Wednesday, October 10, 2012

ഹോമിയോ മരുന്നുകള്‍ ഉണ്ടാകുന്നത്

 ഹോമിയോപ്പതി തനി തട്ടിപ്പണെന്നുതെളിയിക്കാനെന്നോണം ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുരീതിയിലെ അപ്രായോഗികത തെളിയിക്കാന്‍ വേണ്ടി സുപ്രസിദ്ധ യുക്തിവാദി ബ്ലോഗര്‍ ശ്രീ മനോജ് (ബ്രൈറ്റ്) 'ഹോമിയോപ്പതി ഒരു വട്ടു സിദ്ധാന്തം' എന്ന കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി യുടെ പോസ്റ്റില്‍  ഇട്ട കമന്‍റിനെക്കുറിച്ച് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാന്‍ വേണ്ടി ഹോമിയോ വിശ്വാസികളെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ആഹ്വാനം ചെയ്തിരുന്നു. ഒരു ഹോമിയോ വിശ്വാസിയും പ്രതികരിച്ചു കണ്ടില്ല.

മനോജിന്‍റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ഹോമിയോ മരുന്നുകള്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് മനോജിന് 'ഒരു ചുക്കും അറിയില്ല' എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.

"നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമത്രേ. പത്തിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ X (1X = 1/10, 2X = 1/100, 3X = 1/1,000, 6X = 1/1,000,000),നൂരിരട്ടിയായി നേര്‍പ്പിക്കുന്ന മരുന്നുകളെ C (1C = 1/100, 2C = 1/10,000, 3C = 1/1,000,000) എന്നിങ്ങനെയാണ് വിളിക്കുന്നത്‌.മിക്കവാറും മരുന്നുകള്‍ 6X മുതല്‍ 30C വരെയണ്. 30X എന്നാല്‍ 1:10 എന്ന തോതില്‍ മുപ്പതു തവണ നേര്‍പ്പിച്ച മരുന്ന് എന്നര്‍ത്ഥം.അതായത് 30X എന്നാല്‍ ഒന്നിന് ശേഷം ഒരു മുപ്പതു പൂജ്യങ്ങള്‍ ചേര്‍ത്താല്‍ കിട്ടുന്നതാണ് ഈ മരുന്നിന്‍റെ വീര്യം."

ഇത്രയും പറഞ്ഞത് ശരിയാണ്. പക്ഷേ "30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലുപ്പമുള്ള ഒരു പാത്രം വെള്ളം വേണം." എന്ന മനോജിന്‍റെ പ്രസ്താവന അറിവില്ലായ്മയുടെ പ്രകടനമാണ്. ഹോമിയോ മരുന്നുകള്‍ നേര്‍പ്പിക്കുന്ന വിധം എങ്ങനെയാണെന്നതിക്കുറിച്ച് സാമാന്യ വിവരമുണ്ടായിരുന്നെങ്കില്‍ മനോജ് ഇങ്ങനെ എഴുതില്ലായിരുന്നു. 30X മരുന്നുണ്ടാക്കാന്‍ ഭൂമിയുടെ അന്‍പതിരട്ടി വലിപ്പമുള്ള പാത്രം പോയിട്ട് ഒരു ബക്കറ്റ് വെള്ളം പോലും വേണ്ട! വെറും 300 ml ഓ അതില്‍ കുറവോ വെള്ളം കൊണ്ട് 30X മരുന്ന് ഉണ്ടാക്കുവാന്‍ സാധിക്കും. അതിന് ഹോമിയോ മരുന്ന് പൊട്ടന്‍റൈസ് ചെയ്യുന്നത് എങ്ങനെയെന്നതിന്ക്കുറിച്ച് ചെറിയൊരു വിവരണം ആവശ്യമാണ്.

മരുന്നിന്‍റെ മൂല കഷായത്തില്‍ (Mother Tincture) നിന്ന് ഒരംശമെടുത്ത് അതിനെ അതിന്‍റ 10 ഇരട്ടി വെള്ളവുമായി, അല്ലെങ്കില്‍ ആല്‍ക്കഹോളുമായി ചേര്‍ത്താണ് 1X മരുന്നുണ്ടാക്കുന്നത്. എന്നാല്‍ മനോജ് വിചാരിക്കുന്നതു പോലെ 2X മരുന്നുണ്ടാക്കുന്നത് അതിന്‍റെ 100 ഇരട്ടി വെള്ളവുമായി ചേര്‍ത്തല്ല. ഇവിടെയാണ് അടിസ്ഥാനപരമായി മനോജിന് തെറ്റു പറ്റിയത്.

2X മരുന്നുണ്ടാക്കാന്‍ ഉണ്ടാക്കിവെച്ച 1X മരുന്നില്‍ നിന്ന് ഒരംശമെടുത്ത് അതിനെ 10 ഇരട്ടി വെള്ളവുമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ 3X  ഉണ്ടാക്കാന്‍ 2X മരുന്നിന്‍റെ ഒരു ഭാഗത്തെയാണ് വീണ്ടും പത്തിലൊന്നായി നേര്‍പ്പിക്കുന്നത്. ഈ രീതിയില്‍ 30X ആവര്‍ത്തനം തയാറാക്കാന്‍ തുലോം തുച്ഛമായ അളവ് ദ്രാവകം മതി.

ഉദാഹരണത്തിന് 1X ആവര്‍ത്തനം ഉണ്ടാക്കാന്‍ മൂലകഷായത്തിന്‍റെ 1ml  എടുത്ത് 10ml വെള്ളവുമായി ചേര്‍ക്കുകയാണെന്ന് കരുതിയാല്‍ (ഇതിനേക്കാള്‍ കുറച്ചും ചെയ്യാം) 30X മരുന്നുണ്ടാക്കാല്‍ വെറും 300 ml വെള്ളം മാത്രം മതി!

ധാരാളം വായിക്കുന്ന ആളാണല്ലോ മനോജ്. കോടിക്കണക്കിനാളുകള്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒരു പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം ആര്‍ജ്ജിക്കാന്‍ താങ്കളെപ്പോലുള്ള വ്യക്തികള്‍ ശ്രദ്ധിക്കണം; കുറഞ്ഞ പക്ഷം ഗൂഗിളമ്മച്ചിയെയെങ്കിലും ഒന്നു കണ്‍സള്‍ട്ട് ചെയ്യണം. വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുള്ള സൗമനസ്യം കാണിക്കണം.