കേവലം നശ്വരമായ മനുഷ്യജീവിതമെന്ന പ്രഹേളികക്ക് മുമ്പില്‍ ഭ്രമിച്ചു പോകുകയും ജീവിതത്തിന്‍റെ ആത്യന്തിക പൊരുളിനെപ്പറ്റി ആശങ്കപ്പെടുകയും ചെയ്യുന്ന മനുഷ്യനെ സാന്ത്വനിപ്പിക്കുകയും അവന് ഉത്തരവും യഥാര്‍ത്ഥ മാര്‍ഗ്ഗദര്‍ശനവും നല്‍കുകയുമാണ് മതങ്ങള്‍ ചെയ്യുന്നത്. ജീവിതവും മരണവും മരണാനന്തര ജീവിതവുമാണ് മതത്തിന്‍റെ വിഷയങ്ങള്‍. അതുകൊണ്ട്‌തന്നെ ലൌകികാതീതവും അതിജീവനത്വമുള്ളതും, ആത്മീയവുമായ ഒരു മൂല്യ നിര്‍ദ്ധാരണ പദ്ധതിയാണ് മതം നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയുള്ള മതം ലക്ഷ്യം മറന്നുകൊണ്ട് ലോകഭോഗങ്ങളില്‍ രമിക്കുകയും അധികാരം പിടിച്ചെടുക്കാനുള്ള ഉപകരണമായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് മതസംഘര്‍ഷങ്ങളും സ്പര്‍ദ്ധയും ഉടലെടുക്കുന്നത്. അല്ലാതെ മനുഷ്യന് മനസ്സമാധാനവും ആത്മീയാനുഭൂതിയും നല്‍കേണ്ട അവസാനത്തെ അഭയകേന്ദ്രങ്ങളായ മതങ്ങള്‍തന്നെ സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും ഉണ്ടാക്കുന്നുഎന്നത് വൈരുധ്യമല്ലേ? മതത്തിന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും അതല്ല.
അത്യന്തം വികാരവത്താണ് മതങ്ങള്‍. വികാരം എന്ന മാനവ ഭാവത്തിന്‍റെ സ്വച്ഛഗുണം പാവനവും ദൈവികവുമാണ്. യുക്തിക്ക് വിധേയമല്ലാത്തതാണ് വികാരം. സത്യത്തിലേക്കുള്ള ചാലകശക്തിയാണ്. ആ വികാരങ്ങളെ ലോകബദ്ധമായ ഭൌതിക ബിംബങ്ങളുടെ പൂജകരാക്കി മാറ്റുമ്പോള്‍ അതൊരു വിനാശ ശക്തിയായി പരിണമിക്കുന്നു. അതാണ് ഖുര്‍ആന്‍ പറഞ്ഞത്. "ഏതൊരുവന്‍ തന്‍റെ ആത്മാവിനെവിഷയേച്ഛകളില്‍ നിന്ന് ശുദ്ധീകരിച്ചുവോ അവന്‍ വിജയിച്ചു. അവന്‍ നശിക്കുകയില്ല. ഏതൊരുവാന്‍ അതിനെ അനിയന്ത്രിതമായ ഇന്ദ്രിയേച്ഛകളില്‍ നിമഗ്നമാക്കിയോ അവന്‍ പരാജയമടഞ്ഞു. അവന്‍ജീവിതത്തെക്കുറിച്ചു നിരാശനായി." (൯:൯-൧൦). ഗീതയില്‍ കൃഷ്ണ(അ)ന്‍റെ ഉപദേശവുമതാണ്. "മാനം,ദംഭം, ഹിംസ ഇവയെല്ലാം ഉപേക്ഷിക്കുക . ക്ഷമ, ആര്‍ജവം, ആചാര്യസേവനം, ശൌച്യം, സ്ഥിരത, മനോവാക് കായങ്ങളുടെ ഒതുക്കും, ശബ്ദാദി വിഷയങ്ങളിലുള്ള വൈരാഗ്യം, താന്‍ കര്‍ത്താവാണെന്ന ഭാവമില്ലായ്മ, ജന്മം,മൃത്യു, ജരാ, രോഗം, ദു:ഖം എന്നിവയിലുള്ള ദോഷങ്ങളെ കണ്ടുകൊണ്ടിരിക്കുക. പുത്ര ഭാര്യ ഗൃഹാദികളില്‍ എന്‍റെത് , ഞാന്‍ എന്ന വിചാരമില്ലായ്മ, ഇഷ്ടവും അനിഷ്ടവും വന്നു ചേരുമ്പോള്‍ വികാരപ്പെടായ്ക,മനഃസംയമനം കൊണ്ട് മറ്റെങ്ങും ചാടാതെ എന്നില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ഭക്തി, നിരുപദ്രവമായ ദേശത്തെ മാത്രം ആശ്രയിക്കുക, പ്രാകൃത ജനങ്ങളുള്ളേടത്ത് മടുപ്പ്, അദ്ധ്യാത്മിക ജ്ഞാനം സമ്പാദിക്കാന്‍ പ്രയത്നം,തത്ത്വജ്ഞാനം കൊണ്ടേ സംസാര നിവൃത്തിയുണ്ടാകുയുള്ളൂവെന്ന നിശ്ചയം എന്നിവ യഥാക്രമമനുഷ്ഠിച്ച് ഉണ്ടാവേണ്ടതാണ് തത്ത്വജ്ഞാനം. (ഭഗവത് ഗീത).
എല്ലാ മതങ്ങളും ദൈവത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ് മനുഷ്യന് സന്‍മാര്‍ഗ്ഗ ജീവിതം നയിക്കാനുള്ള അദ്ധ്യാപനങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്. ആ പാവനമായ മത മൂല്യങ്ങളില്‍ ക്ഷണികമായ ലൌകിക നേട്ടങ്ങള്‍ കലര്‍ത്തി മലിനമാക്കാതിരിക്കുക. ഇസ്‌ലാംമതവും ഹിന്ദുമതവും, ഭരണകൂടങ്ങളും അധികാര സോപാനങ്ങളും സൃഷ്ടിച്ച് ചിലരെ വാഴിക്കാനുള്ളതല്ല. ഭരണകൂടങ്ങള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കാത്തതാണല്ലോ മരണം, ഈ ലോകവും പരലോകവുമുള്‍പ്പെട്ട മറ്റൊരുലോകത്തിലെ ആത്മീയ പൌരന്‍മാരാണ് നാം. ഈ അലൌകിക പൌരത്വത്തിന്‍റെ കടമകളെപ്പറ്റിയും പ്രതിഫലങ്ങളെപ്പറ്റിയും ബോധമുള്ളവരാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍. അവരുടെ ലോകത്ത് സ്പര്‍ദ്ധയും വിദ്വേഷവുമില്ല. എല്ലാവരോടും സ്നേഹം മാത്രം. ദൈവം നമ്മെ എല്ലാ മതങ്ങളേയും ബഹുമാനിക്കാനും ദൈവം അയച്ച എല്ലാ മതപുരുഷന്‍മാരെയും വിശ്വസിച്ച് സന്‍മാര്‍ഗ്ഗ ജീവിതം നയിക്കാനും അനുഗ്രഹിക്കട്ടെ.
1 comment:
എല്ലാ മതങ്ങളും ദൈവത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ് മനുഷ്യന് സന്‍മാര്‍ഗ്ഗ ജീവിതം നയിക്കാനുള്ള അദ്ധ്യാപനങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്. ആ പാവനമായ മത മൂല്യങ്ങളില്‍ ക്ഷണികമായ ലൌകിക നേട്ടങ്ങള്‍ കലര്‍ത്തി മലിനമാക്കാതിരിക്കുക.
Post a Comment