Tuesday, June 1, 2010

തമസ്സിന്‍റെ താവളം

മതദര്‍ശനങ്ങള്‍ മനുഷ്യസമൂഹത്തിന്‍റെ മോക്ഷമാര്‍ഗ്ഗത്തെയും അതുവഴി നേടിയെടുക്കാവുന്ന ജന്‍മസായൂജ്യത്തെയും വിളംബരംചെയ്യുന്നു. മതത്തിന്‍റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ സ്വന്തം ഭാവനാ വിലാസത്തെ ആശ്രയിച്ച്‌ രൂപംനല്‍കിയ പ്രത്യയശാസ്ത്രങ്ങള്‍ക്കോ അതുള്‍ക്കൊള്ളുന്ന സങ്കുചിതമായ അതിര്‍വരമ്പുകള്‍ക്കോ സ്ഥാനമില്ല! ആത്മാവിനെ തൊട്ടുണര്‍ത്തി മനസ്സിനെ പരിവര്‍ത്തന വിധേയമാക്കാന്‍ പര്യാപ്തമായ ഭൂമികയാണ്‌ മതദര്‍ശനങ്ങളുടേത്‌! അതുകൊണ്ടുതെന്ന ഒരു ദൈവിക സംവിധാനത്തിന്‍റെ കുറ്റമറ്റ വ്യവസ്ഥിതിയുടെ ശക്തി സ്രോതസ്സും കൂടിയാണത്‌! എന്നാല്‍ മനുഷ്യമസ്തിഷ്ക്കം വാര്‍ത്തെടുത്ത ഭൌതിക സംവിധാനങ്ങള്‍ക്ക്‌ ഈ ഗുണമേന്‍മയില്ലെന്നു മാത്രമല്ല, പലപ്പോഴും അത്‌ പ്രായോഗിക തലത്തില്‍ പ്രമാദങ്ങളുടെ ചുഴിയിലകപ്പെട്ട്‌ തിരോധാനം ചെയ്യുന്നതായും കാണാം! ഫാസിസവും മാര്‍ക്സിവും കാലിടറിപ്പോയത്‌ ചരിത്ര യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. എന്നാല്‍ മതത്തിന്‍റെ പേരില്‍ത്തന്നെ മതദര്‍ശനങ്ങളെ വികലമാക്കുകയും താത്വികമായി ന്യായീകരണമിണമില്ലാത്ത വിരുദ്ധവാദഗതികള്‍ ഉന്നയിക്കുകയും അതുമുഖേന സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥംഭരികളായ മതക്കാരെക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌.

വേലി തന്നെ വിള തിന്നുന്ന ഈ നാടകത്തിലെ അഭിനേതാക്കളായ നവോത്ഥാന ശില്‍പികളുടെ പിന്നാമ്പുറ ലക്ഷ്യം രാഷ്ട്രീയ സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമല്ല! ഇവിടെയാണ്‌ യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ പിന്‍തള്ളപ്പെടുന്നതും മതത്തിന്‍റെ മുഖം മൂടിയണിഞ്ഞ രാഷ്ട്രീയ സ്വപ്നങ്ങള്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുന്നതും! 'ഇടത്തേ ചെകിടത്തടിച്ചാല്‍ വലത്തേ ചെകിടും കാണിച്ചുകൊടു ക്കാന്‍' ആഹ്വാനം ചെയ്ത ക്രിസ്തുവിന്‍റെ അനുയായികളാണല്ലോ പണ്ട്‌ മതം അപകടത്തിലാണെന്ന്‌ പ്രചരിപ്പിച്ചു കുരിശുയുദ്ധത്തിനു പ്രേരണ നല്‍കിയതും കെട്ടുകഥകള്‍ മെനഞ്ഞെടുത്തതും! യൂറോപ്പിന്‍റെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നു മോചനം നേടാനും ഭരണാധിപന്‍മാരുടെ നേര്‍ക്കുള്ള പ്രജകളുടെ വെറുപ്പിനെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാനും കുരിശിനെ കഥാപാത്രമാക്കി എന്നതാണ്‌കുരിശു യുദ്ധത്തിന്‍റെ യാഥാര്‍ത്ഥ്യം.ചരിത്രകാരനായ ശ്രീ. ടി. കെ. ഗംഗാ ധരന്‍ പറയുന്നു:

"1076 ല്‍ സെല്‍ജുക്ക്‌ തുര്‍ക്കികള്‍ജറൂസലം കൈവശപ്പെടുത്തി. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളെ തുര്‍ക്കികള്‍ പീഡിപ്പിക്കുന്നുവെന്ന അതിശയോക്തിപരമായ കഥകള്‍ സന്യാസിയായ പീറ്റര്‍ തുടങ്ങിയവര്‍ യൂറോപ്പിലെ ക്രിസ്ത്യാനികളോടു വിവരിക്കുകയും അവരുടെ മതവികാരങ്ങളെ ഇളക്കിവിടുകയും ചെയ്തു. ഇതിനെതിരെ കുരിശുയുദ്ധം നടത്താന്‍ യൂറോപ്പിലെ ക്രിസ്ത്യാനികളെ പോപ്പ്‌ അര്‍ബണ്‍ രണ്ടാമന്‍ ഇളക്കിവിട്ടു" (പാശ്ചാത്യ നാഗരികതയുടെ ചരിത്രം പേജ്‌ 45)

ക്രിസ്തുമത ദര്‍ശനങ്ങളെ മച്ചിന്‍പുറത്ത്‌ ഉറക്കിക്കിടത്തി ആ മതത്തിന്‍റെ പേരില്‍ത്തന്നെ യൂറോപ്പിന്‍റെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാനുള്ള തന്ത്രമായിരുന്നു കുരിശുയുദ്ധം! ഈ രാഷ്ട്രീയ സ്വപ്നസാക്ഷാല്‍ക്കാരത്തിന്‌ മതത്തെ കളിപ്പാട്ടം പോലെ അമ്മാനമാടാന്‍ പോപ്പ്‌ അര്‍ബണ്‍ രണ്ടാമന്‍ പച്ചക്കൊടി കാണിക്കുകയുംചെയ്തു. തത്വം ബലികൊടുത്ത്‌ വൈകാരികമായ കാടത്തത്തിലേക്ക് യൂറോപ്യന്‍ സമൂഹത്തെ തള്ളിവിട്ടു എന്നതാണ്‌ ക്രിസ്തുമതനേതൃത്വം അന്നു നിര്‍വ്വഹിച്ച ദൌത്യം!

ഇന്നിപ്പോള്‍ നമ്മുടെ കാലത്തേക്ക്‌ തിരിച്ചു വരുമ്പോള്‍ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ശാന്തിയുടെയും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തെളിനീരൊഴുക്കിന്‌ എന്താണ്‌ സംഭവിച്ചത്‌? 'മാതാഭൂമി പുത്രോ പൃഥിവ്യ' എന്ന മഹത്തായ ദര്‍ശനത്തിലൂടെ ഭൂമിയാണ്‌ മാതാവെന്നും അതിന്‍റെ പുത്രന്‍മാരാണ്‌ നമ്മളെന്നും നിഷ്ക്കളങ്കമായി എഴുതിച്ചേര്‍ത്തവരൊക്കെ എവിടെപ്പോയി? ദൌര്‍ഭാഗ്യമെന്നു പറയാം, കാലവും കഥയും മാറിയപ്പോള്‍ നമ്മുടെ കര്‍ണ്ണങ്ങളെ അസ്വസ്ഥമാക്കുന്ന അനൈക്യത്തിന്‍റെ അപസ്വരങ്ങളാണ്‌ നാം ഏറ്റുവാങ്ങുന്നത്‌.

"ഈ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ മാത്രം ദേശമല്ലെന്നും ആര്‍ക്കും ആഗ്രഹിക്കുന്നതുപോലെ ഒക്കെ പെരുമാറാമെന്നും ധരിക്കുന്നവര്‍ ഇന്നു ചിലരുണ്ട്‌. രാഷ്ട്രം എന്ന വാക്കിനെ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഈ രാഷ്ട്രം ഹിന്ദുരാ ഷ്ട്രമാണ്‌, ഹിന്ദുക്കളുടേതാണ്‌ എന്ന സത്യം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ". (കേസരി 15-01-1989)

ശാന്തിയും ഐക്യവും സാഹോദര്യവും ഭൂമിയും മാതാവും പുത്രന്‍മാരുമൊക്കെ ഒറ്റയടിക്ക്‌ ചാരക്കൂമ്പാരമാക്കി മാറ്റാന്‍ ഈ പ്രഖ്യാപനത്തിന്‍റെ വക്താക്കള്‍ക്കു കഴിഞ്ഞു. ഇതോടൊപ്പം ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന മതേതരന്‍മാരെ മാന്തിക്കീറാനും അവര്‍മടികാണിച്ചില്ല. "വൈദേശികമതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണ്‌ ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായി ത്തീര്‍ന്നിട്ടുള്ളത്‌" (കേസരി 27-07-1987)

മറ്റു മതങ്ങളെയും വിശ്വാസങ്ങ ളെയും ആശ്ളേഷിച്ചാദരിച്ച സാംസ്കാരികപൈതൃകമാണ്‌ ഭാരതത്തിന്‍റേത്‌. ഭാരതീയ തത്വചിന്തകളിലും ദര്‍ശനങ്ങളിലും സഹവര്‍ത്തിത്വത്തിന്‍റെ സന്ദേശം തന്നെയാണ്‌ നിറഞ്ഞു നില്‍ക്കുന്നതും! പക്ഷേ, നാമിന്ന്‌ കാണുന്നത്‌ മഹത്തായ ദര്‍ശനങ്ങളൊക്കെ കടപുഴക്കി എറിയാനും ഇന്ത്യയുടെ മതേതര സ്വഭാവം തുടച്ചുമാറ്റാനും ശ്രമിക്കുന്ന ഒരു വിഭാഗത്തെയാണ്‌. ഇത്തരം നിഷേധങ്ങളിലൂടെ ഭാരതീയ ദര്‍ശനങ്ങളെ അവഗണിച്ചു തള്ളിയവര്‍ അവരുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക്‌ അടിത്തറപാകിയെന്നതാണ്‌ വസ്തുത!

ഇനി, 'മനുഷ്യസമൂഹമേ, നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണെന്നും, നിങ്ങളെ ഗോത്രങ്ങളും ജനപഥങ്ങളുമായി വേര്‍തിരിച്ചത്‌ നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടിയാണെന്നും' പ്രഖ്യാപിക്കുന്ന അതിര്‍വരമ്പുകളില്ലാത്ത പ്രവിശാലമായ ഇസ്‌ലാം മതദര്‍ശനത്തിന്‍റെ വക്താക്കളാണോ ഇന്ന് നമ്മുടെ കൂട്ടത്തിലുള്ളത്‌? മറിച്ച്‌, സമാധാന സന്ദേശം വഹിക്കുന്ന ഇസ്‌ലാമിനും അനുസരണത്തിന്‍റെ പ്രതീകമായ മുസ്‌ലിമിനും ഭീകരതയുടെ മുഖാവരണം വിതരണം ചെയ്യുന്ന താത്വികചാര്യന്‍മാരോ?

അബുല്‍ അഅ്‌ലാ മൌദൂദി പറയുന്നതു നോക്കുക.

"മനുഷ്യന്‍റെ മേല്‍ അല്ലാഹുവിന്‍റെതല്ലാത്ത മറ്റൊരു ആധിപത്യവും നടക്കാതിരിക്കുന്ന ഒരു ചതുരശ്രമൈല്‍ ഭൂമി ലഭിക്കുകയാണെങ്കില്‍ ആ ഒരു പിടി മണ്ണിനായിരിക്കും മുഴുവന്‍ ഇന്ത്യയേക്കാള്‍ ഞാന്‍ വിലമതിക്കുക". (അബുല്‍ അ‌അ്‌ലാ -തെഹ്‌രീകെ ആസാദീഹിന്ദ്‌ ഔര്‍ മുസല്‍മാന്‍ പേജ്‌ 19)

മനുഷ്യസമൂഹത്തെ സംബോധന ചെയ്തു കൊണ്ടു ഭൂമിയിലെ ജനപഥങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനും പരസ്പരം തിരിച്ചറിയാനും മനുഷ്യര്‍ ഒരമ്മപെറ്റ മക്കളാണെന്നും ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുമ്പോള്‍, ഇന്ത്യയിലെ ഒരു തുണ്ടു ഭൂമിയില്‍ ചുറ്റുമതില്‍കെട്ടി, ഇതര മതസ്ഥരായ പിശാചുക്കള്‍ക്ക്‌ പ്രവേശം നിഷേധിച്ച്‌, തന്‍റെ സങ്കുചിതമായ മനസ്സ്‌ രൂപംകൊടുത്ത ദൈവിക ഭരണം സ്ഥാപിച്ചെടുക്കാനാണ്‌ അബുല്‍ അ‌അ്‌ലാ മൌദൂദി വിയര്‍ക്കുന്നത്‌! മാത്രമല്ല. ഈ ഭരണം നടപ്പിലാക്കാന്‍ അണികള്‍ക്ക്‌ ആത്മവീര്യം പകര്‍ന്നുകൊണ്ട്‌ മറ്റൊരു സിറിഞ്ചുംകൂടി അദ്ദേഹം കുത്തിവെക്കുന്നു.

"അതുകൊണ്ട്‌ മുമ്പോട്ടു കടന്നുവന്ന്‌, അല്ലാഹുവിനെ ധിക്കരിക്കുകയും അവന്‍റെ ഭൂമിയില്‍ രാജ്യദ്രോഹികളായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൈകള്‍ പിടിച്ചുനിര്‍ത്തുകയും അല്ലാഹുവിന്‍റെ പ്രാതിനിധ്യമാകുന്ന അധി കാരം സ്വയം കയ്യേല്‍ക്കുകയും ചെയ്യുക" (മൌലാനാ മൌദൂദി – ഖുത്തുബാത്ത്‌ പേജ്‌ 397).

മതദര്‍ശനങ്ങളെ പാടെ വകഞ്ഞുമാറ്റി മതത്തിന്‍റെ വിലാസത്തില്‍ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്കു നിറം കൊടുക്കാനുള്ള ഇബ്‌ലീസിന്‍റെ അരങ്ങേറ്റം തന്നെയാണ്‌ ഇവിടെയും സംഭവിച്ചത്‌! ഇസ്‌ലാം ഒരിക്കല്‍ പോലും വിഭാവന ചെയ്യാത്ത ബലപ്രയോഗത്തെ മൌലാനാ മൌദൂദി പ്രോത്സാഹിപ്പിച്ചപ്പോള്‍ ചിലരെങ്കിലും വരാനിരിക്കുന്ന ഇസ്‌ലാമിക ഭരണകൂടവും സ്വാലിഹീങ്ങളുടെ സ്വര്‍ഗ്ഗരാജ്യവും കിനാവു കണ്ടിരിക്കും! പക്ഷേ, കാര്യം നടന്നില്ലെന്നു മാത്രമല്ല. അത്താഴം മുടക്കാന്‍ നീര്‍ക്കോലിയും മതിയെന്ന്‌ പറഞ്ഞതുപോലെ ഇതരമതക്കാര്‍ക്ക്‌ ഇസ്‌ലാം ഭീകരതയെ പെരുപ്പിച്ചുകാണിക്കാനും, മുസ്‌ലിംകള്‍ നോട്ടപ്പുള്ളികളാവാനും ഇതൊക്കെ ആയുധമായി! തമസ്സ്‌ താവളം തേടി നടന്നപ്പോള്‍ ഒരു പറ്റം മനുഷ്യമസ്തിഷ്ക്കങ്ങളെത്തന്നെയാണ്‌ കണ്ടെത്തിയത്‌! അതിന്‍റെ പ്രത്യാഘാതമോ? ജൂത ഭീകരത, ക്രൈസ്‌തവ ഭീകരത, ഹൈന്ദവ ഭീകരത, ഇസ്‌ലാം ഭീകരത തുടങ്ങിയ ഭീകര സംഗമത്തിന്‍റെ കനത്ത ഭാരം ചുമന്നുകൊണ്ട്‌ നമ്മുടെ കാലം കിതപ്പോടെ കടന്നു പോകുന്നു! ഈ ദൌര്‍ഭാഗ്യത്തിന്‌ ദൈവമോ മതങ്ങളോ മതദര്‍ശനങ്ങളോ ഉത്തരവാദികളല്ല!

കെ.പി. അഹ്‌മദ്

No comments: