Saturday, June 4, 2011

ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മുശ്‌രിക്കുകള്‍??


"ഉലൂഹിയ്യത്തിനെക്കുറിച്ച മൗദൂദി സാഹിബിന്റെ മൗലിക കാഴ്‌ചപ്പാട്‌ നിലനിര്‍ത്തിക്കൊണ്ട്‌ ജമാഅത്തിന്‌ രാഷ്‌ട്രീയ പ്രവേശനം അസാധ്യമാണ്‌. ഹാകിമിയ്യത്ത്‌ അഥവാ നിയമം നിര്‍മിക്കാനുള്ള പരമമായ അധികാരം (സുപ്രീം സോവറേനിറ്റി) ദൈവത്തില്‍ നിക്ഷിപ്‌തമായിരിക്കെ, ആ അധികാരം പരമമായി പാര്‍ലമെന്റിനോ രാജാവിനോ വിട്ടുകൊടുക്കല്‍ ദൈവത്തിന്റെ സ്വിഫത്തില്‍ പങ്കുചേര്‍ക്കലും അതുകൊണ്ടു തന്നെ ശിര്‍ക്കുമാണ്‌ എന്നാണ്‌ മൗദൂദിയന്‍ കാഴ്‌ചപ്പാട്‌.

ജമാഅത്ത്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്‌ സംബന്ധിച്ച്‌ ചോദ്യമുയര്‍ന്നു. ഹല്‍ഖ അമീര്‍ ആരിഫലി മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞു. അസി. അമീര്‍ ശൈഖ്‌ മുഹമ്മദാവട്ടെ, ഒരു തറവേലയിലൂടെ പ്രശ്‌നം തരണംചെയ്യാന്‍ ബുദ്ധിപരമായി ഒട്ടും സത്യസന്ധമല്ലാത്ത മാര്‍ഗം സ്വീകരിച്ചു. മൗദൂദി സാഹിബ്‌ മുമ്പു തന്നെ കര്‍മശാസ്‌ത്രത്തിന്റെയും (ഫിഖ്‌ഹ്‌) ഇല്‍മുല്‍കലാമിന്റെയും കാര്യത്തില്‍ തനിക്ക്‌ സ്വകീയമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അത്‌ അനുധാവനം ചെയ്യല്‍ ബാക്കി അംഗങ്ങള്‍ക്ക്‌ ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കിയിരുന്നു. ശൈഖ്‌ മുഹമ്മദ്‌ ആളുകളെ വിഡ്‌ഢികളാക്കിക്കൊണ്ട്‌ കര്‍മശാസ്‌ത്രത്തിലെ മൗദൂദിയുടെ ഈ വേറിട്ട നിലപാടിനെ രാഷ്‌ട്രീയത്തിന്‌ ബാധകമാക്കി. നഊദു ബില്ലാഹ്‌!

ഹുകൂമിയ്യത്തിന്റെ കാര്യത്തില്‍ മൗദുദിയന്‍ കാഴ്‌ചപ്പാടല്ല തങ്ങള്‍ക്കുള്ളതെന്ന്‌ തുറന്നുപറയാന്‍ ജമാഅത്ത്‌ സന്നദ്ധമാകുന്നതോടെ തീരും ജമാഅത്തിന്റെ കഥ. അന്നുതൊട്ട്‌ ജമാഅത്തെ ഇസ്‌ലാമി പടന്ന മുസ്‌ലിം ജമാഅത്തോ, ബോംബെമുസ്‌ലിം ജമാഅത്തോ പോലുള്ള ഒരു മയ്യിത്ത്‌ കുളിപ്പിക്കല്‍ ജമാഅത്തായി മാറും. മൗദൂദി സാഹിബ്‌ മഹാനായ ദാര്‍ശനികനും കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകരില്‍ മുന്‍നിരക്കാരനുമാണ്‌. എന്നാല്‍, ജനാധിപത്യത്തെ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ പോന്ന ഒരു മാര്‍ഗമായി സ്വീകരിക്കുന്നതിനു പകരം, അതിനെ സ്വയം ഒരു ലക്ഷ്യമായി കരുതി ക്രൂശിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അതുതന്നെയാണ്‌ മതേതരത്വത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട്‌. ദാര്‍ശനികമായ കാഴ്‌ചപ്പാടില്‍ ഇതില്‍ ശരിയുണ്ടാകാം. പക്ഷേ, പ്രായോഗിക രാഷ്‌ട്രീയത്തില്‍ അതിന്‌ അതിന്റേതായ പരിമിതികള്‍ ഉണ്ട്‌. പ്ലാറ്റോ റിപ്പബ്ലിക്ക എഴുതിയപ്പോള്‍ ബുദ്ധിജീവികളെ മുഴുവന്‍ പിടിച്ച്‌ കൂട്ടിലിടണമെന്ന്‌ എഴുതിയിരുന്നു. അത്‌ പ്രയോഗവത്‌കരിക്കപ്പെടുകയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മൗദൂദിയന്‍ ചിന്താഗതിയില്‍ മൗലികമായ മാറ്റം ആവശ്യമാണ്‌. പക്ഷേ, ആരിഫലി, ശൈഖ്‌ മുഹമ്മദ്‌ തുടങ്ങിയ അറബി മുന്‍ഷിമാര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നതല്ല പ്രസ്‌തുത ജോലി. അവര്‍ ചോക്കെടുത്ത്‌ കുട്ടികളെ അറയും ഉറിയും പഠിപ്പിക്കട്ടെ. മൗദൂദിയെ തിരുത്തുന്ന കാര്യം അവര്‍ സ്വയം ഏറ്റെടുക്കേണ്ട. തീപ്പെട്ടിക്കൊള്ളികൊണ്ട്‌ അളക്കാന്‍ കഴിയുന്നതല്ല ഹിമാലയത്തിന്റെ ഉയരം."

-ഒ. അബ്‌ദുല്ല
'ശബാബി'ല്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനവും വായിക്കാന്‍ ഇവിടെ ക്ലിക്കുക.

1 comment:

Salim PM said...

"ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ചെയ്‌ത ഹിമാലയന്‍ ബ്ലണ്ടറുകളിലൊന്നാണ്‌ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണം എന്ന്‌ ഞന്‍ കരുതുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളമെങ്കിലും അതാണ്‌ വസ്‌തുത. പലവിധ പോരായ്‌മകളോടു കൂടിയുള്ളതാണെങ്കിലും ശക്തമായ ഒരു മുസ്‌ലിംകൂട്ടായ്‌മ കേരളത്തിലുണ്ട്‌ -മുസ്‌ലിംലീഗ്‌."
-ഒ അബ്‌ദുല്ല