Thursday, June 3, 2010

മൗദൂദിയുടെ സങ്കല്പ്പത്തിലെ ഇന്ത്യന്‍ മുസ്‌ലിം

1953 - ല്‍ പാക്കിസ്താനിലെ പഞ്ചാബ് സംസ്ഥാനത്ത് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ അഹ്‌മദി മുസ്‌ലിംകള്‍ക്കെതിരെ രക്തരൂക്ഷിതമായ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. ഈ ലഹളയെ ക്കുറിച്ച് അന്വേഷിക്കാന്‍ 1954 -ല്‍ പഞ്ചാബ് സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് മുനീറിന്‍റെ നേതൃത്വത്തില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രസ്തുത കമ്മീഷന്‍ റിപ്പോറ്ട്ട് 'മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്' എന്ന പേരില്‍ പ്രസിദ്ധമാണ്. ജമാഅത്തെ ഇസ്‌ലാമി നേതാവ് അബുല്‍ അ‌അ്‌ലാ മൗദൂദിയുടെ യഥാര്‍ഥ മുഖം വെളിവാക്കുന്ന പല പ്രസ്താവനകളും ആ തിരുമുഖത്തു നിന്നു തന്നെ നേരിട്ട് കേള്‍ക്കാന്‍ ആ റിപ്പോര്‍ട്ട് ഇടയാക്കി. ഇതാ ചില സാമ്പിളുകള്‍:

ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക ഗവണ്മെന്‍റെ പാക്കിസ്താനിലുണ്ടാവുകയാണെങ്കില്‍ അതേപ്രകാരം താങ്കള്‍ ഹിന്ദുക്കള്‍ക്ക് അവരുടെ മതമനുസരിച്ചുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ അനുവദിക്കുമോ?

മൗദൂദി: തീര്‍ച്ചയായും. അത്തരത്തിലുള്ള ഒരു ഗവണ്‍‌മെന്‍റിനു കീഴില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മ്‌ളേച്ഛന്മാരായും ശുദ്രന്മാരായും കണക്കാക്കിയാലും അവരുടെ ഗവണ്‍‌മെന്‍റിലുള്ള പങ്കും, പൗരന്മാര്‍ എന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടാലും എനിക്കതില്‍ യാതൊരു ആക്ഷേപവുമില്ല. വാസ്തവത്തില്‍ അത്തരം ഒരവസ്ഥ് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 228)

മനുവിന്‍റെ നിയമമനുസരിച്ച് ഇന്ത്യാ രാജ്യം ഭരിക്കാമെന്നും മുസ്‌ലിംകളെ ശൂദ്രന്മാരായും മ്‌ളേച്ഛന്മാരായും കൈകാര്യം ചെയ്യാമന്നും വസിയ്യത്ത് ചെയ്ത് ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ വാദികള്‍ക്ക് ഏല്പ്പിച്ചു കൊടുത്ത മൗദൂദിസാഹിബിന്‍റെ പാര്‍ട്ടിക്കാര്‍ ബി.ജെ.പി.ക്കും വിശ്വഹിന്ദു പരിഷത്തിനും എതിരില്‍ വാതോരാതെ പ്രസംഗിക്കുന്നതും പേനയുന്തുന്നതും ഏത് തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഇന്ത്യന്‍ ദേശീയ ധാരയില്‍ അലിഞ്ഞുചേരാന്‍ വെമ്പല്‍ കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നേതാവിന്‍റെ മറ്റൊരു പ്രസ്താവന കൂടി കേള്‍ക്കുക:

ചോദ്യം: ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കടമയെന്താണ്?

മൗദൂദി: അവരുടെ കടമ വ്യക്തമാണ്. അവര്‍ പാക്കിസ്താനെതിരില്‍ യുദ്ധം ചെയ്യരുത്. പാക്കിസ്താന്‍റെ സുരക്ഷയെ അപകടപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 220)

'ഹുബ്ബുല്‍ വത്വനി മിനല്‍ ഈമാന്‍' - സ്വരാജ്യ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ്- എന്നു പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു, ഈ മൗലാനയുടെ അദ്ധ്യാപനം എവിടെ കിടക്കുന്നു!

2 comments:

ഉപാസന || Upasana said...

കേട്ടിട്ടുണ്ട് കല്‍ക്കി
:-)

Unknown said...

മുനീർ കമ്മീഷൻ റിപ്പോർട്ടിൽ തൻ്റേതെന്ന് പറയപ്പെടുന്ന അഭിപ്രായങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മൗദൂദി തന്നെ പറഞ്ഞിട്ടുണ്ട്