Sunday, May 15, 2011

അല്ലെങ്കിലും കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്ന്യാ..


ജമാഅത്തെ ഇസ്‌ലാമി 'ബിഗ് സീറോ'

മലപ്പുറം: ജമാ അത്തെ ഇസ്nലാമി 'ബിഗ് സീറോ' ആണെന്നു സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍. ഇതു പഞ്ചായത്ത് ഇലക്ഷനില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

എല്‍ഡിഎഫിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉപദ്രവമായി. കടുത്ത മൌലികവാദികളുടെ സംഘടനയാണത്. സിപിഎമ്മിനു പരമ്പരാഗത വോട്ടുകള്‍ നഷ്ടമായെന്നും ഉമ്മര്‍ വിശദീകരിച്ചു.


അല്ലെങ്കിലും ഈ കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്നെയാ. ചരിത്രപരമായ വങ്കത്തരങ്ങള്‍ വര്‍ത്തിച്ചുകൊണ്ടെയിരിക്കും; ബുദ്ധി വൈകിയേ ഉദിക്കൂ; പറഞ്ഞിട്ടു കാര്യമില്ല.

Wednesday, May 4, 2011

ഉസാമ മരണത്തിന്റെപാതകള്‍

എം.എന്‍. കാരശ്ശേരി

അറബികളുടെയോ ഇസ്‌ലാംമത വിശ്വാസികളുടെയോ എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉസാമയ്ക്ക് സാധിച്ചിട്ടില്ല. ആശയ പ്രചാരണത്തിനും ജനാധിപത്യവത്കരണത്തിനും വേണ്ടി ആ മനുഷ്യന്‍ പ്രയത്‌നിച്ചിരുന്നെങ്കില്‍ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിനും അമേരിക്കക്കാരുടെ സാമ്പത്തിക ചൂഷണത്തിനും എതിരായി എത്രയോ വലിയ കാര്യങ്ങള്‍ അറബ് നാടുകളില്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു

ഉസാമ എന്ന അറബിപദത്തിന് 'മോഹിപ്പിക്കുന്നവന്‍' എന്നാണര്‍ഥം. ആ മനുഷ്യന്‍ 54-ാമത്തെ വയസ്സിലും സുന്ദരനായിരുന്നു. ആ നീണ്ട നാസിക ആരുടെയും കണ്ണില്‍പ്പെടും. ആ മുഖത്ത് സ്ഥായീഭാവമായിക്കണ്ട ശാന്തി ഭീകരന്മാരെപ്പറ്റിയുള്ള എല്ലാ സങ്കല്പങ്ങളെയും അട്ടിമറിച്ചു. ആ കണ്ണുകള്‍ കാരുണ്യത്തിന്റെ നനവുപടര്‍ന്നവയാണ് എന്നു തോന്നിച്ചു. അറേബ്യന്‍ കോടീശ്വരന്‍ അഫ്ഗാനിസ്താനിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ലളിതമായ പാരമ്പര്യവസ്ത്രവും ലഘുവായ ഭക്ഷണവും കഴിച്ച് കഴിഞ്ഞുപോരുന്ന ദൃശ്യങ്ങള്‍ ഒരു ത്യാഗമൂര്‍ത്തിയുടെ ചിത്രം വരഞ്ഞു. രോമപ്പുതപ്പും തോളിലിട്ട്, വടി കുത്തിപ്പിടിച്ച് ചിന്താമഗ്‌നനായി നടന്നുനീങ്ങുന്ന ആ താപസ്വരൂപത്തിനകത്ത് ഇത്രയധികം ഹിംസ കുടിപാര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ആളുകള്‍ വിഷമിച്ചു. പ്രസ്താവനകളിലും പ്രതികരണങ്ങളിലും സന്ദേശങ്ങളിലും കണ്ട കടുപ്പം അവ ഈ മനുഷ്യനില്‍നിന്ന് വരുന്നതുതന്നെയോ എന്ന് ആളുകളെ ബേജാറാക്കി. രൂപവും ഭാവവും തമ്മിലുള്ള വൈരുധ്യത്തിന് ഈ അടുത്തകാലത്ത് കണ്ടുകിട്ടാവുന്ന മികച്ച ഉദാഹരണം 'അല്‍ ഖ്വെയ്ദ'യുടെ തലവനാണ്.

സൗദി അറേബ്യയിലെ റിയാദില്‍ അതിസമ്പന്നനായ കരാറുകാരന്‍ മുഹമ്മദ് അവ്വാദ് ഇബ്‌നു ലാദന്റെ 50 മക്കളില്‍ 17-ാമനായി 1957-ല്‍ ഉസാമ ജനിച്ചു. കരാറുപണികളിലെ മിടുക്കുകൊണ്ടും വാരിക്കൂട്ടിയ വന്‍ലാഭംകൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്ന ലാദന്‍കുടുംബം രാജകുടുംബത്തിന്റെ പ്രീതിയാര്‍ജിച്ചു. ഉസാമ പഠിച്ചത് ജിദ്ദയിലാണ്. 1979- ല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ, 1973 മുതല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്: 1928) എന്ന മതമൗലികവാദസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1979 ഡിസംബറില്‍ സോവിയറ്റ് റഷ്യ അഫ്ഗാനിസ്താനില്‍ നടത്തിയ അധിനിവേശമാണ് ഉസാമയെ ശരിക്കും പോരാളിയാക്കി മാറ്റുന്നത്. ചെറുത്തുനില്‍ക്കുന്ന അഫ്ഗാനികള്‍ക്ക് പണം അയച്ചുകൊടുത്ത അദ്ദേഹം രണ്ടാഴ്ചയ്ക്കകം ആയുധമേന്താന്‍ നേരിട്ട് അഫ്ഗാനിസ്താനിലെത്തി. ഈ കമ്യൂണിസ്റ്റ്‌വിരുദ്ധ പോരാട്ടത്തെ എല്ലാ നിലയ്ക്കും അമേരിക്ക സഹായിച്ചു. സാമന്തരാജ്യംപോലെ സേവിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാജ്യം ഉണ്ടാവുന്നത് അമേരിക്കയ്ക്ക് ദഹിച്ചില്ല.

പോരാളികള്‍ക്കും അഭയാര്‍ഥികള്‍ക്കും പണവും ഭക്ഷണവും മരുന്നും നല്‍കുന്ന 'താവള'ങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനി ഉസാമയായിരുന്നു. അദ്ദേഹത്തിന്റെ അത്തരം കേന്ദ്രങ്ങളെ അക്കാലത്ത് 'അല്‍ ഖ്വെയ്ദ' (താവളം, ആസ്ഥാനം, അടിത്തറ) എന്നു വിളിച്ചുപോന്നു. ആ വാക്കാണ് പിന്നീട് സംഘടനയ്ക്ക് പേരായിത്തീര്‍ന്നത്.മതപാഠശാലകളില്‍ 'വിശുദ്ധപോരാളികളെ' (മുജാഹിദ്) സൃഷ്ടിച്ച് റഷ്യയെ തുരത്തുന്ന പണിയാണ് അമേരിക്കയെടുത്തത്. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥിസമൂഹം) ശക്തിപ്പെടുന്നത്. ഇസ്‌ലാമിസം ആയുധമേന്തി കമ്യൂണിസത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയനാടകമാണ് അരങ്ങേറിയത്. സമാനചിന്താഗതിക്കാരെ മറ്റു മുസ്‌ലിംനാടുകളില്‍നിന്ന് കൊണ്ടുവന്നത് അമേരിക്കയാണ്. അതിലെ മുന്‍നിരക്കാരില്‍ ഒരാളായിരുന്ന ഉസാമ പല നിലയ്ക്കും അമേരിക്കന്‍ ഉത്പന്നമാണ്. തെക്കന്‍ യെമനില്‍ 'വിശുദ്ധപോരാളി'കളുമായിച്ചേര്‍ന്നും അദ്ദേഹം കമ്യൂണിസത്തിനെതിരെ യുദ്ധം ചെയ്തു.

1989-ല്‍ അഫ്ഗാനിസ്താനില്‍നിന്ന് റഷ്യന്‍സൈന്യം പിന്‍വാങ്ങി. ഉസാമ നാട്ടിലേക്ക് മടങ്ങി. തെക്കന്‍ യെമനിലെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് അദ്ദേഹം നേടിയ ജനപ്രീതിയെപ്പറ്റി രാജകുടുംബം ശകലം ബേജാറിലായിരുന്നു.

ഇറാഖിന്റെ കുവൈത്ത് അധിനിവേശ (1990) ത്തെത്തുടര്‍ന്നുണ്ടായ സദ്ദാംഭീഷണി നേരിടാന്‍ തന്റെ മുജാഹിദുകളെ ഇറക്കാം എന്ന് ലാദന്‍ പറഞ്ഞത് അവഗണിച്ച് സൗദി ഭരണകൂടം അമേരിക്കന്‍സൈന്യത്തെ കൊണ്ടുവന്നത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ പുണ്യഗേഹങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന അറേബ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം, അവരുടെ സംസ്‌കാരത്തിന്റെ സ്വാധീനം, ലാദന് പൊറുക്കാവുന്നതിലധികമായിരുന്നു. ഒരേസമയം അമേരിക്കയുടെയും അറേബ്യയുടെയും എതിരാളിയായിത്തീര്‍ന്ന ലാദന്‍ പാകിസ്താനിലേക്ക് കടന്നു (1991). പാകിസ്താന്‍ ഭരണകൂടം സൗദിക്ക് തന്നെ പിടിച്ചുകൊടുത്തേക്കും എന്ന് തോന്നിയപ്പോള്‍ അഫ്ഗാനിസ്താനിലേക്ക് രക്ഷപ്പെട്ടു. അവിടെ അധികാരത്തിനുവേണ്ടി 'വിശുദ്ധപോരാളികള്‍' പരസ്പരം കഴുത്തറുക്കുന്നതുകണ്ട് മനസ്സുമടുത്ത ലാദന്‍ മാസങ്ങള്‍ക്കകം സുഡാനില്‍ ചെന്ന് കുടുംബവൃത്തിയായ നിര്‍മാണ കരാറുകളില്‍ ഏര്‍പ്പെട്ടു. യെമനിലും സൊമാലിയയിലും യു.എസ്. പട്ടാളക്കാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പിന്നില്‍ ലാദന്‍ ആണെന്ന് ആരോപണമുയര്‍ന്നു. സൗദി ഭരണകൂടം ലാദന്റെ പൗരത്വം റദ്ദാക്കി (1994). തുടര്‍ന്ന് അദ്ദേഹം കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദിലെത്തി. സൗദിയിലെ അമേരിക്കന്‍ സൈനികകേന്ദ്രത്തില്‍ ബോംബുപൊട്ടി 19 സൈനികര്‍ മരിച്ചപ്പോള്‍ ഉസാമയ്‌ക്കെതിരെ ആരോപണമുയര്‍ന്നു. പാശ്ചാത്യര്‍ക്കെതിരായ വലുതും ചെറുതുമായ എല്ലാ ഭീകരാക്രമണങ്ങളും 'അല്‍ഖെയ്ദ'യുടെ കണക്കില്‍ എഴുതപ്പെട്ടു.

ആ കണക്കുകള്‍ ശരിവെക്കുന്ന മട്ടില്‍ 1996- ല്‍ അദ്ദേഹം സ്വന്തം 'ജിഹാദി'ന്റെ ലക്ഷ്യം പ്രഖ്യാപിച്ചു -''അമേരിക്കന്‍ പട്ടാളക്കാരെ അറേബ്യയില്‍നിന്നു പുറത്താക്കുക, മുസ്‌ലിങ്ങളുടെ പുണ്യകേന്ദ്രങ്ങള്‍ മോചിപ്പിക്കുക, ഏതു നാട്ടിലുമുള്ള ഇസ്‌ലാമികവിപ്ലവകാരികള്‍ക്ക് സഹായം നല്‍കുക.'' ലാദന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഭീകരവാദത്തിന്റെ പ്രതീകമായിത്തീരുകയായിരുന്നു.ഈ കാലത്തൊക്കെയും അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. പല തവണ വധശ്രമങ്ങളില്‍നിന്ന് ലാദന്‍ രക്ഷപ്പെട്ടു.

2001 സപ്തംബര്‍ 11-ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രം തകര്‍ക്കപ്പെട്ടു; വാഷിങ്ടണിലെ സൈനിക ആസ്ഥാനമായ പെന്റഗണ്‍ ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. ഇതിനുപിന്നില്‍ അല്‍ഖ്വെയ്ദയാണ് എന്ന് വ്യക്തമായിരുന്നു. ഉസാമയെയും അദ്ദേഹത്തിന് ഒളിത്താവളമൊരുക്കിയ താലിബാന്‍ നേതൃത്വത്തെയും പിടികൂടുന്നതിനുവേണ്ടി അമേരിക്ക അഫ്ഗാനിസ്താനെ ആക്രമിച്ചു. മതഭീകരവാദികളായ താലിബാന്‍കാരുടെ അഫ്ഗാന്‍ഭരണം (1996-2001) അതോടെ അവസാനിച്ചു. അമേരിക്കന്‍ പിന്തുണയോടെ ഹമീദ് കര്‍സായി അധികാരത്തിലെത്തി.

കഴിഞ്ഞ പത്തുകൊല്ലമായി ഉസാമ ബിന്‍ലാദന്‍ ഒളിവിലായിരുന്നു. അമേരിക്കന്‍സൈന്യം ഇത്ര നീണ്ടകാലം മെനക്കെട്ട് തിരഞ്ഞിട്ടും ആ ഒളിത്താവളം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ പാശ്ചാത്യലോകത്തെങ്ങും വളര്‍ന്ന അപ്രീതിയില്‍ പ്രധാനം ഈ പരാജയമായിരുന്നു. ഉസാമാവധത്തിലൂടെ അമേരിക്കയുടെ 'അഭിമാനം' വീണ്ടെടുത്ത പ്രസിഡന്റ് ഒബാമ വീരനായകനായിരിക്കുന്നു.

ഉസാമ ബിന്‍ലാദന്‍ മതപണ്ഡിതനോ പരിഷ്‌കര്‍ത്താവോ പ്രസ്ഥാനനായകനോ ഒന്നുമല്ല; തീവ്രപ്രതികരണത്തിന്റെ പ്രതിരൂപം മാത്രമാണ്. അല്‍ഖ്വെയ്ദ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമല്ല; ഏതെങ്കിലും ആദര്‍ശം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുമല്ല. അതിലാകപ്പാടെ മുന്നൂറു പേരേയുള്ളൂ; കൊല്ലാനും മരിക്കാനും തയ്യാറുള്ളവര്‍.

പണവും ത്യാഗസന്നദ്ധതയും സാങ്കേതികവിദ്യയും ഉപയോഗിച്ച് അമേരിക്ക അടക്കമുള്ള പാശ്ചാത്യരെ ഒരു ദശകക്കാലം വിറപ്പിച്ചുനിര്‍ത്താന്‍ ഉസാമ പ്രാപ്തനായി. ലോകവ്യാപാരകേന്ദ്രം തകര്‍ക്കുമ്പോള്‍ മരിച്ചുവീഴുന്ന ആയിരങ്ങളെപ്പറ്റി അദ്ദേഹത്തിന് ആലോചന ചെല്ലുകയില്ല. അമേരിക്കന്‍ സൈന്യം എത്രയോ നിരപരാധികളെ കൊന്നുതള്ളിയിട്ടുണ്ട് എന്ന വാസ്തവം അമേരിക്കയിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ മതിയായ ന്യായമാണ് എന്നാണദ്ദേഹം വിശ്വസിച്ചത്. ഈ മട്ടില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന വികാരജീവിയാണ് ഉസാമ.

അനീതി, അക്രമം മുതലായ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരമുണ്ടോ എന്ന് അദ്ദേഹം ആധികൊള്ളുന്നില്ല. അന്യായം എന്ന് താന്‍ തീര്‍ച്ചപ്പെടുത്തിയ എന്തിനെയും സ്വന്തം ചോര കൊണ്ടോ അന്യന്റെ ചോര കൊണ്ടോ കഴുകിക്കളയാം എന്നാണ് തീര്‍പ്പ്. ഒരു ലക്ഷ്യത്തിനുവേണ്ടി താന്‍ മരിക്കാന്‍ തയ്യാറാണ് എന്നത് തനിക്ക് അതിനുവേണ്ടി മറ്റുള്ളവരെ കൊല്ലാനുള്ള അധികാരം തരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു: ആ പാതകളൊന്നും ജീവിതത്തിന്റേതല്ല, മരണത്തിന്റേതാണ്.

ആശയചര്‍ച്ചകള്‍ ആ മനുഷ്യന്റെ വിഷയമല്ല. അവിടെ ആയുധങ്ങള്‍ സംസാരിക്കും. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രവര്‍ത്തനമേഖലകളില്‍ കൊലപാതകം ഉള്‍പ്പെടുന്നില്ല എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഇടയായില്ല. ഹിംസ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല എന്നും പരിഹാരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നേ ഉള്ളൂ എന്നും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന് ഉണ്ടായില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ - ഒരുപക്ഷേ, കേരളത്തിലും- വികാരജീവികളായ എത്രയോ ചെറുപ്പക്കാരെ അദ്ദേഹം ഉത്തേജിപ്പിച്ചിരിക്കണം. മരണത്തിന്റെയും കൊലയുടെയും വഴികളിലൂടെ ഇസ്‌ലാമിന്റെ മഹിമയോ, അറബികളുടെ സ്വാശ്രയത്വമോ വീണ്ടെടുക്കാനാവുകയില്ല എന്ന് ഉസാമ ബിന്‍ലാദന്റെ മരണം തെളിച്ചെഴുതുന്നുണ്ട്.

അറബികളുടെയോ ഇസ്‌ലാംമതവിശ്വാസികളുടെയോ എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉസാമയ്ക്ക് സാധിച്ചിട്ടില്ല. യുദ്ധം എന്തു നന്മയാണ് കൊണ്ടുവരിക? നീണ്ട 22 കൊല്ലക്കാലം, കഷ്ടനഷ്ടങ്ങളനുഭവിച്ചുകൊണ്ട് അദ്ദേഹം നടത്തിയ യാതനാപൂര്‍ണമായ പോരാട്ടം ഉത്പാദിപ്പിച്ചത് ഭീതി മാത്രമാണ്; രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള അകലം മാത്രമാണ്. ആശയ പ്രചാരണത്തിനും ജനാധിപത്യവത്കരണത്തിനും വേണ്ടി ആ മനുഷ്യന്‍ പ്രയത്‌നിച്ചിരുന്നെങ്കില്‍ പാശ്ചാത്യരുടെ സാംസ്‌കാരിക അധിനിവേശത്തിനും അമേരിക്കക്കാരുടെ സാമ്പത്തികചൂഷണത്തിനും എതിരായി എത്രയോ വലിയ കാര്യങ്ങള്‍ അറബ് നാടുകളില്‍ ചെയ്യുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

2010 ഡിസംബറില്‍ ടുണീഷ്യയില്‍ മുളപൊട്ടുകയും ഈജിപ്തിലേക്കും ലിബിയയിലേക്കും സിറിയയിലേക്കും ഒമാനിലേക്കും ബഹ്‌റൈനിലേക്കുമെല്ലാം പടര്‍ന്നെത്തുകയും ചെയ്യുന്ന പുതിയ ജനാധിപത്യത്തിന്റെ 'മുല്ലപ്പൂവിപ്ലവ'ത്തെപ്പറ്റി ഓര്‍ത്തുനോക്കുക. 23 കൊല്ലം നീണ്ട ഏകാധിപത്യത്തെ ടുണീഷ്യയിലും 30 കൊല്ലം നീണ്ട ഏകാധിപത്യത്തെ ഈജിപ്തിലും നിരായുധമായ ജനരോഷം കടപുഴക്കിയെറിഞ്ഞു. 42 കൊല്ലമായി ഏകാധിപത്യം വാഴ്ചകൊള്ളുന്ന ലിബിയയില്‍ ചെറുത്തുനില്പ്, നിര്‍ഭാഗ്യവശാല്‍, ആയുധമെടുത്തു. അവിടെ അത് പരാജയപ്പെടുന്നെങ്കില്‍ ഉത്തരവാദി ആയുധമായിരിക്കും. ചരിത്രത്തിലെ ഏറ്റവും കൊള്ളാവുന്ന ആയുധം ആശയമാണ്; ഏറ്റവും കൊള്ളരുതാത്ത ആശയം ആയുധവും.

സമാധാനത്തിന് നൊബേല്‍ സമ്മാനം നേടിയ രാഷ്ട്രീയനേതാവാണ് ബരാക് ഒബാമ! ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന ആള്‍. ബിന്‍ലാദനെ പിടികൂടുകയും കോടതി മുമ്പാകെ ഹാജരാക്കി വിസ്തരിക്കുകയും കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ അതായേനെ, സമാധാനത്തിനും ജനാധിപത്യത്തിനും നിരക്കുന്ന നീതി. സദ്ദാം ഹുസൈന്റെ കാര്യത്തില്‍ വേണമെന്ന് തോന്നിയ ആ 'നാടകം'പോലും ഉസാമയുടെ കാര്യത്തില്‍ ഉണ്ടായില്ല. ഒരു യുദ്ധം ജയിച്ച ആവേശത്തിലാണ് അമേരിക്ക. അടുത്ത നവംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പില്‍ ഒബാമ രണ്ടാമൂഴത്തിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പിക്കാവുന്ന സാഹചര്യം ഇപ്പോഴേ ഉണ്ടായിക്കഴിഞ്ഞു.

ഉസാമയുടെ മരണത്തോടെ മതഭീകരവാദം അവസാനിച്ചു എന്ന് വിചാരിക്കാമോ? ഭീകരവാദം എന്നത് വ്യക്തിയല്ല. മറിച്ച് പ്രതികാരദാഹമാണ്; ഹിംസാവാസനയാണ്; അവനവനെയും അന്യനെയും നശിപ്പിക്കുവാനുള്ള മനസ്സാണ്.

ഉസാമാവധത്തിലൂടെ അമേരിക്ക ഒരു രക്തസാക്ഷിയെ (ശഹീദ്) സൃഷ്ടിച്ചുവോ?

ശ്രീലങ്കയിലെ തമിഴ്ഭീകരവാദം പ്രഭാകരന്റെ മരണത്തോടെ തളര്‍ന്നുപോയി. ആ പ്രശ്‌നം തീര്‍ത്തും പ്രാദേശികമാണ്; ഭാഷാപരമാണ്. ലാദന്റെ സ്ഥിതി അതല്ല. അദ്ദേഹം ഒരു മതത്തിന്റെ പേരില്‍ സംസാരിച്ചു. ആ മതത്തിന്റെ അനുയായികള്‍ ലോകത്തെങ്ങുമുണ്ട്. നാളെയോ മറ്റന്നാളോ മറ്റൊരുപറ്റം ചെറുപ്പക്കാര്‍ക്ക് ആയുധമേന്താനുള്ള പ്രചോദനമായി ഈ രക്തസാക്ഷി മാറിക്കൂടെന്നില്ല. ലാദനെ അമേരിക്കയ്ക്ക് 'ഒറ്റിക്കൊടുത്തു' എന്ന പഴി കേള്‍ക്കാനിടയാവുന്ന പാകിസ്താനില്‍ ആ വകയില്‍ ലഹളകളൊന്നും ഉണ്ടാവുകയില്ലെന്ന് ആര്‍ക്കു പറയാം?

അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ!

- മാതൃഭൂമി (04/05/2011)