Monday, February 21, 2011

ഭരണവ്യവസ്ഥകളുടെ ഇസ്‌ലാമികമാനങ്ങള്‍


ദേശീയരാഷ്ട്രീയം പരിഗണിക്കുക്കുമ്പോള്‍ ഏറ്റവും പ്രധാന പ്രശ്നം ഏത്‌ വിധത്തിലുള്ള രാഷ്ട്രീയ സംവിധാനമാണ്‌ നന്‍മ അല്ലെങ്കില്‍ തിന്‍മ എന്നുള്ളതാണ്‌. ഒരു രാഷ്ട്രീയ വ്യവസ്ഥ പരാജയമാണെങ്കില്‍ ജനങ്ങളുടെ അസംതൃപ്തിക്കും ദുരിതത്തിനും കാരണം ആ വ്യവസ്ഥയില്‍ അന്തര്‍ലീനമായ തകരാറുകളാണോ അതല്ല മറ്റു വല്ല കാരണങ്ങളാണോ എന്ന കാര്യവും നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥയോ അതല്ല അതിന്‍റെ നടത്തിപ്പുകാരോ ആരാണ്‌ കുറ്റവാളികള്‍? ധാര്‍മ്മിക ബോധമില്ലാത്തവരും സ്വാര്‍ത്ഥമതികളും അത്യാഗ്രഹികളും അഴിമതിക്കാരുമായ രാഷ്ട്രീയ നേതൃത്വം ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അധികാരത്തിലേറിയത്‌ കൊണ്ട്‌ മാത്രം മാന്യനായ ഏകാധിപതിയേ ക്കാള്‍ സമൂഹത്തിന്‌ നന്‍മയും ക്ഷേമവും കൊണ്ടുവരുമോ?

അന്തര്‍ദേശീയ സമാധാനം സ്ഥാപിക്കുന്നതിനും ഉറപ്പ്‌ വരുത്തുന്നതിനും ഇസ്‌ലാമിന്‌ സമകാലീന രാഷ്ട്രീയക്കാരോട്‌ചില ഉപദേശങ്ങളുണ്ട്‌. മനുഷ്യന്‍റെ സകല പ്രവര്‍ത്തന രംഗങ്ങളിലും കേവല നീതി (Absolute Justice) നടപ്പിലാക്കുന്നതില്‍ സ്‌ലാം അസാധാരണമായ രീതിയില്‍പ്രാധാന്യം കല്‍പിക്കുന്നു. രാഷ്ട്രീയരംഗവും ഇതില്‍നിന്നൊഴിവല്ല.

ഏതൊരു രാഷ്ട്രീയ വ്യവസ്ഥക്കെ തിരെയും അടച്ചാക്ഷേപമില്ല

എല്ലാറ്റിനും ബദലായിക്കൊണ്ട്‌ മാതൃകാപരമായ ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക്‌ സ്‌ലാം ഒന്നും മുന്നോട്ടു വെക്കുന്നില്ല എന്ന നിരീക്ഷണത്തോടെയാണ്‌ നാം ഇവിടെ ആരംഭിക്കുന്നത്‌.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുള്ള ഒരു ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച്‌ ഖുര്‍‌ആന്‍ പറയുന്നുണ്ട്‌ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ആ ഒരു വ്യവസ്ഥ മാത്രമല്ല സ്‌ലാംമുന്നോട്ടു വെക്കുന്നത്‌. ഭൂമുഖത്തെ എല്ലാ മേഖലയിലും സമൂഹങ്ങളിലും ഒരേയൊരു ഭരണ മാതൃക അതിന്‍റെ പ്രായോഗികതയെ പരിഗണിക്കാതെ മുന്നോട്ടുവെക്കുക എന്നത്‌ ഒരു സാര്‍വ്വജനീന മതത്തിന്‍റെ അടിസ്ഥാന സവിശേഷതയായിരിക്കാന്‍സാധ്യതയില്ല.

ജനാധിപത്യത്തിന്‍റെ പരമസാക്ഷാല്‍ക്കാരമായ കുറ്റമറ്റ സിവില്‍ ഭരണസമ്പ്രദായം എന്ന നിലക്ക്‌ ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളില്‍ വരെ ജനാധിപത്യ സമ്പ്രദായം വേണ്ടവിധത്തില്‍ വികസിച്ചിട്ടില്ല. മുതലാളിത്തത്തിന്‍റെ ഉദയമുണ്ടായിട്ടും അവിടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഭരണസംവിധാനങ്ങള്‍ കെട്ടിപ്പടുത്തിട്ടും യഥാര്‍ത്ഥ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പുകള്‍ അവിടെ നടത്തപ്പെടാറില്ല.

അഴിമതിയുടെ വളര്‍ച്ചയും മാഫിയാ സംഘങ്ങളുടെ രംഗപ്രവേശനവും മറ്റു സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ഇടപെടലുകളും ഇതിന്‌ പുറമെയാണ്‌. അതുകൊണ്ട്‌ ജനാധിപത്യം വികസിത രാജ്യങ്ങളില്‍പോലും സുരക്ഷിതമായ കരങ്ങളിലല്ല വര്‍ത്തിക്കുന്നത്‌ എന്ന്‌ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പറയാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ എങ്ങനെ അത്‌ മൂന്നാം ലോകത്തിന്‌ യോജിച്ചതായിത്തീരും? അതായത്‌ പാശ്ചാത്യ ജനാധിപത്യം ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്കന്‍രാജ്യങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിലനില്‍ക്കാന്‍ കഴിയും എന്ന വാദം അയഥാര്‍ത്ഥവും തികച്ചും പൊള്ളയായതുമായ അവകാശവാദം മാത്രമാണ്‌. എന്‍റെ അഭിപ്രായത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിലെ ഒരു രാഷ്ട്രീയ ഭരണസമ്പ്രദായത്തേയും നിഷേധിക്കുന്നില്ല. സ്‌ലാം അത്‌ ജനങ്ങളുടെ ഹിതത്തിനും ചരിത്രപരമായി അതാത്‌ രാജ്യത്ത്‌ രൂഢമൂലമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു. സ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌. ഇസ്‌ലാമിക മൂല്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന രീതിയില്‍ പൌരന്‍മാരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന ഏതൊരു ഭരണവ്യവസ്ഥക്കും, അത്‌ ഫ്യൂഡലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തുമാകട്ടെ, ഇസ്‌ലാമികമായി അതിന്‌ സാധുതയുണ്ട്‌.

രാജഭരണം

ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക്‌ യാതൊരുവിധ കുറ്റപ്പെടുത്തലിനും കുറിമാനമാകാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ രാജഭരണത്തെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പ്രതിപാദിക്കുന്നു.

ഒരു ഇസ്രായേലീ പ്രവാചകന്‍ ഇസ്രായേലികളുടെ താലൂത്ത്‌ രാജാവിനെ അനുസ്മരിക്കുന്നത്‌ ഇപ്രകാരമാ ണ്‌:

"അല്ലാഹു താലൂത്തിനെ നിങ്ങള്‍ക്ക്‌ രാജാവായി നിശ്ചയിച്ചിരിക്കുന്നുവെന്ന്‌ അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു. അപ്പോള്‍ അവര്‍ചോദിച്ചു. "രാജാധികാരത്തിനുള്ള അര്‍ഹത അദ്ദേഹത്തെക്കാള്‍ ഞങ്ങള്‍ക്കുണ്ടായിരിക്കെ എങ്ങനെയാണ്‌ അദ്ദേഹത്തിനു ഞങ്ങളുടെ മേല്‍ ആധിപത്യം ലഭിക്കുക? അദ്ദേ ഹത്തിന്‌ ധനസമൃധിയും നല്‍കപ്പെട്ടിട്ടില്ലല്ലോ?” അദ്ദേഹം (അവരുടെ പ്രവാ ചകന്‍) പറഞ്ഞു: "നിശ്ചയമായും അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കുകയും അദ്ദേഹത്തിന്‌ (അവന്‍) വിശാലമായ പാണ്ഡിത്യവും ശരീരബലവും നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഇഛിക്കുന്നവര്‍ക്ക്‌ അവന്‍ തന്‍റെ ആധിപത്യം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. (2:248).

രാജാധിപത്യം എന്നത്‌ വിശാലാര്‍ത്ഥത്തില്‍ ജനങ്ങള്‍ തന്നെയാണ്‌ രാജാക്കന്‍മാര്‍ എന്ന രീതിയിലാണ്‌ ഖുര്‍ആന്‍ ഒരുസ്ഥലത്ത്‌ പറയുന്നത്‌.

"മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ ജനമേ! നിങ്ങളില്‍ (അല്ലാഹു) പ്രവാചകന്‍മാരെ നിശ്ചയിക്കുകയും നിങ്ങളെ രാജാക്ക ന്‍മാരാക്കുകയും സമുദായങ്ങളില്‍ ആര്‍ക്കും നല്‍കിയിട്ടില്ലാത്തതായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്ത അവന്‍റെ അനുഗ്രഹത്തെ ഓര്‍ക്കുക." (5:21)

ദേശങ്ങളെ പിടിച്ചടക്കിക്കൊണ്ട്‌ രാജാധിപത്യം സൃഷ്ടിക്കപ്പെടുന്നതും വികസിപ്പിക്കപ്പെടുന്നതും പൊതുവേ ഖുര്‍ആന്‍ അവമതിപ്പോടെയാണ്‌ കാണുന്നത്‌. ബല്‍ഖീസ്‌ രാജ്ഞി തന്‍റെ ഉപദേശകന്‍മാരോട്‌ പറഞ്ഞ ഒരു വചനം ഖുര്‍ആന്‍ രേഖെപ്പടുത്തിയത്‌ ഇങ്ങനെയാണ്‌. “അവള്‍ പറഞ്ഞു: രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരതിനെ തകര്‍ത്തുകളയുകയും ആ നാട്ടുകാരിലെ മാന്യന്‍മാരെ നിന്ദ്യരാക്കുകയും ചെയ്യും. അവര്‍ അങ്ങനെ തന്നെയാണ്‌ ചെയ്യുക." (27:35)

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരേയോ, പ്രധാനമന്ത്രിമാരേയോ പോലെ രാജാക്കന്‍മാരിലും നല്ലവരും മോശക്കാരും ഉണ്ടാവാം. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ദൈവത്താല്‍ നിയോഗിതരായ ചില രാജാക്കന്‍മാരെപ്പറ്റി പറയുന്നു. സുലൈമാന്‍ (അ) രാജാവിനെ പോലുള്ളവരാണവര്‍. യഹൂദികളും ക്രിസ്ത്യാനികളും കരുതുന്നത്‌പോലെ അദ്ദേഹം രാജാവ്‌ മാത്രമായിരുന്നില്ല. ഖുര്‍ആന്‍ അനുസരിച്ച് അദ്ദേഹം അല്ലാഹുവിന്‍റെ പ്രവാചകന്‍ കൂടിയായിരുന്നു. ഇതില്‍ നിന്നു മനസ്സിലാ ക്കാവുന്നത്‌ ചിലപ്പോള്‍ പ്രവാചകത്വപദവിയും ഭരണാധികാരവും ഒരേ വ്യക്തിയില്‍തന്നെ സമ്മേളിക്കുമെന്നാണ്‌. അവരുടെ ഭരണപരമായ പരമാധികാരത്വം ദൈവത്തില്‍ നിന്നു നേരിട്ട്‌ ലബ്ധമാവുന്നതാണ്‌.

മറ്റൊരു രീതിയിലുള്ള പരമാധികാരത്വം ഖുര്‍ആനില്‍ പ്രതിപാദിച്ചത്‌ പ്രവാചകത്വം മുഖേന ലഭിക്കുന്നതാണ്‌. താഴെ പറയുന്ന വചനത്തില്‍ഇക്കാര്യം വ്യക്തമാവുന്നു.

"വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക, (അവന്‍റെ) ദൂതനെയും; നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരേയും അനുസരിക്കുക. പിന്നെ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അന്യോന്യം ഭിന്നിച്ചാല്‍ അത്‌ അല്ലാഹു വിങ്കലേക്കും (അവന്‍റെ) ദൂതങ്കലേക്കും (തീരുമാനത്തിനായി) ഏല്‍പിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതാണ്‌ ഏറ്റവും ഉത്തമമായതും ഏറ്റവും ഗുണപര്യവസായിയും (4:60)
ഈ ഖുര്‍ആന്‍ വചനങ്ങള്‍ നാം തിരഞ്ഞെടുത്തത്‌ ഭരണാധികാരികളുടെ തരംതിരിവിന്‌ വേണ്ടി മാത്രമല്ല. ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യ സമ്പ്രദായം എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല എന്ന്‌ സമര്‍ത്ഥിക്കാന്‍ കൂടിയാണ്‌. ജനങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന്‌ ചിലപ്പോള്‍ ഒരു വ്യക്തിയിലെ മഹത്വമാര്‍ന്ന നേതൃത്വഗുണങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യമായില്ല എന്ന്‌ വരും. നേതൃഗുണമുള്ള ഒരാള്‍ ഭരണാധികാരിയായി സ്വയം അധികാരസ്ഥനായാല്‍ ജനങ്ങള്‍ ആ നിയമനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ രാഷ്ട്രീയ മാനദണ്ഡവുമനുസരിച്ച്‌ അദ്ദേഹത്തിന്‍റെ നിയമനം ഏകാധിപത്യമാണെന്ന്‌ മുറവിളിയുയരും. ഇത്തരം തീരുമാനങ്ങള്‍ ജനഹിതത്തിനെതിരായിരിക്കാം. പക്ഷേ, ജനങ്ങളുടെ താല്‍പര്യത്തിനെതിരാകണമെന്നില്ല. ജനകീയ ജനാധിപത്യത്തിന്‍റെ ഒരു ആന്തര ദൌര്‍ബല്യമെന്താണെന്ന്‌ വെച്ചാല്‍, ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത്‌ ബഹിര്‍ഭാഗസ്ഥമായ പുറംമോടികളില്‍ ആകൃഷ്ടരായും, തൊട്ടടുത്ത്‌ നടന്ന സംഭവങ്ങളെ വിലയിരുത്തിക്കൊണ്ടുമാണ്‌. അവരുടെ ആത്യന്തികമായ നന്‍മക്ക്‌ യോജിച്ച രീതിയില്‍ തികച്ചും യോഗ്യനായ ഒരാളെ കണ്ടെത്തുന്നതില്‍ അവരുടെ വിധിയെഴുത്ത്‌ പരാജയപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‌ പാത്രമായ ജനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ ബോദ്ധ്യമാവുന്ന ഒരു കാര്യം, ആ ജനതയ്ക്ക്‌ രാഷ്ട്രീയ അതിജീവനത്തിന്‍റെ സമയം ആഗതമായാല്‍ ദൈവികമായ ഇടപെടലുകള്‍ ഉണ്ടാവുന്നുഎന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം തന്‍റെ അഭീഷ്ടത്തിനനുസരിച്ചുള്ള ഒരു ഭരണാധികാരിയെ അല്ലെങ്കില്‍ നേതാവിനെ അവന്‍റെ കരങ്ങളാല്‍ തന്നെ നിയോഗിക്കുന്നു. ഇതില്‍ നിന്നു എല്ലാ ഭരണാധികാരികളും നേതാക്കന്‍മാരും ദിവ്യമായ രീതിയില്‍ അധികാരമുള്ളവരാണെന്ന്‌ അര്‍ത്ഥമില്ല. ഇത്‌ മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്തീയ ദുര്‍ധാരണയാണ്‌. ഖുര്‍ആനുമായി അതിന്നു ബന്ധമില്ല. ഉദാഹര ണത്തിന്‌ റിച്ചാര്‍ഡ്‌ രാജാവിന്‍റെ വിലാപം ഷേക്സ്പിയര്‍ വര്‍ണ്ണിച്ചത്‌ നോക്കുക: “Not all the water in the rough rude sea
Can wash the balm off from an anointed king”
പ്രക്ഷു്ധമായ ഈ സമുദ്രജലമഖിലം കൊണ്ടും ദൈവത്താല്‍ അഭിഷി ക്തനായ രാജാവിന്‍റെ ലേപന തൈലം കഴുകിക്കളയാന്‍ പറ്റില്ല" (ഷേക്‌ സ്പിയര്‍)

ജനാധിപത്യത്തിന്‍റെ നിര്‍വ്വചനം

ഗ്രീക്ക്‌ മൂലാര്‍ത്ഥം കൂടാതെ ജനാധിപത്യ സങ്കല്‍പത്തെ സംബന്ധിച്ചുള്ള അബ്രഹാം ലിങ്കന്‍റെ നിര്‍വ്വചനം ഇപ്രകാരമാണ്‌. "ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ജനങ്ങളുടെഗവണ്മെന്‍റ്" ഈ നിര്‍വ്വചനം ആവര്‍ത്തനം കൊണ്ട്‌ വിരസമാണെങ്കിലും അപൂര്‍വ്വമായി മാത്രമേ പൂര്‍ണാര്‍ത്ഥത്തില്‍ ലോകത്ത്‌ പ്രയുക്തമായിട്ടുള്ളൂ. ഈ നിര്‍വ്വചനത്തിലെ 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന ഭാഗം അവ്യക്തവും സാര്‍വ്വത്രികമായി അപകടം നിറഞ്ഞതുമാണ്‌. പൂര്‍ണമായ ആത്മവിശ്വാസത്തോടെ ‘ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള' ഗവണ്മെന്‍റ് എന്ന്‌ നമുക്ക്‌ എങ്ങനെ പറയാന്‍ കഴിയും? ഭൂരിപക്ഷത്തിന്‍റെതായ ഭരണസമ്പ്രദായത്തില്‍ 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന സങ്കല്‍പം വളരെ അപൂര്‍വ്വമായി മാത്രമേ പ്രായോഗികമാവാറുള്ളൂ. ഭൂരിപക്ഷത്തിനു വേണ്ടിയുള്ളതാണ്‌ ആ ഭരണ സമ്പ്രദായം. അവശേഷിക്കുന്ന ന്യൂനപക്ഷത്തിന്‌ വേണ്ടിയുള്ളതല്ല.

ഒരു ജനാധിപത്യക്രമത്തില്‍ കേവല ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക തീരുമാനമെടുക്കല്‍ അസാധ്യമാണ്‌. എന്നാല്‍ കണക്കുകളും വസ്തുതകളും വെച്ച്‌ തലനാരിഴ കീറി വിശകലനം ചെയ്താല്‍ ആ തീരുമാനങ്ങള്‍ ജനാധിപത്യപരമായി അംഗീകാരമുള്ളതും ഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമായിരിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ സാധിക്കും. ജനാധിപത്യത്തിലെ അനേകം സംഭവ്യതകളിലൊന്ന്‌ ഭരിക്കുന്ന പാര്‍ട്ടി മിക്ക നിയോജക മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട്‌ അധികാരത്തിലേറുന്നു എന്നതാണ്‌. മറ്റൊന്ന്‌, വോട്ടെടുപ്പ്‌ ദിവസം വോട്ടവകാശം രേഖപ്പെ ടുത്തിയവര്‍ മൊത്തം വോട്ടര്‍മാരേക്കാള്‍ വളരെ കുറച്ചുപേരായിരിക്കാം. ഈ വസ്തുതകള്‍ ഭരണത്തിലേറിയ കക്ഷിക്ക്‌ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ഉണ്ടോ എന്ന കാര്യത്തെ സംബന്ധിച്ച്‌ സംശയം ജനിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചെങ്കില്‍തന്നെ അവരുടെ ഭരണ കാലയളവില്‍ മറ്റു പല കാര്യങ്ങളും സംഭവിക്കാം. പൊതുജനാഭിപ്രായം പെട്ടെന്ന്‌ ഭരണത്തിനെതിരായി മാറുകയാണെങ്കില്‍ നിലവിലുള്ള ഭരണകൂടം ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്ന്‌ വരുന്നില്ല. അതായത്‌ ഗവണ്‍മെണ്റ്റിന്‍റെ മാറ്റം സ്വയംതന്നെ ജനങ്ങളുടെ അഭിപ്രായമാറ്റത്തിന്‍റെ പ്രകടനമാണല്ലോ. അപ്പോള്‍ അഭിപ്രായമാറ്റമുണ്ടായ ജനതയുടെ പ്രാതിനിധ്യം ഭരണകൂടത്തിനില്ല എന്നുവരുന്നു. സര്‍ക്കാര്‍ അതിന്‍റെ വോട്ടര്‍മാരുടെ ജനകീയ സമ്മതിയില്‍ നില്‍ക്കു മ്പോള്‍ പോലും ഗവണ്‍മെന്‍റ്‌ എടുക്കുന്ന ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭൂരിപക്ഷ സമ്മതി ഉണ്ടായിരിക്കണമെന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും ഭൂരിപക്ഷാഭിപ്രായവുമായി എല്ലായ്പ്പോഴും ഹൃദയാത്മനാ യോജിപ്പുള്ളവരായിരിക്കില്ല. അവര്‍ പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്‌ എതിരായി വോട്ട്‌ രേഖപ്പെടുത്തിയെന്നും വരാം. ഭരിക്കുന്ന പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം വര്‍ദ്ധിച്ച് പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ അധികമാവുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം എന്ന്‌ പറയപ്പെടുന്നത്‌ വാസ്തവത്തില്‍ ന്യൂനപക്ഷാഭിപ്രായമായി മാറുന്നു. അത്തരം അഭി പ്രായങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.

ജനങ്ങള്‍ക്ക്‌ വേണ്ടി നല്ലതാണെന്ന്‌ കരുതപ്പെടുന്ന സങ്കല്‍പങ്ങള്‍ കാലാകാലങ്ങളിലായി മാറ്റത്തിന്‌ വിധേയമാണെന്ന കാര്യവും നാം കണക്കിലെടുക്കേണ്ടതുണ്ട്‌. ചില കേവല ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു കാര്യം നല്ലതാണെന്ന്‌ കരുതി തീരുമാനമെടുക്കുകയോ അതല്ല, ചുരുങ്ങിയത്‌ പാര്‍ട്ടിയുടെ അഭിപ്രായമനുസരിച്ച്‌ നല്ലതേതാണെന്ന്‌ തീരുമാനിക്കുകയോ ചെയ്യുമ്പോള്‍ നയരൂപീകരണങ്ങള്‍ സ്ഥിരമായി മാറ്റേണ്ടി വരും. ഇന്ന്‌ നല്ലതാണെന്ന്‌ കാണുന്നത്‌ നാളെ ചീത്തയാണെന്ന്‌ വരാം. അതിന്‍റെ പിറ്റേന്ന്‌ വീണ്ടും നല്ലതാണെന്നും കണ്ടേക്കാം.

ഇത്ര വിപുലമായ തോതില്‍ അര നൂറ്റാണ്ടുകാലം കമ്മ്യൂണിസം പരീക്ഷണം നടത്തിയത്‌ ആത്യന്തികമായി 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു. എല്ലാ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളും ഏകാധിപതികളായിരുന്നില്ല എന്ന്‌ നാമോര്‍ക്കണം.

സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളും തമ്മിലുള്ള വേര്‍തിരിവ്‌രേഖ ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ഗവണ്‍മെന്‍റ്‌ എന്നതാണെങ്കില്‍ അത്‌ വളരെ നേരിയതും ചിലപ്പോള്‍ നിലനില്‍ക്കാത്തതുമാണ്‌. ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളിലുമുള്ള ഭരണകൂടങ്ങളും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടല്ല അധികാരത്തില്‍ വന്നത്‌ എന്ന്‌ പറഞ്ഞ്‌ ആര്‍ക്കെങ്കിലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തീര്‍ച്ചയായും ഏകാധിപത്യ രാജ്യങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നു പൊതുജനങ്ങള്‍ക്ക്‌ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും. പക്ഷേ, അവരാഗ്രഹിക്കുന്ന ആളുകളെ തിരഞ്ഞെ ടുക്കാനുള്ള അവസരം വളരെ പരിമിതമായിരിക്കും. ചുരുക്കും ചില രാജ്യ ങ്ങളൊഴിച്ച്‌, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരത്തില്‍ ജനങ്ങള്‍ക്ക്‌ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തിക്കൊണ്ട്‌ ചില തന്ത്രങ്ങളും ചരടുവലികളും നടക്കാറുണ്ട്‌.

ചുരുക്കത്തില്‍, ലോകത്തിലെ മിക്ക ദേശങ്ങളിലും ജനാധിപത്യത്തിന്‌ സര്‍വ്വത്ര സ്വാതന്ത്യ്രം നല്‍കപ്പെട്ടിട്ടില്ല. 'ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റ്‌ എന്ന സങ്കല്‍പം വളരെ പരിമിതമായ തോതിലെ സാക്ഷാത്ക്കരിക്കപ്പെടുന്നുള്ളൂ. തിരഞ്ഞെടുപ്പ്‌കൃത്രിമം, കുതിരക്കച്ചവടം, പോലീസിനെ ഉപയോഗിച്ച്‌ ഭീതിപരത്തിയുള്ള ഭരണം മുതലായ അഴിമതികളിലൂടെ ജനാധിപത്യത്തിന്‍റെ സത്തയും ചൈതന്യവും ശോഷിച്ചു പോയിരിക്കുന്നു. അന്തിമ വിശകലനത്തില്‍ വളരെ കുറഞ്ഞ തോതിലേ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നുള്ളൂ എന്ന്‌പറയാം.

ജനാധിപത്യത്തിന്‍റെ ഇസ്‌ലാമിക നിര്‍വ്വചനം

വിശുദ്ധ ഖുര്‍ആന്‍റെ അഭിപ്രായപ്രകാരം ജനങ്ങള്‍ക്ക്‌ അവര്‍ക്ക്‌ അനുയോജ്യമായ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ട്‌. ജനാധിപത്യം, ഏകാധിപത്യം, ഗോത്രിയ ഭരണം, ഫ്യൂഡലിസം മുതലായവ ജനങ്ങളുടെ പാരമ്പര്യമനുസരിച്ച്‌ അവരുടെ സമ്മതപ്രകാരം അനുവദിക്കപ്പെടേണ്ടതാണ്‌. എന്നിരുന്നാലും വിശുദ്ധഖുര്‍ആന്‍ ജനാധിപത്യ സമ്പ്രദായമാണ്‌ ഇഷ്ടപ്പെടുന്നതും ശുപാര്‍ശ ചെയ്യുന്നതുമെന്ന്‌ കാണാം. മു സ്‌ലിംകള്‍ക്ക്‌ ഒരു ജനാധിപത്യ വ്യവസ്ഥയാണ്‌ ഖുര്‍ആന്‍ ഉപദേശിക്കുന്നത്‌. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ രീതിയിലുളളതല്ല. ജനാധിപത്യത്തിന്‌ ഇസ്‌ലാംപൊള്ളയായ നിര്‍വ്വചനം നല്‍കുന്നില്ല. അത്‌ പരമപ്രധാനമായ ആദര്‍ശങ്ങള്‍ക്കാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ബാക്കി ജനങ്ങള്‍ക്ക്‌ വിടുകയും ചെയ്യുന്നു. അത്‌ പിന്തുടര്‍ന്നാല്‍ അവര്‍ക്ക്‌ ഗുണകരമാണ്‌. അതില്‍ നിന്ന് അകന്ന്‌ പോയാല്‍ സര്‍വ്വനാശവും.

ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ട്‌ നെടുംതൂണുകള്‍

1. ജനാധിപത്യ പ്രക്രിയകള്‍ വിശ്വസ്തതയുടെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിലായിരിക്കണം.

നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളെ ദൈവം നോക്കി പാര്‍ത്തുകൊണ്ടിരിക്കുവെന്നും, നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിന്‌ ദൈവത്തിനു മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്നുമാണ്‌ സ്‌ലാം പഠിപ്പിക്കുന്നത്‌. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും യോഗ്യനായ ആള്‍ക്ക്‌ ആയിരിക്കണം നാം വോട്ട്‌ നല്‍കേണ്ടത്‌. ഈ പ്രഖ്യാപനപ്രകാരം വോട്ടവകാശമുള്ള ഒരാള്‍ സാഹചര്യമനുവദിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും വോട്ടിംഗില്‍ പങ്കെടുക്കേണ്ടതാണ്‌.

2. ഭരണകൂടങ്ങള്‍ കേവല നീതിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കണം.

ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ടാമത്തെ നെടുംതൂണ്‍ നിങ്ങള്‍ എപ്പോഴെല്ലാം തീരുമാനമെടുക്കുന്നുവോ അപ്പോഴെല്ലാം കേവല നീതി ഉയര്‍ത്തിപ്പിടിക്കുക. മതപരമോ, രാഷ്ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ഏതൊരു കാര്യമായിക്കൊള്ളട്ടെ, കേവല നീതിയുടെ കാര്യത്തില്‍ ആരുമായും നിങ്ങള്‍ രാജിയാവാന്‍ പാടില്ല. ഗവണ്‍മെണ്റ്റിന്‍റെ രൂപവത്ക്കരണത്തിനുശേഷവും പാര്‍ട്ടിക്കുള്ളിലെ വോട്ടിങ്ങിലും നീതിയുടെ പക്ഷത്ത്‌ ഉറച്ച്‌നില്‍ക്കുക. വിഭാഗീയമായ താല്‍പര്യങ്ങളോ രാഷ്ട്രീയ പരിഗണനയോ യാതൊന്നും തന്നെ നിങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ പാടുള്ളതല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നിലപാടില്‍ നിന്നുകൊണ്ട്‌ ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങളുടെതും, ജനങ്ങളാലുള്ളതും, ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതുമായിരിക്കും.

(Islam's Response to Contemporary Issues എന്ന പുസ്തകത്തില്‍ നിന്ന്‌)

2 comments:

Salim PM said...

എന്‍റെ അഭിപ്രായത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിലെ ഒരു രാഷ്ട്രീയ ഭരണസമ്പ്രദായത്തേയും നിഷേധിക്കുന്നില്ല. സ്‌ലാം അത്‌ ജനങ്ങളുടെ ഹിതത്തിനും ചരിത്രപരമായി അതാത്‌ രാജ്യത്ത്‌ രൂഢമൂലമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു. സ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌.

മുക്കുവന്‍ said...

വിശുദ്ധഖുര്‍ആന്‍ ജനാധിപത്യ സമ്പ്രദായമാണ്‌ ഇഷ്ടപ്പെടുന്നതും ശുപാര്‍ശ ചെയ്യുന്നതുമെന്ന്‌ കാണാം???? അപ്പോള്‍ അള്ളാ‍ാക്ക് തന്നെ സംശയമാണോ ഈ വിഷയത്തില്‍? അല്ലേല്‍ ഇത് മാത്രമേ ചെയ്യാവൂ‍ എന്നല്ലേ എഴുതേണ്ടത്??