ദൈവാസ്തിക്യത്തെക്കുറിച്ചും പരിണാമ വാദത്തെക്കുറിച്ചും ബൂലോകത്ത് വമ്പിച്ച വാദപ്രതിവാദങ്ങളും കോലാഹലങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. 'ദിവ്യവെളിപാടുകളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ് വിശ്വസനീയമെന്നു കരുതുന്ന ഒരു സാധാരണക്കരനായ' ശ്രീ സുശീല്‍ കുമാറും 'പല മണ്ഡലങ്ങളിലും പ്രഗല്‍ഭനെന്നു സ്വയം പരിചയപ്പെടുത്തുന്ന ശ്രീ. എന്‍. എം. ഹുസൈനു' മാണ് ഇപ്പോള്‍ ഗോധയില്‍
ഡോക്കിന്‍സ് സായിപ്പിന്‍റെ God Dilution എന്ന പുസ്തകത്തെ ആധാരമാക്കി രവിചന്ദ്രന്‍ എഴുതിയ 'നാസ്തികനായ ദൈവം' (സത്യം പറയാലോ, ഈ പ്രയോഗം എനിക്ക് ശ്ശി പിടിച്ചു) എന്ന കിതാബിനെ ചുറ്റിപ്പറ്റിയാണ് സുശീലും ഹുസൈനും തമ്മില്‍ അങ്കം (പാവം ഡോക്കിന്‍സ് ഇതു വല്ലതും അറിയുന്നുണ്ടോ ആവോ). അങ്കം മുറുകി മൂര്‍ധന്യാവസ്ഥ പ്രാപിച്ചിരിക്കുന്നു. പണ്ടെങ്ങാണ്ട് ജീവിച്ചിരുന്ന ഒരു ക്രിസ്ത്യന്‍ പാതിരി (ജീവിച്ചിരുന്നു എന്നതിന് മൂര്‍ത്തമായ തെളിവൊന്നും ദയവു ചെയ്തു ചോദിച്ചേക്കരുത്) ദൈവാസ്തിക്യം തെളിയിക്കാനായി ഉന്നയിച്ച ചില വാദങ്ങളെയാണ് ഡോക്കിന്‍സ് തന്‍റെ പുസ്തകത്തില്‍ ഖണ്ഡിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. (ഹല്ലപ്പാ, ഈ പാതിരിക്കു ശേഷം പിന്നെ ആരും ഇപ്പണിക്ക് ഇറങ്ങിയിട്ടില്ലേ). അങ്ങേര്‍ സ്വപ്നം കണ്ടിട്ടു കൂടിയുണ്ടാകാന്‍ സാധ്യതയില്ലാത്ത, വായിച്ചാല്‍ തല ചുറ്റുന്നജാതി ശാസ്ത്രീയ വിജ്ഞാനങ്ങളാണ് അദ്ദേഹത്തിന്‍റെ വാദം സ്ഥാപിക്കാന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തെര്‍മോ ഡൈനാമിക്സ്, ഫ്രീഡ് മാന്‍ ഗ്രാഫ്, എന്‍ട്രോപ്പി, കിന്‍ട്രോപ്പി, എന്നുവേണ്ട ഇമ്മാതിരി കടിച്ചാല്‍ പൊട്ടാത്ത അറിയാവുന്ന വാക്കുകളൊക്കെ പ്രയോഗിച്ച് സുശീല്‍ കുമാറിനെ വിറപ്പിക്കുന്ന സര്‍വ്വകലാവല്ലഭനായ ഹുസൈനെ ഞെട്ടിക്കാന്‍ സുശീലും പ്രയോഗിക്കുന്നുണ്ട് ചില മൂത്ര, സോറി സൂത്രപ്രയോഗങ്ങളൊക്കെ. ഇതൊന്നും പോരാത്തതിന് കമന്‍റെഴുത്തുകാരായ ശാസ്ത്ര പ്രതിഭകളുടെ വിജ്ഞാന വിസ്ഫോടനം വേറെയും. ഐന്‍സ്റ്റൈനും ന്യൂട്ടനും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് ഭാഗ്യം; അല്ലായിരുന്നെങ്കില്‍ അഭിനവ ശാസ്ത്ര പ്രതിഭകളുടെ ശാസ്ത്രീയ വിജ്ഞാനം കണ്ട് നാണിച്ച് ആത്മഹത്യ ചെയ്തേനെ അവര്‍.
എല്ലാം വായിച്ചു വന്നപ്പോള്‍ തലക്കകത്തൊരു പെരുപ്പു പോലെ. ഇതിപ്പൊ എതാ ശരി പുള്ളേ? സ്റ്റീഫന്‍ ഹോക്കിങ്ങിനു മത്തി ചുട്ടു തിന്നകാര്യത്തില്‍ അബദ്ധം പിണഞ്ഞതോ, അതോ സുശീല്‍ കുമാര്‍ മേഴുകുതിരി കത്തിച്ചപ്പോള്‍ കൈ പൊള്ളിയതോ? എന്തായാലും ഹുസൈന്‍ക്ക പറഞ്ഞതുപോലെ കത്തിത്തീര്‍ന്ന മെഴുകുതിരി രണ്ടാമതും ഉണ്ടാക്കാന്‍ കഴിയില്ല, ഉറപ്പ്; ഇല്ലെങ്കില്‍ സുശീല്‍ ഒന്ന് ഉണ്ടാക്കിക്കാണിക്കട്ടെ.
ഈ ദുനിയാവ് ഉണ്ടായത് പടച്ചോന്‍റെ സഹായം ഒന്നും ഇല്ലാതെയാണെന്നാണത്രേ ഹോക്കിഗ് സായിപ്പ് പറയുന്നത്. ഇയാള്‍ക്ക് വട്ടായിപ്പോയോ കൂട്ടരേ? ബമ്പന്‍ ശാസ്ത്രജ്ഞനായ ഹോക്കിങ്ങിന് പുത്തിയില്ല എന്നു നമ്മളെങ്ങനെ പറയും? അതൊക്കെ പല മണ്ഡലങ്ങളിലും (നിയോജക മണ്ഡലം അല്ല കേട്ടോ) പയറ്റിത്തെളിഞ്ഞ ഹുസൈന്‍ സാഹിബിനല്ലേ പറയാന്‍ പറ്റൂ. അങ്ങേര്‍ക്കങ്ങനെയൊക്കെപ്പറയാം. നമ്മള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം. വട്ടായിപ്പോയോ എന്നു തോന്നുന്നതില്‍ തെറ്റില്ല അല്ലേ. വട്ട് ഏത് കൊലകൊമ്പനും വരാമല്ലോ, യേത്?
സുശീലിനുമുണ്ട് ചോദിക്കാന്‍ ഹുസൈന്‍ക്കാനോട്. ദുനിയാവിനു തുടക്കമുണ്ട് എന്നതുകൊണ്ട് ഭൗതികവാദം തകര്‍ന്നുവീഴുന്നത് എങ്ങനെയാണ് എന്നാണ് സുശീല്‍ ചോദിക്കുന്ന ചോദ്യം. അതിനു തെളിവായി ഹോക്കിങ് സായിപ്പിനെ കൂട്ടുപിടിക്കുന്നുണ്ട് സുശീല്‍. സായിപ്പ് പറയുന്നത് 'ക്വാര്‍ക്കുകളും പ്രതിക്വാര്‍ക്കുകളും തുല്യമായിരുന്ന ആദ്യ അവസ്ഥയില്‍ നിന്നുള്ള ക്വാര്‍ക്കുകളുടെ ഉല്പാദനം മൂലമായിരിക്കാം നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തി' എന്നാണ്. ഇപ്പോള്‍ എല്ലാം മനസ്സിലായിക്കാണുമല്ലോ അല്ലേ? പക്ഷേ, എനിക്ക് എല്ലാം മനസ്സിലായില്ല കേട്ടോ. ക്വാര്‍ക്ക് നമ്മള്‍ കണ്ടിട്ടുണ്ട്. പക്കേങ്കീ എന്താണപ്പാ ഈ പ്രതി ക്വാര്‍ക്ക്? ഹാ, എന്തേലും ആകട്ടെ. ഇതൊക്കെ വായിക്കന്‍ പോയ വിവരമില്ലാത്ത എന്നെ വേണം തല്ലാന്‍.
ക്വാണ്ടം (കോണ്ടമല്ല കേട്ടോ) ഗ്രാവിറ്റി എന്ന ഒറ്റ നിയമം മതിയത്രേ ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചം ഉണ്ടായതിനെക്കുറിച്ചും പ്രപഞ്ച പരിണാമത്തെക്കുറിച്ചും വിശദീകരിക്കാന്‍. ഇതു പറഞ്ഞത് ഞാനോ സുശീലോ ഒന്നും അല്ല കെട്ടാ, സാക്ഷാല്‍ ഹോക്കിങ് സായിപ്പ് തന്നെയാ. അതും അങ്ങേരുടെ ഏറ്റവും പുതിയ കിതാബില്‍. അപ്പോപ്പിന്നെ ശരിയായിരിക്കും അല്ലേ? പക്ഷേ പടച്ചോന്‍ ഇല്ല എന്ന് തീര്‍ത്തു പറയാന്‍ സായിപ്പ് തയ്യാറല്ല കേട്ടോ. ദുനിയാവുണ്ടായതിനു പിന്നില്‍ ഒരു പടച്ചോന്‍റെയും ആസൂത്രണത്തിന്‍റെ (എന്താന്നറിയില്ല ഈ 'ത്ര' എന്ന അക്ഷരം കാണുമ്പോള്‍ എനിക്ക് സുശീലിനെ ഓര്‍മ്മ വരുന്നു) ആവശ്യം ഇല്ല എന്നാണ് മൂപ്പരുടെ വിശ്വാസം; അല്ലെങ്കില്‍ വിശ്വാസം എന്നു വേണ്ട, മൂപ്പരുടെ അഭിപ്രായം എന്നു തിരുത്താം. ഈ 'വിശ്വാസം' എന്നു കേള്‍ക്കന്നതു തന്നെ ചിലര്‍ക്ക് ചതുര്‍ഥിയാണ്. എന്തിനാ നമ്മള്‍ വെറുതെ ഓരോരുത്തരെ വെറുപ്പിക്കുന്നത് അല്ലേ?.
ഹോക്കിങ് സായിവ് ദൈവമില്ല എന്ന് ഉറപ്പിച്ചു പറയില്ലെങ്കിലും നമ്മുടെ ബൂലോകത്തെ യുക്തിവാദിപ്പുലികള്‍ അതു തറപ്പിച്ചു തന്നെ പറയും; അതും ഹൊക്കിങ്ങിന്‍റെ കിതാബ് വായിച്ച് മനസ്സിലാക്കിയിട്ട്! ഇതാണു മക്കളേ വൈരുധ്യാധിഷ്ഠിത നിരീശ്വര വാദം. ഇപ്പത്തിരിഞ്ഞാ?
1 comment:
തെര്‍മോ ഡൈനാമിക്സ്, ഫ്രീഡ് മാന്‍ ഗ്രാഫ്, എന്‍ട്രോപ്പി, കിന്‍ട്രോപ്പി, എന്നുവേണ്ട ഇമ്മാതിരി കടിച്ചാല്‍ പൊട്ടാത്ത അറിയാവുന്ന വാക്കുകളൊക്കെ പ്രയോഗിച്ച് സുശീല്‍ കുമാറിനെ വിറപ്പിക്കുന്ന സര്‍വ്വകലാവല്ലഭനായ ഹുസൈനെ ഞെട്ടിക്കാന്‍ സുശീലും പ്രയോഗിക്കുന്നുണ്ട് ചില മൂത്ര, സോറി സൂത്രപ്രയോഗങ്ങളൊക്കെ.
Post a Comment