Thursday, December 30, 2010

ശാസ്ത്രവും വിശ്വാസവും വിയോജിപ്പോ?


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത  പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗം.

നിങ്ങള്‍ക്ക്‌ സമാധാനം (സലാം) ആശംസിക്കുന്നവരോട്‌ 'നീ സത്യവിശ്വാസിയല്ല' എന്ന്‌ പറയരുത്‌" (4:94).


വിശുദ്ധ ഖുര്‍ആനില്‍ ഈയൊരനുജ്ഞയുണ്ടായിരിക്കെ നൂറ്റാണ്ടുകളോളമായി മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങളിലെ പണ്ഡിതന്‍മാര്‍ അവരുടെ ഇസ്‌ലാമികമായ ആശയ വ്യത്യാസങ്ങള്‍ കാരണമായും ചിലപ്പോള്‍ രാഷ്ട്രീയമായും അവരോടു യോജിക്കാത്ത മറ്റു മുസ്‌ലിംകളെ അവിശ്വാസിയാണെന്ന്‌ പ്രഖ്യാപിച്ചു. അങ്ങനെ അവിശ്വാസിയായി പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളുമുണ്ടായിരുന്നു.


ആദ്യത്തെ അത്തരം അവിശ്വാസ പ്രഖ്യാപനം വന്നത്‌ നബി(സ)യുടെ നാലാം ഖലീഫയായിരുന്ന ഇമാം അലി(റ)യെക്കുറിച്ചായിരുന്നു. അലി(റ)യുടെ ശത്രുക്കളായ ഖവാരിജുകളായിരുന്നു അദ്ദേഹത്തെ ഇസ്‌ലാമിന്‌ പുറത്തുള്ള അവിശ്വാസിയായി പ്രഖ്യാപിച്ചത്‌. അലി(റ)യുടെ ഖലീഫാ പദവിയെ അംഗീകരിക്കാന്‍ ഖവാരിജുകള്‍ യാതൊരു വിധത്തിലും സമ്മതിച്ചില്ല. അവരോടു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ അലി(റ)തയ്യാറായില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിയോജിച്ചവരെല്ലാം മുസ്‌ലിം സഹോദരന്‍മാരായിരുന്നു. അവസാനം ഖവാരിജുകള്‍ ഇമാം അലി(റ)യെ രക്തസാക്ഷിയാക്കുകയാണുണ്ടായത്‌.

രാഷ്ട്രീയ പ്രേരിതമായ രണ്ടാമത്തെ മത ബഹിഷ്കരണം നടന്നത്‌ പ്രവാചകെന്‍റെ പൌത്രനും ഹദ്റത്ത് അലിയുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ)നെതിരെയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ എഴുപത്‌ കുടുംബാംഗങ്ങളെയും കര്‍ബലയില്‍ വെച്ച്‌ ഖലീഫയാണെന്ന്‌ വാദിച്ച യസീദിന്‍റെ പട്ടാളം അതി നിഷ്ഠൂരമായി വധിക്കുകയുണ്ടായി. ഇമാം ഹുസൈനെ അവിശ്വാസിയായി പ്രഖ്യാപിച്ച മനുഷ്യന്‍ ഖാസി ശുഹ്‌രീഹ്‌ ആയിരുന്നു. ഏതാനും സ്വര്‍ണത്തുട്ടുകള്‍ക്ക്‌ പകരമായായിരുന്നു അദ്ദേഹം ഫത്‌വ നല്‍കിയതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഫത്‌വ ഇപ്രകാരമായിരുന്നു:

"അലിയുടെ പുത്രന്‍ ഹുസൈന്‍ ഇസ്‌ലാം മതത്തില്‍ നിന്നു പുറത്ത്‌ പോയിരിക്കുന്നു. അക്കാരണത്താല്‍ അദ്ദേഹം വധാര്‍ഹനാണ്‌." (ജവാഹിറുല്‍ കലാം, തബരി).

ഇസ്‌ലാം മതത്തില്‍ ആളെ ചേര്‍ക്കാന്‍ നിര്‍ബന്ധം അരുതെന്ന്‌ കല്‍പ്പിച്ച ആദരണീയനായ ഖലീഫാ ഹാറൂണ്‍ അല്‍റഷീദിനെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞുവല്ലോ. വിരോധാഭാസമെന്ന്‌ പറയട്ടെ, ഇദ്ദേഹമാണ്‌ 'മിഹ്‌ന' എന്ന്‌ വിളിക്കപ്പെടുന്ന ഇസ്‌ലാമിലെ ആദ്യത്തെ മതവിചാരണക്കോടതി (ഇന്‍ക്വിസിഷന്‍) സ്ഥാപിച്ചതിന്‍റെ ഉത്തരവാദി. ഈ സ്ഥാപനം മുഅ്തസില വിഭാഗത്തിന്‍റെ കണ്ടുപിടിത്തമായിരുന്നു. 'ഖുര്‍ആന്‍ സൃഷ്ടിക്കപ്പെട്ട താണ്‌' എന്ന്‌ രാജ്യത്തെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും പ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കണമെന്ന്‌ ഇവര്‍ നിര്‍ബന്ധിക്കുകയുണ്ടായി. ഇസ്‌ലാമിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായ ഇമാം അഹ്‌മദ്ബ്നു ഹംബല്‍ (റ) ഈ പ്രതിജ്ഞയെടുക്കാത്തതിന്‍റെ പേരില്‍ നിഷ്ക്കരുണം ചാട്ടവാറടിക്ക്‌ വിധേയനാക്കപ്പെടുകയുണ്ടായി.


മതവിഷയത്തില്‍ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാര്‍ക്കെതിരില്‍ മതവിചാരണക്കോടതി സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണെന്ന്‌ ഞാന്‍ പറഞ്ഞുകഴിഞ്ഞു. പക്ഷേ ഈ മതവിചാരണക്കോടതി സ്ഥാപിച്ച ഖലീഫ ഹാറൂണ്‍ അല്‍ റഷീദ്‌ (അല്‍ മാമൂന്‍) അങ്ങേയറ്റംവിയോജിപ്പുള്ള ശാസ്ത്രീയമായ അഭി പ്രായങ്ങളോട്‌ വളരെ സഹിഷ്ണുതാ പൂര്‍ണമായ സമീപനമായിരുന്നു സ്വീകരിച്ചത്‌. അദ്ദേഹമാണ്‌ ഇസ്‌ലാമിക ലോകത്ത്‌ ആദ്യമായി 'ബൈത്തുല്‍ഹിക്മ' എന്ന സ്ഥാപനം സ്ഥാപിച്ചത്. ഗ്രീക്കുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ മുസ്‌ലിംകള്‍ എന്നിവരില്‍പ്പെട്ട ശാസ്ത്ര പ്രതിഭകള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒത്തുചേര്‍ന്ന്‌ അവരുടെ ക്ളാസിക്ക്‌ രചനകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തതും വിജ്ഞാനത്തിന്‍റെ ഗേഹം (ബൈത്തുല്‍ഹിക്മ) എന്നറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ വെച്ചായിരുന്നു.

സ്വന്തം സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ പീഡിപ്പിച്ച മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക്തന്നെ തിരിച്ചുവരാം. പ്രാദേശികവും വിഭാഗീയവുമായ മതവിശ്വാസ വ്യത്യാസങ്ങളുടെ പേരില്‍ ഇസ്‌ലാമിലെ സമാദരണീയരും ഭക്തന്‍മാരുമായ മഹനീയ വ്യക്തിത്വങ്ങളെക്കൂടി ഇവര്‍ പീഡിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിലെ നാല്‌ അംഗീകൃത മത ചിന്താസരണിയുടെ (മദ്‌ഹബ്) സ്ഥാപകരില്‍പ്പെട്ട ഇമാം അബൂ ഹനീഫ, ഇമാം മാലിക്ബ്നു അനസ്‌ എന്നിവരും, ഇമാം ഗസ്സാലി, അല്ലാമാ ഇബ്നുറുശ്ദ്‌, ശൈഖുല്‍ അക്‌ബര്‍ ഇബ്നു അറബി, ഇബ്നു തയ്യിമ, ഇമാം ഇബ്നു ഖയ്യൂം, സയ്യിദ്‌ മുഹമ്മദ്‌ ജോന്‍പുരി മുതലായ പ്രധാനികളും ഇതില്‍പെടും. ഈ മതബഹിഷ്കരണവും പീഡനങ്ങളുമെല്ലാം തികച്ചും വിഭാഗീയമായ മതവ്യാഖ്യാന വൈകൃതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വധ ശിക്ഷകള്‍വരെ ഇതിന്‍റെ പേരില്‍ അരങ്ങേറി. ഇസ്‌ലാമിലെ സൂഫി സിദ്ധനായിരുന്ന ഹല്ലാജ്‌, ശൈഖുല്‍ ഇശ്‌റാഖ്‌ ശഹാബുദ്ദീന്‍ സുഹ്‌റ് വര്‍ദി, ശൈഖ്‌ അലായീ, ശൈഖ്‌ സര്‍മദ്‌ എന്നീമഹാത്മാക്കളെ ഇക്കൂട്ടര്‍ ശഹീദാക്കുകയുണ്ടായി.
സര്‍മദിന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട്‌ മൌലാനാ അബുല്‍ കലാം ആസാദ്‌ എഴുതി:

"കഴിഞ്ഞ 1300 വര്‍ഷക്കാലമായി മതവിധി എഴുതുന്ന തൂലികകള്‍ ഉറയില്‍ നിന്നൂരിയ വാള്‍ പോലെയായിരുന്നു. അല്ലാഹുവിന്‍റെ ധാരാളം ഇഷ്ടദാസരുടെ രക്തംകൊണ്ട്‌ അത്‌ പങ്കിലമായിട്ടുണ്ട്‌. ഈ രക്തസാക്ഷിത്വം സൂഫികളിലും സ്വതന്ത്ര ചിന്തകന്‍മാരിലും മാത്രം പരിമിതമല്ല, പ്രഗത്ഭരായ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ട്‌."

തന്‍റെ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ മതത്തില്‍ നിന്ന്‌ ബഹിഷ്കൃതരാക്കുന്ന സമ്പ്രദായം ഇക്കാലത്തും നിലച്ചുപോയി എന്ന്‌ഞാന്‍ കരുതുന്നില്ല. ഒരര്‍ഥത്തില്‍ ഇസ്‌ലാംമതത്തിലെ സ്വാതന്ത്യ്രം പുറത്തുള്ളതിനേക്കാള്‍ രൂക്ഷവും സങ്കുചിതവുമാണ്‌ അകത്തുള്ളത്‌. രണ്ട്‌ മുഖ്യമായ ഇസ്‌ലാമിക പാരമ്പര്യധാരകള്‍ ഇസ്‌ലാമില്‍ എപ്പോഴും സഹവര്‍ത്തിച്ചുനിന്നിരുന്നു. ഒന്ന്‌ സൂഫികളുടെ അദ്ധ്യാത്മിക മൂല്യങ്ങളിലൂന്നിയ മിസ്റ്റിസത്തിന്‍റെ പാരമ്പര്യമാണ്‌. ഇത്‌ സഹിഷ്ണുതാ പൂര്‍ണ്ണമായ ഇസ്‌ലാമിക പാരമ്പര്യ സരണിയാണ്‌. മറ്റൊന്ന്‌ ഇസ്‌ലാമിലെ കര്‍മ്മശാസ്ത്രികളുടെ പാരമ്പര്യമാണ്‌. ആചാരപരവും ആദര്‍ശപരവും രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള അനൌദ്യോഗിക പുരോഹിത വര്‍ഗമാണ്‌ ഇതിന്‍റെ വക്താക്കള്‍. ഇക്കാലത്ത്‌ രണ്ടാമത്തെ പാരമ്പര്യമാണ്‌ മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രാബല്യത്തിലുള്ളത്‌. ഇവരാണ്‌ പാശ്ചാത്യരോട്‌ സാംസ്കാരികമായും രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെയും ചെറുത്തുനില്‍പ്പുമായി നില്‍ക്കുന്നത്‌.

ശാസ്ത്രീയ ഗവേഷണത്തിനുള്ള സ്വാതന്ത്യ്രം

ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദ ങ്ങള്‍ക്കും വിദ്യാഭ്യാസങ്ങള്‍ക്കും ഇസ്‌ലാമിലെ സ്വാതന്ത്യ്രം എങ്ങനെ സ്വാധീനിച്ചു എന്ന്‌ നോക്കാം. ശാസ്ത്രം എന്‍റെ മുഖ്യ വിഷയവുമാണ്‌. ഖുര്‍ആന്‍പറയുന്നു:

"മേഘങ്ങളിലേക്ക്‌ അവര്‍ നോക്കുന്നില്ലേ അവ എങ്ങനെ സൃഷ്ടി ക്കപ്പെട്ടുവെന്ന്‌? ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ) അതെങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്‌? പര്‍വ്വതത്തിലേക്ക്‌ നോക്കുന്നില്ലേ അത്‌ എപ്രകാരമാണ്‌ നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌? അവര്‍ ഭൂതലത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌?" (88:17)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വരുന്നതിലും തീര്‍ച്ചയായും ബുദ്ധിമാന്‍മാര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നും ഇരുന്നും തങ്ങളുടെ പാര്‍ശ്വങ്ങളില്‍ (കിടന്നും) അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായ (ബുദ്ധിമാന്‍മാര്‍) 'ഞങ്ങളുടെ നാഥാ, നീ ഇതെല്ലാം വ്യര്‍ത്ഥമായല്ല സൃഷ്ടിച്ചത്‌. നീ പരിശുദ്ധനാണ്‌. അതിനാല്‍ നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷിക്കേണമേ' എന്ന്‌ പറയും" (2:191,192)

ഖുര്‍ആനിലെ 750 വചനങ്ങള്‍ വിശ്വാസികളോട്‌ പ്രകൃതിയെ സംബന്ധിച്ച്‌ പഠിക്കാനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയതാണ്‌. യുക്തിചിന്തയെ ഉപയോഗപ്പെടുത്തി പ്രകൃതിയെപ്പറ്റി കൂലങ്കശമായി മനനം ചെയ്ത്‌ വിജ്ഞാനം ആര്‍ജ്ജിക്കാനും ശാസ്ത്രീയബോധം സമൂഹജീവിതത്തിന്‍റെ ഭാഗമാക്കാനുമാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.

വിജ്ഞാനാര്‍ജ്ജനം ഏതൊരു മുസ്‌ലിം സ്ത്രീയുടെയും പുരുഷെന്‍റെയും ബാദ്ധ്യതയാണെന്ന്‌ തിരുനബി(സ) അരുളിയിട്ടിണ്ട്‌. ചൈനയില്‍ പോയെങ്കിലും വിജ്ഞാനം കരസ്ഥമാക്കണമെന്ന്‌ അദ്ദേഹം തന്‍റെ അനുയായികളോട്‌ ഉപദേശിക്കുകയുണ്ടായി. തീര്‍ച്ചയായും ഈ ഉപദേശം നല്‍കുമ്പോള്‍ മതപരമായ വിജ്ഞാനത്തെക്കാള്‍ ഭൌതിക വിജ്ഞാനമായിരിക്കും തിരുനബി (സ)യുടെ മനസ്സില്‍ഉണ്ടാവുക. അപ്രകാരം തന്നെ ശാസ്ത്ര പഠനത്തില്‍ അന്തര്‍ദേശീയത കൈക്കൊള്ളാനാണ്‌ അദ്ദേഹം ഇവിടെ ഊന്നിപ്പറയുന്നത്‌. ഇസ്‌ലാമില്‍ ശാസ്ത്രീയ സംരംഭങ്ങള്‍ വിജയം പ്രാപിക്കാന്‍ രണ്ട്‌ സുപ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെത്‌ മതപരമായ സ്വാതന്ത്യ്രത്തോടൊപ്പം പ്രവാചകന്‍ മുസ്‌ലിംകളിലേക്ക്‌ പകര്‍ന്ന അത്യുദാരമായ ശാസ്ത്രീയ പഠന സ്വാതന്ത്യ്രമാണ്‌. രണ്ടാമത്തെതാകട്ടെ ഇസ്‌ലാമിലെ ശാസ്ത്രീയ സംരംഭങ്ങളുടെ അന്തര്‍ദേശീയ സ്വഭാവമാണ്‌. വര്‍ണ–ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ആദ്യകാല മുസ്‌ലിം സമൂഹം ഇസ്‌ലാമിക്‌ കോമണ്‍വെല്‍ത്തായി നിലകൊണ്ടു. അവര്‍ അന്യമായ ആശയങ്ങളോടും മറ്റ്‌ അന്യമായതിനോടുമെല്ലാം അങ്ങേയറ്റത്തെ സഹിഷ്ണുത പുലര്‍ത്തിയിരുന്നവരായിരുന്നു.

നിലച്ചുപോയ ശാസ്ത്രീയ ഗവേഷണ പാരമ്പര്യം

എ. ഡി. 1100 ഓടുകൂടി ഈ ശാസ്ത്രീയ പാരമ്പര്യത്തിന്‍റെ അപചയം ആരംഭിച്ചു. ഇരുന്നൂറ്റി അന്‍പത്‌ വര്‍ഷം കൊണ്ട്‌ ആ മരവിപ്പും മരണവും സമ്പൂര്‍ണ്ണമായി. എന്തുകൊണ്ടാണ്‌ സര്‍ഗ്ഗാത്മക ശാസ്ത്രം ഇസ്‌ലാമില്‍ തിരോഭവിച്ചത്‌? എന്‍റെ വീക്ഷണത്തില്‍ സജീവശാസ്ത്രം ഇസ്‌ലാമിക ലോകത്ത്‌ നിന്ന്‌ തിരോഭവിക്കാന്‍ കാരണം ഒന്നാമതായി ആന്തരികമായുണ്ടായ മാറ്റവും ശാസ്ത്ര സംരംഭങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലുമാണ്‌. രണ്ടാമ തായി, പരിഷ്ക്കരണങ്ങളോടുള്ള (ജിദ്ദത്ത്‌) പരാങ്മുഖത്വമാണ്‌. ഇസ്‌ലാമിക ചരിത്രത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനവും പന്ത്രണ്ടാം നൂറ്റാണ്ടും രാഷ്ട്രീയോന്‍മുഖവും വിഭാഗീയവും മതപരവുമായ സംഘര്‍ഷങ്ങള്‍കൊണ്ട്‌ നിറഞ്ഞുനിന്നു. സഹിഷ്ണുതയില്ലാത്ത ഈ കാലഘട്ടം അനുകരണാത്മകവും (തഖ്‌ലീദ്) ഗവേഷണ (ഇജ്തിഹാദ്‌) രഹിതവുമായിരുന്നു. ശാസ്ത്രമടക്കം എല്ലാ മേഖലയിലുംഇത്‌ വ്യാപിക്കുകയുണ്ടായി. ഇസ്‌ലാമിലുണ്ടായ ശാസ്ത്ര സംരചനയോടുള്ള ഈ ഉദാസീനത വിവരിക്കാന്‍ എക്കാലത്തെയും ഏറ്റവും വലിയ സാമൂഹ്യ ചരിത്രകാരനും അത്യുജ്വല പ്രതിഭാശാലിയുമായിരുന്ന ഇബ്നുകല്‍ദൂനെ (1332-1406) ഞാന്‍ഉദ്ധരിക്കട്ടെ.

"ഫ്രാന്‍സ്‌ രാജ്യത്തും വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തും തത്ത്വശാസ്ത്ര തത്തിന്‍റെ പുതിയൊരു ഉജ്ജീവനത്തെപ്പറ്റി നാം കേള്‍ക്കുകയുണ്ടായി. അവര്‍ അവിടെ വീണ്ടും ധാരാളം പാഠശാലകളില്‍ വെച്ച്‌ പഠനങ്ങളാരംഭിച്ചിരിക്കുന്നു. നിലവിലുള്ള അവരുടെ വ്യാഖ്യാന സമ്പ്രദായം സമഗ്രമാണെന്ന്‌ പറയപ്പെടുന്നു. അവരെ അറിയുന്നവരും അവരുടെ വിദ്യാര്‍ത്ഥികളും അനവധിയാണ്‌. അവിടുത്തെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യം അല്ലാഹുവിന്നറിയാം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്‌. നമ്മുടെ മതകാര്യങ്ങളില്‍ ഭൌതിക ശാസ്ത്ര പ്രശ്നങ്ങള്‍ക്ക്‌ യാതൊരുപ്രാധാന്യവുമില്ല. അതുകൊണ്ട്‌ തീര്‍ച്ചയായും നമുക്കവരെ അവഗണിക്കാം."

ഇവിടെ ശാസ്ത്ര വിജ്ഞാനങ്ങളോട്‌ ഇബ്നുകല്‍ദൂന്‍ നിര്‍ജ്ജീവമായ ജിജ്ഞാസയും നിശ്ചേതനമായ ആകാംക്ഷയുമാണ്‌ കാണിക്കുന്നത്‌. പുറംലോകത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതന ശാസ്ത്രീയ സംഭവ വികാസങ്ങള്‍ക്ക്‌ നേരെയുള്ള അനുഭാവശൂന്യമായ നിലപാടും അതില്‍നിന്ന്‌ ഉള്‍വലിയാനുള്ള പ്രവണതയും പ്രതിലോമ പരതയുമാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ശാസ്ത്രീ യരംഗത്തുനിന്നുള്ള ഒറ്റപ്പെടലും അധികാരികളോടുള്ള പ്രീണനങ്ങളും ധൈഷണിക മൃത്യുവിന്‌ ബീജാവാപം നടത്തുകയും ചെയ്തു. നമ്മുടെ പ്രതാപമുഗ്ദമായ 9, 10 നൂറ്റാ ണ്ടുകളില്‍ ബാഗ്ദാദിലും കൈറോവിലും ശാസ്ത്രീയ ഉപരിപഠന സ്ഥാപനങ്ങള്‍ (ബൈത്തുല്‍ ഹിക്മ) പടുത്തുയര്‍ത്തിയിരുന്നു. പണ്ഡിതന്‍മാരുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ അവിടങ്ങളില്‍ വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ഇതെല്ലാം പൊടുന്നനെ നിലച്ച്പോയി. 1350 ന്‌ ശേഷം അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. മതപഠന കേന്ദ്രങ്ങളിലാണ്‌ പിന്നീട്‌ ശാസ്ത്രം അഭ്യസിക്കപ്പെട്ടത്‌. അവിടെ വിമര്‍ശനാത്മകമായ പഠന ങ്ങള്‍ക്ക്‌ പകരം പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്‌. സര്‍വ്വ വിജ്ഞാന കോശ സമ്പ്രദായത്തിലുള്ള പഠനരീതി തന്നെ വിശേഷ വത്കരണത്തിന്‍റെ ഈ യുഗത്തില്‍ വിലങ്ങുതടിയായി. യുവഗവേഷകരെ സംബന്ധിച്ചിടത്തോളം ക്രിയാത്മക വിമര്‍ശനത്തിന്‍റെ അന്തഃസത്തയായ നിലവിലുള്ള പഠനവിഷയങ്ങളെ ചോദ്യം ചെയ്ത്‌ പുനഃപരിശോധിച്ച്‌ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്ന രീതി മദ്‌റസകളില്‍ പ്രോത്സാഹിക്കപ്പെ ടുകയോ പൊറുപ്പിക്കപ്പെടുകയോ ചെയ്തില്ല. ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെട്ടപ്പോള്‍ ട്രാന്‍സ്‌ ഓക്സാനിയയിലെ ഒരു പണ്ഡിതന്‍ വേര്‍പെട്ടുപോയ ശാസ്ത്രത്തിന്‍റെ സ്മരണയ്‌ക്കായി ഒരു അനുസ്മരണചച്ചടങ്ങ്‌ നടത്തിയിരുന്നതായി ഒരു ചരിത്ര നിവേദനത്തില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ തികച്ചും യാഥാര്‍ത്ഥ്യമാ യിരുന്നുവെന്ന്‌ പില്‍ക്കാലചരിത്രം തെളിവുനല്‍കുന്നു.

കല്‍ദൂണിയന്‍ കാലഘട്ടം മുതല്‍ക്കുള്ള ധൈഷണികമായ ഈ ഒറ്റപ്പെടലും മരവിപ്പും തുര്‍ക്കിയിലെ ഉസ്മാനിയാ ഇറാനിലെ സഫ്‌വി, ഇന്ത്യയിലെ മുഗള്‍ എന്നീ മഹത്തായ സാമ്രാ ജ്യങ്ങളുടെ കാലവും പിന്നിട്ടുകൊണ്ട്‌ ശൈഥില്യത്തിന്‍റെ ഒരു സമ്പൂര്‍ണ ചിത്രം രചിക്കുകയുണ്ടായി.

ഈ അധഃപതനം യാദൃച്ഛികമായിരുന്നില്ല. തുര്‍ക്കി സാമ്രാജ്യത്തിലെ ബ്രിട്ടീഷ്‌ കൌണ്‍സിലര്‍ ആയിരുന്ന വില്യം എട്ടോണ്‍ 1800-ല്‍ എഴുതി:

"നാവിക രംഗത്ത്‌ മുസ്‌ലിംകള്‍ക്ക്‌ കാന്തമുപയോഗിക്കുന്നതില്‍ ശാസ്ത്രീയ പരിജ്ഞാനമുണ്ടായിരുന്നില്ല. വികസനത്തിനും മനസ്സിന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അനുപേ ക്ഷണീയമായ പര്യടന യാത്രകള്‍ മതത്തിന്‍റെ പേരിലുള്ള മിഥ്യാഭിമാനം കാരണം പൂര്‍ണ്ണമായും തടയപ്പെട്ടു... വിദേശികളുമായുള്ള ഇടപെടലുകളില്‍നിന്നു ബോധപൂര്‍വ്വം അവര്‍അകന്നുനിന്നു... "

ഈ നില ഇപ്പോഴും തുടരുന്നില്ലേ? ഇസ്‌ലാമിക രാജ്യങ്ങളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും സ്വതന്ത്രാന്വേഷണങ്ങളും അനുവദിക്കുന്നുണ്ടോ?

ശാസ്ത്രവും വിശ്വാസവും യോജിപ്പോ വിയോജിപ്പോ?

ഈ ഭൂമുഖത്തെ എല്ലാ സംസ്കാര ങ്ങളിലും വെച്ച്‌ ശാസ്ത്രം ഇന്ന്‌ ഏറ്റവും ദുര്‍ബ്ബലമായിരിക്കുന്നത്‌ ഇസ്‌ലാമിക രാഷ്ട്ര സമുച്ഛയങ്ങളിലാണ്‌. ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ സാങ്കേതികവിദ്യ (Technology) നിരുപദ്രവവും കുഴപ്പമില്ലാത്തതുമാണെന്നാണ്‌. സാങ്കേതികവിദ്യ എത്ര അധി കമായാലും ഇസ്‌ലാമിക ധാര്‍മ്മിക ജീവിതം പാലിക്കുന്നതില്‍ നിന്ന്‌ അത്‌ നമ്മെ തടയുന്നില്ലെന്നും എന്നാല്‍ സൈദ്ധാന്തിക ശാസ്ത്രമാകട്ടെ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നാം കരുതുന്നു. അതായത്‌ ആധുനിക സൈദ്ധാന്തിക ശാസ്ത്രം നമ്മെ യുക്തിവാദത്തിലേക്കും അവസാനം ഇസ്‌ലാംമതം ഉപേക്ഷിക്കുന്നതിലേക്കും നയിച്ചേക്കാം എന്നാണ്‌ നമ്മുടെ ഭീതി. അത്തരം ശാസ്ത്രീയ വിദ്യാഭ്യാസം നേടിയ നമ്മളിലുള്ള വ്യക്തികള്‍ നമ്മുടെ മതത്തിലെ ആത്മീയ സങ്കല്‍പ്പങ്ങളെ നിഷേധിക്കുന്നവരായിത്തീരും എന്നും മുസ്‌ലിംകള്‍ കരുതുന്നു. ഈ വസ്തുത നാം പരിശോധിക്കുമ്പോള്‍ വാസ്തവത്തില്‍ ഉന്നത നിലവാരത്തിലുള്ള സൈദ്ധാന്തിക ശാസ്ത്ര പഠനങ്ങളില്ലാതെ ഒരു സാങ്കേതി കശാസ്ത്രവും ഉന്നത നിലവാരത്തില്‍ വികസിക്കില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. ശാസ്ത്രത്തോടുള്ള അത്തരം സമീപനം ഭൂതകാലത്തെ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനത്തിന്‍റെ പാരമ്പര്യമാണ്‌ എന്ന്‌ ഞാന്‍ സംശയിക്കുന്നു. 'യുക്തിവാദികളായ തത്ത്വശാസ്ത്ര ജ്ഞന്‍മാര്‍' (Rational Phylosophers) എന്ന്‌ പണ്ട്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌ അയുക്തികതയിലും സിദ്ധാന്തവാശിയിലുമധിഷ്ഠിതമായ (Dogmatic) അരിസ്റ്റോട്ടിലിന്‍റെ പ്രകൃതി സങ്കല്‍പ്പങ്ങളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. അവരുടെ ദാര്‍ശനിക വൈകല്യങ്ങളെ വിശ്വാസവുമായി സമന്വയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ സാധ്യമായില്ല എന്നതാണ്‌ വാസ്തവം. അതുപോലെയാണ്‌ ഇന്നത്തെ ശാസ്ത്ര ദര്‍ശനങ്ങള്‍ എന്നാണ്‌ മുസ്‌ലിംകളായ നാം ഭയപ്പെടുന്നതെന്ന്‌ തോന്നുന്നു. ഇത്തരത്തില്‍ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനങ്ങള്‍ മുഴുവനും അതി ശക്തമായി പിടിച്ചു കുലുക്കിയത്‌ മധ്യകാലത്തെ ക്രിസ്തീയ ദാര്‍ശനികന്‍മാരെയായിരുന്നു. അവരെ അലട്ടിയിരുന്ന മുഖ്യമായ പ്രശ്നങ്ങള്‍ പ്രപഞ്ചോല്‍പത്തി ശാസ്ത്രത്തിന്‍റെയും (Cosmology) അതിഭൌതിക ശാസ്ത്രത്തിന്‍റെ (Metaphsics) യുമായിരുന്നു. ഭൂമി ചലിക്കാത്ത വസ്തുവാണോ? അതിനെ താങ്ങി നിര്‍ത്തുന്ന മറ്റെന്തെങ്കിലുമുണ്ടോ? കാര്യക്ഷമമായ കാരണം എന്ന നിലക്ക്‌ ആദി ചലനത്തെ ദൈവം നേരിട്ടാണോ ചലിപ്പിച്ചത്‌? ആകാശങ്ങളെല്ലാം ചലിക്കുന്നത്‌ ഒരു കര്‍ത്താവിനെ കൊണ്ടാണോ അതല്ല പല കര്‍ത്താക്കന്‍മാരെ കൊണ്ടാണോ? ഈ ബ്രഹ്മാണ്ഡകടാഹം പ്രവര്‍ത്തിക്കുന്നത്‌ ആരുടെയെങ്കിലും ബുദ്ധിവൈഭവത്താലാണോ? അല്ല പദാര്‍ത്ഥങ്ങളുടെ സ്വയം സിദ്ധമായ ചലനനിയമങ്ങള്‍ മൂലമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ക്രിസ്തീയ ചിന്തകന്‍മാര്‍ ഉത്തരം തേടിയിരുന്നത്‌ അരിസ്റ്റോട്ടിലിന്‍റെ അശാസ്ത്രീയ നിഗമനങ്ങളില്‍ നിന്നാണ്‌. ഭൌതിക ശാസ്ത്രത്തിന്‍റെ പ്രശ്നങ്ങളായി മാത്രം ഇതെല്ലാം കാണുകയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉത്തരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തതിന്നാണ്‌ ഗലീലിയോയെ ക്രിസ്തീയലോകം പീഡിപ്പിച്ചത്‌. മൂന്നര നൂറ്റാണ്ടിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികള്‍ക്ക്‌ ഇക്കാര്യത്തില് പാപബോധം ജനിച്ചത്‌.

1983 മെയ്‌ ഒമ്പതിന്‌ വത്തിക്കാനിലെ ഒരു പ്രത്യേക ചടങ്ങില്‍വെച്ച്‌ പോപ്പ്‌ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി:

“ഗലീലിയോ സംഭവവും അതിന്‌ ശേഷമുണ്ടായ സംഭവങ്ങളും പക്വമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ സഭയെ പഠിപ്പിച്ചിരിക്കുന്നു. സഭക്ക്‌ അതിന്‍റെ അനുഭവങ്ങളിലൂടെയും മനനങ്ങളിലൂടെയും മനുഷ്യന്‍റെ ഉദാത്തമായ ഒരു ഗുണവിശേഷമായ ഗവേഷണത്വരക്ക്‌ സ്വാതന്ത്യ്രം നല്‍കണമെന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ബോദ്ധ്യമായിരിക്കുന്നു. ഗവേഷണത്തില്‍കൂടി മാത്രമെ സത്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്തെന്നാല്‍, വിശ്വാസവും ശാസ്ത്രവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ സംഘട്ടനമില്ലെന്ന്‌ സഭക്ക്‌ മനസ്സിലായി. എങ്കിലും ഉത്കൃഷ്ടവും എളിമത്വവുമാര്‍ന്ന നിരന്തര പഠനം നമുക്ക്‌ മനസ്സിലാക്കിത്തരുന്നത്‌ വിശ്വാസത്തിന്‍റെ മൂലതത്ത്വങ്ങളെ ഒരു പ്രത്യേക കാലഘട്ടത്തിലെ ശാസ്ത്രീയ വ്യവസ്ഥിയില്‍ നിന്നും വേര്‍പെടുത്തുമെന്നാണ്‌. പ്രത്യേകിച്ച്‌ സാംസ്കാരികോന്‍മുഖമായ ബൈബിള്‍ പാരായണത്തില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്‌ ധാര്‍മികബദ്ധമായ ഒരു പ്രപഞ്ചോല്‍പത്തി ശാസ്ത്രവുമായിട്ടാണ്‌ (Obligatory Cosmology) അത്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌.’’

ശാസ്ത്രവുമായുള്ള സഭയുടെ സമീപനങ്ങളില്‍ പക്വത കൈവന്നതിനെസംബന്ധിച്ചും പോപ്പ്‌ പറയുകയുണ്ടായി. വിലോമ പ്രതിഭാസത്തെ (Converse Phenomena) യാണ് ഗലീലിയോയുടെ കാലം മുതല്‍ ശാസ്ത്രീയ മേഖലകള്‍ക്കപ്പുറ ത്തുള്ള സമസ്യകള്‍ക്ക്‌ ഉത്തരം കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ആശ്രയിച്ചുപോരുന്നത്‌. ഈ ശാസ്ത്രീയ സിദ്ധാന്തത്തിന്‍റെ പരിമിതികളെ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അത്‌ അംഗീകരിച്ചിട്ടുള്ളത്‌. സമകാലീന ശാസ്ത്രത്തിന്‍റെയോ, ഭാവിയില്‍ വരാനിരിക്കുന്ന ശാസ്ത്രത്തിന്‍റെയോ പരിധിയില്‍പോലും പെടാത്ത പല പ്രശ്നങ്ങളുമുണ്ടെന്ന്‌ ശാസ്ത്രത്തിന്നറിയാം. ശാസ്ത്രം അതിന്‍റെ വിജയം കൈവരി ച്ചത്‌ അതിന്‍റെ അന്വേഷണ രീതി ഒരു പ്രത്യേക തലത്തില്‍ മാത്രം സ്വയം പരിമിതപ്പെടുത്തിക്കൊണ്ടാണ്‌.

ശാസ്ത്രത്തിന്‍റെ ചില പ്രശ്നങ്ങളെ സംബന്ധിച്ച്‌ നമുക്ക്‌ ഊഹിച്ച്‌ നിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞേക്കും. പക്ഷേ, അവ അനുഭവജ്ഞാനപരമായി (Empirical)) നമുക്ക്‌ മൂല്യനിര്‍ണയംചെയ്യാന്‍ സാധ്യമല്ല. ഈ അനുഭവ ജ്ഞാനപരമായ പരിശോധന (Empirical Verification) യാണ്‌ ശാസ്ത്രത്തിന്‍റെ അന്തഃസത്ത. നാം വിനയാന്വിതനായിക്കൊണ്ട്‌ ഇബ്നു റുശ്ദിനെ ഓര്‍ക്കുകയാണ്‌. വൈദ്യശാസ്ത്ര രംഗത്തെ മഹാനായൊരു മൌലിക പ്രതിഭയായിരുന്നു ഇബ്നു റുശ്ദ്‌. പനിയെ സംബന്ധിച്ചും കണ്ണിന്‍റെ കൃഷ്ണമണിയെ സംബന്ധിച്ചും അദ്ദേഹത്തിന്‍റെ പഠനങ്ങള്‍അ നശ്വരങ്ങളാണ്‌. പക്ഷേ, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ശാസ്ത്രീയ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രപഞ്ച സങ്കല്‍പ്പത്തെ രൂപപ്പെടുത്തിയത്‌. അവിടെ അദ്ദേഹം സ്വീകരിച്ചത്‌ അരിസ്റ്റോറ്റലിന്‍റെ ഊഹങ്ങളെയാണ്‌. ഭാവിയിലെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുന്ന ഊഹങ്ങളാണ്‌ ഇവയെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞില്ല . ആധുനിക ശാസ്ത്രജ്ഞന്‌ എവിടെ എപ്പോള്‍ ഊഹങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരണമെന്നറിയാം. ചിന്തകള്‍ തെറ്റു പറ്റാത്തതാണെന്നോ അവസാന വാക്കാണെന്നാ ഉള്ള അകവാശവാദം അയാള്‍ ഉന്നയിക്കുന്നില്ല. അംഗീകരിച്ച്‌ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ചില ശാസ്ത്രീയ വസ്തുതകള്‍പോലും മാറ്റി നിര്‍ത്തി നാം പുതിയ വസ്തുതകള്‍ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യുന്നു. അതാകട്ടെ പഴയ കണ്ടുപിടിത്തങ്ങള്‍ തെറ്റാണെന്ന്‌ സ്ഥാപി ക്കാതെ തന്നെ അതിനെ അംഗീകരിച്ചുകൊണ്ട്‌ സാമാന്യ വത്കരണത്തിലേക്ക്‌ നമ്മെ നയിക്കുന്നു. ഈ പുതിയ കണ്ടുപിടിത്തങ്ങള്‍മൂലം നമ്മുടെ പ്രപഞ്ച സങ്കല്‍പ്പങ്ങളിലും വീക്ഷണങ്ങളിലും യഥാക്രമം വിപ്ളവകരമായ മാറ്റങ്ങളും ആവശ്യമായി വരുന്നു. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭൌതിക ശാസ്ത്രത്തില്‍ രണ്ടുതവണ ഇത്തരം വിപ്ളവങ്ങള്‍ ആര്‍ത്തിക്കുകയുണ്ടായി. ഒന്നാമതായി കാലത്തിന്‍റെയും സ്ഥല ത്തിന്‍റെയും ആപേക്ഷികത സംബന്ധിച്ച കണ്ടുപിടിത്തമായിരുന്നു. രണ്ടാമത്തേത്‌ ക്വാണ്ടം സിദ്ധാന്തവുമായിരുന്നു. അത്തരം കണ്ടുപിടിത്തങ്ങള്‍ വീണ്ടും സംഭവിക്കാം. സമ്പൂര്‍ണ്ണവും സമഗ്രവുമാണെന്ന്‌ വിശ്വസിച്ച്‌ നാം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ സങ്കല്‍പങ്ങള്‍ അപര്യാപ്തങ്ങളാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ കൂടുതല്‍ സമഗ്രവും കൂടുതല്‍ വിശ്വസനീയവുമായ പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും വീണ്ടുംസംഭവിക്കാം.

ഇന്നലകളുടെ തത്ത്വശാസ്ത്ര യുദ്ധങ്ങള്‍ ഇന്ന്‌ നാം തുടരേണ്ടതില്ല എന്ന്‌ ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വിശ്വാസവും എന്‍റെ ശാസ്ത്രവും തമ്മില്‍ യാതൊരു അസ്വാരസ്യങ്ങളും കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല. കാരണം ഭൌതിക ശാസ്ത്രങ്ങള്‍ മൌനം പാലിക്കുന്ന ഇസ്‌ലാമിന്‍റെ കാലാതീതമായ ആത്മീയ സന്ദേശത്താലാണ്‌ എന്നില്‍ മതവിശ്വാസം ജനിക്കുന്നത്‌. ഖുര്‍ആന്‍റെ പ്രാരംഭാദ്ധ്യായത്തിന്‌ ശേഷം അത്‌ പ്രഖ്യാപിക്കുന്നു:

"ഇത്‌ പരിപൂര്‍ണ്ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. ഭയഭക്തി അവലംബിക്കുകയും അദൃശ്യ ങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്‌ മാര്‍ഗ്ഗദര്‍ശകമാകുന്നു.”

ഞാന്‍ ഉപസംഹരിക്കട്ടെ. ഖുര്‍ആനും തിരുനബി(സ)യും മുന്നോട്ടുവെച്ച മത സ്വാതന്ത്യ്രത്തിന്‍റെയും ഉദാരതയുടെയും പാരമ്പര്യം തീര്‍ച്ചയായും ഇസ്‌ലാമില്‍ ശാസ്ത്രത്തെ പുഷ്ക്കലമാക്കുക തന്നെ ചെയ്യും. ശാസ്ത്രവും മതവും അത്രമാത്രം ഇസ്‌ലാമില്‍ പരസ്പരം ബന്ധപ്പെട്ടതാണ്‌.

Tuesday, December 28, 2010

ഇസ്‌ലാമിലെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത പ്രഭാഷണമാണ്‌ ഈ ലേഖനം

മുസ്‌ലിം പ്രകൃതിശാസ്ത്രജ്ഞന്‍ എന്ന നിലപാടില്‍നിന്നു കൊണ്ട്‌ തന്നെ ഞാന്‍ എന്‍റെ പ്രഭാഷണം നിര്‍വ്വഹിക്കട്ടെ. ഒരു മുസ്‌ലിം എന്ന നിലക്ക്‌ മതവിശ്വാസ സ്വാതന്ത്യ്രവും മതാചരണ സ്വാതന്ത്യ്രവും എനിക്ക്‌ ഏറ്റവും പ്രിയങ്കരമാണ്‌. കാരണം സഹിഷ്ണുത എന്നത്‌ ഇസ്‌ലാമിക വിശ്വാസത്തിന്‍റെ ഏറ്റവും സക്രിയമായ ഘടകമാണ്‌. ഒരു ഭൌതികശാസ്ത്രജ്ഞന്‍ എന്ന നിലക്ക്‌ ആ മതസ്വാതന്ത്യ്രം ഏതൊരു സമൂഹത്തിലും ആചരിക്കപ്പെടണം എന്ന്‌ ഞാനാഗ്രഹിക്കുന്നു. ശാസ്ത്രീയ സംവാദങ്ങള്‍ക്കുള്ള അനുമതിയും ശാസ്ത്രീയ പുരോഗതിക്ക്‌ അനുപേക്ഷണീയമായ വിയോജിപ്പുകളോടുള്ള സഹിഷ്ണുതയും അതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ ഈ സന്ധ്യയില്‍ ഞങ്ങളുടെ മതഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മതസ്വാതന്ത്യ്രത്തിന്‌ നല്‍കിയ പ്രാധാന്യത്തെപ്പറ്റി ഞാന്‍ സംസാരിക്കാം. അതിനുശേഷം ഇസ്‌ലാംമത സ്ഥാപകരായ തിരുനബി (സ)യുടെ കര്‍മ്മ ജീവിതത്തില്‍ ഈ തത്ത്വങ്ങള്‍ സാക്ഷാത്ക്കരിച്ചതിനെക്കുറിച്ച്‌ ഞാന്‍വിവരിക്കാം. പിന്നീട്‌, നൂറ്റാണ്ടുകളോളം ഈ വിഷയത്തില്‍ ഉണ്ടായ യഥാര്‍ത്ഥ ഇസ്‌ലാമിക സമീപനം എന്തായിരുന്നുവെന്നും ഞാന്‍ ചുരുക്കി വിവരിക്കാം. പ്രധാനമായും ഇസ്‌ലാമിക ശാസ്ത്ര ചര്‍ച്ചകളില്‍ ഈ സ്വാതന്ത്യ്ര സങ്കല്‍പം ചെലുത്തിയ പ്രഭാവവും ഇതു മൂലം അന്യ സംസ്കാരങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ക്ക്‌ സ്വച്ഛന്ദം കൂടിച്ചേരാന്‍ സാധ്യമായതിനെകുറിച്ചും ഞാന്‍ സംസാരിക്കാം.

മതസ്വാതന്ത്യ്രവും വിശുദ്ധ ഖുര്‍ആനും 

ആദ്യമായി മതസ്വാതന്ത്യ്രത്തെക്കുറിച്ച്‌ വിശുദ്ധഖുര്‍ആന്‍ ഉന്നയിക്കുന്ന ആറ്‌ വചനങ്ങള്‍ ഞാന്‍ ഉദ്ധരിക്കാം. അതില്‍ ആദ്യത്തേത്‌ ഇസ്‌ലാമിക വിശ്വാസത്തെ സംബന്ധിച്ചുള്ള മൌലിക തത്ത്വമാണ്‌.

1) "മതത്തില്‍ യാതൊരു വിധ ബലാല്‍ക്കാരവുമില്ല" (2:257)

വിശ്വാസത്തെ സംബന്ധിച്ച അന്തിമ തീരുമാനം വ്യക്തിയില്‍ മാത്രം നിക്ഷിപ്തമാണെന്ന്‌ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

2) "പറയുക ഇത്‌ നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ്‌. അതുകൊണ്ട്‌, ഏതൊരാള്‍ ആഗ്രഹിക്കുന്നുവോ? അവന്‍ വിശ്വസിക്കട്ടെ; ഏതൊരാള്‍ ആഗ്രഹിക്കുന്നുവോ അവന്‍ അവിശ്വസിക്കുകയുംചെയ്യട്ടെ." (18:30)

അടുത്ത വചനത്തില്‍ വ്യക്തിക്ക്‌ വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്യ്രത്തെകുറിച്ച്‌ കൂടുതല്‍ വ്യക്തതയോടെ ഖണ്ഡിതമായിപ്രസ്താവിക്കുന്നത്‌ കാണുക.

3) "പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെ നാമത്തില്‍. പറയുക: ഓ അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാനും ആരാധിക്കുന്നവനല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്‍റെ മതവും!"(109. 1-7)

അന്യമതസ്ഥരോട്‌ അനുവര്‍ത്തിക്കണ്ട സഹിഷ്ണുതയെ സംബ ന്ധിച്ചും തിരുനബിക്ക്‌ മതവിഷയത്തിലുള്ള പങ്കിനെയും പരിമിതിയെയും കുറിച്ചും വളരെ വ്യക്തമായി വിശുദ്ധഖുര്‍ആന്‍ വീണ്ടും നിര്‍വചിക്കുന്നു:

4) "അതുകൊണ്ട്‌ നീ ഉദ്ബോധിച്ചു കൊള്ളുക; നീ ഒരു ഉദ്ബോധകന്‍ മാത്രമാണ്‌. നീ അവരുടെ മേല്‍ സര്‍വ്വാധികാരിയൊന്നുമല്ല." (88: 23-24)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

5) "പറയുക: മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതായാല്‍ അവന്‍ തന്‍റെ ഗുണത്തിനു വേണ്ടി തന്നെയാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത്‌. വല്ലവനും വഴിതെറ്റിപ്പോകുന്ന പക്ഷം തനിക്ക്‌ ദോഷകരമായിട്ടുതന്നെയാണ്‌ അവന്‍ വഴിതെറ്റിപ്പോകുന്നത്‌. ഞാന്‍ നിങ്ങളുടെ മേല്‍ കാര്യ നിര്‍വ്വഹകനൊന്നുമല്ല" (10:109)

വീണ്ടും പറയുന്നു:

6) "നാം നിന്നെ അവരുടെ മേല്‍ കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ കാര്യ നിര്‍വ്വാഹകനുമല്ല" (6:108)

തൊട്ടടുത്ത വചനം മറ്റൊരു വ്യക്തമായ തത്ത്വം മനസ്സിലാക്കിത്തരുന്നു:

"അല്ലാഹുവിനു പുറമെ അവര്‍ മറ്റാരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവരെ നിങ്ങള്‍ ശകാരിക്കരുത്‌" (6:109)
വ്യാജദൈവങ്ങളാണെന്ന്‌ ഇസ്‌ലാം കരുതുന്ന മതവിശ്വാസങ്ങളോടുപോലും ഇത്തരത്തിലുള്ള സഹിഷ്ണുത അനുവര്‍ത്തിക്കണമെന്നാണ്‌ഈ അനുശാസനം വ്യക്തമാക്കുന്നത്‌. മറ്റു വെളിപാടു മതങ്ങളുടെ സ്ഥാപക പുരുഷന്‍മാരോടുള്ള സമീപനത്തെ സംബന്ധിച്ച്‌ ഒരു തത്ത്വാധിഷ്ഠിതമായ വ്യക്തമായ നിലപാടാണ്‌ ഇസ്‌ലാം സ്വീകരിക്കുന്നത്‌. അതായത്‌ "എല്ലാ സമുദായങ്ങള്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശകന്‍ വന്നുകഴിഞ്ഞിട്ടുണ്ട്‌" എന്നു ഖുര്‍‌ആന്‍ പറയുന്നു.

മറ്റൊരു സുവ്യക്തമായ അനുജ്ഞ ഇപ്രകാരമാണ്‌:

"ദൈവത്തിന്‍റെ പ്രവാചകന്‍മാരില്‍ ഞങ്ങള്‍ യാതൊരു വിധ വിവേചനവും കല്‍പിക്കുന്നില്ല."

ചുരുക്കത്തില്‍, വിശുദ്ധഖുര്‍ആന്‍ വളരെ വ്യക്തമായ വചനങ്ങളില്‍ മതസ്വാതന്ത്യ്രത്തെ മുസ്‌ലിംകളുടെ മതവി ശ്വാസത്തിന്‍റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്‌ പ്രവാചകന്‍റെ ദൌത്യമെന്ന്‌ അത്‌പ്രസ്താവിക്കുന്നു. ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം മതം സ്വീകരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ യാതൊരു അധികാരവുമില്ല. അദ്ദേഹം പ്രബോധനം ചെയ്യുന്ന മതം വിശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്ത്വവും അദ്ദേഹത്തിന്‌ നല്‍കപ്പെട്ടിട്ടില്ല. എല്ലാറ്റിനുമുപരിയായി, എല്ലാ മതവി ശ്വാസങ്ങളോടും വളരെ ആദരപൂര്‍ണമായ സമീപനം കൈക്കൊള്ളണമെന്നും പ്രവാചകന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.

തിരുനബി(സ)യുടെ മാതൃക

ഇക്കാര്യത്തില്‍ പ്രവാചകന്‍ സ്വയം കാണിച്ച മാതൃകയെന്താണെന്ന്‌നമുക്ക്‌ നോക്കാം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ മൂന്ന്‌ സംഭവങ്ങള്‍ഞാന്‍ ഇവിടെ വിവരിക്കാം.
മദീനയിലേക്ക്‌ പലായനം ചെയ്യുന്നതിന്‌ മുമ്പ്‌ മക്കയിലെ പതിമൂന്ന്‌ വര്‍ഷക്കാലം തിരുനബിയും അദ്ദേഹത്തിന്‍റെ അനുചരന്‍മാരും അതി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കഠിനമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാകുകയുമുണ്ടായി. മുസ്‌ലിംകളില്‍ ചിലര്‍ അതിനിഷ്ഠൂരമായി വധിക്കപ്പെടുകയുണ്ടായി. മദീനയിലേക്ക്‌ പലായനം ചെയ്തതിന്‌ ശേഷം ഒന്നാമതായി അദ്ദേഹം ഒരുകരാറില്‍ ഏര്‍പ്പെടുകയുണ്ടായി. അതിലെ മുഖ്യപ്രമേയം മതവിശ്വാസ സ്വാത്രന്ത്യത്തിന്‍റെ പരിരക്ഷയും എല്ലാ മതവിഭാഗങ്ങള്‍ക്കുള്ള ആരാധനാ സ്വാതന്ത്യ്രവുമായിരുന്നു.
രണ്ടാമത്തെ സംഭവം മക്കയില്‍ പ്രവാചകന്‍റെ ഏറ്റവും കഠിനനായ ശത്രു മക്കാ പടയാളികളുടെ തലവനായ അബൂജഹല്‍ ആയിരുന്നു. മദീനയുടെ നേര്‍ക്കുള്ള ആദ്യത്തെ മക്കന്‍ ആക്രമണമുണ്ടായപ്പോള്‍ ബദര്‍ രണാങ്കണത്തില്‍ വെച്ച്‌ മുസ്‌ലിംകളാല്‍ അബൂജഹല്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ പുത്രന്‍ ഇക്‌രിമ ഇസ്‌ലാമിന്‍റെ മറ്റൊരു പ്രതിയോഗിയായിരുന്നു. മദീനക്ക്‌ നേരെയുള്ള മക്കക്കാരുടെ രണ്ടാം ആക്രമണമായ ഉഹ്ദ്‌ യുദ്ധത്തിലെ പടത്തലവന്‍മാരിലൊരാള്‍ അദ്ദേഹമായിരുന്നു. അവസാനം അല്ലാഹു പ്രവാചകന്‌ (സ) മക്കയ്ക്ക്‌മേല്‍ വിജയം നല്‍കിയ പ്പോള്‍ ഇക്‌രിമ അബീസീനിയയിലേക്ക്‌ രക്ഷപ്പെടാനുള്ള ഉദ്ദേശ്യത്താടെ മക്കാ പട്ടണം വിട്ട്‌ അതിര്‍ത്തിയിലേക്ക്‌ നീങ്ങി.

ഈയവസരത്തില്‍ ഇക്‌രിമയുടെ പത്നി തിരുനബി (സ)യെ സമീപിച്ചുകൊണ്ട്‌ ചോദിച്ചു: "ഇക്‌രിമ ബിംബാരാധകനായിരിക്കെ അദ്ദേഹത്തെ മക്കയിലേക്ക്‌ തിരിച്ചുവരാന്‍ അങ്ങ്‌ അനുവദിക്കുമോ?" പ്രവാ ചകന്‍ പ്രതിവചിച്ചു:

"വിശ്വാസം വ്യക്തിയുടെ സ്വതന്ത്രമനസ്സാക്ഷിയുമായിബന്ധപ്പെട്ടതാണ്‌. ഇക്‌രിമ മക്ക യിലേക്ക്‌ തിരിച്ചുവരികയാണെങ്കില്‍ അദ്ദേഹത്തിന്ന്‌ യാതൊരു വിധത്തിലുള്ള പീഡനവുമേല്‍ക്കേണ്ടിവരികയില്ല. അദ്ദേഹത്തിന്‌ ഇഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുത്തുകൊണ്ട്‌ സുരക്ഷിതമായി ഇവിടെ ജീവിക്കാം".

പ്രവാചകന്‍ (സ) നല്‍കിയ ഈ ഉറപ്പിന്‍മേല്‍ അവര്‍ തന്‍റെ ഭര്‍ത്താവ്‌ ഇക്‌രിമയെ തേടിപ്പുറപ്പെട്ടു. അദ്ദേഹത്തെ കണ്ട്‌ മക്കയിലേക്ക്‌ തിരിച്ചുവരാന്‍ അഭ്യര്‍ത്ഥന നടത്തി. അങ്ങനെ മക്കയിലേക്ക്‌ തിരിച്ചെത്തിയ ഇക്‌രിമ തിരുനബിയെ സന്ദര്‍ശിച്ചു. തന്‍റെ പത്നിയോട്‌ ചെയ്ത സുരക്ഷാ വാഗ്ദാനം വ്യക്തിപരമായി നേരിട്ടുതന്നെ അദ്ദേഹം ഉറപ്പുവരുത്തി. നബി(സ) യുടെ സവിധം പൂകിയ ഇക്‌രിമ അവിടുത്തെ വചനങ്ങള്‍ ശ്രദ്ധിച്ചു. വിശ്വാസ സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കാന്‍ ആ മഹാത്മാവ്‌ കാണിച്ച ഹൃദയ വിശാലതയും ആത്മാര്‍ത്ഥതയും സഹിഷ്ണുതയും ഇക്‌രിമയെ ചിന്താധീനനാക്കി. അദ്ദേഹം ഇസ്‌ലാംമതം വിശ്വസിച്ചതായി പ്രഖ്യാപിച്ചു. തിരുനബി (സ) അദ്ദേഹത്തോട്‌ “താങ്കള്‍ക്ക്‌ ഇനിയും വല്ല ആഗ്രഹങ്ങളുമുണ്ടോ” എന്ന്‌ ചോദിക്കുകയുണ്ടായി. ഇസ്‌ലാംമതം സ്വീകരിക്കാന്‍ ദൈവം എന്‍റെ ഹൃദയം തുറന്നുതന്നതില്‍ കവിഞ്ഞ്‌ ഞാനെന്ത്‌ ആഗ്രഹിക്കാനാണ്‌, എനിക്ക്‌ മറ്റൊരു ആഗ്രഹവുമില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ, നബിതിരുമേനിക്കും മുസ്‌ലിംകള്‍ക്കും നേരെ താന്‍ കാണിച്ച എല്ലാ അപരാധങ്ങള്‍ക്കുമുള്ള പാപപ്പൊറുതിക്ക്‌ വേണ്ടി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാന്‍ ഇക്‌രിമ തിരുമേനിയോടു ആഗ്രഹംപ്രകടിപ്പിച്ചു. ഇക്‌രിമയുടെയും തിരുമേനിയുടെയും പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു. അധികം താമസിയാതെ ഇക്‌രിമ ഇസ്‌ലാമിന്‌ വേണ്ടി രക്തസാക്ഷിയായി.
മൂന്നാമത്തെ സംഭവം, നജ്‌റാനില്‍നിന്നു മദീനയിലെത്തിയ ക്രിസ്തീയ സംഘവുമായി റസൂല്‍തിരുമേനി (സ) മസ്ജിദില്‍ വെച്ച്‌ സുദീര്‍ഘമായ സംവാദം നടത്തിയ അവസരത്തിലുണ്ടായതാണ്‌. നജ്‌റാനിലെ ക്രിസ്തീയ ദേവാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണെന്ന്‌ പ്രവാചകന്‍ (സ) ആ സംഭാഷണത്തില്‍ അവര്‍ക്ക്‌ പൂര്‍ണമായ ഉറപ്പുനല്‍കി. സംഭാഷണത്തിനിടയില്‍ ക്രിസ്തീയ സംഘം പ്രാര്‍ത്ഥനക്കായി ഒരു ഇടവേള ആവശ്യപ്പെട്ടു. അവര്‍ പ്രാര്‍ത്ഥനക്കായി എവിടെ പോകണമെന്നറിയാതെ ഒരുനിമിഷം അസ്വസ്ഥരായി. നബിതിരുമേനി അവരുടെ വിഷമവും പരിഭ്രവും മനസ്സിലാക്കി. മസ്ജിദ്‌ മുസ്‌ലിംകളുടെ ഏറ്റവും പവിത്രമായ ആരാധനാസ്ഥലമാണല്ലോ. ആ മസ്ജിദില്‍ വെച്ച്‌ തന്നെ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ ആ ക്രിസ്തീയ സംഘത്തെ പ്രവാചകതിരുമേനി(സ) ക്ഷണിച്ചു. ഭാവിലോകത്ത്‌ ആരാധനാലയങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍പോലും ഇസ്‌ലാമിക പ്രമാണങ്ങള്‍ കാഴ്ചവെക്കുന്ന സഹിഷ്ണു തയുടെയും ഹൃദയവിശാലതയുടെയും പരസ്പര ധാരണയുടെയും ഉദാത്ത മാതൃക ഈ സംഭവത്തിലടങ്ങിയിരിക്കുന്നു.

സുപ്രസിദ്ധമായ തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനുഷ്യ സമൂഹത്തോട്‌ നിഷ്ക്കളങ്കമായും നീതി പൂര്‍വ്വമായും പെരുമാറേണ്ട അദ്ധ്യാപനങ്ങളും, മനുഷ്യാവകാശങ്ങളുടെ അതുല്യമായ പ്രമാണങ്ങളും അവിടുന്ന്‌ സംക്ഷേപിച്ചിരിക്കുന്നു. തന്‍റെ വിയോഗത്തിന്‌ മുമ്പുള്ള അവസാനത്തെ ഹജ്ജ്‌ വേളയില്‍ തിരുദൂതര്‍ ഇപ്രകാരം അരുളി.

"ഓ എന്‍റെ ജനങ്ങളേ, വീണ്ടും നാം ഇവിടെ ഒരുമിച്ചു കൂടുമെന്നോ നിങ്ങളെ വീണ്ടും കാണാനുള്ള സന്ദര്‍ഭമുണ്ടാകുമെിന്നാ എനിക്കറിയില്ല. ഈ ദിവസവും ഈ മാസവും ഈ പട്ടണവും പാവനമാണ്‌. അതേപ്രകാരം നിങ്ങളുടെ ജീവനും, സ്വത്തും, അഭിമാനവും പരിപാവനമാണ്‌.

"ഓ എന്‍റെ ജനങ്ങളേ, നിങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവം ഒന്നാണ്‌. നിങ്ങളുടെ ആദിപിതാവും ഒരാളാണ്‌. നിങ്ങളെല്ലാം ആദമിന്‍റെ മക്കളാണ്‌; ആദമാകട്ടെ മണ്ണില്‍നിന്നും. നിങ്ങളില്‍ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ നിങ്ങളെല്ലാം തുല്യരാണ്‌. അറിബിക്ക്‌ അനറബിയേ ക്കാള്‍ യാതൊരു മേന്‍മയുമില്ല; അനറബിക്ക്‌ അറബിയേക്കാളും. വെളുത്തവന്‌ കറുത്തവനേക്കാളും കറുത്തവന്‌ വെളുത്തവനേക്കാളും മേന്‍മയില്ല; ദൈവഭയത്തിന്‍റെയും സല്‍ക്കര്‍മങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ"
അതായിരുന്നു പ്രവാചകതിരുമേനി ലോകത്തിനുമുമ്പില്‍ സമര്‍പ്പിച്ച സാഹോദര്യവും സഹിഷ്ണുതയും സമത്വവും. വര്‍ണത്തിന്‍റെയോ, മതത്തിന്‍റെയോ, ദേശത്തിന്‍റെയോ അടിസ്ഥാനം അംഗീകരിക്കാതെ മാനവ മൂല്യങ്ങള്‍ക്ക്‌ വേണ്ടി മനുഷ്യ സമൂഹത്തിന്‍റെ സമാധാനത്തിന്‍റെ അധിഷ്ടാനത്തിലായിരുന്നു അദ്ദേഹം ഈ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്‌.


ആദ്യകാല മുസ്‌ലിംകളുടെ മാതൃക

അടുത്തതായി നമ്മുടെ ചോദ്യം, വിശുദ്ധ ഖുര്‍ആനിലെ അനുശാസനകളോടും തിരുനബി (സ)യുടെ മാതൃകയോടും ആദ്യകാല മുസ്‌ലിംകളുടെ പ്രതികരണമെന്തായിരുന്നു എന്നതാണ്‌. ഉദാഹരണത്തിന്‌ പ്രവാചകതിരുമേനി(സ)യുടെ രണ്ടാം ഖലീഫയായിരുന്ന ഹസ്‌റത്ത്‌ ഉമറുബ്നുല്‍ ഖത്താബ്‌ (റ), ഏലിയായിലെ ക്രിസ്ത്യന്‍ സമൂഹവുമായി ഒപ്പുവെച്ച കരാറില്‍ ഇത്‌ വ്യക്തമാകും.
"പരമകാരുണികനും കരുണാമയനുമായഅല്ലാഹുവിന്‍റെ നാമത്തില്‍. ഏലിയായിലെ ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദാസനും വിശ്വാസികളുടെ നേതാവുമായ ഉമര്‍ നല്‍കുന്ന സുരക്ഷാ വാഗ്ദാനമാകുന്നു ഇത്‌. എല്ലാ ജനങ്ങള്‍ക്കും, അവര്‍ രോഗികളാകട്ടെ ആരോഗ്യമുള്ളവരാകട്ടെ അവരുടെ ജീവനും സ്വത്തിനും അവരുടെ പള്ളികള്‍ക്കും കുരിശിനും അവരുടെ മതസംന്ധമായ എല്ലാറ്റിനും ബാധകമായ വ്യവസ്ഥയാകുന്നു ഇത്‌. അവരുടെ ചര്‍ച്ചുകള്‍ ഒരിക്കലും താമസസ്ഥലങ്ങളാക്കി മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ, അവരോ അവരുടെ അനുബന്ധ വസ്തുക്കളോ യാതൊന്നിനും തന്നെ ഹാനി സംഭവിക്കുകയോ, അവരുടെ കുരിശുകളോ അവരുടെ സ്വത്തു ക്കളോ നശിപ്പിക്കപ്പെടുകയോ ചെയ്യാന്‍പാടില്ല. അവരുടെ വിശ്വാസ കാര്യങ്ങളില്‍ യാതൊരു തടസ്സവും ചെയ്യാന്‍ പാടുള്ളതല്ല. അവരിലാരോടും തന്നെ യാതൊരു വിധ ദ്രോഹങ്ങളും ചെയ്യാന്‍പാടുള്ളതുമല്ല."
പ്രവാചകന്‍ ദിവംഗതനായതിന്‌ ശേഷം എട്ട്‌ വര്‍ഷം കഴിഞ്ഞ്‌ താരീഖ്ബ്നുസിയാദ്‌ സ്പെയിനിലേക്ക്‌ പ്രവേശിച്ചപ്പോഴും ഈ സഹിഷ്ണുതയുടെ അദ്ധ്യാപനങ്ങള്‍ തുടരുകയുണ്ടായി. അദ്ദേഹത്തിന്‍റെ പടയാളികള്‍ക്ക്‌ താരീഖ്‌ നല്‍കിയ അവിസ്മണീയമായ നിര്‍ദ്ദേശങ്ങള്‍ ചരിത്രത്തിന്‌ ഒരിക്കലും മറക്കാന്‍ സാധ്യമല്ല:
"നമുക്ക്‌ നേരെ ഖണ്ഡ്ഗമുയര്‍ത്തിയവര്‍ക്ക്‌ നാം എല്ലാവിധ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. ആരോടും യാതൊരു പ്രതികാരവും ചെയ്യപ്പെടുന്നതല്ല. ആരുടെയും അധീ നതയിലുള്ള സ്വത്തിന്‍റെ ചെറിയ ഭാഗം പോലും അവരില്‍ നിന്ന്‌ പിടിക്കപ്പെടുന്നതല്ല. ആരുടെയും ഭൂമിയോ, കൃഷിയോ കണ്ടുകെട്ടപ്പെടുന്നതല്ല സ്പെയിന്‍ നിവാസികള്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള പൂര്‍ണ സ്വാതന്ത്യ്രമുണ്ട്‌. ക്രിസ്ത്യാനികളുടെ ചര്‍ച്ചോ മറ്റേതെങ്കിലും ആരാധനാസ്ഥലങ്ങളോ നശിപ്പിക്കുന്ന മുസ്‌ലിംഭടന്‍ കഠിനമായി ശിക്ഷി ക്കപ്പെടുന്നതാണ്‌"
ഇത്‌ ക്രി:വ എട്ടാം നൂറ്റാണ്ടിലെ സംഭവമായിരുന്നു. ഒമ്പതാം നൂറ്റാണ്ടിലെ സത്യത്തിന്‍റെ ഉപാസകനായിരുന്ന ഖലീഫ മാമൂന്‍ റഷീദ്‌ ഏറ്റവും സജീവമായൊരു ഇസ്‌ലാമിക മാതൃകയാണ്‌. അദ്ദേഹത്തിന്‍റെ ഭരണപ്രദേശങ്ങളിലെ വിദൂരദിക്കുകളിലേക്ക്‌ അന്യ മതസ്ഥരെ ഇസ്‌ലാമിക്ക്‌ സ്വാഗതം ചെയ്തുകൊണ്ട്‌ അദ്ദേഹം സന്ദേശമയക്കുകയുണ്ടായി. ട്രാന്‍സോകസിലും ഫര്‍ഗാ നയിലും വെച്ച്‌ അദ്ദേഹം പണ്ഡിതന്‍മാരുമായി മതവിഷയങ്ങളെ സംബന്ധിച്ച്‌ സംവാദം സംഘടിപ്പിക്കാറുണ്ടായിരുന്നു. മാനിക്കേയന്‍ മതത്തിന്‍റെ ഒരു നേതാവായിരുന്ന യസ്ദന്‍ ബക്ത്‌, ഖലീഫ മാമൂന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ബാഗ്ദാദിലെത്തി. മുസ്‌ലിം പണ്ഡിതന്‍മാരുമായുള്ള സംവാദത്തില്‍ അദ്ദേഹം തികച്ചും മൌനിയായി നിന്നു. ഖലീഫ അദ്ദേഹത്തോട്‌ ചോദിച്ചു: "പിന്നെ എന്തുകൊണ്ട്‌ താങ്കള്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നില്ല?"

1886-ല്‍ പ്രസിദ്ധീകരിച്ച 'പ്രീച്ചിംങ്ങ്‌ഓഫ്‌ ഇസ്‌ലാം' എന്ന ഗ്രന്ഥത്തില്‍ ടി. ഡബ്ളിയു. ആര്‍നോള്‍ഡ്‌ പ്രസ്തുതസംഭവം വിവരിക്കുന്നുണ്ട്‌. യസ്ദന്‍ ബക്ത്‌ ഖലീഫയുടെ ക്ഷണത്തിന്‍റെ നിരാസം സൂചിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെമറുപടി പറഞ്ഞു:
"വിശ്വാസികളുടെ നേതാവേ, അങ്ങയുടെ ഉപദേശങ്ങളെല്ലാം ഞാന്‍ കേട്ടു. താങ്കളുടെവാക്കുകള്‍ ശ്രവിക്കുകയും ചെയ്തു. പക്ഷേ, മനുഷ്യരെ അവരുടെ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലാത്ത ഒരു മതത്തില്‍ പെട്ട വനാണ്‌ താങ്കള്‍ എന്ന കാര്യം ഓര്‍ക്കുക"
കുരിശു യുദ്ധകാലത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം.
ദൌര്‍ഭാഗ്യകരമായ രണ്ടാം കുരിശുയുദ്ധം ഇതുപോലെയുള്ള ഒരു സംഭവത്തെ അനുസ്മരിപ്പിക്കുന്നു. ഈ വിവരണം ലഭിച്ചത്‌ സാത്ത്ദെനിയിലെ ഒരു സന്യാസിയായിരുന്ന ഓഡോയില്‍നിന്നാണ്‌. ലൂയി ഏഴാമന്‍റെ സ്വകാര്യ പുരോഹിതനായിരുന്ന അദ്ദേഹം കുരിശു യുദ്ധത്തില്‍ ലൂയി രാജാവിനെ അനുഗമിച്ചിരുന്നു.

"ഏഷ്യാ മൈനറിലൂടെ ജറുസലമിലെത്താന്‍ ശ്രമിക്കവെ കുരിശു യുദ്ധക്കാര്‍ക്ക്‌ പ്രജിയയിലെ മലമ്പാതകളില്‍ വെച്ച്‌ തുര്‍ക്കികളില്‍ നിന്ന്‌ കനത്ത പരാജയമേറ്റു. വളരെ ബുദ്ധിമുട്ടിയാണവര്‍ അത്താലിയാ തുറമഖത്തെത്തിയത്‌ (ക്രി.വ. 1148). അവിടെ വെച്ച്‌ ഗ്രീക്ക്‌ വ്യാപാരികളുടെ അതിരുകടന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തുകൊണ്ട്‌ അവര്‍ കയറിയ കപ്പല്‍ അന്തിയോഖ്യയിലേക്ക്‌ തിരിച്ചു. രോഗികളും മുറിവേറ്റവരുമായ യോദ്ധാക്കളും സാധാരണ തീര്‍ത്ഥാടകരും വഞ്ചകരായ ഗ്രീക്ക്‌ വ്യാപാരികളുടെ കയ്യാല്‍ അവിടെ നിര്‍ദ്ദാക്ഷിണ്യം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്‌.

"തീര്‍ത്ഥാടകരെ പരിരക്ഷിക്കുന്നതിനും രോഗികളായവരെ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ശുശ്രൂഷിക്കുന്നതിനും വേണ്ടി അവര്‍ ലൂയിയില്‍നിന്ന്‌ അഞ്ഞൂറ്‌ റൂബിള്‍ വാങ്ങിയിരുന്നു. പക്ഷേ, ലൂയിയുടെ സൈന്യം സ്ഥലംവിട്ട ഉടനെ തീര്‍ത്ഥാടകരുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ ഗ്രീക്കുകാര്‍ വിവരം നല്‍കുകയാണ്‌ചെയ്തത്‌. നിര്‍ഭാഗ്യവാന്‍മാരായ ഇവരുടെ പാളയത്തില്‍ ശത്രുസൈന്യത്തിന്‍റെ അമ്പുകളും ക്ഷാമവും രോഗവും സംഹാരനൃത്തമാടി. ഗ്രീക്കുകാര്‍ നിസ്സംഗരായി ഇതെല്ലാം നോക്കി നില്‍ക്കുകയാണുണ്ടായത്‌. ഹതാശയരായ മൂന്നോ നാലോ ആയിരം തീര്‍ത്ഥാടകര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ക്ക്‌ അത്‌ സാധ്യമല്ലായിരുന്നു. അവശേഷിച്ചിരുന്നവരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. അവരുടെ ആ ദയനീയ രംഗം മുഹമ്മദീയരുടെ കരളലിയിച്ചു. അവര്‍ രോഗികളെ ശുശ്രൂഷിക്കുകയും ദരിദ്രര്‍ക്കും പട്ടിണിക്കാര്‍ക്കും ആശ്വാസമരുളുകയും അവരെ ഉദാരമായി സഹായിക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക്‌ ശത്രുക്കളായ അവിശ്വാസികളില്‍ നിന്നു ലഭിച്ച ദയാപൂര്‍ണമായ പരിചരണത്തിന്‍റെയും സ്വന്തം മതസ്ഥരായ ക്രിസ്ത്യാനികളില്‍ നിന്നു ലഭിച്ച ക്രൂരതയുടെയും വൈരുദ്ധ്യം അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. അവരില്‍ പലരും തങ്ങളുടെ വിമോചകരുടെ മതത്തിലേക്ക്‌ (ഇസ്‌ലാമിലേക്ക്‌) പരിവര്‍ത്തനം ചെയ്യുകയാണുണ്ടായത്‌."
നമുക്ക്‌ സംഭവത്തിന്‍റെ മുഖ്യവസ്തുതയിലേക്ക്‌ വരാം. പുരാവൃത്ത കാരന്‍ തന്നെ സംഭവം വിവരിക്കട്ടെ:

"തങ്ങളോട്‌ ക്രൂരത കാണിച്ച സ്വന്തം മതസ്ഥരില്‍ നിന്നൊഴിഞ്ഞുമാറി അവര്‍ അവിശ്വാസികളില്‍ അഭയംതേടി. അവരോട്‌ കരുണ കാണിച്ചിരുന്ന തുര്‍ക്കികളുടെ കൂടെ മൂവ്വായിരത്തിലധികം പേര്‍ ചേര്‍ന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. ഹാ കഷ്ടം! വഞ്ചനയേക്കാള്‍ ഏറെ ക്രൂരമാണ്‌ ഈ ദയ! തുര്‍ക്കികള്‍ അവര്‍ക്ക്‌ രക്ഷ നല്‍കി പക്ഷേ, അവരുടെ വിശ്വാസം അവര്‍ കവര്‍ന്നടുക്കുകയായിരുന്നു. തങ്ങളുടെ സേവനത്തില്‍ മാത്രം തൃപ്തി കണ്ടെത്തിയ തുര്‍ക്കികള്‍ ആരെയും മതപരിത്യാഗത്തിന്‌ നിര്‍ബന്ധിച്ചില്ല എന്നത്‌ തീര്‍ച്ചയാണ്‌.”
അവസാനമായി നമുക്ക്‌ സ്പെയിനിലെ 13 ഉം 14 ഉം നൂറ്റാണ്ടുകളിലേക്ക്‌വരാം. മുസ്‌ലിം സ്പെയിനിലെ ഭരണാ ധികാരികള്‍ കാഴ്ചവെച്ച അത്ഭുതകരമായ സഹിഷ്ണുതയും മതസ്വാതന്ത്യ്രവും ഈ സദസ്സിനോട്‌ ഞാന്‍ വിശദീകരിക്കേണ്ടതില്ല. പ്രത്യേകിച്ച്‌ അവരുടെ ജൂത പ്രജകളോട്‌ കാണിച്ചഔദാര്യം മഹിതകരമാണ്‌. ഈ കാല ഘട്ടം യഹൂദ മത സാംസ്കാരിക ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായാണ്‌ അറിയപ്പെടുന്നത്‌. ഭരണകൂടവുമായി അവര്‍ വളരെയേറെ രഞ്ജിപ്പില്‍ കഴിഞ്ഞു. ഇസ്‌ലാമിക ഭരണത്തിന്‍റെ കുഞ്ചിക സ്ഥാനങ്ങളില്‍ ജൂതന്‍മാര്‍ അവരോധിക്കപ്പെട്ടു. രണ്ടാം മോസസ്‌ എന്നറിയെപ്പട്ട മോസസ്‌ ബിന്‍ ബൈറൂനെ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അദ്ദേഹം സ്പെയിനിലെ കോര്‍ഡോവയിലാണ്‌ജനിച്ചത്‌. അദ്ദേഹമാണ്‌ യഹൂദ ദൈവശാസ്ത്രത്തിലെ മുഖ്യ ഗ്രന്ഥം അറബിയില്‍ രചിച്ചത്‌. പിന്നീട്‌ അദ്ദേഹത്തിന്‍റെ ഒരു ശിഷ്യനാണ്‌ അത്‌ ഹീബ്രുവിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌.

ഈ സഹിഷ്ണുതയെല്ലാം തകര്‍ക്കപ്പെട്ടു. 1610-ല്‍ അവസാനത്തെ സ്പാനിഷ്‌ മുസ്‌ലിമിനേയും അവന്‍റെ ജന്‍മനാട്ടില്‍ നിന്ന്‌ ആട്ടിപുറത്താക്കുമ്പോള്‍ സ്പാനിഷ്‌ ഇന്‍ക്വിസിഷന്‍ കോടതിയില്‍ നിന്നുള്ള ഒരു മുസ്‌ലിമിന്‍റെ വിലാപം ഞാന്‍ ഓര്‍ത്തുപോവുകയാണ്‌. അയാള്‍ തന്‍റെ പൂര്‍വ്വ ഗാമികള്‍ അന്യമതസ്ഥരോട്‌ കാണിച്ച സഹിഷ്ണുതയുടെ സാക്ഷ്യം ഇന്‍ക്വിസിഷന്‍ കോടതിയില്‍ മൊഴിയുകയുണ്ടായി. സര്‍ തോമസ്‌ ആള്‍നോള്‍ഡ്‌അത്‌ ഉദ്ധരിച്ചത്‌ ഇപ്രകാരമാണ്‌.

"ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക്‌ സര്‍വ്വവിധ അധികാരങ്ങളുണ്ടായിരുന്നിട്ടും ക്രിസ്തുമതത്തെ വേരറുക്കാനുള്ള വല്ല ശ്രമവും നടത്തിയോ? നിങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാ ചടങ്ങുകള്‍ സ്വതന്ത്രമായി നടത്താന്‍ അവര്‍ അനുവദിച്ചില്ലയോ? മുസ്‌ലിംകള്‍ കീഴടക്കുന്ന ഏതൊരു ദേശത്തും ഉദാത്തമായ അനുനയങ്ങളിലൂടെയുള്ള പ്രബോധനം നടത്താന്‍ മാത്രമല്ലേ ഞങ്ങളുടെ പ്രവാചകന്‍ നിര്‍ദേശിച്ചത്‌? രക്തപങ്കിലമായ മതവിചാരണ ക്കോടതിയോ, മര്‍ദ്ദനപരമായ ഒരു മതപരിവര്‍ത്തന രീതിയോ വിശ്വാസകാര്യത്തില്‍ ഞങ്ങളില്‍ നിന്ന്‌ ഒരിക്കല്‍പോലു മുണ്ടായിട്ടുണ്ടോ?"
സ്പാനിഷ്‌ മുസ്‌ലിംകളുടെ മതസഹിഷ്ണുതാ ബോധം ഒരു കുറ്റമായിട്ടാണ്‌ വാലന്‍സിയിലെ ബിഷപ്പ്‌ അവരില്‍ ആരോപിച്ചത്‌. മതപരിത്യാഗികളും രാജ്യദ്രോഹികളുമായി അവരെ കണക്കാക്കി 1602-ല്‍ അവരെ പുറത്താക്കണമെന്ന്‌ ഫിലിപ്പ്‌ മൂന്നാമനോട്‌ പ്രസ്തുത ബിഷപ്പ്‌ ശുപാര്‍ശ ചെയ്യുകയുണ്ടായി. അപ്പോള്‍ താഴെ പറയുംപ്രകാരം അദ്ദേഹം പ്രതിവചിച്ചു.
"അവര്‍ (സ്പാനിഷ്‌ മുസ്‌ലിംകള്‍) മതപരമായ എല്ലാ വിഷയങ്ങളിലും മറ്റെന്തിനെക്കാളും മനസ്സാക്ഷിയുടെ സ്വാതന്ത്യ്രമാണ്‌ വിലമതിച്ചത്‌. തുര്‍ക്കികളും മറ്റെല്ലാ അറബികളും അവരുടെ പ്രജകള്‍ക്ക്‌ ഈ സ്വാതന്ത്യ്രം അനുവദിച്ചിരുന്നു."

പില്‍ക്കാല മുസ്‌ലിംകളുടെ മാതൃക

ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളുടെ ഒരു പൊതു ചിത്രം നിങ്ങളുടെ മുമ്പില്‍ വെച്ചുകഴിഞ്ഞു. മുസ്‌ലിം രാജ്യങ്ങളില്‍ അമുസ്‌ലിംകള്‍ ഒരിക്കലും പീഡിപ്പിക്കപ്പെട്ടിട്ടില്ലയോ? പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത്‌ ദുഃഖസത്യമാണ്‌. ഞാന്‍ നേരത്തെ പറഞ്ഞ കാലഘട്ടത്തിനു ശേഷമായിരുന്നു ആ പീഡനങ്ങള്‍ അരങ്ങേറിയത്‌. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടിയോ അല്ലെങ്കില്‍ മതഭ്രാന്തന്‍മാരായ പണ്ഡിതന്‍മാര്‍ തങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമാണ്‌ യഥാര്‍ത്ഥ ഇസ്‌ലാമിക പാരമ്പര്യമെന്ന ധാരണകൊണ്ടോ ഉണ്ടായതാണ് ആ പീഡനങ്ങള്‍. എല്ലാ മതങ്ങള്‍ക്കും സംഭവിച്ച ദുരന്തമാണിത്‌. അതായത്, ‌ മതങ്ങളുടെ സ്ഥാപകന്‍മാരുടെ അദ്ധ്യാപനങ്ങളില്‍ നിന്ന്‌ തികച്ചും വിഭിന്നമായി പില്‍ക്കാല തലമുറ അതിനെ വികൃതമാക്കുന്നു ഇത്‌ സാധാരണമാണ്‌. ഇസ്‌ലാമിന്‍റെ വിഷയത്തില്‍ ഭാഗ്യവശാല്‍ ഔദ്യോഗികമായ പൌരോഹിത്യമൊന്നുമില്ല. യഥാര്‍ത്ഥ മതപരമായ നടപടിക്രമം എന്ന നിലക്ക്‌ പ്രയോഗിക്കാന്‍ പറ്റുന്ന മാനദണ്ഡമായി എക്കാലത്തേക്കുമായി ഒരു മര്‍ദ്ദന നയം സ്വീകരിക്കപ്പെട്ടിരുന്നില്ല.

ആര്‍നോള്‍ഡ്‌ അഭിപ്രായപ്പെടുന്നത്പോലെ മുസ്‌ലിം ഭരണാധികാരികളുടെ കീഴില്‍ അമുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ട അത്യുക്തി കലര്‍ന്ന കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ ഈ വസ്തുത കാണുന്നതില്‍ പരാജയപ്പെട്ടവരാണ്‌. ഒരു സംഘം മുസ്‌ലിം പണ്ഡിതന്‍മാരുടെ തീരുമാനങ്ങള്‍ മാറ്റാന്‍ പറ്റാത്ത ആചാരമായിട്ടാണ്‌ ഇസ്‌ലാമിനെ എതിര്‍ക്കുന്ന ആ എഴുത്തുകാര്‍ കരുതുന്നത്‌. ഒരു ഉദാഹരണമിതാ. താഴെകാണുന്ന സുദീര്‍ഘമായ ഒരു കത്ത്‌ ഉമറിബ്നുഖത്താബ്‌ പുറപ്പെടുവിച്ചുവെന്ന്‌ പറയപ്പെടുന്ന ഒരു കല്‍പ്പനയുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിനെഴുതിയതാണ്. മഹാനായ ഉമറുബ്നുഖത്താബിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൃത്രിമമായുണ്ടാക്കിയ ഒരു വ്യാജരേഖയാണ്‌ ഇതെന്ന്‌ നാം മനസ്സിലാക്കണം.

"പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍. ഈ നഗരത്തിലെ ക്രിസ്ത്യാനികള്‍ ഉമറിബ്നു ഖത്താബിനെഴുതുന്നത്‌.

"താങ്കള്‍ ഞങ്ങള്‍ക്കെതിരെ പട നയിച്ചപ്പോള്‍ താങ്കളോട്‌ ഞങ്ങള്‍ സംരക്ഷണത്തിന്‌ വേണ്ടി അപേക്ഷിച്ചു. ഞങ്ങളുടെ സ്വത്തിനും ഞങ്ങളുടെ സന്തതികള്‍ക്കും ഞങ്ങളുടെ സഹജീവികള്‍ക്കും സുരക്ഷയ്ക്ക്‌ വേണ്ടിയും അഭ്യര്‍ത്ഥിച്ചു. പകരമായി ഞങ്ങള്‍ ഞങ്ങളുടെ നഗരങ്ങളിലോ നഗരപ്രാന്ത പ്രദേശങ്ങളിലോ പള്ളികളോ സന്യാസി മഠങ്ങളോ പര്‍ണശാലകളോ പണിയുകയില്ല എന്ന്‌ വ്യവസ്ഥ ചെയ്തു... ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക്‌ ബൈബിള്‍ പഠിപ്പിക്കില്ല. ക്രിസ്തുമത ചിഹ്നങ്ങളൊന്നും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. ക്രിസ്ത്യാനികളാകാന്‍ ഞങ്ങള് ‍ആരെയും ക്ഷണിക്കില്ല.... ഞങ്ങള്‍ മുസ്‌ലിംകളെ ആദരിക്കുന്നതാണ്‌. ഞങ്ങളുടെ സദസ്സിലേക്ക്‌ അവര്‍ കടന്നുവരുമ്പോള്‍ ഞങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന്‌ എഴുന്നേറ്റ്‌ നിന്ന്‌ അവര്‍ക്ക്‌ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കും. ഞങ്ങള്‍ ക്രിസ്ത്യാനികള്‍ അവരുടെ വസ്ത്ര ധാരണത്തിലോ പാദരക്ഷയിലോ കേശ സംവിധാനത്തിലോ അവരെ അനുകരിക്കില്ല. ഞങ്ങളുടെ മോതിരങ്ങളില്‍ അറബി അക്ഷരങ്ങള്‍ കോറിവെക്കില്ല...... ഞങ്ങള്‍ ഞങ്ങളുടെ അരഞ്ഞാണ്‍ അരയില്‍ തൂക്കും. ഞങ്ങളുടെ പള്ളിക്ക്‌ പുറത്ത്‌ കുരിശ്‌ പ്രദര്‍ശിപ്പിക്കില്ല. ഞങ്ങളുടെ പള്ളിമണികള്‍ ശബ്ദം കുറച്ച്‌ പതുക്കെ മാത്രം മുഴക്കും. മുസ്‌ലിംകളുടെ സാന്നിധ്യത്തില്‍ ഞങ്ങളുടെ മത ശുശ്രൂഷകള്‍ പതിഞ്ഞ സ്വരത്തിലായിരിക്കും. ഞങ്ങള്‍ പനയോലയോ പ്രതിരൂപങ്ങളോ വഹിച്ച്‌ തെരുവുകളില്‍ ഘോഷയാത്ര നടത്തില്ല..... ഞങ്ങള്‍ക്കും ഞങ്ങളുടെ മത സഹോദരന്‍മാര്‍ക്കും താങ്ക‍ള്‍ സംരക്ഷണം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ഞങ്ങള്‍ ഇതെല്ലാം പാലിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുന്നു. ഇതില്‍ ഏതെങ്കിലുമൊന്ന്‌ ഞങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഞങ്ങളുടെ മേലുള്ള സംരക്ഷണം അങ്ങേക്ക്‌ പിന്‍വലിക്കാവുന്നതാണ്‌ പിന്നെ ഞങ്ങളെ ശത്രുക്കളും കലാപകാരികളുമായി കാണാന്‍അങ്ങേക്ക്‌ സ്വാതന്ത്യ്രമുണ്ടായിരിക്കും."

മേല്‍പറഞ്ഞ സുദീര്‍ഘമായ കത്തിനെപ്പറ്റി ആദ്യം പരാമര്‍ശിച്ചത്‌ 12-)o നൂറ്റാണ്ടില്‍ മരിച്ച ഇബ്നു ഹസമാണെന്നാണ്‌ തോമസ്‌ ആള്‍നോഡ്‌ പറയുന്നത്‌. ഡി. ജി. യോജിയും ഖൈത്താനിയും സംശയലേശമന്യേ നമ്മോട്‌ പറയുന്നത്‌ ഈ കത്ത്‌ പില്‍ക്കാലത്ത്‌ ഉണ്ടായ വ്യാജ രചനയാണെന്നാണ്‌. ഉമറുബ്നുഖത്താബിന്‍റെ നടപടികള്‍ അങ്ങേയറ്റത്തെ ഉദാരതയും സ്വാതന്ത്യ്രവും അനുവദിക്കുന്നതായിരുന്നു. ഇതിന്‌ മുമ്പ്‌ ഞാന്‍ പരാമര്‍ശിച്ച ഏലിയായിലെ ജനങ്ങള്‍ക്ക്‌ അദ്ദേഹം എഴുതി തുല്യംചാര്‍ത്തിയ തിട്ടൂരം ഇതിന്ന്‌ ഉത്തമായ തെളിവാണ്‌.

നിര്‍ഭാഗ്യവശാല്‍, ഈ വ്യാജ രേഖയിലെ അസഹിഷ്ണുതയുടെ നിയമങ്ങള്‍ പില്‍ക്കാലത്തെ ചില മുസ്‌ലിം ഭരണാധികാരികള്‍ ചില നാടുകളില്‍ നടപ്പാക്കിയിട്ടുണ്ട്‌. പക്ഷേ ഒരിക്കലുമത്‌ സ്ഥിരമായിട്ടായിരുന്നില്ല.

പൊതുഭരണ ഉദ്യോഗ്സഥന്‍മാരുടെ ഇത്‌ സംബന്ധിച്ചുള്ള സമീപനം വ്യക്തമാക്കാന്‍ മുഗള്‍ ഭരണത്തിലെ അവസാനത്തെ രാജാവായ ഔറംഗസീബ്‌ ആലംഗീറിന്‍റെ കാലത്തെ ഒരു സംഭവം ഉദ്ധരിച്ചുകൊണ്ട്‌ ഞാനീ ഭാഗത്തെ ചര്‍ച്ച അവ,സാനിപ്പിക്കാം.
രാജ്യത്തെ ഒരു സിവില്‍ ഭരണ ഉദ്യോഗസ്ഥന്‍ തന്‍റെ കീഴിലുള്ള രണ്ട്‌ അഗ്നിയാരാധകരായ പാര്‍സി മത വിശ്വാസികളെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന്‌ കാണിച്ച്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. അല്ലാഹു ഖുര്‍ആനില്‍ പ്രതിപാദിച്ച അഗ്നിയാരാധകരായിരുന്ന അവിശ്വാസികളായിരുന്നു അവരെന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ന്യായം. "അല്ലയോ വിശ്വാസികളേ, എന്‍റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ സ്നേഹബന്ധം നിലനിര്‍ത്തി മിത്രങ്ങളാക്കി വെക്കരുത്‌" (60:2). എന്ന ഖുര്‍‌ആന്‍ വചനമാണ് പ്രസ്തുത ഉദ്യോഗസ്ഥന്‍ ഉദ്ധരിച്ചത്  

ഈ അപേക്ഷ ലഭിച്ചയുടനെ രാജാവ്‌ അതിന്‍മേല്‍ ഇപ്രകാരം ഒരുകുറിപ്പെഴുതിവെച്ചു.

ഞാന്‍ താങ്കളുടെ അപേക്ഷ വായിച്ചു. ഏതൊരു അഗ്നിയാരാധകനാകട്ടെ ഹിന്ദുവാകട്ടെ അവര്‍ അവിശ്വാസികളാണെന്ന കാരണത്താല്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ നിഷ്കാസിതനാക്കാന്‍ പാടില്ല. താങ്കള്‍ ആ ഖുര്‍ആന്‍ വചനത്തിന്‍റെ പകുതി മാത്രമാണ്‌ ഉദ്ധരിച്ചത്‌. അത്‌ മുഴുവനും വായിച്ചുനോക്കുക.

"അല്ലയോ വിശ്വാസികളേ, എന്‍റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ സ്നേഹബന്ധം പുലര്‍ത്തി മിത്രങ്ങളാക്കി വെക്കരുത്‌. അവര്‍ നിങ്ങള്‍ക്ക്‌ ഇറക്കപ്പെട്ട സത്യത്തെ അവിശ്വസിച്ചിരിക്കുകയാണല്ലോ. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്ന കാരണത്താല്‍ ദൈവദൂത നെയും നിങ്ങളെയും അവര്‍ ബഹിഷ്കരിക്കുകയും ചെയ്യുന്നു" (60:2).

മുസ്‌ലിംകളോട്‌ അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദൂതനെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും നാട്ടില്‍നിന്ന്‌ പുറത്താക്കുകയും ചെയ്ത അവിശ്വാസികളെ നിങ്ങളുടെ മിത്രമാക്കരുത്‌ എന്നാണ്‌ ഈ ഖുര്‍ആന്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നത്‌. നിങ്ങള്‍ ഈ ഖുര്‍ആന്‍ വചനം മുഴുവനും വായിച്ചിരുന്നുവെങ്കില്‍ അതില്‍നിന്ന്‌ ഊഹിച്ചെടുത്തതിന്‍റെ നേര്‍ വിപരീതാര്‍ത്ഥമായിരിക്കും താങ്കള്‍ക്ക്‌ ലഭിക്കുക. ഖുര്‍ആന്‍റെ അതേ അദ്ധ്യായത്തില്‍ വളരെ വ്യക്തമായ ഒരുകല്‍പ്പന ഇങ്ങനെയാണ്‌.

"മതം കാരണത്താല്‍ നിങ്ങളുമായി യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ നിങ്ങളെ ബഹിഷ്ക്കരിച്ചിട്ടില്ലാത്തവരുമായവരെപ്പറ്റി, നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വ്വം വര്‍ത്തിക്കുന്നതും അല്ലാഹു നിങ്ങളോട്‌ വിരോധിക്കുന്നില്ല. തീര്‍ച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു" (60:9).

'അതുകൊണ്ട്‌ നിങ്ങളുടെ അപേക്ഷനിരസിച്ചിരിക്കുന്നു.'
(വസാനിക്കുന്നില്ല)

Thursday, December 23, 2010

മൗദൂദി സാഹിബും ഈസാനബിയുടെ ഇറക്കവും

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തില്‍ മാത്രം പ്രബോധനം നടത്താന്‍ നിയോഗിതനായ ഈസാനബി(അ) ഇപ്പോഴും ആകാശത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഭൂരിപക്ഷ മുസ്‌ലിംകളും വിശ്വസിക്കുന്നത്. ഈ വാദത്തിന്‍റെ പ്രചാരകരില്‍ പ്രമുഖനായിരുന്നു ജമാ‌അത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവായ മൗലാനാ അബുല്‍‌അഅ്‌ലാ മൗദൂദി സാഹിബ്.  ഈബദ്ധ വിശ്വാസം സ്ഥാപിക്കാന്‍ 'ഖതമുന്നുബുവ്വത്ത്' എന്ന കൃതിയില്‍ ഒരു പാട് സ്ഥലം അദ്ദേഹം നീക്കിവെച്ചിട്ടുണ്ട്.

ഫലസ്തീന്‍, ഇറാഖ്‌, ലെബനാന്‍... യഹൂദികള്‍ നട്ടെല്ലൊടിച്ച്‌, നിലം പരിശാക്കിക്കൊണ്ടിരിക്കുന്നമുസ്‌ലിം ദേശങ്ങള്‍ ഏറിവരികയാണ്‌. മധ്യപൌരസ്ത്യദേശത്തെ ഏതു മുസ്‌ലിം രാജ്യത്തിന്‍റെ മേല്‍ ഏതു നിമിഷത്തിലാണ് യഹൂദരുടെ ആക്രമണമുണ്ടാകുക എന്ന്‌ പറയാന്‍ സാധ്യമല്ല. ചകിതരായി, നിസ്സഹായാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം ലോകത്തിന്ന്‌ വിശ്വാസദാര്‍ഢ്യമോ, പ്രതിരോധശക്തിയോ സാങ്കേതിക വിദ്യയോ ഇല്ലാത്തതാണ്‌ ഇതിന്‌ കാരണമെന്ന്‌ അവരോട്‌ സഹതാപമുള്ളവരെല്ലാംഒരുപോലെ അഭിപ്രായപ്പെടുന്നു. ഇതെല്ലാം എത്രയും വേഗം മുസ്‌ലിംകള്‍ നേടിയെടുക്കണമെന്നാണ്‌ നാംആഗ്രഹിക്കുന്നത്‌. എന്നാല്‍ മൌലാന മൌദൂദിയുടെ പരിഹാരമാര്‍ഗ്ഗം ഏറെവിചിത്രമാണ്‌.

സായുധ ജിഹാദിന്‍റെ വക്താവാണെങ്കിലും ജൂതന്‍മാര്‍ക്കെതിരെ നാമൊന്നും ചെയ്യേണ്ട എന്നാണ്‌ മൌദൂദി പറയുന്നത്‌. മൂപ്പരുടേത്‌ പണ്ട്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ റൊണാര്‍ഡ്‌ റീഗന്‍റെ പരിഗണനയിലുണ്ടായിരുന്ന 'സ്റ്റാര്‍ വാര്‍' പോലെയുള്ള ഒരു പ്രൊപ്പോസലാണ്‌. അടുത്ത്‌ തന്നെ ഈസാനബി ആകാശത്ത്‌ നിന്ന്‌ ഡമാസ്കസിലെ വെള്ള മിനാരത്തിനടുത്ത്‌ ഇറങ്ങി ദജ്ജാലിനെ വകവരുത്തിയതിന്‌ശേഷം യഹൂദികളെ മുഴുവന്‍ കൊന്നൊടുക്കും എന്ന്‌ പറഞ്ഞ്‌ മുസ്‌ലിംകളെ ആശ്വസിപ്പിക്കുകയാണ് മഹാനവര്‍കള്‍.‌ ലോക മുസ്‌ലിംകളുടെ നീറുന്ന പ്രശ്നത്തിന്‌ മൌലാനയുടെ ആകാശീയമായ പരിഹാരം! ഇതില്‍പരം ഒരാനന്ദവും മനശ്ശാന്തിയും മുസ്‌ലിംകള്‍ക്ക്‌ മറ്റെന്തുണ്ട്‌? ഇനി മറ്റൊന്നും ചിന്തിക്കേണ്ട. എല്ലാം ഈസാനബി ശരിപ്പെടുത്തും എന്നു കരുതി ഒരിടത്തിരിക്കാമല്ലോ!

ആധുനിക ലോകത്തെ മുജദ്ദിദാണോ എന്ന്‌ ജമാഅത്തെഇസ്‌ലാമിക്കാര്‍ ഇടക്കിടക്ക്‌ ശങ്കിക്കുന്ന മൌലാനാ ഇത്‌ വെറുതെയങ്ങ്‌ പറഞ്ഞല്ല. 'ഖതമുന്നുബുവ്വത്ത്‌' എന്ന തന്‍റെ പ്രഖ്യാത കൃതിയില്‍ ഈസാനബി ഇറങ്ങുന്ന സ്ഥലവും ഇറങ്ങിയതിന്‌ ശേഷം ദജ്ജാലിനെ കൊല്ലാനായി 'ലുദ്ദി' ലേക്കുള്ള സൈനിക നീക്കങ്ങളുമെല്ലാം തോതും സ്കെയിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു മാപ്പിന്‍റെ സഹായത്തോടെയാണ്‌ ആധുനിക വിജ്ഞാനീയങ്ങളില്‍ നിഷ്ണാതനായ മൌലാനാ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ഈസാനബി ഇറങ്ങുന്ന ഡമാസ്കസ്‌ നഗരവും അവിടെ നിന്ന്‌ ദജ്ജാലിനെ കൊല്ലാനുള്ള  ലുദ്ദിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണവും 'ഖതമുന്നുബുവ്വത്തി'ലെ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
'ലുദ്ദ്'‌ ഇസ്രായേലിലാണ്‌. അവിടെ വെച്ച്‌ ദജ്ജാലിനെ ശരിപ്പെടുത്തിയതിന്‌ ശേഷം യഹൂദികളെ ഉന്‍മൂലനം ചെയ്യുമെന്നും മൌലാന പറയുന്നു. ഗ്യാസ്‌ ചേംബറിലിട്ട് ഹിറ്റ്ലര്‍ കൂട്ടക്കൊല നടത്തിയിട്ടുംബാക്കിയായവരാണ്‌ യഹൂദികള്‍. അപ്പോള്‍ പിന്നെ, സര്‍വ ജൂതന്‍മാരുടേയും അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ മഹാ രഹസ്യം ഖതമുന്നുബുവ്വത്തിലൂടെ ഇങ്ങനെ മാപ്പ് വരച്ച്‌ പരസ്യപ്പെടുത്താന്‍ പാടുണ്ടോ? മഹാ സൂത്രശാലികളായ യഹൂദികള്‍ ഇത്‌ വായിച്ചറിഞ്ഞ്‌ ഈസാനബിക്കെതിരെ മറുതന്ത്രം പ്രയോഗിക്കില്ലേ? ഖതമുന്നുബുവ്വത്ത് വായിച്ചിട്ടാണെന്നു തോന്നുന്നു മിസൈലും റോക്കറ്റും വരുമ്പോള്‍ തകര്‍ത്തുകളയുന്ന ആന്‍റി ബാലിസ്റ്റിക്ക്‌ മിസൈലുകള്‍ ഇസ്രയേലില്‍ മുഴുവന്‍ വിന്യസിച്ചിരിക്കുന്നത്‌! അല്ലെങ്കില്‍ തന്നെ പണ്ടൊരിക്കല്‍ അദ്ദേഹത്തെ ക്രൂശിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതാണ്‌. എന്നാല്‍ ആശ്വസിക്കാന്‍ വകയുണ്ട്. ഈ അപകടം തിരിച്ചറിഞ്ഞിട്ടോ അതോ നാണക്കേടു തോന്നിയിട്ടോ എന്താണെന്നറിയില്ല,   'ഖതമുന്നുബുവ്വത്തി'ന്‍റെ പുതിയ പതിപ്പില്‍നിന്ന് മാപ്പ് അപ്രത്യക്ഷമായിരിക്കുന്നു!!

ജൂതന്‍മാര്‍ക്കെതിരെ മറ്റുപാധികളെക്കുറിച്ചൊന്നും ചിന്തിച്ച്‌ മുസ്‌ലിം ലോകം ബേജാറാകണ്ട. ഖതമുന്നുബുവ്വത്തില്‍ മൌദൂ ദിസാഹിബ്‌ എഴുതുന്നത് നോക്കുക:

"ഈ ദുര്‍ബ്ബല നിമിഷത്തിലാണ്‌ ഡമാസ്കസ്സിന്‍റെ പൂര്‍വ്വഭാഗത്ത്‌ സ്ഥിതിചെയ്യുന്ന വെണ്‍മുനാരത്തിനടുത്ത്‌ (ഈ വെണ്‍മുനാരം ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്‌)  ഈസാ (അ) പ്രഭാത വേളയില് ‍ഇറങ്ങി വരിക. പ്രഭാത നമസ്കാരാനന്തരം ദജ്ജാലിനെ നേരിടുവാനായി മുസ്‌ലിംകളെ അദ്ദേഹം നയിക്കും മുസല്‍മാന്‍മാരുടെ ആക്രമണത്തിന്‍റെ ശക്തിയാല്‍ ദജ്ജാല്‍ പരാജയപ്പെട്ടു അഫീഖി (FIQ)ലെ ഗിരിവര്‍ഗ്ഗമാര്‍ഗ്ഗ ത്തിലൂടെ അവര്‍ ഇസ്രാഈലിലേക്ക്‌മടങ്ങും. ഈസാ(അ) അവനെ പിന്തു ടരും അവസാനം 'ലുദ്ദി' (Lydda) ലെ വിമാനത്താവളത്തിലെത്തുമ്പോള്‍ അവനെ അദ്ദേഹം സ്വകരത്താല് ‍വെട്ടിക്കൊല്ലും. അതിനുശേഷം യഹൂദികളെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ചു കൊലചെയ്യും. അങ്ങനെ യഹൂദി സമുദായത്തെ അവസാനിപ്പിക്കും. ഹ: ഈസയുടെ ഭാഗത്ത്‌ നിന്ന്‌ യാഥാര്‍ത്ഥ്യം പ്രത്യക്ഷെപ്പെടുന്നതോടെ ക്രിസ്ത്യാനിസം അവസാനിച്ചുപോവും. എല്ലാ സമുദായങ്ങളും ഏക മു‌സ്‌ലിം സമുദായത്തില്‍ ലയിക്കും" (ഖതമുന്നുവ്വത്ത്‌ പേ. 10, IPH, IVth Edition)

ബലേഭേഷ്‌!! ഈസാനബി ഇറങ്ങി ദജ്ജാലിനെ വെട്ടിക്കൊന്ന് (ആ പാവത്തിന് വാളുപയോഗിക്കാനല്ലേ അറിയൂ. രണ്ടായിരം കൊല്ലം മുമ്പ് ഏ.കെ. 47 ഒന്നുമില്ലല്ലോ)  യഹൂദികളെ മുഴുവന്‍ കൊന്നൊടുക്കി ക്രിസ്ത്യാനിസവും അവസാനിപ്പിച്ചു. പിന്നെ ആഗോള ഹുക്കൂമത്തെ ഇലാഹിയുടെ വസന്തകാലം!....  ആര്‍നോള്‍ഡ് ഷ്വാസ്നിഗറിന്‍റെയോ വാന്‍ഡാമിന്‍റെയോ ഹോളിവുഡ്ഡ് സിനിമയിലെ ആക്‌ഷന്‍ രംഗങ്ങള്‍ പോലെ ഭൂമിയില്‍ മിന്നിമറിയുന്ന സംഭവ പരമ്പരകളിലൂടെ ഇസ്‌ലാമിന്‍റെ ആഗോളവിജയം ഭാവനാ സമ്പന്നനായ മൌലാന സാഹിബ്‌ സ്വപ്നം കാണുന്നു. ഹുക്കൂമത്തെ ഇലാഹി സ്വപ്നം കണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ഈ ഉന്മാദ ജല്‍പനങ്ങള്‍ മുസ്‌ലിംകളെ ദിവാസ്വപ്നക്കാരും അന്ധവിശ്വാസികളുമാക്കി മാറ്റാനേ ഉതകൂ. അവരുടെ കര്‍മ്മോത്സുകതയെയും യാഥാര്‍ത്ഥ്യബോധത്തെയും ഈ വ്യാമോഹങ്ങള്‍ നശിപ്പിക്കും. വ്യാഖ്യേയങ്ങളായ പ്രതീകങ്ങളും പ്രവചനങ്ങളും ഉള്‍ക്കൊള്ളുന്ന റസൂല്‍ തിരുമേനി (സ)യുടെ ഹദീസുകള്‍ക്ക്‌ ബാഹ്യമായ അര്‍ത്ഥങ്ങളും നിരര്‍ത്ഥകമായ വ്യാഖ്യാനങ്ങളും നല്‍കി നിഷ്ക്കളങ്കരായ മുസ്‌ലിം സമുദായത്തെ മിഥ്യാ മോഹങ്ങള്‍ക്കടിമപ്പെടുത്തുകയാണ്‌ മൗലാനാ.

വായിക്കുക:

1. ഈസാനബിയുടെ ആകാശവാസം

Tuesday, December 21, 2010

ഇസ്‌ലാമും അഭിപ്രായ സ്വാതന്ത്ര്യവും


ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക