Wednesday, January 5, 2011

വിസ്മരിക്കപ്പെടാനായി ഒരു ശാസ്ത്രജ്ഞന്‍


ഡൊ. അബ്ദുസ്സലാമിന്‍റെ പത്താം ചരമവാര്‍ഷിക വേളയില്‍ THE HINDU’ പത്രത്തില്‍  (2006 Nov. 30) വന്ന മുഖ്യ ലേഖനമാണിത്‌. പത്രത്തിന്‍റെ ഇസ്‌ലാമാബാദ് കറസ്പോണ്ടന്‍റാണ്‌ ലേഖിക.





സമയം നല്ലതായി കാണപ്പെടുന്നു. സിയാഉല്‍ഹഖിന്‍റെ കാലത്തെ വിവാദപരമായ ‘ഹുദൂദ്‌’ നിയമം ഭേദഗതി ചെയ്യാനുള്ള ധൈര്യം പാക്കിസ്താന്‍ കാണിച്ചിരിക്കുന്നു. 'ഞാന്‍ മുരാച്ചിത്തരത്തോട്‌ വിടവാങ്ങി പാകിസ്താനെ 'പ്രബുദ്ധരായ മിതവാദികളുടെ' (Moderate Enlightened) രാജ്യമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നു' എന്ന്‌ പ്രസിഡണ്ട്‌ പര്‍വേസ്‌ മുശര്‍റഫ്‌ പറയുന്നു. മുശര്‍റഫ്‌ കറാച്ചിയിലെ ഒരു ഹിന്ദുക്ഷേത്രം പോലും സന്ദര്‍ശിക്കുകയുണ്ടായി. പ്രസിഡ ണ്ടിന്‍റെ വാക്കുകള്‍ മുഖവിലക്കെടുത്തുകൊണ്ട്‌ പാകിസ്താനില്‍ നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോബേല്‍ സമ്മാന ജേതാവ്‌ അബ്ദുസ്സലാമിനെ ആദരിക്കുവാന്‍ ഉറച്ച ചുവടുവെപ്പുകള്‍ നടത്തണമെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും അനുയായികളും സ്നേഹിതരും ചേര്‍ന്ന്‌ പ്രസിഡണ്ട്‌ മുശര്‍റഫിനോട്‌ ആവശ്യപ്പെടുകയാണ്‌. നിയമത്തിനു മുമ്പില്‍ അമുസ്‌ലിം ആണെന്ന്‌ പ്രഖ്യാപിക്കപ്പെട്ട അഹ്‌മദിയ്യാ വിഭാഗത്തില്‍പെട്ട ആളായാളായത്‌കൊണ്ടാണ്‌ ഈ അവഗണന.

ഡോ. സലാം 1996 നവംബര്‍ 21 നാണ്‌ ലണ്ടനില്‍ വെച്ച്‌ 70-)o വയസ്സില്‍ നിര്യാതനായത്‌. അവസാനം വരെ തന്‍റെ പാകിസ്താന്‍ പൌരത്വം ഉപേക്ഷിക്കാതെ ദീര്‍ഘകാലം ഇംഗ്ളണ്ടില്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഡോ. സലാം അദ്ദേഹത്തിന്‍റെ മരണത്തിന്നു മുമ്പായി പാകിസ്താനിലെ അഹ്‌മദിയ്യാ ആസ്ഥാനമായ പഞ്ചാബ്‌ പ്രവിശ്യയിലെ റബ്‌വയില്‍ തന്‍റെ മൃതദേഹം കബറടക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെആഗ്രഹം സഫലമായി. പക്ഷേ, വിചിത്രമായ ഒരു വ്യതിയാനമുണ്ടായി. നിയമം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു മജിസ്ട്രേറ്റ്‌ അബ്ദുസ്സലാമിന്‍റെ കബറിടത്തില്‍ ആലേഖനം ചെയ്ത "അബ്ദുസ്സലാം, ആദ്യത്തെ മുസ്‌ലിം നോബല്‍ സമ്മാന ജേതാവ്‌" എന്ന വാക്യത്തില്‍ നിന്നു 'മുസ്‌ലിം' എന്ന പദം മായ്ചു കളഞ്ഞു. "അബ്ദുസ്സലാം, ആദ്യത്തെ നോബല്‍ സമ്മാനജേതാവ്‌" (!) എന്നാക്കി മാറ്റി. ഈ കൃത്യം അത്ര ദുരന്തമായില്ലെങ്കിലും പരിഹാസ്യമായഒരു പരിണിതിയായിരുന്നു. പിന്നീട്‌ ആ പട്ടണത്തിന്‍റെ പേരു തന്നെ 'ചീനാബ്‌ നഗര്‍' എന്നാക്കിമാറ്റി.

ഈ അവസാന വാരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷികം. ആ അവസരത്തില്‍ ചെറുതാണെങ്കിലും ശക്തമായ ഒരുപ്രചാരണം നടക്കുകയുണ്ടായി. ഇത്‌ വരെ അത്‌ ഇംഗ്ളീഷ്‌ മുഖ്യധാരാ പത്രങ്ങളില്‍ മാത്രം പരിമിതമായിരുന്നു. അതായത്‌ ലോകവ്യാപകമായി ശാസ്ത്ര സമൂഹം അത്യുന്നത നിലവാരത്തില്‍ ആദരിക്കപ്പെട്ട ഒരു മനുഷ്യന്‍ പാക്കിസ്താനില്‍ അറിയപ്പെടാതിരിക്കുക എന്ന അനീതി തുറന്നുകാട്ടാനായിരുന്നു അവരുടെ പ്രചാരണം.

ഭുവന പ്രശസ്തനായ ഈ ഭൌതിക ശാസ്ത്രജ്ഞന്‍റെ കഥ ഒരു കൊച്ചു നഗരബാലന്‍റെ ആവേശകരമായ വിജയകഥയാണ്‌. തന്‍റെ തെളിഞ്ഞ പ്രതിഭാശക്തികൊണ്ട്‌ സമുജ്ജ്വലമായി വെട്ടിതിളങ്ങിയ ആ ബാലന്‍റെ സ്കൂളില്‍ നിന്നു ലാഹോര്‍ കോളേജിലേക്കും അവിടെ നിന്ന്‌ 1949-ല്‍ ഫിസിക്സിലും മാത്തമാറ്റിക്സിലും ഇരട്ട ബിരുദം ഒന്നാമനായി നേടി കാംബ്രിഡ്ജിലേക്കുമുള്ള പ്രയാണം പ്രചോദനാത്മകമാണ്‌. അവിടെ നിന്നുതന്നെ പിന്നീട്‌ അദ്ദേഹം പി.എച്‌.ഡി. എടുക്കുകയും ചെയ്തു. 1979-ലാണ്‌ ഡോ. സലാമിന്‌ നോബേല്‍ സമ്മാനം ലഭിച്ചത്‌. ഷെല്‍ഡന്‍ ഗ്ളാഷോയും സ്റ്റീവന്‍വൈന്‍ബര്‍ഗുമായി അദ്ദേഹം. നോബേല്‍ സമ്മാനം പങ്ക്‌ വെക്കുകയായിരുന്നു.

ഡോ. അബ്ദുസ്സലാം പാകിസ്താനിലെ പാഠ പുസ്തകങ്ങളില്‍ ഒന്ന്‌ പരാമര്‍ശിക്കപ്പെട്ടുപോകുക മാത്രമാണ്‌ ചെയ്യുന്നത്‌. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെപറ്റി പൊതുവേ യാതൊന്നും അറിയുന്നില്ല. അബ്ദുസ്സലാമിന്‍റെ അടുത്ത സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവും ഭൌതിക ശാസ്ത്രജ്ഞനുമായ പര്‍വേസ്‌ ഹുഡ്‌ബോയ്‌ ഡോ. സലാമിന്‍റെ വേര്‍പാട്‌ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിന്‌ ശേഷം പറയുകയുണ്ടായി: 'വ്യാജ ശാസ്ത്രജ്ഞന്‍മാര്‍ നാടുനീളെ വിലസി നടക്കുന്നു. പക്ഷേ സലാമിനെ മാത്രം എവിടേയും കാണുന്നില്ല'

1954-ല്‍ പാക്കിസ്താനില്‍ അഹ്‌മദിയ്യാ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ ഡോ. അബ്ദുസ്സലാം രാജ്യം വിടുകയായിരുന്നു. യാദൃച്ഛികമെന്നു പറയട്ടെ, ആ സന്ദര്‍ഭ ത്തില്‍ അദ്ദേഹത്തിന്‌ കാംബ്രിഡ്ജില്‍ അദ്ധ്യാപകനായി ഉദ്യോഗം ലഭിക്കുകയും ചെയ്തു. ഇറ്റലിയിലെ ട്രീസ്റ്റില്‍ സൈദ്ധാന്തിക ഭൌതികത്തില്‍ (Theoretical Physics) ഒരു അന്താരാഷ്ട്രസ്ഥാപനം പടുത്തുര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. (ഈ സ്ഥാപനം പാകിസ്താനില്‍ സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്‌) ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്‌ (ICTP) എന്ന ഈ സ്ഥാപനം 1964ലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. 1994 വരെ അദ്ദേഹമായിരുന്നു അതിന്‍റെ ഡയറക്ടര്‍. വികസ്വര രാജ്യങ്ങളില്‍ വിദ്യാഭ്യാസം നല്‍കുവാന്‍ ICTP തീരുമാനിക്കുകയുണ്ടായി. 1997-ല്‍ അദ്ദേഹം ദിവംഗതനായപ്പോള്‍ ഡോ. അബ്ദുസ്സലാമിന്‍റെ നാമം ആ സ്ഥാപനത്തിന്‌ നല്‍കുകയുണ്ടായി.

ICTP യിലൂടെ പാകിസ്താനിലെ വളരുന്ന യുവ ശാസ്ത്രജ്ഞന്‍മാരുടെ അടുക്കലേക്ക്‌ ഡോ. സലാം എത്തുകയുണ്ടായി. അദ്ദേഹത്തിന്‌ ലഭിച്ച നോബേല്‍ സമ്മാന തുക മുഴുവന്‍ പാകിസ്താനിലെ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി അദ്ദേഹം നീക്കിവെച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രത്യേകിച്ചും ശാസ്ത്ര രംഗത്ത്‌ വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ ധനനിക്ഷേപം നടത്തണമെന്ന്‌ ശക്തമായി വിശ്വസിച്ചിരുന്ന ആളായിരുന്നു സലാം. അദ്ദേഹമാണ്‌ തേര്‍ഡ്‌ വേള്‍ഡ്‌ അക്കാദമി ഓഫ്‌ സയന്‍സും സ്ഥാപിച്ചത്‌.

ആദ്യകാലങ്ങളില്‍ അദ്ദേഹം പല വിധേനയും പാക്കിസ്താനുമായുള്ള സഹകരണം തുടരുകയുണ്ടായി. പാകിസ്താനിലെ ആറ്റോമിക്‌ എനര്‍ജി കമ്മീഷന്‍റെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ അദ്ദേഹം സഹായിച്ചിരുന്നു. കമ്മീഷനിലെ ഒരു അംഗമായും സയന്‍സ്‌ കമ്മീഷന്‍ ഓഫ്‌ പാകിസ്താന്‍റെ ഒരംഗമായും പാകിസ്താന്‍ പ്രസിഡണ്ടിന്‍റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പക്ഷേ 1974-ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ പ്രധാനമന്ത്രിയായ അവസരത്തില്‍ പാകിസ്താന്‍ ദേശീയ അസംബ്ളി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ അഹ്‌മദികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ആ സ്ഥാനങ്ങളെല്ലാം രാജിവെച്ചൊഴിഞ്ഞു. 19)-o നൂറ്റാണ്ടിലെ ഒരു മതനേതാവായിരുന്ന മീര്‍സാഗുലാം അഹ്‌മദിന്‍റെ അനുയായികളാണ്‌ അഹ്‌മദികള്‍. ഖാദിയാനികള്‍ എന്നും അവര്‍ അറിയപ്പെടുന്നു. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകനാണെന്ന്‌ വിശ്വാസം അഹ്‌മദികള്‍ നിരാകരിക്കുന്നതിനാല്‍ അഹ്‌മദികള്‍ അമുസ്‌ലിംകളാണ്‌ എന്നാണ്‌ യാഥാസ്ഥിതിക മുസ്‌ലിംകള്‍ പറയുന്നത്‌. അഹ്‌മദികളെ പാകിസ്താനില്‍ പള്ളികളില്‍ പ്രവശിക്കാനനുവദിക്കില്ല. അവര്‍ക്ക്‌ സ്വയം മുസ്ളിമാണെന്ന്‌ പറയാനും പാടില്ല. പാകിസ്താനിലെ മതനിന്ദാനിയമം അഹ്‌മദിയാ സമൂഹത്തിന്‍റെ മേല്‍ തൂങ്ങിനില്‍ക്കുന്നു. അഹ്‌മദികള്‍ക്ക്‌ മുകളില്‍ മാത്രമല്ല ഡമോക്ളസിന്‍റെ വാള്‍ പോലെ മതനിന്ദാ നിയമം എല്ലാ ന്യൂനപക്ഷങ്ങള്‍ക്ക്‌ മേലെയും തൂങ്ങി നില്‍ക്കുന്നു.

പക്ഷേ, ഡോ. സലാം സ്വയം അദ്ദേഹം മുസ്‌ലിമാണെന്ന്‌ വിശ്വസിച്ചു. ഭൌതികശാസ്ത്രജ്ഞനേക്കാളുപരി അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. Daily Times  വാഷിംഗ്ടണ്‍ ലേഖകനായ ഖാലിദ്‌ ഹസന്‍ ഓര്‍മ്മിക്കുന്നു: (ഹസന്‍ അക്കാലത്ത്‌ ഭൂട്ടോയുടെപ്രസ്‌ സെക്രട്ടറിയായിരുന്നു.) താങ്കള്‍ എന്തുകൊണ്ടാണ്‌ സ്ഥാനങ്ങള്‍ രാജിവെച്ചതെന്ന്‌ ഭൂട്ടോ ഡോ.സലാമിനോട്‌ ചോദിക്കുകയുണ്ടായി. സലാമിന്‍റെ മറുപടി: 'എന്‍റെ സമുദായെത്തെ മുഴുവന്‍ അമുസ്‌ലിമായി പ്രഖ്യപിച്ച ഒരിടത്ത്‌ തുടരാന്‍ എനിക്ക്‌ സാധ്യമല്ല’ എന്നായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം, അതെല്ലാം രാഷ്ട്രീയമാണ്‌, എനിക്ക്‌ സമയം തരിക. ഞാനത്‌ മാറ്റുന്നതാണ്‌. എന്നെ വിശ്വസിക്കൂ' ഡോ. സലാമിന്‍റെ മറുപടി. 'അതെ, ശരി തന്നെ സുല്‍ഫി, താങ്കള്‍ പറഞ്ഞ കാര്യം ഒരു കടലാസില്‍ എഴുതി തരിക. നമ്മുക്കിടയില്‍ ആ ലിഖിതം എന്നെന്നേക്കും എപ്പോഴും ഉണ്ടായിരിക്കും' ഹസ്സന്‍ എഴുതുന്നു. ഭൂട്ടോയുടെ മറുപടി വളരെ ക്ളാസിക്കലായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം എനിക്ക്‌ അത്‌ സാധ്യമല്ല. അതായത്‌ ഞാനൊരു രാഷ്ട്രീയക്കാരനാണ്‌!'

ശാസ്ത്രത്തിനോടുള്ള ഇസ്‌ലാമിക ലോകത്തിന്‍റെ മുന്‍വിധിക്കെതിരെയുള്ള സമരവും ശാസ്ത്രവി ദ്യാഭ്യാസത്തില്‍ മുസ്‌ലിം രാജ്യങ്ങളെക്കൊണ്ട്‌ നിക്ഷേപം നടത്തിക്കലുമായിരുന്നു ഡോ. സലാമിന്‍റെ ജീവിതദൌത്യം. മുസ്‌ലിം രാജ്യങ്ങള്‍ ധനനിക്ഷേപം നടത്തികൊണ്ടുള്ള ഒരു ‘ഇസ്‌ലാമിക സയന്‍സ്‌ ഫൌണ്ടേഷന്‍' രൂപീകരിക്കാന്‍ പോലും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഹസ്സന്‍ എഴുതുകയാണ്‌: “അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം എല്ലാ മുസ്‌ലിം രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പോയി അവരുടെ മൊത്തം ദേശീയോല്‍പാദനത്തിന്‍റെ (GNP) ഒരു ശതമാനം രാജ്യത്തെ ശാസ്ത്ര വിദ്യാഭ്യാസത്തിന്‌ വേണ്ടി നീക്കിവെക്കുക എന്ന്‌ അഭ്യര്‍ത്ഥിച്ചു. ആരും അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. ലിബിയ ഒഴികെ. ഉടന്‍ അദ്ദേഹം കേണേല്‍ ഗദ്ദാഫിയെ കാണാന്‍ ലിബിയയിലേക്ക്‌തിരിച്ചു. ഗദ്ദാഫി അദ്ദേഹത്തോടു ചോദിച്ചു: 'താങ്കള്‍ എനിക്കൊരു ന്യൂക്ളിയര്‍ ബോംബ്‌ ഉണ്ടാക്കിത്തരാമോ? എങ്കില്‍ ഞാന്‍ ഫണ്ടിലേക്ക്‌ സംഭാവന തരാം'. 'ഞാന്‍ അത്തരത്തില്‍പ്പെട്ട ശാസ്ത്രജ്ഞനല്ല' എന്ന്‌ സലാമും മറുപടി പറഞ്ഞു. ഗദ്ദാഫിക്ക്‌ ഉടന്‍ തന്നെ അദ്ദേഹത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടു.

നൊബേല്‍ സമ്മാനം ലഭിച്ച ശേഷം ഡോ. സലാം തന്‍റെ ജന്‍മനാട്‌ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ ഇസ്ളാമിക പരാമര്‍ശങ്ങളെല്ലാം നീക്കിക്കളയുകയുണ്ടായി. ഇന്ത്യയില്‍ അദ്ദേഹം കുട്ടിക്കാലം പഠിച്ച സ്കൂളിലെ അദ്ധ്യാപകനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കപ്പെട്ടത്‌.

കഴിഞ്ഞ വാരത്തിലാദ്യം Daily Times എഴുതി: എ. ക്യു ഖാനെ വലുതാക്കിക്കൊണ്ട്‌ പാക്കിസ്താന്‍റെ എക്കാലത്തേയും ഏറ്റവും മഹാനായ ശാസ്ത്രജ്ഞനോട്‌ കാണിച്ച അവഗണനയില്‍ നമുക്ക്‌ കുറ്റബോധമുണ്ടാവേണ്ടതുണ്ട്‌. തന്‍റെ വ്യക്തിപരമായ നേട്ടത്തിന്‌ വേണ്ടി ന്യൂക്ളിയര്‍ ടെക്‌നോളജി വില്‍പന നടത്തി പാകിസ്താന്‌ അപകീര്‍ത്തിയും 'തെമ്മാടി രാജ്യം' എന്ന ദുഷ്പേരും സമ്പാദിച്ച ആളാണ്‌ എ. ക്യു. ഖാന്‍.

തിരുത്തല്‍ നടപടികള്‍

പാകിസ്താന്‍ പ്രാഥമികമായി ചില തിരുത്തല്‍ നടപടികള്‍ എടുക്കുകയുണ്ടായി. പാകിസ്താനിലെ ശാസ്ത്രജ്ഞരെ സ്മരിക്കുന്ന കൂട്ടത്തില്‍ ഡോ. സലാമിന്‍റെ സ്മരണക്കായി അദ്ദേഹത്തിന്‍റെ പേരിലും ഒരുസ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി. ഡോ. സലാം പൂര്‍വ്വകാല വിദ്യാഭ്യാസം നിര്‍വ്വഹിച്ച ലാഹോറിലെ ഗവണ്‍ മെന്‍റ്‌ കോളേജിന്‍റെ (ഇപ്പോള്‍ അതൊരു യൂണിവേഴ്സിറ്റിയാണ്‌) ഒരു ഡിപാര്‍ട്ട്‌ മെന്‍റിന് അദ്ദേഹത്തിന്‍റെ പേരു നല്‍കിയിട്ടുണ്ട്‌.

പാകിസ്താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഫര്‍ഹത്തുല്ലാഹ്‌ ബാബര്‍ 'The News' പത്ര ത്തില്‍ എഴുതിയ ലേഖനത്തില്‍ ഒരുസംഭവം ഓര്‍ക്കുന്നു: 1996 ജനുവരിയില്‍ ഡോ. സലാമിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്‍റെ 70-ാം ജന്‍മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം ഒരു പരിപാടി ഇസ്‌ലാമാബാദില്‍ സംഘടിപ്പിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം മരണാസന്നമായ രോഗാതുരനായിരുന്നു. അപ്പോള്‍ ആ പരിപാടിക്കെതിരെ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്‌ തുല്യമാണിതെന്ന്‌ പറഞ്ഞ്‌ തടസ്സവാദമുന്നയിക്കപ്പെട്ടു. ബാബര്‍ എഴുതുന്നു: “ഈ തടസ്സ വാദത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ബേനസീര്‍ ഭൂട്ടോവിന്‍റെ മുന്നിലെത്തിയപ്പോള്‍ അവര്‍ അതില്‍ 'അസംബന്ധം' (Rubbish) എന്നെഴുതി ആ ന്യൂസ്‌ ക്ളിപ്പിംങ്ങ്‌ അടങ്ങിയ ഫയല്‍ തിരിച്ചയക്കുകയുണ്ടായി. ആ പരിപാടി നടക്കുകയും ചെയ്തു. ഡോ. സലാമിന്‍റെ ജന്‍മദിനത്തില്‍ അദ്ദേഹം പാകിസ്താനിലെ ശാസ്ത്രത്തിന്‌ ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധ്യമല്ല എന്ന്‌ അനുസ്മരിച്ചുകൊണ്ട്‌ ബേനസീര്‍ ഡോ. സലാമിന്‌ കത്തെഴുതി എന്നും ഫര്‍ഹത്തുല്ലാഹ്‌ എഴുതുന്നു. പക്ഷേ, ഡോ. ഹുഡ്ബോയ്‌ 1988-ലെ മറ്റൊരു സംഭവം അനുസ്മരിക്കുന്നു. ശ്രീമതി ബേനസീര്‍ ഭൂട്ടോ ആദ്യത്തെ തവണ പ്രധാനമന്ത്രിയായപ്പോള്‍ അവരെ കാണാന്‍ വേണ്ടി രണ്ട്‌ ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ സലാം കാത്ത്‌ കെട്ടി കിടന്നസംഭവമാണത്. ഹുഡ്ബോയ്‌ എഴുതുന്നു: പെട്ടെന്ന്‌ ഹോട്ടല്‍ മുറിയിലെ ഫോണ്‍ ശബ്ദിച്ചു. സലാമിന്‍റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. പിന്നീട്‌ അദ്ദേഹത്തിന്‍റെ മുഖം വാടുന്നതും ഞാന്‍കണ്ടു. കൂടിക്കാഴ്ചക്കുള്ള സലാമിന്‍റെ അഭ്യര്‍ഥന നിരസിച്ചുകൊണ്ടുള്ള ബീബി (ബേനസീറിന്‍റെ) യുടെ സെക്രട്ടറിയുടെ ഫോണ്‍ കോളായിരുന്നു അത്‌.


'ഡോ. സലാമിനെ ആദരിക്കാന്‍ വെറുമൊരു അനുസ്മരണം മാത്രം പോര എന്ന വ്യാപകമായ വികാരം പാകിസ്താനിലുണ്ട്‌. രാജ്യത്തിന്‍റെ ഇപ്പോഴത്തെ സംവിധാനത്തില്‍ വമ്പിച്ച കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന, കലാപകലുഷിതവും വിഭാഗീയതയും നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോ. സലാമിന്‍റെ സ്മരണ സമുചിതം ആഘോഷിക്കേണ്ടത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിട്ടും ആരും തന്നെ രണ്ടാം ഭരണഘടന ഭേദഗതി എടുത്തുകളയാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ‘Daily Times’ ന്‍റെ എഡിറ്റോറിയലില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഡോ. സലാമിനെ സ്മരിക്കുന്ന അദ്ദേ ഹത്തിന്‍റെ ഈ 10-)o ചരമ വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതുമായ ഒരു പ്രായശ്ചിത്തം നമുക്ക്‌ ചെയ്തുകൂടേ?'

ശുഭാപ്തിവിശ്വാസത്തിന്‌ കുറഞ്ഞ സാധ്യതയേയുള്ളൂ. ഈ ആശയത്തെ കുറഞ്ഞ പേരൊഴികെ, പാകിസ്താനിലെ ശാസ്ത്രസമൂഹംപോലും പിന്തുണക്കില്ല. കഴിഞ്ഞയാഴ്ച ഇസ്‌ലാമബാദിലെ ഖായിദെ അഅ്സം യൂണിവേഴ്സിറ്റിയിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ സയന്‍സില്‍ ഡോ. ഹുഡ്ബോയ്‌ ഡോ. സലാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണത്തില്‍ എന്തുകൊണ്ട്‌ പാകിസ്താനിലെ റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സലാമിന്‍റെ പേരിടുന്നില്ല. എന്നദ്ദേഹം ചോദിച്ചു. റിവേഴ്സ്‌ എന്‍ജിനിയറിംങ്ങില്‍ വിദഗ്ധനായ ഒരു പ്രഗത്ഭ ശാസ്ത്രജ്ഞന്‍ അപ്പോള്‍ വേദിയിലുണ്ടായിരുന്നു. ഇത്‌ കേട്ടപ്പോള്‍ അയാള്‍ അവിടെ നിന്നു പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. പിന്നീട്‌ ഹുഡ്ബോയ്‌യോട്‌ ചോദിച്ചു. 'ഡോ. സലാം പാകിസ്താനുവേണ്ടി എന്താണ്‌ ചെയ്തത്‌?' ഡോ. ഹുഡ്ബോയ്‌ പറയുന്നു. 'അത്‌ പാകിസ്താനെ ബാധിച്ച അഗാധമായൊരു പ്രശ്നവുമായി ബന്ധപ്പെട്ടതാണ്‌. 1974നു മുമ്പത്തെ കാലഘട്ടത്തിലേക്ക്‌ നാം പോയാലല്ലാതെ ആ പ്രശ്നം വിട്ടുപോകില്ല.' അങ്ങനെയാവുമ്പോള്‍ 1979ലെ ‘ഹുദൂദ്‌’ നിയമം എപ്പോഴെങ്കിലും മാറുമെന്ന്‌ ആര്‍ക്കെങ്കിലും സങ്കല്‍പിക്കുവാന്‍ സാധിക്കുമോ?

1 comment:

Salim PM said...

ഉടന്‍ അദ്ദേഹം കേണേല്‍ ഗദ്ദാഫിയെ കാണാന്‍ ലിബിയയിലേക്ക്‌തിരിച്ചു. ഗദ്ദാഫി അദ്ദേഹത്തോടു ചോദിച്ചു: 'താങ്കള്‍ എനിക്കൊരു ന്യൂക്ളിയര്‍ ബോംബ്‌ ഉണ്ടാക്കിത്തരാമോ? എങ്കില്‍ ഞാന്‍ ഫണ്ടിലേക്ക്‌ സംഭാവന തരാം'. 'ഞാന്‍ അത്തരത്തില്‍പ്പെട്ട ശാസ്ത്രജ്ഞനല്ല' എന്ന്‌ സലാമും മറുപടി പറഞ്ഞു. ഗദ്ദാഫിക്ക്‌ ഉടന്‍ തന്നെ അദ്ദേഹത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടു.