Tuesday, June 28, 2011
Saturday, June 4, 2011
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മുശ്‌രിക്കുകള്‍??
"ഉലൂഹിയ്യത്തിനെക്കുറിച്ച മൗദൂദി സാഹിബിന്റെ മൗലിക കാഴ്‌ചപ്പാട് നിലനിര്‍ത്തിക്കൊണ്ട് ജമാഅത്തിന് രാഷ്‌ട്രീയ പ്രവേശനം അസാധ്യമാണ്. ഹാകിമിയ്യത്ത് അഥവാ നിയമം നിര്‍മിക്കാനുള്ള പരമമായ അധികാരം (സുപ്രീം സോവറേനിറ്റി) ദൈവത്തില്‍ നിക്ഷിപ്‌തമായിരിക്കെ, ആ അധികാരം പരമമായി പാര്‍ലമെന്റിനോ രാജാവിനോ വിട്ടുകൊടുക്കല്‍ ദൈവത്തിന്റെ സ്വിഫത്തില്‍ പങ്കുചേര്‍ക്കലും അതുകൊണ്ടു തന്നെ ശിര്‍ക്കുമാണ് എന്നാണ് മൗദൂദിയന്‍ കാഴ്‌ചപ്പാട്.
ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത് സംബന്ധിച്ച് ചോദ്യമുയര്‍ന്നു. ഹല്‍ഖ അമീര്‍ ആരിഫലി മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞു. അസി. അമീര്‍ ശൈഖ് മുഹമ്മദാവട്ടെ, ഒരു തറവേലയിലൂടെ പ്രശ്‌നം തരണംചെയ്യാന്‍ ബുദ്ധിപരമായി ഒട്ടും സത്യസന്ധമല്ലാത്ത മാര്‍ഗം സ്വീകരിച്ചു. മൗദൂദി സാഹിബ് മുമ്പു തന്നെ കര്‍മശാസ്‌ത്രത്തിന്റെയും (ഫിഖ്‌ഹ്) ഇല്‍മുല്‍കലാമിന്റെയും കാര്യത്തില്‍ തനിക്ക് സ്വകീയമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അത് അനുധാവനം ചെയ്യല്‍ ബാക്കി അംഗങ്ങള്‍ക്ക് ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കിയിരുന്നു. ശൈഖ് മുഹമ്മദ് ആളുകളെ വിഡ്‌ഢികളാക്കിക്കൊണ്ട് കര്‍മശാസ്‌ത്രത്തിലെ മൗദൂദിയുടെ ഈ വേറിട്ട നിലപാടിനെ രാഷ്‌ട്രീയത്തിന് ബാധകമാക്കി. നഊദു ബില്ലാഹ്!
ഹുകൂമിയ്യത്തിന്റെ കാര്യത്തില്‍ മൗദുദിയന്‍ കാഴ്‌ചപ്പാടല്ല തങ്ങള്‍ക്കുള്ളതെന്ന് തുറന്നുപറയാന്‍ ജമാഅത്ത് സന്നദ്ധമാകുന്നതോടെ തീരും ജമാഅത്തിന്റെ കഥ. അന്നുതൊട്ട് ജമാഅത്തെ ഇസ്‌ലാമി പടന്ന മുസ്‌ലിം ജമാഅത്തോ, ബോംബെമുസ്‌ലിം ജമാഅത്തോ പോലുള്ള ഒരു മയ്യിത്ത് കുളിപ്പിക്കല്‍ ജമാഅത്തായി മാറും. മൗദൂദി സാഹിബ് മഹാനായ ദാര്‍ശനികനും കാലഘട്ടത്തിലെ ഇസ്‌ലാമിക ചിന്തകരില്‍ മുന്‍നിരക്കാരനുമാണ്. എന്നാല്‍, ജനാധിപത്യത്തെ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ പോന്ന ഒരു മാര്‍ഗമായി സ്വീകരിക്കുന്നതിനു പകരം, അതിനെ സ്വയം ഒരു ലക്ഷ്യമായി കരുതി ക്രൂശിക്കുകയാണ് അദ്ദേഹം ചെയ്‌തത്. അതുതന്നെയാണ് മതേതരത്വത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട്. ദാര്‍ശനികമായ കാഴ്‌ചപ്പാടില്‍ ഇതില്‍ ശരിയുണ്ടാകാം. പക്ഷേ, പ്രായോഗിക രാഷ്‌ട്രീയത്തില്‍ അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. പ്ലാറ്റോ റിപ്പബ്ലിക്ക എഴുതിയപ്പോള്‍ ബുദ്ധിജീവികളെ മുഴുവന്‍ പിടിച്ച് കൂട്ടിലിടണമെന്ന് എഴുതിയിരുന്നു. അത് പ്രയോഗവത്‌കരിക്കപ്പെടുകയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മൗദൂദിയന്‍ ചിന്താഗതിയില്‍ മൗലികമായ മാറ്റം ആവശ്യമാണ്. പക്ഷേ, ആരിഫലി, ശൈഖ് മുഹമ്മദ് തുടങ്ങിയ അറബി മുന്‍ഷിമാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതല്ല പ്രസ്‌തുത ജോലി. അവര്‍ ചോക്കെടുത്ത് കുട്ടികളെ അറയും ഉറിയും പഠിപ്പിക്കട്ടെ. മൗദൂദിയെ തിരുത്തുന്ന കാര്യം അവര്‍ സ്വയം ഏറ്റെടുക്കേണ്ട. തീപ്പെട്ടിക്കൊള്ളികൊണ്ട് അളക്കാന്‍ കഴിയുന്നതല്ല ഹിമാലയത്തിന്റെ ഉയരം."
-ഒ. അബ്‌ദുല്ല
'ശബാബി'ല്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ ലേഖനവും വായിക്കാന്‍ ഇവിടെ ക്ലിക്കുക.Thursday, May 19, 2011
Sunday, May 15, 2011
അല്ലെങ്കിലും കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്ന്യാ..
ജമാഅത്തെ ഇസ്‌ലാമി 'ബിഗ് സീറോ'
മലപ്പുറം: ജമാ അത്തെ ഇസ്nലാമി 'ബിഗ് സീറോ' ആണെന്നു സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍. ഇതു പഞ്ചായത്ത് ഇലക്ഷനില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.
എല്‍ഡിഎഫിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉപദ്രവമായി. കടുത്ത മൌലികവാദികളുടെ സംഘടനയാണത്. സിപിഎമ്മിനു പരമ്പരാഗത വോട്ടുകള്‍ നഷ്ടമായെന്നും ഉമ്മര്‍ വിശദീകരിച്ചു.
അല്ലെങ്കിലും ഈ കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ തന്നെയാ. ചരിത്രപരമായ വങ്കത്തരങ്ങള്‍ വര്‍ത്തിച്ചുകൊണ്ടെയിരിക്കും; ബുദ്ധി വൈകിയേ ഉദിക്കൂ; പറഞ്ഞിട്ടു കാര്യമില്ല.
Wednesday, May 4, 2011
ഉസാമ മരണത്തിന്റെപാതകള്‍
എം.എന്‍. കാരശ്ശേരി
അറബികളുടെയോ ഇസ്‌ലാംമത വിശ്വാസികളുടെയോ എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉസാമയ്ക്ക് സാധിച്ചിട്ടില്ല. ആശയ പ്രചാരണത്തിനും ജനാധിപത്യവത്കരണത്തിനും വേണ്ടി ആ മനുഷ്യന്‍ പ്രയത്‌നിച്ചിരുന്നെങ്കില്‍ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തിനും അമേരിക്കക്കാരുടെ സാമ്പത്തിക ചൂഷണത്തിനും എതിരായി എത്രയോ വലിയ കാര്യങ്ങള്‍ അറബ് നാടുകളില്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു
ഉസാമ എന്ന അറബിപദത്തിന് 'മോഹിപ്പിക്കുന്നവന്‍' എന്നാണര്‍ഥം. ആ മനുഷ്യന്‍ 54-ാമത്തെ വയസ്സിലും സുന്ദരനായിരുന്നു. ആ നീണ്ട നാസിക ആരുടെയും കണ്ണില്‍പ്പെടും. ആ മുഖത്ത് സ്ഥായീഭാവമായിക്കണ്ട ശാന്തി ഭീകരന്മാരെപ്പറ്റിയുള്ള എല്ലാ സങ്കല്പങ്ങളെയും അട്ടിമറിച്ചു. ആ കണ്ണുകള്‍ കാരുണ്യത്തിന്റെ നനവുപടര്‍ന്നവയാണ് എന്നു തോന്നിച്ചു. അറേബ്യന്‍ കോടീശ്വരന്‍ അഫ്ഗാനിസ്താനിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ലളിതമായ പാരമ്പര്യവസ്ത്രവും ലഘുവായ ഭക്ഷണവും കഴിച്ച് കഴിഞ്ഞുപോരുന്ന ദൃശ്യങ്ങള്‍ ഒരു ത്യാഗമൂര്‍ത്തിയുടെ ചിത്രം വരഞ്ഞു. രോമപ്പുതപ്പും തോളിലിട്ട്, വടി കുത്തിപ്പിടിച്ച് ചിന്താമഗ്‌നനായി നടന്നുനീങ്ങുന്ന ആ താപസ്വരൂപത്തിനകത്ത് ഇത്രയധികം ഹിംസ കുടിപാര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ആളുകള്‍ വിഷമിച്ചു. പ്രസ്താവനകളിലും പ്രതികരണങ്ങളിലും സന്ദേശങ്ങളിലും കണ്ട കടുപ്പം അവ ഈ മനുഷ്യനില്‍നിന്ന് വരുന്നതുതന്നെയോ എന്ന് ആളുകളെ ബേജാറാക്കി. രൂപവും ഭാവവും തമ്മിലുള്ള വൈരുധ്യത്തിന് ഈ അടുത്തകാലത്ത് കണ്ടുകിട്ടാവുന്ന മികച്ച ഉദാഹരണം 'അല്‍ ഖ്വെയ്ദ'യുടെ തലവനാണ്.
സൗദി അറേബ്യയിലെ റിയാദില്‍ അതിസമ്പന്നനായ കരാറുകാരന്‍ മുഹമ്മദ് അവ്വാദ് ഇബ്‌നു ലാദന്റെ 50 മക്കളില്‍ 17-ാമനായി 1957-ല്‍ ഉസാമ ജനിച്ചു. കരാറുപണികളിലെ മിടുക്കുകൊണ്ടും വാരിക്കൂട്ടിയ വന്‍ലാഭംകൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്ന ലാദന്‍കുടുംബം രാജകുടുംബത്തിന്റെ പ്രീതിയാര്‍ജിച്ചു. ഉസാമ പഠിച്ചത് ജിദ്ദയിലാണ്. 1979- ല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ, 1973 മുതല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്: 1928) എന്ന മതമൗലികവാദസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1979 ഡിസംബറില്‍ സോവിയറ്റ് റഷ്യ അഫ്ഗാനിസ്താനില്‍ നടത്തിയ അധിനിവേശമാണ് ഉസാമയെ ശരിക്കും പോരാളിയാക്കി മാറ്റുന്നത്. ചെറുത്തുനില്‍ക്കുന്ന അഫ്ഗാനികള്‍ക്ക് പണം അയച്ചുകൊടുത്ത അദ്ദേഹം രണ്ടാഴ്ചയ്ക്കകം ആയുധമേന്താന്‍ നേരിട്ട് അഫ്ഗാനിസ്താനിലെത്തി. ഈ കമ്യൂണിസ്റ്റ്‌വിരുദ്ധ പോരാട്ടത്തെ എല്ലാ നിലയ്ക്കും അമേരിക്ക സഹായിച്ചു. സാമന്തരാജ്യംപോലെ സേവിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാജ്യം ഉണ്ടാവുന്നത് അമേരിക്കയ്ക്ക് ദഹിച്ചില്ല.
പോരാളികള്‍ക്കും അഭയാര്‍ഥികള്‍ക്കും പണവും ഭക്ഷണവും മരുന്നും നല്‍കുന്ന 'താവള'ങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാനി ഉസാമയായിരുന്നു. അദ്ദേഹത്തിന്റെ അത്തരം കേന്ദ്രങ്ങളെ അക്കാലത്ത് 'അല്‍ ഖ്വെയ്ദ' (താവളം, ആസ്ഥാനം, അടിത്തറ) എന്നു വിളിച്ചുപോന്നു. ആ വാക്കാണ് പിന്നീട് സംഘടനയ്ക്ക് പേരായിത്തീര്‍ന്നത്.മതപാഠശാലകളില്‍ 'വിശുദ്ധപോരാളികളെ' (മുജാഹിദ്) സൃഷ്ടിച്ച് റഷ്യയെ തുരത്തുന്ന പണിയാണ് അമേരിക്കയെടുത്തത്. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥിസമൂഹം) ശക്തിപ്പെടുന്നത്. ഇസ്‌ലാമിസം ആയുധമേന്തി കമ്യൂണിസത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയനാടകമാണ് അരങ്ങേറിയത്. സമാനചിന്താഗതിക്കാരെ മറ്റു മുസ്‌ലിംനാടുകളില്‍നിന്ന് കൊണ്ടുവന്നത് അമേരിക്കയാണ്. അതിലെ മുന്‍നിരക്കാരില്‍ ഒരാളായിരുന്ന ഉസാമ പല നിലയ്ക്കും അമേരിക്കന്‍ ഉത്പന്നമാണ്. തെക്കന്‍ യെമനില്‍ 'വിശുദ്ധപോരാളി'കളുമായിച്ചേര്‍ന്നും അദ്ദേഹം കമ്യൂണിസത്തിനെതിരെ യുദ്ധം ചെയ്തു.
1989-ല്‍ അഫ്ഗാനിസ്താനില്‍നിന്ന് റഷ്യന്‍സൈന്യം പിന്‍വാങ്ങി. ഉസാമ നാട്ടിലേക്ക് മടങ്ങി. തെക്കന്‍ യെമനിലെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് അദ്ദേഹം നേടിയ ജനപ്രീതിയെപ്പറ്റി രാജകുടുംബം ശകലം ബേജാറിലായിരുന്നു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശ (1990) ത്തെത്തുടര്‍ന്നുണ്ടായ സദ്ദാംഭീഷണി നേരിടാന്‍ തന്റെ മുജാഹിദുകളെ ഇറക്കാം എന്ന് ലാദന്‍ പറഞ്ഞത് അവഗണിച്ച് സൗദി ഭരണകൂടം അമേരിക്കന്‍സൈന്യത്തെ കൊണ്ടുവന്നത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ പുണ്യഗേഹങ്ങളായ മക്കയും മദീനയും സ്ഥിതിചെയ്യുന്ന അറേബ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം, അവരുടെ സംസ്‌കാരത്തിന്റെ സ്വാധീനം, ലാദന് പൊറുക്കാവുന്നതിലധികമായിരുന്നു. ഒരേസമയം അമേരിക്കയുടെയും അറേബ്യയുടെയും എതിരാളിയായിത്തീര്‍ന്ന ലാദന്‍ പാകിസ്താനിലേക്ക് കടന്നു (1991). പാകിസ്താന്‍ ഭരണകൂടം സൗദിക്ക് തന്നെ പിടിച്ചുകൊടുത്തേക്കും എന്ന് തോന്നിയപ്പോള്‍ അഫ്ഗാനിസ്താനിലേക്ക് രക്ഷപ്പെട്ടു. അവിടെ അധികാരത്തിനുവേണ്ടി 'വിശുദ്ധപോരാളികള്‍' പരസ്പരം കഴുത്തറുക്കുന്നതുകണ്ട് മനസ്സുമടുത്ത ലാദന്‍ മാസങ്ങള്‍ക്കകം സുഡാനില്‍ ചെന്ന് കുടുംബവൃത്തിയായ നിര്‍മാണ കരാറുകളില്‍ ഏര്‍പ്പെട്ടു. യെമനിലും സൊമാലിയയിലും യു.എസ്. പട്ടാളക്കാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പിന്നില്‍ ലാദന്‍ ആണെന്ന് ആരോപണമുയര്‍ന്നു. സൗദി ഭരണകൂടം ലാദന്റെ പൗരത്വം റദ്ദാക്കി (1994). തുടര്‍ന്ന് അദ്ദേഹം കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദിലെത്തി. സൗദിയിലെ അമേരിക്കന്‍ സൈനികകേന്ദ്രത്തില്‍ ബോംബുപൊട്ടി 19 സൈനികര്‍ മരിച്ചപ്പോള്‍ ഉസാമയ്‌ക്കെതിരെ ആരോപണമുയര്‍ന്നു. പാശ്ചാത്യര്‍ക്കെതിരായ വലുതും ചെറുതുമായ എല്ലാ ഭീകരാക്രമണങ്ങളും 'അല്‍ഖെയ്ദ'യുടെ കണക്കില്‍ എഴുതപ്പെട്ടു.
ആ കണക്കുകള്‍ ശരിവെക്കുന്ന മട്ടില്‍ 1996- ല്‍ അദ്ദേഹം സ്വന്തം 'ജിഹാദി'ന്റെ ലക്ഷ്യം പ്രഖ്യാപിച്ചു -''അമേരിക്കന്‍ പട്ടാളക്കാരെ അറേബ്യയില്‍നിന്നു പുറത്താക്കുക, മുസ്‌ലിങ്ങളുടെ പുണ്യകേന്ദ്രങ്ങള്‍ മോചിപ്പിക്കുക, ഏതു നാട്ടിലുമുള്ള ഇസ്‌ലാമികവിപ്ലവകാരികള്‍ക്ക് സഹായം നല്‍കുക.'' ലാദന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഭീകരവാദത്തിന്റെ പ്രതീകമായിത്തീരുകയായിരുന്നു.ഈ കാലത്തൊക്കെയും അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. പല തവണ വധശ്രമങ്ങളില്‍നിന്ന് ലാദന്‍ രക്ഷപ്പെട്ടു.
2001 സപ്തംബര്‍ 11-ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രം തകര്‍ക്കപ്പെട്ടു; വാഷിങ്ടണിലെ സൈനിക ആസ്ഥാനമായ പെന്റഗണ്‍ ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. ഇതിനുപിന്നില്‍ അല്‍ഖ്വെയ്ദയാണ് എന്ന് വ്യക്തമായിരുന്നു. ഉസാമയെയും അദ്ദേഹത്തിന് ഒളിത്താവളമൊരുക്കിയ താലിബാന്‍ നേതൃത്വത്തെയും പിടികൂടുന്നതിനുവേണ്ടി അമേരിക്ക അഫ്ഗാനിസ്താനെ ആക്രമിച്ചു. മതഭീകരവാദികളായ താലിബാന്‍കാരുടെ അഫ്ഗാന്‍ഭരണം (1996-2001) അതോടെ അവസാനിച്ചു. അമേരിക്കന്‍ പിന്തുണയോടെ ഹമീദ് കര്‍സായി അധികാരത്തിലെത്തി.
കഴിഞ്ഞ പത്തുകൊല്ലമായി ഉസാമ ബിന്‍ലാദന്‍ ഒളിവിലായിരുന്നു. അമേരിക്കന്‍സൈന്യം ഇത്ര നീണ്ടകാലം മെനക്കെട്ട് തിരഞ്ഞിട്ടും ആ ഒളിത്താവളം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ താരമൂല്യം വര്‍ധിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ പാശ്ചാത്യലോകത്തെങ്ങും വളര്‍ന്ന അപ്രീതിയില്‍ പ്രധാനം ഈ പരാജയമായിരുന്നു. ഉസാമാവധത്തിലൂടെ അമേരിക്കയുടെ 'അഭിമാനം' വീണ്ടെടുത്ത പ്രസിഡന്റ് ഒബാമ വീരനായകനായിരിക്കുന്നു.
ഉസാമ ബിന്‍ലാദന്‍ മതപണ്ഡിതനോ പരിഷ്‌കര്‍ത്താവോ പ്രസ്ഥാനനായകനോ ഒന്നുമല്ല; തീവ്രപ്രതികരണത്തിന്റെ പ്രതിരൂപം മാത്രമാണ്. അല്‍ഖ്വെയ്ദ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമല്ല; ഏതെങ്കിലും ആദര്‍ശം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുമല്ല. അതിലാകപ്പാടെ മുന്നൂറു പേരേയുള്ളൂ; കൊല്ലാനും മരിക്കാനും തയ്യാറുള്ളവര്‍.
പണവും ത്യാഗസന്നദ്ധതയും സാങ്കേതികവിദ്യയും ഉപയോഗിച്ച് അമേരിക്ക അടക്കമുള്ള പാശ്ചാത്യരെ ഒരു ദശകക്കാലം വിറപ്പിച്ചുനിര്‍ത്താന്‍ ഉസാമ പ്രാപ്തനായി. ലോകവ്യാപാരകേന്ദ്രം തകര്‍ക്കുമ്പോള്‍ മരിച്ചുവീഴുന്ന ആയിരങ്ങളെപ്പറ്റി അദ്ദേഹത്തിന് ആലോചന ചെല്ലുകയില്ല. അമേരിക്കന്‍ സൈന്യം എത്രയോ നിരപരാധികളെ കൊന്നുതള്ളിയിട്ടുണ്ട് എന്ന വാസ്തവം അമേരിക്കയിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ മതിയായ ന്യായമാണ് എന്നാണദ്ദേഹം വിശ്വസിച്ചത്. ഈ മട്ടില്‍ കാര്യങ്ങളെ നോക്കിക്കാണുന്ന വികാരജീവിയാണ് ഉസാമ.
അനീതി, അക്രമം മുതലായ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരമുണ്ടോ എന്ന് അദ്ദേഹം ആധികൊള്ളുന്നില്ല. അന്യായം എന്ന് താന്‍ തീര്‍ച്ചപ്പെടുത്തിയ എന്തിനെയും സ്വന്തം ചോര കൊണ്ടോ അന്യന്റെ ചോര കൊണ്ടോ കഴുകിക്കളയാം എന്നാണ് തീര്‍പ്പ്. ഒരു ലക്ഷ്യത്തിനുവേണ്ടി താന്‍ മരിക്കാന്‍ തയ്യാറാണ് എന്നത് തനിക്ക് അതിനുവേണ്ടി മറ്റുള്ളവരെ കൊല്ലാനുള്ള അധികാരം തരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു: ആ പാതകളൊന്നും ജീവിതത്തിന്റേതല്ല, മരണത്തിന്റേതാണ്.
ആശയചര്‍ച്ചകള്‍ ആ മനുഷ്യന്റെ വിഷയമല്ല. അവിടെ ആയുധങ്ങള്‍ സംസാരിക്കും. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രവര്‍ത്തനമേഖലകളില്‍ കൊലപാതകം ഉള്‍പ്പെടുന്നില്ല എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഇടയായില്ല. ഹിംസ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല എന്നും പരിഹാരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നേ ഉള്ളൂ എന്നും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന് ഉണ്ടായില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ - ഒരുപക്ഷേ, കേരളത്തിലും- വികാരജീവികളായ എത്രയോ ചെറുപ്പക്കാരെ അദ്ദേഹം ഉത്തേജിപ്പിച്ചിരിക്കണം. മരണത്തിന്റെയും കൊലയുടെയും വഴികളിലൂടെ ഇസ്‌ലാമിന്റെ മഹിമയോ, അറബികളുടെ സ്വാശ്രയത്വമോ വീണ്ടെടുക്കാനാവുകയില്ല എന്ന് ഉസാമ ബിന്‍ലാദന്റെ മരണം തെളിച്ചെഴുതുന്നുണ്ട്.
അറബികളുടെയോ ഇസ്‌ലാംമതവിശ്വാസികളുടെയോ എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉസാമയ്ക്ക് സാധിച്ചിട്ടില്ല. യുദ്ധം എന്തു നന്മയാണ് കൊണ്ടുവരിക? നീണ്ട 22 കൊല്ലക്കാലം, കഷ്ടനഷ്ടങ്ങളനുഭവിച്ചുകൊണ്ട് അദ്ദേഹം നടത്തിയ യാതനാപൂര്‍ണമായ പോരാട്ടം ഉത്പാദിപ്പിച്ചത് ഭീതി മാത്രമാണ്; രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള അകലം മാത്രമാണ്. ആശയ പ്രചാരണത്തിനും ജനാധിപത്യവത്കരണത്തിനും വേണ്ടി ആ മനുഷ്യന്‍ പ്രയത്‌നിച്ചിരുന്നെങ്കില്‍ പാശ്ചാത്യരുടെ സാംസ്‌കാരിക അധിനിവേശത്തിനും അമേരിക്കക്കാരുടെ സാമ്പത്തികചൂഷണത്തിനും എതിരായി എത്രയോ വലിയ കാര്യങ്ങള്‍ അറബ് നാടുകളില്‍ ചെയ്യുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
2010 ഡിസംബറില്‍ ടുണീഷ്യയില്‍ മുളപൊട്ടുകയും ഈജിപ്തിലേക്കും ലിബിയയിലേക്കും സിറിയയിലേക്കും ഒമാനിലേക്കും ബഹ്‌റൈനിലേക്കുമെല്ലാം പടര്‍ന്നെത്തുകയും ചെയ്യുന്ന പുതിയ ജനാധിപത്യത്തിന്റെ 'മുല്ലപ്പൂവിപ്ലവ'ത്തെപ്പറ്റി ഓര്‍ത്തുനോക്കുക. 23 കൊല്ലം നീണ്ട ഏകാധിപത്യത്തെ ടുണീഷ്യയിലും 30 കൊല്ലം നീണ്ട ഏകാധിപത്യത്തെ ഈജിപ്തിലും നിരായുധമായ ജനരോഷം കടപുഴക്കിയെറിഞ്ഞു. 42 കൊല്ലമായി ഏകാധിപത്യം വാഴ്ചകൊള്ളുന്ന ലിബിയയില്‍ ചെറുത്തുനില്പ്, നിര്‍ഭാഗ്യവശാല്‍, ആയുധമെടുത്തു. അവിടെ അത് പരാജയപ്പെടുന്നെങ്കില്‍ ഉത്തരവാദി ആയുധമായിരിക്കും. ചരിത്രത്തിലെ ഏറ്റവും കൊള്ളാവുന്ന ആയുധം ആശയമാണ്; ഏറ്റവും കൊള്ളരുതാത്ത ആശയം ആയുധവും.
സമാധാനത്തിന് നൊബേല്‍ സമ്മാനം നേടിയ രാഷ്ട്രീയനേതാവാണ് ബരാക് ഒബാമ! ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന ആള്‍. ബിന്‍ലാദനെ പിടികൂടുകയും കോടതി മുമ്പാകെ ഹാജരാക്കി വിസ്തരിക്കുകയും കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ അതായേനെ, സമാധാനത്തിനും ജനാധിപത്യത്തിനും നിരക്കുന്ന നീതി. സദ്ദാം ഹുസൈന്റെ കാര്യത്തില്‍ വേണമെന്ന് തോന്നിയ ആ 'നാടകം'പോലും ഉസാമയുടെ കാര്യത്തില്‍ ഉണ്ടായില്ല. ഒരു യുദ്ധം ജയിച്ച ആവേശത്തിലാണ് അമേരിക്ക. അടുത്ത നവംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പില്‍ ഒബാമ രണ്ടാമൂഴത്തിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പിക്കാവുന്ന സാഹചര്യം ഇപ്പോഴേ ഉണ്ടായിക്കഴിഞ്ഞു.
ഉസാമയുടെ മരണത്തോടെ മതഭീകരവാദം അവസാനിച്ചു എന്ന് വിചാരിക്കാമോ? ഭീകരവാദം എന്നത് വ്യക്തിയല്ല. മറിച്ച് പ്രതികാരദാഹമാണ്; ഹിംസാവാസനയാണ്; അവനവനെയും അന്യനെയും നശിപ്പിക്കുവാനുള്ള മനസ്സാണ്.
ഉസാമാവധത്തിലൂടെ അമേരിക്ക ഒരു രക്തസാക്ഷിയെ (ശഹീദ്) സൃഷ്ടിച്ചുവോ?
ശ്രീലങ്കയിലെ തമിഴ്ഭീകരവാദം പ്രഭാകരന്റെ മരണത്തോടെ തളര്‍ന്നുപോയി. ആ പ്രശ്‌നം തീര്‍ത്തും പ്രാദേശികമാണ്; ഭാഷാപരമാണ്. ലാദന്റെ സ്ഥിതി അതല്ല. അദ്ദേഹം ഒരു മതത്തിന്റെ പേരില്‍ സംസാരിച്ചു. ആ മതത്തിന്റെ അനുയായികള്‍ ലോകത്തെങ്ങുമുണ്ട്. നാളെയോ മറ്റന്നാളോ മറ്റൊരുപറ്റം ചെറുപ്പക്കാര്‍ക്ക് ആയുധമേന്താനുള്ള പ്രചോദനമായി ഈ രക്തസാക്ഷി മാറിക്കൂടെന്നില്ല. ലാദനെ അമേരിക്കയ്ക്ക് 'ഒറ്റിക്കൊടുത്തു' എന്ന പഴി കേള്‍ക്കാനിടയാവുന്ന പാകിസ്താനില്‍ ആ വകയില്‍ ലഹളകളൊന്നും ഉണ്ടാവുകയില്ലെന്ന് ആര്‍ക്കു പറയാം?
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ!
- മാതൃഭൂമി (04/05/2011)
Sunday, March 27, 2011
ഇതും ഇസ്‌ലാമിന്‍റെ പേരില്‍!
സമാധാനം, ശാന്തി എന്നെല്ലാം അര്‍ത്ഥമുള്ള ഇസ്‌ലാം മതത്തെ പ്രതിനിധാനം ചെയ്യുന്ന 'മുസ്‌ലിം'കള്‍ ഇന്ന് ലോകത്തിനു മുമ്പില്‍ കാഴ്ച്ചവെക്കുന്ന ഇസ്‌ലാമിന്‍റെ വികൃതവും നികൃഷടവുമായ രൂപത്തിന്‍റെ ഉദാഹരണമാണ് താഴെകാണുന്ന വീഡിയോ. അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ വിശ്വാസം സ്വീകരിച്ചു എന്ന ഒരേയൊരു കുറ്റത്തിന് മൂന്ന് അഹ്‌മദി യുവാക്കളെ അവരുടെ പള്ളിയില്‍ കയറി പൈശാചികമായ രീതിയില്‍ അടിച്ചു കൊല്ലുന്ന ഈ ദൃശ്യം ഏത് കഠിന ഹൃദയന്‍റെയും കരളലിയിക്കും.
ഇസ്‌ലാമിക അദ്ധ്യാപനങ്ങളെക്കുറിച്ച് വിവരമില്ലാത്താത്ത അവിവേകികളായ ജനങ്ങളുടെ അറിവുകേടായിക്കണ്ട് നിസ്സാരവല്ക്കരിക്കവുന്നതല്ല ഈ കൊടും ക്രൂരത. ആശയ സംവാദവും ചര്ച്ചയും നടത്തുന്നതില്‍നിന്നൊഴിഞ്ഞുമാറി, കാര്യബോധമില്ലാത്ത സാധാരണക്കാരില്‍ വിദ്വേഷം കുത്തിവെച്ച് ഇത്തരം ക്രൂരതകള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മത പണ്ഡിതന്മാര്‍ തന്നെയാണ്. ഒരു മഹാ പണ്ഡിതന്‍റെ ഫത്‌വ കാണുക:
ഇസ്‌ലാമിന്‍റെ പേരില്‍ ഇത്തരം കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരും കൊല്ലുന്നവരും ആദ്യം കൊലചെയ്യുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല!
Related Links
http://www.youtube.com/watch?v=SrDpJ1y8rgQ
http://thecult.info/blog/2011/02/11/thoughts-on-the-ahmadi-killings-in-indonesia/
http://www.thepersecution.org/world/indonesia/11/02/jg09a.html
http://www.unhcr.org/refworld/country,,,,IDN,,4d590d5f2,0.html
Monday, March 7, 2011
എന്‍റെ അച്ഛന്‍ - My Dad
പണ്ടെങ്ങോ കിട്ടിയ ഒരു സാധനമാണിത്. പ്രസക്തി നഷ്ടപ്പെടാത്ത ഒന്നായതുകൊണ്ട് മലയാളീകരിച്ച് ഇവിടെ ഇടുന്നു.
വിവിധ പ്രായത്തില്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു: |
നാലു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ഒരു മഹാനാണ്! |
ആറു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന് എല്ലാകാര്യങ്ങളും അറിയാം. |
പത്തു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ നല്ല ആളൊക്കെതന്നെ, പക്ഷേ, പെട്ടെന്നു ദേഷ്യം വരും. ബാബുവിന്‍റെ അച്ഛനെക്കാളും വിവരമുണ്ട് എന്‍റെ അച്ഛന് |
പന്ത്രണ്ട് വയസ്സുള്ളപ്പോള്‍: ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്‍റെ അച്ഛന്‍ എന്നോട് എത്ര നല്ല നിലയിലായിരുന്നു പെരുമാറിയിരുന്നത്! |
പതിനാറ് വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ഇക്കാലത്തൊന്നുമല്ല ജീവിക്കുന്നത്; തുറന്നു പറയട്ടേ, പുള്ളിക്ക് ഒന്നും അറിയില്ലെന്നേയ്. |
പതിനെട്ടു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ അങ്ങേയറ്റം കിറുക്കനും മണ്ടനുമായിക്കൊണ്ടിരിക്കുകയാണ് കേട്ടോ. |
ഇരുപതു വയസ്സുള്ളപ്പോള്‍:ആച്ഛനെ സഹിക്കാന്‍ കഴിയുന്നില്ല കേട്ടോ. എങ്ങനെ അമ്മ ഇങ്ങേരുടെ കൂടെ ജീവിക്കുന്നു അവോ! |
ഇരുപത്തഞ്ച് വയസ്സുള്ളപ്പോള്‍: അച്ഛന്‍ എല്ലാ കാര്യത്തിനും തടസ്സം നില്‍ക്കുന്നു.... എനിക്കറിയില്ല എപ്പോഴാണ് ഇങ്ങേര്‍ക്ക് ലോകം മനസ്സികാകുക എന്ന്. |
മുപ്പത് വയസ്സുള്ളപ്പോള്‍: എന്‍റെ മോനെ വളര്‍ത്തല്‍ ഭയങ്കര പാടു തന്നെ. ഞാനൊക്കെ ചെറുപ്പമായിരുന്നപ്പോള്‍ അച്ഛനെ എന്തു പേടിയായിരുന്നു. |
നാല്പ്പത് വയസ്സുള്ളപ്പോള്‍: അച്ഛന്‍ എന്നെ എത്ര അച്ചടക്കത്തോടെയാണ് വളര്‍ത്തിയത്! എങ്ങനെ അദ്ദേഹം മക്കളെ കൈകാര്യം ചെയ്തു എന്ന് എനിക്കിപ്പോള്‍ അത്ഭുതം തോന്നുന്നു!! |
നാല്പ്പത്തഞ്ചു വയസ്സുള്ളപ്പോള്‍: അച്ഛന്‍ എങ്ങനെ ഞങ്ങളെ വളര്‍ത്തി വലുതാക്കി എന്ന് ഞാന്‍ അമ്പരക്കുന്നു |
അമ്പതു വയസ്സുള്ളപ്പോള്‍: ഞങ്ങളെ വളര്‍ത്താന്‍ അച്ഛന്‍ ഒരുപാടു പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.... എനിക്കെന്‍റെ ചെറിയ മകനെപ്പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ലല്ലോ? |
അറുപതു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ശരിക്കും ഒരു മഹാനായിരുന്നു |
കൂടുതല്‍ വര്‍ഷങ്ങള്‍ എടുക്കാതിരിക്കുക.. |
സമയാസമയയങ്ങളില്‍ കാര്യങ്ങള്‍ പ്രത്യക്ഷീകരിക്കുക... ശുഭം |
Tuesday, February 22, 2011
Monday, February 21, 2011
ഭരണവ്യവസ്ഥകളുടെ ഇസ്‌ലാമികമാനങ്ങള്‍
ദേശീയരാഷ്ട്രീയം പരിഗണിക്കുക്കുമ്പോള്‍ ഏറ്റവും പ്രധാന പ്രശ്നം ഏത് വിധത്തിലുള്ള രാഷ്ട്രീയ സംവിധാനമാണ് നന്‍മ അല്ലെങ്കില്‍ തിന്‍മ എന്നുള്ളതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥ പരാജയമാണെങ്കില്‍ ജനങ്ങളുടെ അസംതൃപ്തിക്കും ദുരിതത്തിനും കാരണം ആ വ്യവസ്ഥയില്‍ അന്തര്‍ലീനമായ തകരാറുകളാണോ അതല്ല മറ്റു വല്ല കാരണങ്ങളാണോ എന്ന കാര്യവും നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥയോ അതല്ല അതിന്‍റെ നടത്തിപ്പുകാരോ ആരാണ് കുറ്റവാളികള്‍? ധാര്‍മ്മിക ബോധമില്ലാത്തവരും സ്വാര്‍ത്ഥമതികളും അത്യാഗ്രഹികളും അഴിമതിക്കാരുമായ രാഷ്ട്രീയ നേതൃത്വം ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അധികാരത്തിലേറിയത് കൊണ്ട് മാത്രം മാന്യനായ ഏകാധിപതിയേ ക്കാള്‍ സമൂഹത്തിന് നന്‍മയും ക്ഷേമവും കൊണ്ടുവരുമോ?
അന്തര്‍ദേശീയ സമാധാനം സ്ഥാപിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും ഇസ്‌ലാമിന് സമകാലീന രാഷ്ട്രീയക്കാരോട്‌ചില ഉപദേശങ്ങളുണ്ട്. മനുഷ്യന്‍റെ സകല പ്രവര്‍ത്തന രംഗങ്ങളിലും കേവല നീതി (Absolute Justice) നടപ്പിലാക്കുന്നതില്‍ ഇസ്‌ലാം അസാധാരണമായ രീതിയില്‍പ്രാധാന്യം കല്‍പിക്കുന്നു. രാഷ്ട്രീയരംഗവും ഇതില്‍നിന്നൊഴിവല്ല.
ഏതൊരു രാഷ്ട്രീയ വ്യവസ്ഥക്കെ തിരെയും അടച്ചാക്ഷേപമില്ല
എല്ലാറ്റിനും ബദലായിക്കൊണ്ട് മാതൃകാപരമായ ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക് ഇസ്‌ലാം ഒന്നും മുന്നോട്ടു വെക്കുന്നില്ല എന്ന നിരീക്ഷണത്തോടെയാണ് നാം ഇവിടെ ആരംഭിക്കുന്നത്.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുള്ള ഒരു ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ആ ഒരു വ്യവസ്ഥ മാത്രമല്ല ഇസ്ലാംമുന്നോട്ടു വെക്കുന്നത്. ഭൂമുഖത്തെ എല്ലാ മേഖലയിലും സമൂഹങ്ങളിലും ഒരേയൊരു ഭരണ മാതൃക അതിന്‍റെ പ്രായോഗികതയെ പരിഗണിക്കാതെ മുന്നോട്ടുവെക്കുക എന്നത് ഒരു സാര്‍വ്വജനീന മതത്തിന്‍റെ അടിസ്ഥാന സവിശേഷതയായിരിക്കാന്‍സാധ്യതയില്ല.
ജനാധിപത്യത്തിന്‍റെ പരമസാക്ഷാല്‍ക്കാരമായ കുറ്റമറ്റ സിവില്‍ ഭരണസമ്പ്രദായം എന്ന നിലക്ക് ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളില്‍ വരെ ജനാധിപത്യ സമ്പ്രദായം വേണ്ടവിധത്തില്‍ വികസിച്ചിട്ടില്ല. മുതലാളിത്തത്തിന്‍റെ ഉദയമുണ്ടായിട്ടും അവിടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഭരണസംവിധാനങ്ങള്‍ കെട്ടിപ്പടുത്തിട്ടും യഥാര്‍ത്ഥ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പുകള്‍ അവിടെ നടത്തപ്പെടാറില്ല.
അഴിമതിയുടെ വളര്‍ച്ചയും മാഫിയാ സംഘങ്ങളുടെ രംഗപ്രവേശനവും മറ്റു സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ഇടപെടലുകളും ഇതിന് പുറമെയാണ്. അതുകൊണ്ട് ജനാധിപത്യം വികസിത രാജ്യങ്ങളില്‍പോലും സുരക്ഷിതമായ കരങ്ങളിലല്ല വര്‍ത്തിക്കുന്നത് എന്ന് ഏതൊരാള്‍ക്കും എളുപ്പത്തില്‍ പറയാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ എങ്ങനെ അത് മൂന്നാം ലോകത്തിന് യോജിച്ചതായിത്തീരും? അതായത് പാശ്ചാത്യ ജനാധിപത്യം ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്കന്‍രാജ്യങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിലനില്‍ക്കാന്‍ കഴിയും എന്ന വാദം അയഥാര്‍ത്ഥവും തികച്ചും പൊള്ളയായതുമായ അവകാശവാദം മാത്രമാണ്. എന്‍റെ അഭിപ്രായത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിലെ ഒരു രാഷ്ട്രീയ ഭരണസമ്പ്രദായത്തേയും നിഷേധിക്കുന്നില്ല. ഇസ്‌ലാം അത് ജനങ്ങളുടെ ഹിതത്തിനും ചരിത്രപരമായി അതാത് രാജ്യത്ത് രൂഢമൂലമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു. ഇസ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ് ശ്രദ്ധിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന രീതിയില്‍ പൌരന്‍മാരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന ഏതൊരു ഭരണവ്യവസ്ഥക്കും, അത് ഫ്യൂഡലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തുമാകട്ടെ, ഇസ്‌ലാമികമായി അതിന് സാധുതയുണ്ട്.
രാജഭരണം
ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക് യാതൊരുവിധ കുറ്റപ്പെടുത്തലിനും കുറിമാനമാകാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് രാജഭരണത്തെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പ്രതിപാദിക്കുന്നു.
ഒരു ഇസ്രായേലീ പ്രവാചകന്‍ ഇസ്രായേലികളുടെ താലൂത്ത് രാജാവിനെ അനുസ്മരിക്കുന്നത് ഇപ്രകാരമാ ണ്:
"അല്ലാഹു താലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നുവെന്ന് അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു. അപ്പോള്‍ അവര്‍ചോദിച്ചു. "രാജാധികാരത്തിനുള്ള അര്‍ഹത അദ്ദേഹത്തെക്കാള്‍ ഞങ്ങള്‍ക്കുണ്ടായിരിക്കെ എങ്ങനെയാണ് അദ്ദേഹത്തിനു ഞങ്ങളുടെ മേല്‍ ആധിപത്യം ലഭിക്കുക? അദ്ദേ ഹത്തിന് ധനസമൃധിയും നല്‍കപ്പെട്ടിട്ടില്ലല്ലോ?” അദ്ദേഹം (അവരുടെ പ്രവാ ചകന്‍) പറഞ്ഞു: "നിശ്ചയമായും അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കുകയും അദ്ദേഹത്തിന് (അവന്‍) വിശാലമായ പാണ്ഡിത്യവും ശരീരബലവും നല്‍കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു ഇഛിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ ആധിപത്യം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. (2:248).
രാജാധിപത്യം എന്നത് വിശാലാര്‍ത്ഥത്തില്‍ ജനങ്ങള്‍ തന്നെയാണ് രാജാക്കന്‍മാര്‍ എന്ന രീതിയിലാണ് ഖുര്‍ആന്‍ ഒരുസ്ഥലത്ത് പറയുന്നത്.
"മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ ജനമേ! നിങ്ങളില്‍ (അല്ലാഹു) പ്രവാചകന്‍മാരെ നിശ്ചയിക്കുകയും നിങ്ങളെ രാജാക്ക ന്‍മാരാക്കുകയും സമുദായങ്ങളില്‍ ആര്‍ക്കും നല്‍കിയിട്ടില്ലാത്തതായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് പ്രദാനം ചെയ്ത അവന്‍റെ അനുഗ്രഹത്തെ ഓര്‍ക്കുക." (5:21)
ദേശങ്ങളെ പിടിച്ചടക്കിക്കൊണ്ട് രാജാധിപത്യം സൃഷ്ടിക്കപ്പെടുന്നതും വികസിപ്പിക്കപ്പെടുന്നതും പൊതുവേ ഖുര്‍ആന്‍ അവമതിപ്പോടെയാണ് കാണുന്നത്. ബല്‍ഖീസ് രാജ്ഞി തന്‍റെ ഉപദേശകന്‍മാരോട് പറഞ്ഞ ഒരു വചനം ഖുര്‍ആന്‍ രേഖെപ്പടുത്തിയത് ഇങ്ങനെയാണ്. “അവള്‍ പറഞ്ഞു: രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരതിനെ തകര്‍ത്തുകളയുകയും ആ നാട്ടുകാരിലെ മാന്യന്‍മാരെ നിന്ദ്യരാക്കുകയും ചെയ്യും. അവര്‍ അങ്ങനെ തന്നെയാണ് ചെയ്യുക." (27:35)
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരേയോ, പ്രധാനമന്ത്രിമാരേയോ പോലെ രാജാക്കന്‍മാരിലും നല്ലവരും മോശക്കാരും ഉണ്ടാവാം. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ദൈവത്താല്‍ നിയോഗിതരായ ചില രാജാക്കന്‍മാരെപ്പറ്റി പറയുന്നു. സുലൈമാന്‍ (അ) രാജാവിനെ പോലുള്ളവരാണവര്‍. യഹൂദികളും ക്രിസ്ത്യാനികളും കരുതുന്നത്‌പോലെ അദ്ദേഹം രാജാവ് മാത്രമായിരുന്നില്ല. ഖുര്‍ആന്‍ അനുസരിച്ച് അദ്ദേഹം അല്ലാഹുവിന്‍റെ പ്രവാചകന്‍ കൂടിയായിരുന്നു. ഇതില്‍ നിന്നു മനസ്സിലാ ക്കാവുന്നത് ചിലപ്പോള്‍ പ്രവാചകത്വപദവിയും ഭരണാധികാരവും ഒരേ വ്യക്തിയില്‍തന്നെ സമ്മേളിക്കുമെന്നാണ്. അവരുടെ ഭരണപരമായ പരമാധികാരത്വം ദൈവത്തില്‍ നിന്നു നേരിട്ട് ലബ്ധമാവുന്നതാണ്.
മറ്റൊരു രീതിയിലുള്ള പരമാധികാരത്വം ഖുര്‍ആനില്‍ പ്രതിപാദിച്ചത് പ്രവാചകത്വം മുഖേന ലഭിക്കുന്നതാണ്. താഴെ പറയുന്ന വചനത്തില്‍ഇക്കാര്യം വ്യക്തമാവുന്നു.
"വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക, (അവന്‍റെ) ദൂതനെയും; നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരേയും അനുസരിക്കുക. പിന്നെ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അന്യോന്യം ഭിന്നിച്ചാല്‍ അത് അല്ലാഹു വിങ്കലേക്കും (അവന്‍റെ) ദൂതങ്കലേക്കും (തീരുമാനത്തിനായി) ഏല്‍പിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതാണ് ഏറ്റവും ഉത്തമമായതും ഏറ്റവും ഗുണപര്യവസായിയും (4:60)
ഈ ഖുര്‍ആന്‍ വചനങ്ങള്‍ നാം തിരഞ്ഞെടുത്തത് ഭരണാധികാരികളുടെ തരംതിരിവിന് വേണ്ടി മാത്രമല്ല. ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യ സമ്പ്രദായം എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല എന്ന് സമര്‍ത്ഥിക്കാന്‍ കൂടിയാണ്. ജനങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന് ചിലപ്പോള്‍ ഒരു വ്യക്തിയിലെ മഹത്വമാര്‍ന്ന നേതൃത്വഗുണങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യമായില്ല എന്ന് വരും. നേതൃഗുണമുള്ള ഒരാള്‍ ഭരണാധികാരിയായി സ്വയം അധികാരസ്ഥനായാല്‍ ജനങ്ങള്‍ ആ നിയമനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ രാഷ്ട്രീയ മാനദണ്ഡവുമനുസരിച്ച് അദ്ദേഹത്തിന്‍റെ നിയമനം ഏകാധിപത്യമാണെന്ന് മുറവിളിയുയരും. ഇത്തരം തീരുമാനങ്ങള്‍ ജനഹിതത്തിനെതിരായിരിക്കാം. പക്ഷേ, ജനങ്ങളുടെ താല്‍പര്യത്തിനെതിരാകണമെന്നില്ല. ജനകീയ ജനാധിപത്യത്തിന്‍റെ ഒരു ആന്തര ദൌര്‍ബല്യമെന്താണെന്ന് വെച്ചാല്‍, ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത് ബഹിര്‍ഭാഗസ്ഥമായ പുറംമോടികളില്‍ ആകൃഷ്ടരായും, തൊട്ടടുത്ത് നടന്ന സംഭവങ്ങളെ വിലയിരുത്തിക്കൊണ്ടുമാണ്. അവരുടെ ആത്യന്തികമായ നന്‍മക്ക് യോജിച്ച രീതിയില്‍ തികച്ചും യോഗ്യനായ ഒരാളെ കണ്ടെത്തുന്നതില്‍ അവരുടെ വിധിയെഴുത്ത് പരാജയപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന് പാത്രമായ ജനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ബോദ്ധ്യമാവുന്ന ഒരു കാര്യം, ആ ജനതയ്ക്ക് രാഷ്ട്രീയ അതിജീവനത്തിന്‍റെ സമയം ആഗതമായാല്‍ ദൈവികമായ ഇടപെടലുകള്‍ ഉണ്ടാവുന്നുഎന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം തന്‍റെ അഭീഷ്ടത്തിനനുസരിച്ചുള്ള ഒരു ഭരണാധികാരിയെ അല്ലെങ്കില്‍ നേതാവിനെ അവന്‍റെ കരങ്ങളാല്‍ തന്നെ നിയോഗിക്കുന്നു. ഇതില്‍ നിന്നു എല്ലാ ഭരണാധികാരികളും നേതാക്കന്‍മാരും ദിവ്യമായ രീതിയില്‍ അധികാരമുള്ളവരാണെന്ന് അര്‍ത്ഥമില്ല. ഇത് മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്തീയ ദുര്‍ധാരണയാണ്. ഖുര്‍ആനുമായി അതിന്നു ബന്ധമില്ല. ഉദാഹര ണത്തിന് റിച്ചാര്‍ഡ് രാജാവിന്‍റെ വിലാപം ഷേക്സ്പിയര്‍ വര്‍ണ്ണിച്ചത് നോക്കുക: “Not all the water in the rough rude sea
Can wash the balm off from an anointed king” പ്രക്ഷു്ധമായ ഈ സമുദ്രജലമഖിലം കൊണ്ടും ദൈവത്താല്‍ അഭിഷി ക്തനായ രാജാവിന്‍റെ ലേപന തൈലം കഴുകിക്കളയാന്‍ പറ്റില്ല" (ഷേക് സ്പിയര്‍)
Can wash the balm off from an anointed king” പ്രക്ഷു്ധമായ ഈ സമുദ്രജലമഖിലം കൊണ്ടും ദൈവത്താല്‍ അഭിഷി ക്തനായ രാജാവിന്‍റെ ലേപന തൈലം കഴുകിക്കളയാന്‍ പറ്റില്ല" (ഷേക് സ്പിയര്‍)
ജനാധിപത്യത്തിന്‍റെ നിര്‍വ്വചനം
ഗ്രീക്ക് മൂലാര്‍ത്ഥം കൂടാതെ ജനാധിപത്യ സങ്കല്‍പത്തെ സംബന്ധിച്ചുള്ള അബ്രഹാം ലിങ്കന്‍റെ നിര്‍വ്വചനം ഇപ്രകാരമാണ്. "ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ജനങ്ങളുടെഗവണ്മെന്‍റ്" ഈ നിര്‍വ്വചനം ആവര്‍ത്തനം കൊണ്ട് വിരസമാണെങ്കിലും അപൂര്‍വ്വമായി മാത്രമേ പൂര്‍ണാര്‍ത്ഥത്തില്‍ ലോകത്ത് പ്രയുക്തമായിട്ടുള്ളൂ. ഈ നിര്‍വ്വചനത്തിലെ 'ജനങ്ങള്‍ക്ക് വേണ്ടി' എന്ന ഭാഗം അവ്യക്തവും സാര്‍വ്വത്രികമായി അപകടം നിറഞ്ഞതുമാണ്. പൂര്‍ണമായ ആത്മവിശ്വാസത്തോടെ ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള' ഗവണ്മെന്‍റ് എന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും? ഭൂരിപക്ഷത്തിന്‍റെതായ ഭരണസമ്പ്രദായത്തില്‍ 'ജനങ്ങള്‍ക്ക് വേണ്ടി' എന്ന സങ്കല്‍പം വളരെ അപൂര്‍വ്വമായി മാത്രമേ പ്രായോഗികമാവാറുള്ളൂ. ഭൂരിപക്ഷത്തിനു വേണ്ടിയുള്ളതാണ് ആ ഭരണ സമ്പ്രദായം. അവശേഷിക്കുന്ന ന്യൂനപക്ഷത്തിന് വേണ്ടിയുള്ളതല്ല.
ഒരു ജനാധിപത്യക്രമത്തില്‍ കേവല ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക തീരുമാനമെടുക്കല്‍ അസാധ്യമാണ്. എന്നാല്‍ കണക്കുകളും വസ്തുതകളും വെച്ച് തലനാരിഴ കീറി വിശകലനം ചെയ്താല്‍ ആ തീരുമാനങ്ങള്‍ ജനാധിപത്യപരമായി അംഗീകാരമുള്ളതും ഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമായിരിക്കുമെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. ജനാധിപത്യത്തിലെ അനേകം സംഭവ്യതകളിലൊന്ന് ഭരിക്കുന്ന പാര്‍ട്ടി മിക്ക നിയോജക മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് അധികാരത്തിലേറുന്നു എന്നതാണ്. മറ്റൊന്ന്, വോട്ടെടുപ്പ് ദിവസം വോട്ടവകാശം രേഖപ്പെ ടുത്തിയവര്‍ മൊത്തം വോട്ടര്‍മാരേക്കാള്‍ വളരെ കുറച്ചുപേരായിരിക്കാം. ഈ വസ്തുതകള്‍ ഭരണത്തിലേറിയ കക്ഷിക്ക് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ഉണ്ടോ എന്ന കാര്യത്തെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കില്‍തന്നെ അവരുടെ ഭരണ കാലയളവില്‍ മറ്റു പല കാര്യങ്ങളും സംഭവിക്കാം. പൊതുജനാഭിപ്രായം പെട്ടെന്ന് ഭരണത്തിനെതിരായി മാറുകയാണെങ്കില്‍ നിലവിലുള്ള ഭരണകൂടം ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്ന് വരുന്നില്ല. അതായത് ഗവണ്‍മെണ്റ്റിന്‍റെ മാറ്റം സ്വയംതന്നെ ജനങ്ങളുടെ അഭിപ്രായമാറ്റത്തിന്‍റെ പ്രകടനമാണല്ലോ. അപ്പോള്‍ അഭിപ്രായമാറ്റമുണ്ടായ ജനതയുടെ പ്രാതിനിധ്യം ഭരണകൂടത്തിനില്ല എന്നുവരുന്നു. സര്‍ക്കാര്‍ അതിന്‍റെ വോട്ടര്‍മാരുടെ ജനകീയ സമ്മതിയില്‍ നില്‍ക്കു മ്പോള്‍ പോലും ഗവണ്‍മെന്‍റ് എടുക്കുന്ന ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയുടെ ഭൂരിപക്ഷ സമ്മതി ഉണ്ടായിരിക്കണമെന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും ഭൂരിപക്ഷാഭിപ്രായവുമായി എല്ലായ്പ്പോഴും ഹൃദയാത്മനാ യോജിപ്പുള്ളവരായിരിക്കില്ല. അവര്‍ പാര്‍ട്ടിയോടുള്ള വിധേയത്വത്തിന് എതിരായി വോട്ട് രേഖപ്പെടുത്തിയെന്നും വരാം. ഭരിക്കുന്ന പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം വര്‍ദ്ധിച്ച് പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ അധികമാവുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം എന്ന് പറയപ്പെടുന്നത് വാസ്തവത്തില്‍ ന്യൂനപക്ഷാഭിപ്രായമായി മാറുന്നു. അത്തരം അഭി പ്രായങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.
ജനങ്ങള്‍ക്ക് വേണ്ടി നല്ലതാണെന്ന് കരുതപ്പെടുന്ന സങ്കല്‍പങ്ങള്‍ കാലാകാലങ്ങളിലായി മാറ്റത്തിന് വിധേയമാണെന്ന കാര്യവും നാം കണക്കിലെടുക്കേണ്ടതുണ്ട്. ചില കേവല ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം നല്ലതാണെന്ന് കരുതി തീരുമാനമെടുക്കുകയോ അതല്ല, ചുരുങ്ങിയത് പാര്‍ട്ടിയുടെ അഭിപ്രായമനുസരിച്ച് നല്ലതേതാണെന്ന് തീരുമാനിക്കുകയോ ചെയ്യുമ്പോള്‍ നയരൂപീകരണങ്ങള്‍ സ്ഥിരമായി മാറ്റേണ്ടി വരും. ഇന്ന് നല്ലതാണെന്ന് കാണുന്നത് നാളെ ചീത്തയാണെന്ന് വരാം. അതിന്‍റെ പിറ്റേന്ന് വീണ്ടും നല്ലതാണെന്നും കണ്ടേക്കാം.
ഇത്ര വിപുലമായ തോതില്‍ അര നൂറ്റാണ്ടുകാലം കമ്മ്യൂണിസം പരീക്ഷണം നടത്തിയത് ആത്യന്തികമായി 'ജനങ്ങള്‍ക്ക് വേണ്ടി' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ഏകാധിപതികളായിരുന്നില്ല എന്ന് നാമോര്‍ക്കണം.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളും തമ്മിലുള്ള വേര്‍തിരിവ്‌രേഖ ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ഗവണ്‍മെന്‍റ് എന്നതാണെങ്കില്‍ അത് വളരെ നേരിയതും ചിലപ്പോള്‍ നിലനില്‍ക്കാത്തതുമാണ്. ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലുമുള്ള ഭരണകൂടങ്ങളും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടല്ല അധികാരത്തില്‍ വന്നത് എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തീര്‍ച്ചയായും ഏകാധിപത്യ രാജ്യങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നു പൊതുജനങ്ങള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും. പക്ഷേ, അവരാഗ്രഹിക്കുന്ന ആളുകളെ തിരഞ്ഞെ ടുക്കാനുള്ള അവസരം വളരെ പരിമിതമായിരിക്കും. ചുരുക്കും ചില രാജ്യ ങ്ങളൊഴിച്ച്, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരത്തില്‍ ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തിക്കൊണ്ട് ചില തന്ത്രങ്ങളും ചരടുവലികളും നടക്കാറുണ്ട്.
ചുരുക്കത്തില്‍, ലോകത്തിലെ മിക്ക ദേശങ്ങളിലും ജനാധിപത്യത്തിന് സര്‍വ്വത്ര സ്വാതന്ത്യ്രം നല്‍കപ്പെട്ടിട്ടില്ല. 'ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റ് എന്ന സങ്കല്‍പം വളരെ പരിമിതമായ തോതിലെ സാക്ഷാത്ക്കരിക്കപ്പെടുന്നുള്ളൂ. തിരഞ്ഞെടുപ്പ്‌കൃത്രിമം, കുതിരക്കച്ചവടം, പോലീസിനെ ഉപയോഗിച്ച് ഭീതിപരത്തിയുള്ള ഭരണം മുതലായ അഴിമതികളിലൂടെ ജനാധിപത്യത്തിന്‍റെ സത്തയും ചൈതന്യവും ശോഷിച്ചു പോയിരിക്കുന്നു. അന്തിമ വിശകലനത്തില്‍ വളരെ കുറഞ്ഞ തോതിലേ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നുള്ളൂ എന്ന്‌പറയാം.
ജനാധിപത്യത്തിന്‍റെ ഇസ്‌ലാമിക നിര്‍വ്വചനം
വിശുദ്ധ ഖുര്‍ആന്‍റെ അഭിപ്രായപ്രകാരം ജനങ്ങള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. ജനാധിപത്യം, ഏകാധിപത്യം, ഗോത്രിയ ഭരണം, ഫ്യൂഡലിസം മുതലായവ ജനങ്ങളുടെ പാരമ്പര്യമനുസരിച്ച് അവരുടെ സമ്മതപ്രകാരം അനുവദിക്കപ്പെടേണ്ടതാണ്. എന്നിരുന്നാലും വിശുദ്ധഖുര്‍ആന്‍ ജനാധിപത്യ സമ്പ്രദായമാണ് ഇഷ്ടപ്പെടുന്നതും ശുപാര്‍ശ ചെയ്യുന്നതുമെന്ന് കാണാം. മു സ്‌ലിംകള്‍ക്ക് ഒരു ജനാധിപത്യ വ്യവസ്ഥയാണ് ഖുര്‍ആന്‍ ഉപദേശിക്കുന്നത്. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ രീതിയിലുളളതല്ല. ജനാധിപത്യത്തിന് ഇസ്‌ലാംപൊള്ളയായ നിര്‍വ്വചനം നല്‍കുന്നില്ല. അത് പരമപ്രധാനമായ ആദര്‍ശങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ബാക്കി ജനങ്ങള്‍ക്ക് വിടുകയും ചെയ്യുന്നു. അത് പിന്തുടര്‍ന്നാല്‍ അവര്‍ക്ക് ഗുണകരമാണ്. അതില്‍ നിന്ന് അകന്ന് പോയാല്‍ സര്‍വ്വനാശവും.
ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ട് നെടുംതൂണുകള്‍
1. ജനാധിപത്യ പ്രക്രിയകള്‍ വിശ്വസ്തതയുടെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിലായിരിക്കണം.
നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളെ ദൈവം നോക്കി പാര്‍ത്തുകൊണ്ടിരിക്കുവെന്നും, നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിന് ദൈവത്തിനു മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും യോഗ്യനായ ആള്‍ക്ക് ആയിരിക്കണം നാം വോട്ട് നല്‍കേണ്ടത്. ഈ പ്രഖ്യാപനപ്രകാരം വോട്ടവകാശമുള്ള ഒരാള്‍ സാഹചര്യമനുവദിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും വോട്ടിംഗില്‍ പങ്കെടുക്കേണ്ടതാണ്.
2. ഭരണകൂടങ്ങള്‍ കേവല നീതിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കണം.
ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ടാമത്തെ നെടുംതൂണ്‍ നിങ്ങള്‍ എപ്പോഴെല്ലാം തീരുമാനമെടുക്കുന്നുവോ അപ്പോഴെല്ലാം കേവല നീതി ഉയര്‍ത്തിപ്പിടിക്കുക. മതപരമോ, രാഷ്ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ഏതൊരു കാര്യമായിക്കൊള്ളട്ടെ, കേവല നീതിയുടെ കാര്യത്തില്‍ ആരുമായും നിങ്ങള്‍ രാജിയാവാന്‍ പാടില്ല. ഗവണ്‍മെണ്റ്റിന്‍റെ രൂപവത്ക്കരണത്തിനുശേഷവും പാര്‍ട്ടിക്കുള്ളിലെ വോട്ടിങ്ങിലും നീതിയുടെ പക്ഷത്ത് ഉറച്ച്‌നില്‍ക്കുക. വിഭാഗീയമായ താല്‍പര്യങ്ങളോ രാഷ്ട്രീയ പരിഗണനയോ യാതൊന്നും തന്നെ നിങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ പാടുള്ളതല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നിലപാടില്‍ നിന്നുകൊണ്ട് ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങളുടെതും, ജനങ്ങളാലുള്ളതും, ജനങ്ങള്‍ക്ക് വേണ്ടിയുള്ളതുമായിരിക്കും.
(Islam's Response to Contemporary Issues എന്ന പുസ്തകത്തില്‍ നിന്ന്)
Subscribe to:
Posts (Atom)