Wednesday, December 8, 2010

ജമാ‌അത്തെ ഇസ്‌ലാമിയില്‍ അഭ്യന്തര കലഹം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി മുന്നില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച പരാജയമാണ് പിണഞ്ഞത്. ഫാസിസ്റ്റ് ദുരാശയങ്ങളെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് നിരാകരിച്ചതാണ് പരാജയത്തിന്റെ അടിസ്ഥാന കാരണം

കഴിഞ്ഞ പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വികസന മുന്നണി തുടങ്ങിയ വിവിധ മുന്നണികളുടെ പേരില്‍, മത്സരത്തിനിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി അതിന്റെ അനുയായികള്‍ക്ക് അമിതാവേശം പകര്‍ന്നപ്പോള്‍ മുസ്‌ലിം ലീഗിന് അല്പം ആശങ്കയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആകാംക്ഷയും നല്കിയത്രെ. എന്നാല്‍, ആ സംഘടന സ്വന്തം അനുയായികളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, മത്സരിച്ച 1,700 സീറ്റുകളില്‍ കഷ്ടിച്ച് വിജയിച്ചത് ഒമ്പതെണ്ണത്തില്‍ മാത്രം ! ഇതോടെ, സംഘടനയ്ക്കുള്ളില്‍ വാഗ്വാദങ്ങളും അസ്വാരസ്യങ്ങളും ഉടലെടുത്തിരിക്കുകയാണ്. ജമാഅത്തെ, ഗോദയിലിറങ്ങിയ നടപടി അപക്വവും അനവസരത്തിലുള്ളതുമാണെന്ന വിമര്‍ശവുമായാണ് സംഘടനയിലെ പഴമക്കാരുടെ പുറപ്പാട്. ലക്ഷ്യത്തിലേക്കുള്ള ദൂരം വര്‍ധിപ്പിക്കാനേ ഈ നടപടി ഉപകരിക്കൂ എന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇന്ത്യയെ ഇസ്‌ലാമീകരിച്ച് ഒരു ദൈവിക ഭരണകൂടം (ഹൂകൂമത്തെ ഇലാഹി) സ്ഥാപിക്കുകയാണല്ലോ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കു വിപ്ലവകരമായ (ഇസ്‌ലാമിക) മാര്‍ഗങ്ങളിലൂടെ മുന്നേറുന്നതിനുപകരം കക്ഷിരാഷ്ട്രീയക്കാരെപ്പോലെ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കു പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്ന നേതൃത്വത്തിലെ പുത്തനച്ചികളോടാണ് പഴയ തലമുറയുടെ പ്രതിഷേധം.

കുറേക്കാലമായി, സ്വന്തം മതരാഷ്ട്രീയമുഖം മറച്ചുപിടിക്കാന്‍ പാടുപെടുകയാണ് ജമാഅത്തെ ഇസ്‌ലാമി. സോളിഡാരിറ്റിയെ രംഗത്തിറക്കി സാംസ്‌കാരിക, പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും നല്ല വ്യക്തികള്‍ക്ക് വോട്ടുചെയ്യുന്നതിന്റെ മറവില്‍ ഒരേസമയം വ്യത്യസ്ത പാര്‍ട്ടിനേതാക്കന്മാരുടെ പ്രീതി നേടാന്‍ ശ്രമിക്കുന്നതും സ്വന്തം മാധ്യമങ്ങളിലും വേദികളിലും 'നിഷ്‌ക്രിയ'മായ മുസ്‌ലിം ലീഗിനെയും 'ന്യൂനപക്ഷവിരുദ്ധ'മായ കോണ്‍ഗ്രസ്സിനെയും വിമര്‍ശിക്കാന്‍ മുന്‍ നക്‌സലൈറ്റുകള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ഇടം നല്കുന്നതിലൂടെ ഇടതുപക്ഷ മുന്നണിയുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആനുകൂല്യം പറ്റുന്നതും മറ്റും ഓര്‍ക്കുക. ഇപ്പോള്‍ വികസന മുന്നണി, ജനപക്ഷ മുന്നണി എന്നൊക്കെ പറഞ്ഞ് രംഗത്തു വന്നിരിക്കുന്നതും ആ തന്ത്രത്തിന്റെ തുടര്‍ച്ചതന്നെയാണ്.

തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ജമാഅത്തെ നേതാക്കന്മാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങളും അപക്വമായ പ്രയോഗങ്ങളും ശ്രദ്ധിക്കുന്ന ആര്‍ക്കും അവയുടെ അന്തസ്സാരശൂന്യതയും അരാഷ്ട്രീയതയും മനസ്സിലാകും. ഏതാനും അവകാശവാദങ്ങള്‍ താഴെ:

1) പ്രാദേശിക വികസനം, ജനകീയ പ്രശ്‌നങ്ങള്‍, തദ്ദേശീയ ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രാദേശിക പ്രസ്ഥാനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്.


2) അടിസ്ഥാനവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതിനാലാണ് ആ വിടവ് നികത്താന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെയുടെ മുന്‍കൈയില്‍ ഒരു മൂന്നാം കൂട്ടായ്മ രംഗത്തു വരുന്നത്.


3) രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അടിസ്ഥാനവര്‍ഗങ്ങളിലേക്ക് എത്തിക്കാനും ജനാധിപത്യത്തിനു പുതിയമുഖം നല്കാനും ജനപക്ഷത്ത് നിന്നൊരു ഇടപെടല്‍.

എന്നാല്‍, ഇത്തരം അതിഭാഷകളുപയോഗിച്ച് തങ്ങളുടെ ഫാസിസ്റ്റ് ദുരാശയങ്ങളെ പൊതുസമൂഹത്തിലേക്ക് ഒളിച്ചുകടത്താനുള്ള ജമാഅത്തെയുടെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയപ്രബുദ്ധരായ വോട്ടര്‍മാരാണ് ആ പാര്‍ട്ടിയെ തിരസ്‌കരിച്ചതും നിലംപരിശാക്കിയതും. ജമാഅത്തുകാര്‍ എത്ര അടിസ്ഥാനവര്‍ഗപ്രേമം പ്രസംഗിച്ചാലും ജനാധിപത്യത്തോടും മതനിരപേക്ഷ ഭാരതീയ സംസ്‌കാരത്തോടും അവര്‍ക്കുള്ള നൈസര്‍ഗിക വിരോധം അറിയുന്നവരാണ് വോട്ടര്‍മാര്‍; പ്രത്യേകിച്ചും, മുസ്‌ലിം വോട്ടര്‍മാര്‍. ലീഗിന്റെ പരമ്പരാഗത വോട്ടുകേന്ദ്രങ്ങളെയാണല്ലോ 'ജനാധിപത്യത്തിനു പുതിയ മുഖം നല്കാന്‍' ഇറങ്ങിത്തിരിച്ചവന്‍ നോട്ടമിട്ടത്.

പക്ഷേ, ജനാധിപത്യത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും മുന്നില്‍ വിരണ്ടുപോയിട്ടും അതില്‍നിന്നു പാഠം ഉള്‍ക്കൊള്ളാനോ ആത്മവിമര്‍ശം നടത്താനോ തയ്യാറാവാതെ വീണതു വിദ്യയാക്കുന്ന ഒരു 'ഇസ്‌ലാമിക പ്രസ്ഥാന'മാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ളത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം സംഘടനയുടെ സംസ്ഥാന നേതൃത്വം വിലയിരുത്തി: ഇടതുവലത് മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പുഫലം (മാധ്യമം പത്രം 29-10). തീര്‍ന്നില്ല: സാമുദായിക ധ്രുവീകരണവും വര്‍ഗീയതയും പണവും മദ്യവും മുമ്പത്തെക്കാളേറെ സ്വാധീനിച്ചതിനാലാണത്രെ ജമാഅത്തെ സ്ഥാനാര്‍ഥികള്‍ തോറ്റുപോയത് ! തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ജയിച്ച പഞ്ചായത്തുകളിലും വാര്‍ഡുകളിലും നടന്നതെന്താണെന്ന് അറിയുമ്പോഴാണ് ഈ രോഷപ്രകടനത്തിന്റെ രാസപ്രചോദനം പിടികിട്ടുക.

ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിലേക്കും മുഖ്യധാരയിലേക്കും കടന്നുവരുന്നതിന്റെ ഗുണലക്ഷണമായിട്ടല്ലേ അതിന്റെ തിരഞ്ഞെടുപ്പു പങ്കാളിത്തത്തെ നിരീക്ഷിക്കേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. ഈ ചോദ്യം ആ സംഘടനയെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തവരുടേതാണ്. വാസ്തവത്തില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്ട്രീയ സംഘടന അതിന്റെ തുടക്കം (1941) മുതല്‍ക്ക് ഇന്നുവരെയും പാകിസ്താനിലും ബംഗ്ലാദേശിലുമെന്നപോലെ ഇന്ത്യയിലും നിലകൊള്ളുന്നത് ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണവ്യവസ്ഥ സ്ഥാപിക്കുക. സംഘടനയുടെ സ്ഥാപകനും താത്ത്വികാചാര്യനുമായിരുന്ന മൗലാന മൗദൂദിയുടെ (1903-'79) ഭാഷയില്‍, ഹൂകൂമത്തെ ഇലാഹി സ്ഥാപിക്കുക.

സ്വാതന്ത്ര്യാനന്തരവും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഈ ലക്ഷ്യം തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍, ഇന്ത്യയെപ്പോലൊരു ബഹുമത-മതനിരപേക്ഷ സമൂഹത്തില്‍ മൗദൂദിയുടെ ഏകമത-ഏകസംസ്‌കാരവാദത്തിന്റെയും ധിമ്മിത്വത്തിന്റെയും ഫാസിസ്റ്റു ശാഠ്യങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിപത്തുകളെ സംബന്ധിച്ച പൊതുസമൂഹത്തിന്റെയും മുസ്‌ലിം പണ്ഡിതന്മാരുടെയും കടുത്ത വിമര്‍ശങ്ങള്‍ക്കൊടുവില്‍ സംഘടന അതിന്റെ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ (മതസംസ്ഥാപനം) എന്നു മാറ്റുകയായിരുന്നു (1956). ഇപ്പോള്‍ ജമാഅത്തെയുടെ ലക്ഷ്യം ദൈവികഭരണകൂടം സ്ഥാപിക്കുകയല്ല, മതം സ്ഥാപിക്കുകയാണ്. ഇതിനെ സാധകവും ശുഭോദര്‍ക്കവുമായ മാറ്റമായി കാണരുതോ ? പറ്റില്ല. എന്തുകൊണ്ടെന്നാല്‍, വെറും പദപ്രയോഗത്തിലെ ഒരു മാറ്റത്തിലൂടെ സമൂഹത്തെ ആകമാനം കബളിപ്പിക്കുകയാണ് ജമാഅത്തെ നേതൃത്വം ചെയ്തത്. മതത്തിന്റെ വിവക്ഷ, മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കും വെറും മതമല്ല; രാഷ്ട്രം തന്നെയാണ്. അതായത്, മതസ്ഥാപനം എന്നാല്‍ രാഷ്ട്രസ്ഥാപനം തന്നെ. അപ്പോള്‍, ഹൂകൂമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനും ജമാഅത്തെയെ സംബന്ധിച്ച് ഒന്നുതന്നെ. സംഘടനയുടെ ദേശീയ നേതാക്കന്മാര്‍തന്നെ ഇക്കാര്യം പലവുരു പ്രസ്താവിച്ചതാണ്. ചില തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍വേണ്ടി മാത്രമാണ് ഹൂകൂമത്തെ ഇലാഹി എന്ന പ്രയോഗം മാറ്റി 'ഇഖാമത്തുദ്ദീന്‍' സ്വീകരിച്ചതെന്നും ജമാഅത്ത് അതിന്റെ സ്ഥാപനലക്ഷ്യത്തില്‍നിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്നും എന്തിനധികം, ഹൂകൂമത്തെ ഇലാഹി നമ്മുടെ ലക്ഷ്യത്തിലെ അവസാനത്തെ പോയന്റാണ് എന്നുമാണ് സംഘടനയുടെ കേരള അമീര്‍ ഒരഭിമുഖത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:14) പറഞ്ഞത്.

ഈയിടെ ഡല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ പ്രത്യേക സമ്മേളനത്തിലെ തീരുമാനപ്രകാരം, സംഘടനയുടെ മേല്‍നോട്ടത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വരുന്നതായി വാര്‍ത്തയുണ്ട്. അതിഭാഷ ഉപയോഗിച്ച് പൊതുസമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമം ഇവിടെയും ദൃശ്യമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം, നീതിയുടെ സംസ്ഥാപനം, ന്യൂനപക്ഷതാത്പര്യ സംരക്ഷണം തുടങ്ങിയവ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി (മാധ്യമം പത്രം നവം. 5). ഇവിടെ 'നീതിയുടെ സംസ്ഥാപനം' ശ്രദ്ധിക്കുക. അത് ഇസ്‌ലാമിക രാഷ്ട്രസ്ഥാപനമല്ലാതെ മറ്റൊന്നുമല്ല. കാരണം, നീതിമാന്‍ (ആദില്‍) അല്ലാഹുവാണ്. അല്ലാഹുവിന്റെ മതമാണ് നീതി (അദ്ല്‍); മറ്റെല്ലാം അനീതിയും അക്രമവുമാണ് (സുല്‍മ്). അപ്പോള്‍, നീതിയുടെ സംസ്ഥാപനമെന്നാല്‍ സാക്ഷാല്‍ ഇസ്‌ലാമിക സംസ്ഥാപനം തന്നെ. ഈ തന്ത്രപ്രകാരം, ഹൂകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍ തുടങ്ങിയ ഏടാകൂടങ്ങളൊന്നും ഇല്ലാതെതന്നെ ഇന്ത്യയെ ഇസ്‌ലാമീകരിക്കാനാവും എന്നായിരിക്കണം ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ബോധ്യം.


അതിഭാഷയില്‍ അഭയം തേടുന്നവര്‍
എം.എം. കാരപ്പഞ്ചേരി
മാതൃഭൂമി - 09/12/2010 

2 comments:

PM NISHAD said...

ചന്ദ്രികയില്‍ പലപ്രാവശ്യം ജമാഅത്തെ ഇസ്ലാമി പിളര്ന്നിട്ടുണ്ട്.ഈ അഭ്യന്തര കലഹവും അത് തന്നെ അല്ലേ.

Salim PM said...

എന്നാല്‍, ഇത്തരം അതിഭാഷകളുപയോഗിച്ച് തങ്ങളുടെ ഫാസിസ്റ്റ് ദുരാശയങ്ങളെ പൊതുസമൂഹത്തിലേക്ക് ഒളിച്ചുകടത്താനുള്ള ജമാഅത്തെയുടെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയപ്രബുദ്ധരായ വോട്ടര്‍മാരാണ് ആ പാര്‍ട്ടിയെ തിരസ്‌കരിച്ചതും