Sunday, May 30, 2010

മൗദൂദിയുടെ എലിക്കെണി ഇസ്‌ലാം

'വിശുദ്ധ ഖുര്‍‌ആനും നബി ചര്യയുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം, അല്ലാതെ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല' എന്ന മഹത്തായ പ്രഖ്യാപനത്തോടെ മുഴുവന്‍ ജമാ‌അത്തെ ഇസ്‌ലാമി വിമര്‍ശകരുടെയും വായടച്ചിരിക്കുകയാണല്ലോ ജമാ‌അത്തെ ഇസ്‌ലാമി. ഇനി ജമാ‌അത്തെ ഇസ്‌ലാമിയെക്കുറിച്ചു മനസ്സിലാക്കണമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന തന്നെ വായിച്ചു പഠിക്കേണ്ടിവരും. ഓ, സോറി അങ്ങനെ പറഞ്ഞാലും ശരിയാവില്ല, 'ഇന്ത്യന്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ' ഭരണ ഘടന എന്നു തന്നെ പറയണം. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായോ, പാക്കിസ്താന്‍ ജമാ‌അത്തെ ഇസ്‌ലാമിയുമായോ, മറ്റേതെങ്കിലും ജമാ‌അത്തെ ഇസ്‌ലാമിയുമായോ പുലബന്ധം പോലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കില്ലാല്ലോ!

ജമാ‌അത്തെ ഇസ്‌ലാമിയുമായി ആശയ സം‌വാദങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കറിയാം, മൗദൂദിയെ തള്ളിപ്പറയല്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ പുതിയ നയം അല്ല എന്ന്. ഇത്തരം അടവുനയങ്ങള്‍ പലപ്പോഴും പയറ്റിയ്യിട്ടുണ്ട് അവര്‍. ഇപ്പോഴത്തെ ലക്ഷ്യം, ജമാ‌അത്തെ ഇസ്‌ലാമി 'സ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്ത' രാഷ്ടീയപ്രവേശം ആയത്കൊണ്ട് തള്ളിപ്പറയലിന് അല്പം വോളിയം കൂടിപ്പോയി എന്നേ ഉള്ളൂ. കാരണം, മാലോകരെല്ലാം അറിയണമല്ലോ. എങ്കിലല്ലേ വോട്ട് പെട്ടിയിലാകൂ. പക്ഷേ, സംഗതി ക്ലിക്കായില്ല. എന്നു മാത്രമല്ല വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍.

ഖുര്‍‌ആനും സുന്നത്തും മാത്രം പ്രമാണങ്ങളാക്കി പ്രവത്തിക്കുന്ന ജമാ‌അത്തെ ഇസ്‌ലാമി (മറ്റു മുസ്‌ലിം സംഘടനകളുടെയെല്ലാം പ്രമാണം വേറെ എന്തൊക്കെയോ ആണ് കേട്ടോ) ചിലപ്പോഴൊക്കെ വെറുതെ ഒരു രസത്തിന് മൗദൂദിയുടെ ചില പുസ്തകങ്ങളും (നമുക്കു പറ്റാത്ത ഭാഗങ്ങ എല്ലാം ഒഴിവാക്കി, നാന്നായി ഫില്‍ട്ടര്‍ ചെയ്ത്) പ്രസിദ്ധീ കരിക്കാറുണ്ട് കേട്ടോ. വെറുതെ ഒരു രസത്തിനു മാത്രം. അതൊന്നും വായിച്ച് ജമാ‌അത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനൊന്നും ഇറങ്ങി പുറപ്പെടരുത്. അതൊക്കെ നിഷ്കരുണം ഞങ്ങള്‍ നിഷേധിക്കും, പറഞ്ഞില്ലെന്നു വേണ്ട; വെറുതെ സമയം മെനക്കെടുത്തണ്ട.

എന്നാലും കുറച്ചു സമയം അതിനു വേണ്ടി മിനക്കെടുത്തിയാലോ എന്ന് കല്‍ക്കിക്കൊരാലോചന. വെറുതെ ഒരു രസത്തിന്. എന്തേ?

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുന്നു എന്നറിഞ്ഞമുതല്‍ കല്‍ക്കിക്കൊരാഗ്രഹം. ജമാഅത്തെ ഇസ്ല്‍‌ലാമിയില്‍ ഒരു മംബര്‍ഷിപ്പ് എടുത്താലോ എന്ന്. ബ്ലോഗൊക്കെ എഴുതുന്ന ആളാണ് എന്നു പറഞ്ഞ് ഒരു സ്ഥാനാര്‍തിത്വം ഒപ്പിക്കാന്‍ പറ്റിയെങ്കിലോ? ഒത്താലൊത്തല്ലോ? അമീറിന്‍റെ നിഷേധക ബോംബ് പൊട്ടുന്നതിനു മുമ്പായിരുന്നു കേട്ടോ സംഭവം.

മംബര്‍ഷിപ്പ് എങ്ങനെ ഒപ്പിക്കും. പലപ്പോഴും പ്രബോധവും, മൗദൂദിയുടെ ചില പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നല്ലാതെ ഇതിന്‍റെ ഉള്ളില്‍ കയറിപ്പറ്റുന്നതിനുള്ള ഫോര്‍മാലിറ്റീസ് എന്തൊക്കെയാണെന്ന് അറിയില്ലല്ലോ. ആരോട് ചോദിക്കും? എന്തായാലും വേണ്ടില്ല നേരിട്ട് പോയി ചോദിച്ചേക്കാം എന്നു കരുതിയിരിക്കുമ്പോഴാണ്‍ ആ ചങ്ങായി മുന്നില്‍ പൊട്ടിവീണത്. പോകുന്നതിനു മുമ്പ് ഇങ്ങേരൊടൊന്നു ചോദിച്ചേക്കാം, കുറെ പുസ്തകങ്ങള്‍ ഒക്കെ കലക്കിക്കുടിക്കുന്ന ഒരു പഹയന്‍ ആണല്ലോ. കുറച്ച് വിവരമൊക്കെ ഉണ്ടാകാതിരിക്കില്ല. ഞാന്‍ എന്‍റെ മനോഗതം ചങ്ങാതിയോട് മൊഴിഞ്ഞു.

"എടോ, താന്‍ ഉറപ്പിച്ചോ? ജമാ‌അത്തിനെക്കുറിച്ച് ശരിക്ക് പഠിച്ചൊ?"

"ഇതില്‍ എന്താ ഇത്ര ഉറപ്പിക്കാന്‍? നമുക്കു പറ്റില്ലെന്നു തോന്നിയാല്‍ രാജിവെക്കണം അത്ര തന്നെ."

"തനിക്കൊന്നും അറിയില്ല അവരെക്കുറിച്ച്. ഒരു കാര്യം ചെയ്, ഞാന്‍ ഒരു പുസ്തകം തരാം, അത് വായിച്ചതിനു ശേഷം തീരുമാനിക്ക്. തലയില്ലാത്ത തന്നെകാണാന്‍ മഹാ ബോറായിരിക്കും."

"എന്തൊക്കെയാ ഇഷ്ടാ താന്‍ പറയുന്നത്? എന്തായാലും പുസ്തകം താ. വായിച്ചു നോക്കാം. ഉടനെവേണം എനിക്ക് പെട്ടെന്ന് തീരുമാനം എടുക്കണം. ഓകേ?"

"ഒകെ. ഞാന്‍ നാളെതരാം."

******************************

പടച്ചോനേ, ഇതെന്തൊരു പാര്‍ട്ടി. എലിക്കെണിപ്പാര്‍ട്ടിയോ? അങ്ങോട്ട് പ്രവേശിച്ചാല്‍ പിന്നെ പുറത്തേക്ക് വരാന്‍ പാടില്ലത്രേ! പാര്‍ട്ടി വിട്ട് പുറത്ത്പോകുന്നവനെ കൊല്ലണം പോലും! ഇതെന്തൊക്കെയാണ് ഈ മൗലാനാ പറഞ്ഞേക്കണെ? നോക്കിയേ..

"ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിറ്റെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് അരാണോ ഇസ്ലാമില്‍ നിന്നും വിശ്വാസപരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്‍ഷത്തിനകം അമുസ്ലിമാകാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്ലിംകളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് മുസ്ലിം സൊസൈറ്റിയില്‍ നിന്നു പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിര്‍ബന്ധ കാര്യങ്ങളും ബാധ്യതകളും നടപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുന്നതാണ്. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിച്ചാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്. കുഫ്റിന്‍റെ മടിത്തട്ടില്‍ വീഴാന്‍ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഇപ്രകാരം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവര്‍ നമ്മുടെ സൊസൈറ്റിയില്‍ ഇന്നു വിഛേദിക്കപ്പെടും. ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായി കഴിയാന്‍ ആഗ്രഹിക്കുന്നവരെകൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്." (മുത്തദ് കി സസാ ഇസ്ലാമീ ഖാനൂന്‍ മെ)

'ലാ ഇക്റാഹഫിദ്ദീന്‍' (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്നു പ്രബോധിച്ച വിശുദ്ധഖുര്‍‌ആന്‍ അവതരിപ്പിക്കുന്ന ഇസ്ലാം തന്നെയാണൊ ഈ മൗലാന നമ്മുടെ മുമ്പില്‍ വെക്കുന്ന ഈ എലിക്കെണി ഇസ്ലാം? മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന ഖുര്‍‌ആനിക വചനത്തിന് എന്തര്‍ഥമാണാവോ ഇദ്ദേഹം നല്‍കിയിട്ടുള്ളത്? ഒന്നു തപ്പിനോക്കാം.

യുറേക്കാ... കിട്ടിപ്പോയി. അതിനുമുണ്ട് മൗദൂദിയന്‍ വ്യാഖ്യാനം. നോക്കുക:

"'ലാ ഇക്റാഹഫിദ്ദീന്‍' (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്ന ആയത്തിന്‍റെ അര്‍ഥം ഞങ്ങളുടെ മതം സ്വീകരിക്കാന്‍ ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല എന്നാണ്. ഞങ്ങളുടെ നിലപാടിതാണ്. വന്നാല്‍ തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്രമായ ഗതാഗതത്തിനു വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ളതല്ല എന്ന് ആദ്യം തന്നെയങ്ങ് മുന്നറിയിപ്പ് നല്‍കുകയാണ്. അതുകൊണ്ട് ഈ മതത്തിലേക്ക് വരുന്നുവെങ്കില്‍ തിരിച്ചു പോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണ് നല്ലത്."


ഏതായാലും ഒരു കാര്യം മൗദൂദി പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്.

"ഞാന്‍ പാരമ്പര്യമായ ഇസ്ലാമിനെ ഗളഹസ്തം ചെയ്തിരിക്കുന്നു. ഞങ്ങള്‍ ഖുര്‍‌ആന്‍ വായിച്ചു. മുഹമ്മദ് നബി(സ)യുടെ ജീവിതം വായിച്ചു...... ഞാന്‍ ഇപ്പോള്‍ ഒരു നവ മുസ്ലിമാണ്" (ഇങ്ങേര്‍ ഒരു 'ഗളഹസ്തോമാനിയാക്ക്' ആണെന്നു തോന്നുന്നു. കഴുത്തുവെട്ടിക്കൊണ്ടല്ലതെ ഒരു പണിയും ഇയാള്‍ക്കറിയില്ല)


ഇവര്‍ക്ക് ഭരണമെങ്ങാനും കിട്ടിപ്പോയാലോ? ഇല്ല ചങ്ങാതീ സുപ്രയോളം വട്ടത്തില്‍ കണ്ടാലും നമ്മളില്ല.

Sunday, May 23, 2010

ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും

തീവ്രവാദം എന്ന വാക്ക് കേരളക്കരയില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. പത്രമാധ്യമങ്ങളും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമെല്ലാം ഇത് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് 'ജമാഅത്തെ ഇസ്ലാമി' തന്നെയാണ് അഭിമാന പൂര്‍‌വ്വം 'തീവ്ര വാദം' എന്ന വാക്ക് കെരളക്കരയില്‍ എത്തിച്ചത്. കാരണം സായുധ ജിഹാദ് ജമാഅത്തെ ഇസ്ലാമിയുടെ ഭരണം പിടിച്ചെടുക്കല്‍ പരിപാടിയുടെ അവിഭാജ്യ ഘടകമാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാക്കുകളില്‍തന്നെ നമുക്കത് പരിശോധിക്കാം.

ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്‍റ് അമീറായ ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 - പേജില്‍ എഴുതുന്നു:

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്."

തുടരുന്നു: " വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാആത്തിന്‍റെ പങ്ക് പ്രധാനമാണ്"

വീണ്ടും എഴുതുന്നു: "സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രേ!"

'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി'യുടെ വിവരണത്തിലാണ് കേരള ജമാഅത്തെ ഇസ്ലാമി പണ്ഡിതന്‍ അഭിമാന പൂര്‍‌വ്വം ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇത് കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയാണ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുമായി അതിനു യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞു ലാഘവത്തോടെ കൈകഴുകാന്‍ കേരളക്കരയിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു കഴിയുമോ? ഒരു ബന്ധവുമില്ലെങ്കില്‍, കേരളക്കരയിലെ 'പ്രബോധന'ത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീരിലെ തീവ്രവാദ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനപൂര്‍‌വ്വം എന്തിനു ചേര്‍ത്തു? കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്? ആണെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ജാമാഅത്തെ ഇസ്ലാമിയില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുത്തിയില്ല? സ്വാധീനവും കഴിവും ഉള്ളിടത്ത് നിങ്ങള്‍ ആയുധം കൈയിലേന്തി ഭരണകൂടത്തിനെതിരെ തിരിഞ്ഞു. അതുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ജമാഅത്തെ ഇസ്ലാമി എവിടെയെല്ലാമുണ്ടോ അതിന്‍റെ പേരും വേരും ഒന്നാണെന്നു നിങ്ങള്‍ തന്നെ തുറന്നു പറഞ്ഞതല്ലേ?

അതേപുസ്തകത്തില്‍ പത്രാധിപരായ ശൈഖ് മുഹമ്മദ് കാരകുന്ന് തുടക്കത്തില്‍ തന്നെ 'രണ്ട് വാക്ക്' എന്നതില്‍ പറയുന്നു: "

"ജമാഅത്തെ ഇസ്ലാമി കേരളത്തിലോ, ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യാ ഉപഭൂകണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറു സംഘടനകളുണ്ട്"

ആറ് സംഘടനകളുടെയും പേരും വേരും ഒന്നാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റെന്‍റ് അമീര്‍) എഴുതിയിരിക്കുന്നു. ഒരേ പേരും വേരുമുള്ള ആറു സംഘടനകളില്‍ ഒന്നായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു എന്നും, ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ആണെന്നും കേരള ജമാഅത്തെ ഇസ്ലാമി തന്നെ തുറന്നു സ്മ്മതിച്ചിരിക്കേ, അതേ പേരും വേരുമുള്ള കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും കഴിവും സ്വാധീനവും ലഭിച്ചാല്‍ ആയുധം കയ്യിലേന്തി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് തെറ്റാകില്ലല്ലോ!