്തരം വിരോധാഭാസങ്ങളില്‍‌ വിശ്വസിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഇവിടെയാണ് "മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്‍റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം" എന്ന സുശീല്‍ കുമാറിന്‍റെ പ്രസ്താവന അപ്രസക്തമാകുന്നത്.

പ്രശ്നം അല്പ്പം സങ്കീര്‍ണ്ണമാണ്‌. എനിക്ക്‌ പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിക്കാത്ത സംഗതികള്‍ എനിക്ക്‌ വിശ്വസിക്കാന്‍ സാധിക്കും. പക്ഷേ, ഒരു കാര്യം സ്വയം തന്നെ വൈരുദ്ധ്യാത്മകമാണെങ്കില്‍ എനിക്കതില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. യുക്തിബോധമുള്ള എല്ലാവരും ഇങ്ങനെയായിരിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്‌ ഒരുവാച്ച്‌ എങ്ങനെയാണ്‌ നിര്‍മ്മിക്കപ്പെട്ടതെന്ന്‌ എനിക്കറിയില്ല. അത്‌ ശരി തന്നെ, സമ്മതിക്കാം. പക്ഷേ, ആ വാച്ച്‌ കുരക്കുകയും, മാന്തുകയും ചെയ്യുന്ന ഒരുപട്ടിയാണെന്ന്‌ വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല. അത്‌ നിഗൂഢാത്മകമായ സിദ്ധാന്തമല്ല. കേവലം നഗ്നമായ വിരോധാഭാസമാണ്‌.

Thursday, June 3, 2010

മൗദൂദിയുടെ സങ്കല്പ്പത്തിലെ ഇന്ത്യന്‍ മുസ്‌ലിം

1953 - ല്‍ പാക്കിസ്താനിലെ പഞ്ചാബ് സംസ്ഥാനത്ത് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ അഹ്‌മദി മുസ്‌ലിംകള്‍ക്കെതിരെ രക്തരൂക്ഷിതമായ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. ഈ ലഹളയെ ക്കുറിച്ച് അന്വേഷിക്കാന്‍ 1954 -ല്‍ പഞ്ചാബ് സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് മുനീറിന്‍റെ നേതൃത്വത്തില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മീഷന്‍ റിപ്പോറ്ട്ട് 'മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്' എന്ന പേരില്‍ പ്രസിദ്ധമാണ്. ജമാഅത്തെ ഇസ്‌ലാമി നേതാവ് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ യഥാര്‍ഥ മുഖം വെളിവാക്കുന്ന പല പ്രസ്താവനകളും ആ തിരുമുഖത്തു നിന്നു തന്നെ നേരിട്ട് കേള്‍ക്കാന്‍ ആ റിപ്പോര്‍ട്ട് ഇടയാക്കി. ഇതാ ചില സാമ്പിളുകള്‍:

ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക ഗവണ്മെന്‍റെ പാക്കിസ്താനിലുണ്ടാവുകയാണെങ്കില്‍ അതേപ്രകാരം താങ്കള്‍ ഹിന്ദുക്കള്‍ക്ക് അവരുടെ മതമനുസരിച്ചുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ അനുവദിക്കുമോ?

മൗദൂദി: തീര്‍ച്ചയായും. അത്തരത്തിലുള്ള ഒരു ഗവണ്‍‌മെന്‍റിനു കീഴില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മ്‌ളേച്ഛന്മാരായും ശുദ്രന്മാരായും കണക്കാക്കിയാലും അവരുടെ ഗവണ്‍‌മെന്‍റിലുള്ള പങ്കും, പൗരന്മാര്‍ എന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടാലും എനിക്കതില്‍ യാതൊരു ആക്ഷേപവുമില്ല. വാസ്തവത്തില്‍ അത്തരം ഒരവസ്ഥ് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 228)

മനുവിന്‍റെ നിയമമനുസരിച്ച് ഇന്ത്യാ രാജ്യം ഭരിക്കാമെന്നും മുസ്‌ലിംകളെ ശൂദ്രന്മാരായും മ്‌ളേച്ഛന്മാരായും കൈകാര്യം ചെയ്യാമന്നും വസിയ്യത്ത് ചെയ്ത് ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ വാദികള്‍ക്ക് ഏല്പ്പിച്ചു കൊടുത്ത മൗദൂദിസാഹിബിന്‍റെ പാര്‍ട്ടിക്കാര്‍ ബി.ജെ.പി.ക്കും വിശ്വഹിന്ദു പരിഷത്തിനും എതിരില്‍ വാതോരാതെ പ്രസംഗിക്കുന്നതും പേനയുന്തുന്നതും ഏത് തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഇന്ത്യന്‍ ദേശീയ ധാരയില്‍ അലിഞ്ഞുചേരാന്‍ വെമ്പല്‍ കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നേതാവിന്‍റെ മറ്റൊരു പ്രസ്താവന കൂടി കേള്‍ക്കുക:

ചോദ്യം: ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കടമയെന്താണ്?

മൗദൂദി: അവരുടെ കടമ വ്യക്തമാണ്. അവര്‍ പാക്കിസ്താനെതിരില്‍ യുദ്ധം ചെയ്യരുത്. പാക്കിസ്താന്‍റെ സുരക്ഷയെ അപകടപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 220)

'ഹുബ്ബുല്‍ വത്വനി മിനല്‍ ഈമാന്‍' - സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്- എന്നു പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു, ഈ മൗലാനയുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു!

Sunday, May 30, 2010

മൗദൂദിയുടെ എലിക്കെണി ഇസ്‌ലാം

'വിശുദ്ധ ഖുര്‍‌ആനും നബി ചര്യയുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം, അല്ലാതെ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല' എന്ന മഹത്തായ പ്രഖ്യാപനത്തോടെ മുഴുവന്‍ ജമാ‌അത്തെ ഇസ്‌ലാമി വിമര്‍ശകരുടെയും വായടച്ചിരിക്കുകയാണല്ലോ ജമാ‌അത്തെ ഇസ്‌ലാമി. ഇനി ജമാ‌അത്തെ ഇസ്‌ലാമിയെക്കുറിച്ചു മനസ്സിലാക്കണമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന തന്നെ വായിച്ചു പഠിക്കേണ്ടിവരും. ഓ, സോറി അങ്ങനെ പറഞ്ഞാലും ശരിയാവില്ല, 'ഇന്ത്യന്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ' ഭരണ ഘടന എന്നു തന്നെ പറയണം. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായോ, പാക്കിസ്താന്‍ ജമാ‌അത്തെ ഇസ്‌ലാമിയുമായോ, മറ്റേതെങ്കിലും ജമാ‌അത്തെ ഇസ്‌ലാമിയുമായോ പുലബന്ധം പോലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കില്ലാല്ലോ!

ജമാ‌അത്തെ ഇസ്‌ലാമിയുമായി ആശയ സം‌വാദങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കറിയാം, മൗദൂദിയെ തള്ളിപ്പറയല്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ പുതിയ നയം അല്ല എന്ന്. ഇത്തരം അടവുനയങ്ങള്‍ പലപ്പോഴും പയറ്റിയ്യിട്ടുണ്ട് അവര്‍. ഇപ്പോഴത്തെ ലക്ഷ്യം, ജമാ‌അത്തെ ഇസ്‌ലാമി 'സ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്ത' രാഷ്ടീയപ്രവേശം ആയത്കൊണ്ട് തള്ളിപ്പറയലിന് അല്പം വോളിയം കൂടിപ്പോയി എന്നേ ഉള്ളൂ. കാരണം, മാലോകരെല്ലാം അറിയണമല്ലോ. എങ്കിലല്ലേ വോട്ട് പെട്ടിയിലാകൂ. പക്ഷേ, സംഗതി ക്ലിക്കായില്ല. എന്നു മാത്രമല്ല വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍.

ഖുര്‍‌ആനും സുന്നത്തും മാത്രം പ്രമാണങ്ങളാക്കി പ്രവത്തിക്കുന്ന ജമാ‌അത്തെ ഇസ്‌ലാമി (മറ്റു മുസ്‌ലിം സംഘടനകളുടെയെല്ലാം പ്രമാണം വേറെ എന്തൊക്കെയോ ആണ് കേട്ടോ) ചിലപ്പോഴൊക്കെ വെറുതെ ഒരു രസത്തിന് മൗദൂദിയുടെ ചില പുസ്തകങ്ങളും (നമുക്കു പറ്റാത്ത ഭാഗങ്ങ എല്ലാം ഒഴിവാക്കി, നാന്നായി ഫില്‍ട്ടര്‍ ചെയ്ത്) പ്രസിദ്ധീ കരിക്കാറുണ്ട് കേട്ടോ. വെറുതെ ഒരു രസത്തിനു മാത്രം. അതൊന്നും വായിച്ച് ജമാ‌അത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനൊന്നും ഇറങ്ങി പുറപ്പെടരുത്. അതൊക്കെ നിഷ്കരുണം ഞങ്ങള്‍ നിഷേധിക്കും, പറഞ്ഞില്ലെന്നു വേണ്ട; വെറുതെ സമയം മെനക്കെടുത്തണ്ട.

എന്നാലും കുറച്ചു സമയം അതിനു വേണ്ടി മിനക്കെടുത്തിയാലോ എന്ന് കല്‍ക്കിക്കൊരാലോചന. വെറുതെ ഒരു രസത്തിന്. എന്തേ?

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുന്നു എന്നറിഞ്ഞമുതല്‍ കല്‍ക്കിക്കൊരാഗ്രഹം. ജമാഅത്തെ ഇസ്ല്‍‌ലാമിയില്‍ ഒരു മംബര്‍ഷിപ്പ് എടുത്താലോ എന്ന്. ബ്ലോഗൊക്കെ എഴുതുന്ന ആളാണ് എന്നു പറഞ്ഞ് ഒരു സ്ഥാനാര്‍തിത്വം ഒപ്പിക്കാന്‍ പറ്റിയെങ്കിലോ? ഒത്താലൊത്തല്ലോ? അമീറിന്‍റെ നിഷേധക ബോംബ് പൊട്ടുന്നതിനു മുമ്പായിരുന്നു കേട്ടോ സംഭവം.

മംബര്‍ഷിപ്പ് എങ്ങനെ ഒപ്പിക്കും. പലപ്പോഴും പ്രബോധവും, മൗദൂദിയുടെ ചില പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നല്ലാതെ ഇതിന്‍റെ ഉള്ളില്‍ കയറിപ്പറ്റുന്നതിനുള്ള ഫോര്‍മാലിറ്റീസ് എന്തൊക്കെയാണെന്ന് അറിയില്ലല്ലോ. ആരോട് ചോദിക്കും? എന്തായാലും വേണ്ടില്ല നേരിട്ട് പോയി ചോദിച്ചേക്കാം എന്നു കരുതിയിരിക്കുമ്പോഴാണ്‍ ആ ചങ്ങായി മുന്നില്‍ പൊട്ടിവീണത്. പോകുന്നതിനു മുമ്പ് ഇങ്ങേരൊടൊന്നു ചോദിച്ചേക്കാം, കുറെ പുസ്തകങ്ങള്‍ ഒക്കെ കലക്കിക്കുടിക്കുന്ന ഒരു പഹയന്‍ ആണല്ലോ. കുറച്ച് വിവരമൊക്കെ ഉണ്ടാകാതിരിക്കില്ല. ഞാന്‍ എന്‍റെ മനോഗതം ചങ്ങാതിയോട് മൊഴിഞ്ഞു.

"എടോ, താന്‍ ഉറപ്പിച്ചോ? ജമാ‌അത്തിനെക്കുറിച്ച് ശരിക്ക് പഠിച്ചൊ?"

"ഇതില്‍ എന്താ ഇത്ര ഉറപ്പിക്കാന്‍? നമുക്കു പറ്റില്ലെന്നു തോന്നിയാല്‍ രാജിവെക്കണം അത്ര തന്നെ."

"തനിക്കൊന്നും അറിയില്ല അവരെക്കുറിച്ച്. ഒരു കാര്യം ചെയ്, ഞാന്‍ ഒരു പുസ്തകം തരാം, അത് വായിച്ചതിനു ശേഷം തീരുമാനിക്ക്. തലയില്ലാത്ത തന്നെകാണാന്‍ മഹാ ബോറായിരിക്കും."

"എന്തൊക്കെയാ ഇഷ്ടാ താന്‍ പറയുന്നത്? എന്തായാലും പുസ്തകം താ. വായിച്ചു നോക്കാം. ഉടനെവേണം എനിക്ക് പെട്ടെന്ന് തീരുമാനം എടുക്കണം. ഓകേ?"

"ഒകെ. ഞാന്‍ നാളെതരാം."

******************************

പടച്ചോനേ, ഇതെന്തൊരു പാര്‍ട്ടി. എലിക്കെണിപ്പാര്‍ട്ടിയോ? അങ്ങോട്ട് പ്രവേശിച്ചാല്‍ പിന്നെ പുറത്തേക്ക് വരാന്‍ പാടില്ലത്രേ! പാര്‍ട്ടി വിട്ട് പുറത്ത്പോകുന്നവനെ കൊല്ലണം പോലും! ഇതെന്തൊക്കെയാണ് ഈ മൗലാനാ പറഞ്ഞേക്കണെ? നോക്കിയേ..

"ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിറ്റെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്. കുഫ്റിന്‍റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഇപ്രകാരം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവര്‍ നമ്മുടെ സൊസൈറ്റിയില്‍ ഇന്നു വിഛേദിക്കപ്പെടും. ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായി കഴിയാന്‍ ആഗ്രഹിക്കുന്നവരെകൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്." (മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)

'ലാ ഇക്റാഹഫിദ്ദീന്‍' (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്നു പ്രബോധിച്ച വിശുദ്ധഖുര്‍‌ആന്‍ അവതരിപ്പിക്കുന്ന ഇസ്ലാം തന്നെയാണൊ ഈ മൗലാന നമ്മുടെ മുമ്പില്‍ വെക്കുന്ന ഈ എലിക്കെണി ഇസ്ലാം? മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന ഖുര്‍‌ആനിക വചനത്തിന് എന്തര്‍ഥമാണാവോ ഇദ്ദേഹം നല്‍കിയിട്ടുള്ളത്? ഒന്നു തപ്പിനോക്കാം.

യുറേക്കാ... കിട്ടിപ്പോയി. അതിനുമുണ്ട് മൗദൂദിയന്‍ വ്യാഖ്യാനം. നോക്കുക:

"'ലാ ഇക്റാഹഫിദ്ദീന്‍' (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്ന ആയത്തിന്‍റെ അര്‍ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നാണ്. ഞങ്ങളുടെ നിലപാടിതാണ്. വന്നാല്‍ തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ളതല്ല എന്ന് ആദ്യം തന്നെയങ്ങ് മുന്നറിയിപ്പ് നല്‍കുകയാണ്. അതുകൊണ്ട് ഈ മതത്തിലേക്ക് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണ് നല്ലത്."


ഏതായാലും ഒരു കാര്യം മൗദൂദി പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്.

"ഞാന്‍ പാരമ്പര്യമായ ഇസ്ലാമിനെ ഗളഹസ്തം ചെയ്തിരിക്കുന്നു. ഞങ്ങള്‍ ഖുര്‍‌ആന്‍ വായിച്ചു. മുഹമ്മദ് നബി(സ)യുടെ ജീവിതം വായിച്ചു...... ഞാന്‍ ഇപ്പോള്‍ ഒരു നവ മുസ്ലിമാണ്" (ഇങ്ങേര്‍ ഒരു 'ഗളഹസ്തോമാനിയാക്ക്' ആണെന്നു തോന്നുന്നു. കഴുത്തുവെട്ടിക്കൊണ്ടല്ലതെ ഒരു പണിയും ഇയാള്‍ക്കറിയില്ല)


ഇവര്‍ക്ക് ഭരണമെങ്ങാനും കിട്ടിപ്പോയാലോ? ഇല്ല ചങ്ങാതീ സുപ്രയോളം വട്ടത്തില്‍ കണ്ടാലും നമ്മളില്ല.